- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻ ചലച്ചിത്ര മേളയിൽ ചരിത്രം കുറിച്ച് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'
പാരീസ്: കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രീ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ചരിത്രം കുറിച്ച് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. പാം ഡി ഓർ കഴിഞ്ഞാൽ കാനിലെ രണ്ടാമത്തെ പുരസ്‌കാരമാണ് ഗ്രാൻ പ്രീ. 77ാ മത് മേളയുടെ സമാപന ചടങ്ങിലാണ് പായൽ കപാഡിയ സാക്ഷാത്കരിച്ച ചിത്രം പുരസ്‌കൃതമായത്.
പായലിന്റെ ആദ്യ ഫീച്ചർ ചിത്രമാണിത്. 30 വർഷത്തിന് ശേഷം ഇതാദ്യമായാണ് കാനിലെ പ്രധാനമത്സര വേദിയിൽ ഇന്ത്യൻ ചിത്രം ഇടം പിടിച്ചത്. കഴിഞ്ഞ ദിവസം ചിത്രം പ്രദർശിപ്പിച്ചപ്പോൾ, എട്ടുമിനിറ്റോളം നീണ്ട കരഘോഷമായിരുന്നു സമ്മാനം. ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാഗ്‌നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങൾക്കൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിച്ചത്.
ബാർബി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തി നേടിയ ഗ്രേറ്റ ഗെർവിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായാ ഖദം, ഹൃദ്ദു ഹാറൂൺ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മുംബൈയിൽ ജീവിക്കുന്ന മലയാളി നെഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പായൽ സംവിധാനം ചെയ്ത 'എ നൈറ്റ് നോയിങ് നത്തിങ്' എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയിരുന്നു. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമ്മാണ സംരംഭമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കൾ ആണെന്നും, അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായൽ കപാഡിയ പ്രദർശനത്തിന് ശേഷം പറഞ്ഞു.
അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ ഇന്ത്യൻ നടി അനസൂയ സെൻഗുപ്ത മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റന്റിൻ ബോഷനോവ് ഒരുക്കിയ 'ദ ഷെയിംലെസ് ' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ആദ്യമായാണ് ഒരു ഇന്ത്യൻ നടി ഈ നേട്ടം സ്വന്തമാക്കുന്നത്.
രേണുക എന്ന ലൈംഗികത്തൊഴിലാളിയുടെ വേഷമാണ് അനസൂയ അവിസ്മരണീയമാക്കിയത്. ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ ശേഷം രക്ഷപെടുകയും പിന്നീട് 17കാരിയായ ദേവിക എന്ന ലൈംഗികത്തൊഴിലാളിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നതാണ് പ്രമേയം.
ഇന്ത്യയിലും നേപ്പാളിലെ കാഠ്മണ്ഡുവിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. 2009ൽ മാഡ്ലി ബംഗാളി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനസൂയ പ്രൊഡക്ഷൻ ഡിസൈനർ കൂടിയാണ്. കൊൽക്കത്ത സ്വദേശിയാണ്. ചൈനീസ് ചിത്രമായ 'ബ്ലാക്ക് ഡോഗ് ' ആണ് അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിലെ മികച്ച ചിത്രം. റോബർട്ടോ മിനർവിനി (ദ ഡാംഡ്), റുൻഗാനോ ന്യോനി (ഓൺ ബികമിങ് എ ഗിനി ഫോൾ) എന്നിവർ മികച്ച സംവിധായകരായി. അബു സാൻഗാരെ ( ദ സ്റ്റോറി ഒഫ് സുലൈമാൻ) ആണ് മികച്ച നടൻ.