71-ാമത് സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുതുമുഖ സംവിധായകർക്കുള്ള അവാർഡ് നേടി ബഹദൂർ ദ് ബ്രേവ്. ആദ്യമായാണ് ഈ വിഭാഗത്തിൽ ഈ ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ അംഗീകരിക്കപ്പെടുന്നത്. ദിവാ ഷാ ആണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ സിനിമയുടെ സംവിധായിക.

ഹർധ്യാൻ ഫിലിംസും (വിശ്വേഷ് സിങ് സെഹ്രാവത്ത്) സിനായ് പിക്ചേഴ്സും (തോമസ് അജയ് എബ്രഹാം) നിർമ്മിച്ച ഈ ചിത്രം 2023 സെപ്റ്റംബർ 23 ന് 'നവാഗത സംവിധായക' വിഭാഗത്തിന്റെ ഭാഗമായി സാൻ സെബാസ്റ്റ്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രിമിയർ നടത്തിയിരുന്നു. അനുപമവും അവസരോചിതവുമായ സാമൂഹിക രാഷ്ട്രീയ വീക്ഷണത്തിനും, സത്യസന്ധവും ഹൃദയസ്പർശിയുമായ സൗഹൃദത്തെ കേന്ദ്രീകരിക്കുന്ന പ്രാദേശിക കഥയാണ് സിനിമ. എന്നാൽ ഇത് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നുവെന്നതിന് തെളിവാണ് അംഗീകാരം.

ആവേശകരമായ ഒരു പ്രാദേശിക കഥ ചലച്ചിത്രാവിഷ്‌കാരമാക്കിയതിനാണ് കുച്ചാബാങ്ക് -ന്യൂ ഡയറക്ടേഴ്സ് അവാർഡ് ജൂറി ദിവാ ഷായുടെ ബഹദൂർ ദ് ബ്രേവ്' എന്ന ചിത്രത്തിന് ഈ അഭിമാനകരമായ പുരസ്‌കാരം സമ്മാനിച്ചതെന്ന് ജൂറി പ്രസിഡന്റ് എമിലി മോർഗൻ അവാർഡ് സമർപ്പണത്തിനിടെ വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ്-19 മഹാമാരിക്കാലത്ത് ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ കുടിയേറ്റ തൊഴിലാളികൾ നേരിട്ട ദുരിതങ്ങളെയും പോരാട്ടങ്ങളേയും നേർ ചിത്രമാണ് സിനിമ. സമകാലിക ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നേട്ടമായി 'ബഹദൂർ ദ് ബ്രേവ്' ചരിത്രത്തിൽ ഇടം പിടിക്കുന്നുവെന്നാണ് വിലയിരുത്തൽ.

തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സിനിമയിലെ നായകൻ ഹാൻസി രോഗിയായ മകനുവേണ്ടി എന്ത് ജോലിയും ചെയ്യാൻ തയ്യാറാവുകയും ഭാര്യാ സഹോദരൻ ദിൽ ബഹാദൂർ വച്ചുനീട്ടിയ നിയമവിരുദ്ധമായ ജോലി ഏറ്റെടുക്കുകയും ചെയ്യുന്നു. ഏത് പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രതീക്ഷ കൈവിടാതെ കഠിനാധ്വാനം ചെയ്യണമെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. ആദ്യമായാണ് ഒരു നവാഗത ഇന്ത്യൻ സംവിധായകൻ കുച്ചാബാങ്ക് - ന്യൂ ഡയറക്ടേഴ്സ് അവാർഡ് കരസ്ഥമാക്കുന്നത്.

എൻഎഫ്ഡിസി ഫിലിം ബസാർ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിൽ ചിത്രത്തിന് പ്രശംസ ലഭിക്കുകയും അടുത്തിടെ പ്രസാദ് ലാബ് ഡിഐ അവാർഡ് നൽകി ചിത്രത്തെ ആദരിക്കുകയും ചെയ്തിരുന്നു. 2019 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഛായാഗ്രഹണത്തിന് പിയറി ആൻജെനിയക്‌സ് എക്‌സലൻസ് പ്രത്യേക പ്രോത്സാഹന പുരസ്‌കാരം ലഭിച്ച മധുര പാലാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.

അങ്കുഷ് പ്രശാന്ത് മോറിന്റെ കലാസംവിധാനം, കോമൾ റാവലിന്റെ വസ്ത്രാലങ്കാരം, വിരാജ് സുഞ്ജറാവുവിന്റെ എഡിറ്റിങ്, രാകേഷ് ജനാർദൻ, തോമസ് അജയ് എബ്രഹാം, ജിശ്രു ദേവ് എന്നിവരുടെ മികച്ച ശബ്ദസംവിധാനം എന്നിവയെല്ലാം സാൻ സെബാസ്റ്റ്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയറിൽ പ്രശംസ പിടിച്ചുപറ്റി.