ചെന്നൈ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി തമിഴ് നടന്‍ വിജയ്. നടന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആയിരുന്നു പ്രതികരണം. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാര്‍ത്ഥനകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പമെന്നും വിജയ് കുറിച്ചു.

'കേരളത്തിലെ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. ദുരിതബാധിതര്‍ക്ക് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുക', എന്നായിരുന്നു വിജയിയുടെ വാക്കുകള്‍.

അതേസമയം, കേരളത്തിന് അടിയന്തര സഹായമായി 5 കോടി രൂപ തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിന്‍ ദുരന്തത്തില്‍ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായം അനുവദിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടിയത്. അട്ടമല, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. ഇത് വരെ 93 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിനിടെ ദേശീയപാത 766ല്‍ പൊന്‍കുഴിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.കര്‍ണാടക മഥൂര്‍ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങള്‍ തടഞ്ഞിരിക്കുന്നത്.

വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ ദേശീയപാതയിലൂടെ സംസ്ഥാനത്തേക്ക് കടത്തിവിടണ്ട എന്ന സുല്‍ത്താന്‍ ബത്തേരി പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.