തിരുവനന്തപുരം: മനുഷ്യനന്മയ്ക്കുള്ള ആശയങ്ങൾക്ക് വേണ്ടിയാണ് സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ദേശീയ തലത്തിൽ തിന്മ പ്രചരിപ്പിക്കാൻ ചില ശക്തികൾ സിനിമയെയും ഉപയോഗിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിനിമ നാടിനെയും കാലഘട്ടത്തിനെയും മുന്നോട്ട് നയിക്കുന്നതാണ്. എംടിയുടെ 'നിർമ്മാല്യം' പോലുള്ള സിനിമകൾ അത്തരത്തിലുള്ളതാണ്. എന്നാൽ, അതുപോലുള്ള സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നില്ല. സിനിമ ദുരുപയോഗം ചെയ്യുന്ന കാലത്താണ് ജീവിക്കുന്നത്. ഇക്കാലത്ത് പോയകാലത്തെ ജീർണതകളെ കൊണ്ടുവരാൻ ദേശീയ തലത്തിൽ സിനിമ ഉപയോഗിക്കുന്നു. ജാതീയത, ഫ്യൂഡൽ വ്യവസ്ഥ, ചാതുർവർണ്യം എന്നിവയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നു. സ്ത്രീത്വത്തിന്റെ മുന്നേറ്റത്തെ അടിച്ചമർത്തി ആണധികാരത്തെ ഊട്ടിയുറപ്പിക്കുന്ന സിനിമകൾ വരുന്നു. നവോഥാന മൂല്യങ്ങളെ തല്ലിക്കെടുത്തുന്നതിനോട് സഹകരിക്കാൻ ജനമനസ്സുകളെ പാകപ്പെടുത്താനുള്ള ശ്രമം നടത്തുന്നു.

ഈ ഇരുട്ടിന്റെ നടുക്കൽ വെളിച്ചമായി നിൽക്കുകയാണ് കൊച്ചുകേരളം. സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, മതനിരപേക്ഷതയുടെ കേരളം. കേരളത്തിന്റെ കഥ എന്ന് പറഞ്ഞ് ഒരു സിനിമ പ്രചരിപ്പിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ, ലൗ ജിഹാദിന്റെ നാടാണ് ഇതെന്നു വരുത്തി തീർക്കാനും ലോകത്തിന് മുന്നിൽ കരിവാരി തേക്കാനുള്ള ശ്രമം. വിഷപ്രചാരണത്തിനായുള്ള ആയുധമായി സിനിമയെ ഉപയോഗിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവല്ല. കേരളത്തിന്റെ മികച്ച പ്രതിച്ഛായയെ ലോകമൊട്ടാകെയെത്തിക്കാൻ ചലച്ചിത്ര പ്രവർത്തകർ മുന്നോട്ടുവരണം- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചേർന്നാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. സംവിധായകൻ ടിവി ചന്ദ്രനെ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേൽ പുരസ്‌കാരം നൽകി ആദരിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണൻ, എം ജയചന്ദ്രൻ, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്നിവരും മറ്റു പുരസ്‌കാര ജേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് വേണ്ടി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഏറ്റുവാങ്ങിയത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ അനുമോദന പ്രഭാഷണം നടത്തി.