ലയാള സിനിമയിൽ പെണ്ണുങ്ങൾ എവിടെയെന്ന ചോദ്യം കുറച്ചായി ഉയർന്നു തുടങ്ങിയിരുന്നു. അടുത്തിടെ സൂപ്പർഹിറ്റായ ചിത്രങ്ങളിലൊന്നും കാര്യമായ സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നു. ഈ ചോദ്യം ഉയരുമ്പോൾ തന്നെ ലോക സിനിമയുടെ നിറുകയിൽ ശ്രദ്ധനേടുകയാണ രണ്ട് മലയാളി പെണ്ണുങ്ങൾ. കാൻ ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയുമാണ് എത്തിയത്.

ഇരുവരും പ്രധാന വേഷത്തിലെത്തിയ പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരുവരും കാനിൽ എത്തിയത്. ചിത്രത്തിന്റെ ക്രൂ ഒന്നാകെ വൻ ആഘോഷമായാണ് കാനിൽ എത്തിയത്. പായൽ കപാഡിയയ്‌ക്കൊപ്പം എത്തിയ കനിയും ദിവ്യയും യുവതാരം ഹ്രിദ്ധു ഹാറൂണും ഉൾപ്പടെയുള്ളവർ ഡാൻസ് കളിച്ചുകൊണ്ട് റെഡ് കാർപ്പറ്റ് കീഴടക്കുകയായിരുന്നു.

കാനിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും നേടി. സിനിമ പൂർത്തിയായ ശേഷം കാണികൾ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത്. നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ അംഗീകാരത്തെ നെഞ്ചേറ്റിയത്. തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം ഈ സിനിമയിലെ അഭിനേതാക്കളാണെന്ന് പായൽ കപാഡിയ പറയുന്നു.

ഇതിലെ ഓരോരുത്തരും കുടുംബം പോലെയാണെന്നും ആ സ്‌നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും സംവിധായിക പറഞ്ഞു. ഗ്രാൻഡ് ലൂമിയർ തിയറ്ററിലായിരുന്നു പ്രീമിയർ സംഘടിപ്പിച്ചത്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ ഒരു ഇന്ത്യൻ സിനിമ പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിൽ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചിത്രം കണ്ട മാധ്യമ പ്രവർത്തകരും നിരൂപകരും അഭിപ്രായപ്പെടുന്നത്.

കനി കുസൃതിയേയും ദിവ്യ പ്രഭയേയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. രാധിക ആപ്‌തെ, ആഷിഖ് അബു, ദർശന രാജേന്ദ്രൻ തുടങ്ങിയ നിരവധി താരങ്ങളും പ്രശംസയുമായി എത്തി. 'കാൻ വേദിയിലെ മലയാളി പെൺ കുട്ടികൾ. പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ.' എന്നായിരുന്നു ശീതൾ ശ്യാം കുറിച്ചത്.