തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിലവാരം പുലർത്തിയ സിനിമകൾ കുറവായിരുന്നു എന്ന് ജൂറി ചെയർമാൻ ഗൗതം ഘോഷ്. 154 സിനിമകളുടെ എൻട്രികളിൽ അവസാന പട്ടികയിലെത്തിയത് 54 ചലച്ചിത്രങ്ങളാണ്. ഇതിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് ഉന്നത നിലവാരം പുലർത്തിയത് എന്ന് ഗൗതം ഘോഷ് പറഞ്ഞു. പല സിനിമകളെയും തഴഞ്ഞുകൊണ്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് എന്ന വിമർശനം സോഷ്യൽ മീഡിയയിലടക്കം സജീവമാകുകയാണ്. ഈ സാഹചര്യത്തിലാണ് ഗൗതം ഘോഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

അടൂർ ഗോപാലകൃഷ്ണന്റെയോ ഷാജി എൻ കരുണിന്റയോ കെ ജി ജോർജിന്റെയോ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് സിനിമകൾ ഉയർന്നിട്ടില്ല. എന്നാൽ മികച്ച അവാർഡിനായി പരിഗണിക്കപ്പെട്ട എല്ലാ അഭിനേതാക്കളും വിസ്മയിപ്പിച്ചു. അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവും നായികയെന്നോ നായകനെന്നോ നോക്കാതെ എല്ലാ വേഷത്തിലും അഭിനയിക്കുന്ന രീതിയും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ മനോഭാവം മികച്ച കലാകാരന്മാർക്ക് മാത്രം സാധിക്കുന്നതാണ്. മത്സരിക്കുന്ന എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനാകില്ല, ഗൗതം ഘോഷ് വ്യക്തമാക്കി.

മികച്ച സംവിധായകന് പുരസ്‌കാരം കൊടുത്തതിലടക്കം അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലെത്തിയത്. 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സിനിമയായി നൻപകൽ നേരത്ത് മയക്കം തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനായി മഹേഷ് നാരായണനും പുരസ്‌കാരത്തിനർഹനായി.