- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കക്കാരുടെ തലയോട്ടിയെക്കുറിച്ച് പഠിക്കാൻ വെള്ളക്കാരന്റെ തലവെട്ടിക്കൊല; പ്രേക്ഷകരുടെ കൈയടി നേടി മെഷേഴ്സ് ഓഫ് മെൻ; ഒരു ഡയലോഗു പോലുമില്ലാതെ 'ഗാന്ധി ടോക്സ്'; വിജയ് സേതുപതിയും അരവിന്ദ് സ്വാമിയും ഗംഭീരം; ഐ എഫ് എഫ് ഐയെ ഞെട്ടിച്ച് രണ്ടു ചിത്രങ്ങൾ
വെള്ളക്കാരുടെ മസ്തിഷ്ക്കത്തിന് മറ്റുള്ളവരെക്കാൾ സവിശേഷ ഗുണങ്ങൾ ഉണ്ടോ? എങ്ങനെയാണ് ചില കറുത്തവർഗക്കാരുടെ ഗോത്രങ്ങൾക്ക് അസാധാരണ ബുദ്ധി വൈഭവം ഉണ്ടാവുന്നത്. ഈ സമസ്യ പഠിക്കാൻ അവർ ചെയ്തതാവട്ടെ, കറുത്തവനെ വേട്ടയാടിപ്പിടിച്ച് തടവിലിട്ട് കൊന്ന് ആ തലയോട്ടി പരിശോധിക്ക എന്ന ഹീനകൃത്യവും.
നമീബിയയിൽ ജർമ്മനി നടത്തിയ കാളോണിയൽ കുറ്റകൃത്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, ഗോവയിൽ നടക്കുന്ന 54ാംമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഡെലിഗേറ്റുകൾ ശ്വാസമടക്കിപ്പിടിച്ചാണ് സിനിമ കണ്ടത്.ലാർസ് ക്രൗമിന്റെ 'മെഷേഴ്സ് ഓഫ് മെൻ' 1900-കളുടെ തുടക്കത്തിൽ ജർമ്മൻ സൗത്ത് വെസ്റ്റ് ആഫ്രിക്കയിലേക്ക് രാജ്യത്തെ തദ്ദേശീയരെ പഠിക്കാനും അവരുടെ തലയോട്ടികൾ കൊയ്യാനും പോകുന്ന ഒരു ജർമ്മൻ നരവംശശാസ്ത്രജ്ഞന്റെ കഥ പറയുന്നു.
ലിയോനാർഡ് ഷെയ്ച്ചറും ഗേർലി ചാർലിൻ ജസാമയും മുഖ്യകഥാപാത്രങ്ങളായി വേഷമിട്ട ചിത്രത്തിൽ ഹിറ്റ്ലർക്ക് മുമ്പേ തന്നെ ജർമ്മനിയിൽ തുടങ്ങിയ വംശീയ കാഴ്ചപ്പാടുകൾ വ്യക്തമായി ചിത്രീകരിക്കുന്നു. ദീർഘകാലത്തെ ഗവേഷണത്തിനുശേഷം, വെള്ളക്കാരന്റെ തലക്ക് പ്രത്യേകതകൾ ഒന്നുമില്ലെന്ന് നായകൻ പ്രഖ്യാപിക്കുന്നത് കൈയടികളോടെയാണ് കാണികൾ ഏറ്റുവാങ്ങുന്നത്.
ഞെട്ടിച്ച് ഗാന്ധി ടോക്സ്
അതുപോലെ ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയെ ഞെട്ടിച്ച മറ്റൊരു ചിത്രമാണ്, കിഷോർ പാണ്ഡുരങ്ക് ബെലേക്കർ എന്ന മറാഠി സംവിധായകൻ ഒരുക്കിയ 'ഗാന്ധി ടോക്സ്' എന്ന ചിത്രം. ഒരു ഡയലോഗുപോലുമില്ലാതെ അഭിനയത്തിന്റെയും പശ്ലാത്തല സംഗീതത്തിന്റെയും കുരുത്തിലാണ് ചിത്രം മുന്നോട്ടുപോകുന്നത്. വിജയ് സേതുപതിയുടെയും അരവിന്ദ് സ്വാമിയുടെയും കരുത്തുറ്റ പ്രകടനം കൊണ്ടും സംവിധാന മികവുകൊണ്ടും എ.ആർ റഹ്മാന്റെ സംഗീതവുമൊക്കെ ചേർന്ന് മികച്ച തിയേറ്റർ അനുഭവമാണ് ഓരോ പ്രേക്ഷകനും ചിത്രം സമ്മാനിച്ചത്.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യത്തെ നിശബ്ദ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് 'ഗാന്ധി ടോക്ക്സിന്'. അതിദാരിദ്ര്യത്തിന്റെയും അതിസമ്പന്നതയുടെയും രണ്ടുവശങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ വരച്ചുകാട്ടുന്നത്. അതിദാരിദ്ര്യത്തിന്റെ പ്രതീകമാണ് ഒറ്റമുറി വീട്ടിൽ രോഗിയുമായി അമ്മയുമൊത്ത് കഴിയുന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന മഹാദേവൻ എന്ന ബിരുധദാരി. മണ്ണെണ്ണ സ്റ്റൗവിൽ മെഴുകുതിരി കത്തിച്ചുവെച്ച് ഭക്ഷണം ചൂടാക്കുന്ന രംഗമുൾപ്പടെ മഹാദേവന്റെ ദാരിദ്ര്യത്തിന്റെ ആഴം കാണിക്കുന്ന, കയ്യിൽ പണമില്ലാത്തതുകാരണം, അല്ലെങ്കിൽ അഴിമതി കാരണം അർഹമായ ജോലി പോലും ലഭിക്കാത്തിൽ സമൂഹത്തോട് അമർഷം തോന്നുന്നെങ്കിലും ആദർശം കൈവിടാതെ ജീവിക്കുന്ന ചെറുപ്പക്കാരനാണ് മഹാദേവൻ. ഒടുവിൽ സ്നേഹിച്ച പെണ്ണിനെയും നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ മഹാദേവൻ എടുക്കുന്ന ചില തീരുമാനങ്ങളാണ് ചിത്രം കാണുന്ന പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്നത്.
ചിത്രത്തിൽ അതിസമ്പന്നതയുടെ വക്താവാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന ബോസ്മാൻ എന്ന കഥാപാത്രം. അതിസമ്പന്നതയിൽ നിന്ന് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തുന്ന ബിൽഡറാണ് ബോസ്മാൻ. ആ മാനസികാവസ്ഥ വളരെ മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ അരവിന്ദ് സ്വാമിക്ക് കഴിഞ്ഞിട്ടുണ്ട്. ബോസ്മാന്റെയും മഹാദേവന്റെയും പാതകൾ തമ്മിൽ ചേരുമ്പോഴാണ് ചിത്രം മികച്ചതാവുന്നത്. പെരുംകള്ളനായ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധാർഥ് ജാധവിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. അദിതി റാവ് ഹൈദരും തന്റെ ഭാഗം ഭംഗിയാക്കി.
സംവിധായകൻ കിഷോർ പാണ്ഡുരങ്ക് ബെലേക്കർ 23 വർഷമാണ് ഗാന്ധി ടോക്ക്സിന് വേണ്ടി പ്രയത്നിച്ചതെന്ന്, ഐഫ്എഫ്ഐയിലെ പ്രദർശനത്തിന് ശേഷം പറയുകയുണ്ടായി. നിറഞ്ഞ കൈയടിയോടെയാണ് ഗോവയിലെ കാണികൾ ഈ ചിത്രത്തെയും സ്വീകീരിച്ചത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ