കാലിഫോർണിയ: എൺപത്തിയൊന്നാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹെയ്മർ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. മികച്ച സിനിമ, നടൻ, സംവിധായകൻ, സഹനടൻ, ഒറിജിനൽ സ്‌കോർ എന്നിവയ്ക്കുള്ള പുരസ്‌കാരം ഓപ്പൺഹെയ്മർ സ്വന്തമാക്കി. ഇതിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് ക്രിസ്റ്റഫർ നോളനും നടനുള്ള പുരസ്‌കാരത്തിന് കിലിയൻ മർഫിയും അർഹരായി. മികച്ച സഹനടനായി ഓപ്പൺ ഹെയ്മറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയറിനെ തിരഞ്ഞെടുത്തു. ഒറിജിനൽ സ്‌കോറിനുള്ള പുരസ്‌കാരം ഓപ്പൺഹെയ്മറിലൂടെ ലഡ്വിഗ് ഗൊരാൻസൺ നേടി.

കില്ലേർസ് ഓഫ് ദ ഫ്ളവർ മൂൺ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ലിലി ഗ്ലാഡ്സനെയും പൂവർ തിങ്ങ്സിലെ പ്രകടനത്തിന് മികച്ച നടി (ഹാസ്യം, സംഗീതം)യായി എമ്മ സ്റ്റോണും അർഹരായി. മികച്ച നടൻ (ഹാസ്യം, സംഗീതം)പുരസ്‌കാരം ദ ഹോൾഡോവേഴ്സിലൂടെ പോൾ ഗിയാമട്ടി സ്വന്തമാക്കി.

മികച്ച കോമഡി ചിത്രത്തിന് പുവർ തിങ്ങ്സും മികച്ച ആനിമേഷൻ ചിത്രത്തിന് ദ ബോയ് ആൻഡ് ദ ഹെറോനും അർഹമായി. ഈ വർഷത്തെ ബോക്സ് ഓഫീസ് അച്ചീവ്മെന്റ് മറ്റെല്ലാ സിനിമകളെയും പിന്തള്ളി ബാർബി സ്വന്തമാക്കി. ഇംഗ്ലീഷ് ഇതര മികച്ച സിനിമയായി അനാട്ടമി ഓഫ് എ ഫോളും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേഷൻ ചിത്രം ദ ബോയ് ആൻഡ് ദ ഹീറോ ആണ്. മികച്ച സഹനടി ദ ഹോൾഡ് വേഴ്സിലെ പ്രകടനത്തിൽ ഡാവിൻ ജോയ് റൺഡോൾഫ്, മികച്ച സഹ നടനുള്ള പുരസ്‌കാരം ഓപ്പൺ ഹെയ്മറിലെ റോബർട്ട് ഡൗണി ജൂനിയർ എന്നിവരും സ്വന്തമാക്കി.

മികച്ച തിരക്കഥ-അനാട്ടമി ഓഫ് എ ഫോൾ, മികച്ച ഒറിജിനൽ സോങ്- ബാർബി, മികച്ച ടെലിവിഷൻ സീരീസ്-സക്സെഷൻ, മികച്ച ടെലിവിഷൻ സീരീസ് (സംഗീതം, ഹാസ്യം)-ദ ബിയർ, ടെലിവിഷൻ സീരീസിലെ മികച്ച നടി- സാറാ സ്നൂക് (സക്സെഷൻ), ടെലിവിഷൻ സീരീസിലെ മികച്ച നടൻ-കിരെൻ കൾകിൻ (സക്സെഷൻ), മികച്ച ടെലിവിഷൻ നടി (ഹാസ്യം, സംഗീതം)-അയോ എഡെബിരി (ദ ബിയർ), മികച്ച ടെലിവിഷൻ നടൻ (ഹാസ്യം, സംഗീതം)-ജെറെമി അല്ലെൻ വൈറ്റ് (ദ ബിയർ), മികച്ച ടെലിവിഷൻ സഹനടി-എലിസബത്ത് ഡെബിക്കി (ദ ക്രൗൺ), മികച്ച ടെലിവിഷൻ സഹനടൻ-മാത്യു മക്ഫഡ്യെൻ (സക്സഷൻ) തുടങ്ങിയവർക്കാണ് മറ്റ് പുരസ്‌കാരങ്ങൾ.