- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധുരി ദീക്ഷിത് മുതൽ വിജയ് സേതുപതി വരെ; ലോകമെമ്പാടുമുള്ള പ്രമുഖ സംവിധായകരും നിർമ്മാതാക്കളുമെത്തുന്നു; ഒരോ വർഷവും വളരുന്ന മേള; എങ്ങും തിങ്ങി നിറഞ്ഞ് മലയാളിക്കൂട്ടങ്ങൾ; ഇത് കലയും, ഫാഷനും, ടൂറിസവും, വിപണിയം ഒന്നിക്കുന്ന മേള; 54ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിരക്കേറുന്നു
പനാജി: കലയും, ഫാഷനും, ടൂറിസവും, സിനിമാ വിപണിയുമൊക്കെ ഒന്നിക്കുന്ന ഒരു ചലച്ചിത്രമേള. പനാജിയിൽ എല്ലവർഷവും നടക്കാറുള്ള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ( ഐ എഫ് എഫ് ഐ) സമ്മാനിക്കുന്നത് ശരിക്കും ഉത്സരത്തിന്റെ ദിനങ്ങൾ. പനാജിയിലെ മണ്ഡോവി നദിക്കരയിൽ എവിടെയും മലയാളിക്കൂട്ടങ്ങളുടെ ആർപ്പുവിളിയാണ്. മറ്റൊരു സംസ്ഥാനത്തുനിന്നും ഇല്ലാത്ത രീതിയിൽ കേരളത്തിൽനിന്നാണ് ഈ മേളയിലേക്ക് ചലച്ചിത്രപ്രേമികൾ കുത്തൊഴുകി എത്തുന്നത്. ബ്രിട്ടീഷ് ചിത്രമായ 'ക്യാച്ചിങ് ഡസ്റ്റ്' ആയിരുന്നു ഉദ്ഘാടന ചിത്രം.
പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്കളാഴ്ചയാണ് വർണാഭമായ ഉദ്ഘാടന ചടങ്ങ് നടന്നത്. അഭിനേതാക്കളായ മാധുരി ദീക്ഷിത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, ശ്രിയ ശരൺ, നുഷറത്ത് ഭരുച്ച, സാറ അലിഖാൻ, ഷാഹിദ് കപൂർ, നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയ ഘോഷാൽ, സുഖ് വീന്ദർ സിങ് ഉൾപ്പടെയുള്ളവർ മേളയുടെ ഉദ്ഘാടന ചടങ്ങിനെത്തി. കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂറും കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവർ ചേർന്ന് ദീപം തെളിയിച്ചുകൊണ്ടാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
രാജ്യത്തുടനീളമുള്ള സിനിമാ നിർമ്മാതാക്കളുടെ അഭിനിവേശത്തിനും, ലോകമെമ്പാടുമുള്ള സംവിധായകരുമായും നിർമ്മാതാക്കളുമായും തങ്ങൾക്ക് കെട്ടിപ്പടുക്കാൻ കഴിഞ്ഞ സഹകരണത്തിനും നന്ദി പറയുന്നതായും, ഐഎഫ്എഫ്ഐ ഓരോ വർഷവും വളരുകയാണെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മേഖലകളിലും ഇന്ത്യയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഞങ്ങൾ മുന്നോട്ട് പോവുകയാണ്. ആഗോളതലത്തിൽ അന്തർലീനവും പ്രാദേശികവുമായ കഥകളുമായി ലോക വേദിയിൽ മുന്നേറാൻ സിനിമ, കല, സംസ്കാരം എന്നിവയ്ക്ക് നമ്മുടെ യുവാക്കളെ പ്രാപ്തരാക്കും. തീർച്ചയായും, സഹകരണം, സംയുക്ത നിർമ്മാണം, അത്യാധുനിക സാങ്കേതികവിദ്യ എന്നിവ സ്ഥാപിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമായി ഐഎഫ്എഫ്ഐ മാറിയിരിക്കുന്നുവെന്ന് അനുരാഗ് താക്കൂർം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ഐ എഫ് എഫ് ഐക്ക് 105 രാജ്യങ്ങളിൽ നിന്ന് 2,926 എൻട്രികൾ ലഭിച്ചു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയാണ്. 13 ലോക പ്രീമിയറുകൾ, 18 അന്താരാഷ്ട്ര പ്രീമിയറുകൾ, 62 ഏഷ്യ പ്രീമിയറുകൾ, 89 ഇന്ത്യ പ്രീമിയറുകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒ ടി ടി പരമ്പരകളിലെയും സിനിമകളിലെയും മികവിനെ അംഗീകരിക്കുന്നതിനായി ഈ വർഷം മുതൽ ഒ ടി ടി അവാർഡുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. മികച്ച വെബ് സീരീസ് അവാർഡിനായി 15 ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് 10 ഭാഷകളിലായി ആകെ 32 എൻട്രികൾ ലഭിച്ചതായി അനുരാഗ് താക്കുർ പറഞ്ഞു.
സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കിൾ ഡഗ്ലസിനു സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് നടി മാധുരി ദീക്ഷിത്തിന് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. മേളയിൽ ആറു മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. മലയാള സിനിമയായ 'ആട്ടം' ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം. വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്നു. ജൂഡ് ആന്തണിയുടെ '2018', മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ, ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം, രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്', ഗണേശ് രാജിന്റെ പൂക്കാലം എന്നിവയാണ് ഗോവയിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമകൾ.
മുഖ്യധാരാ സിനിമയിൽ 2018 ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടി. ഗുൽമോഹർ (ഹിന്ദി), പൊന്നിയിൻ സെൽവൻ 2, സിർഫ് ഏക് ബന്ധ കാഫിഹേ, ദ് കേരള സ്റ്റോറി എന്നിവയാണ് മുഖ്യധാരാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഫീച്ചർ സിനിമകളിൽ അഞ്ച് സിനിമകൾ മുഖ്യധാരാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ആനന്ദ ജ്യോതി സംവിധാനം ചെയ്ത 'ശ്രീ രുദ്രം' ഇടം നേടി.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ