കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പാശ്ചത്തലത്തിലും സംസ്ഥാനത്തെ മഴക്കെടുതിയുടെ പാശ്ചത്തലത്തിലും ജൂലൈ 30ന് നിശ്ചയിച്ചിരുന്നു ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം (എആര്‍എം)അപ്ഡേഷന്‍ മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മാജിക്ക് ഫ്രൈംയ്സാണ് ഈക്കാര്യം അറിയിച്ചത്.

വയനാട്ടിലുണ്ടായ മഹാദുരന്തത്തിന്റെ പാശ്ചത്തലത്തില്‍ ദു:ഖ സൂചകമായി ഇന്ന് വൈകുന്നേരം 5മണിക്ക് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നു- എന്നാണ് പത്ര കുറിപ്പില്‍ പറയുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എ ആര്‍ എം). പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ജനുവരിയില്‍ പുറത്തുവന്നിരുന്നു.

മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാന്‍ ഇന്ത്യന്‍ സിനിമയായി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അണിയറക്കാര്‍ എത്തിക്കുന്നത് . മാജിക് ഫ്രെയിംസ്, യു ജി എം മോഷന്‍ പിക്ചേര്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ്, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.