കൊച്ചി: അഞ്ച് വർഷത്തിന് ശേഷം ഒരുക്കിയ സിനിമയുടെ റിലീസ് ദിവസം തീയറ്ററിൽ പെൺ വേഷത്തിൽ എത്തി ഏവരെയും ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തീയറ്ററിലാണ് രാജസേനൻ പെൺ വേഷത്തിൽ എത്തിയത്. 'ഞാൻ പിന്നെയൊരു ഞാനും' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു മെയ്‌‌ക്കോവർ രാജസേനൻ നടത്തിയത്. രാജസേനന്റെ പുതിയ ലുക്ക് സിനിമ കാണാൻ എത്തിയവരെയും സിനിമയുടെ അണിയറക്കാരെയും ഞെട്ടിച്ചു.

ചുവന്നനിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളുമിട്ട് വലിയ വട്ടപ്പൊട്ടുമായി രാജസേനൻ സ്ത്രീവേഷത്തിലാണ് കൊച്ചിയിലെ തിയേറ്ററിലെത്തിയത്. സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും രാജസേനന്റെ മേക്കോവർ കണ്ട് അമ്പരന്നുപോയി.

അഞ്ച് വർഷത്തിന് ശേഷം രാജസേനൻ ഒരുക്കുന്ന ചിത്രമാണ്'ഞാൻ പിന്നെയൊരു ഞാനും' ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്.

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.

എം ജയചന്ദ്രനാണ് സംഗീതസംവിധാനം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ. ഛായാഗ്രഹണം -സാംലാൽ പി തോമസ്, എഡിറ്റർ -വി സാജൻ,സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് -പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രസാദ് യാദവ്, മേക്കപ്പ് -സജി കാട്ടാക്കട, ആർട്ട് -മഹേഷ് ശ്രീധർ, കോസ്റ്റ്യൂം -ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി -ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ -എസ് എൽ പ്രദീപ്, സ്റ്റിൽസ് -കാഞ്ചൻ ടി ആർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് -ഐഡന്റ് ടൈറ്റിൽ ലാബ്. ക്ലാപ്പിൻ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.