- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജയിംസ് എന്ന എന്ന മലയാളിയിൽ നിന്ന് സുന്ദരൻ എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശം; രണ്ടുദേശങ്ങൾ, രണ്ടുഭാഷകൾ, രണ്ടും സംസ്‌കാരങ്ങൾ എന്നിവ ഒരേശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ': നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ മികവിനെ ജൂറി വിശേഷിപ്പിച്ചത് ഇങ്ങനെ; നടനെ സംസ്ഥാന പുരസ്‌കാരം തേടിയെത്തിയത് ആറാം വട്ടം
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയെ തേടി വീണ്ടും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. 'മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്‌കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ടുമനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും, നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവ്. ജയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരൻ എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടുദേശങ്ങൾ, രണ്ടുഭാഷകൾ, രണ്ടും സംസ്‌കാരങ്ങൾ എന്നിവ ഒരേശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ', നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ മികവിനെ ജൂറി വിശേഷിപ്പിച്ചത് ഇങ്ങനെ. ഒരു ലക്ഷം രൂപയും, ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആറാം തവണയാണ് മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നത്. ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുന്നത് 1981ലാണ്. 'അഹിംസ'യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാർഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ൽ മമ്മൂട്ടി സംസ്ഥാന തലത്തിൽ ആദ്യമായി മികച്ച നടനായി. 'അടിയൊഴുക്കുകളി'ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടി നേടിയത്.
'യാത്ര'യിലേയും, 'നിറക്കൂട്ടി'ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‌പെഷ്യൽ ജൂറി അവാർഡും മമ്മൂട്ടിക്കായിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടത്. 'വിധേയൻ', 'പൊന്തൻ മാട', 'വാത്സല്യം' സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാര്ഡ് കാഴ്ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു.
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. 'മതിലുകൾ', 'ഒരു വടക്കൻ വീരഗാഥ' സിനിമകളിലൂടെ 1989ൽ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. 'പൊന്തൻ മാട', 'വിധേയൻ' എന്ന സിനിമകളിലൂടെ 1993ലും മമ്മൂട്ടി പുരസ്‌കാരം നേടി. 'ഡോ. ബാബാസഹേബ് അംബേദ്കറെ'ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം ദേശീയ തലത്തിൽ നേടി.
മറുനാടന് മലയാളി ബ്യൂറോ