- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻ ചലച്ചിത്രമേളയിൽ സന്തോഷ് ശിവന് ആദരം
പാരീസ്: 2024 കാൻ ചലച്ചിത്രമേളയിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ആദരം. രാജ്യാന്തര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിയ വരുന്ന പിയർ ആഞ്ജിനോ പുരസ്‌കാരമാണ് സന്തോഷിന് ലഭിച്ചത്.
ഛായാഗ്രാഹക രംഗത്തെ മികവ് പരിഗണിച്ചാണ് അംഗീകാരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ. നടി പ്രീതി സിന്റയും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച സന്തോഷ് ശിവൻ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നിരവധി തവണ നേടിയിട്ടുണ്ട്.
അതുല്യനേട്ടം കൈവരിച്ച സന്തോഷ് ശിവനെ മോഹൻലാൽ അഭിനന്ദിച്ചു. '2024 കാൻ ചലച്ചിത്രമേളയിൽ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷിയാകുന്നതിൽ ആവേശം തോന്നുന്നു. ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷ് ശിവന് അഭിനന്ദനങ്ങൾ! ബാറോസ് യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഉപയോഗപ്പെടുത്താനായി എന്നത് അഭിമാനകരമായ നേട്ടമായി അംഗീകരിക്കുന്നു. ഏറ്റവും അർഹമായ അംഗീകാരം,' മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
2013ലാണ് ഛായാഗ്രഹണമികവിനുള്ള പിയർ ആഞ്ജിനോ എക്സലൻസ് ഇൻ സിനിമറ്റോഗ്രാഫി പുരസ്‌കാരം കാൻ ഫെസ്റ്റിവലിൽ നൽകാൻ ആരംഭിച്ചത്. ആധുനിക സൂം ലൈൻസിന്റെ പിറവിക്ക് കാരണഭൂതനായ പിയർ ആഞ്ജിനോയുടെ സ്മരണയ്ക്കായാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
കരിയറിന്റെ തുടക്കക്കാലത്തു തന്നെ ഇന്ത്യൻ സിനിമയിലെ പ്രഗത്ഭ ഛായാഗ്രാഹകന്മാരുടെ നിരയിൽ എണ്ണപ്പെട്ട പേരായിരുന്നു സന്തോഷ് ശിവന്റേത്. ഭാഷാതിർത്തികൾക്കപ്പുറം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ഓരോ സിനിമയ്ക്കായും ഒരുക്കിയത്. പത്തിലധികം ദേശീയ പുരസ്‌കാരങ്ങളും ഇരുപതിലധികം രാജ്യാന്തര പുരസ്‌കാരങ്ങളും നേടിയ സന്തോഷ് ശിവനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.