തിരുവനന്തപുരം: 53ാ മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ, മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നൻപകൽ നേരത്ത് മയക്കം കരസ്ഥമാക്കിയെങ്കിലും, ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയത്, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്'. അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമശവും ജനപ്രിയ ചിത്രവുമടക്കം 7പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ചാക്കോ ബോബന് അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം ചിത്രം നേടിക്കൊടുത്തു.

മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ് നേട്ടത്തിൽ അഭിമാനമെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. സിനിമകൾ മാത്രം സ്വപ്‌നം കാണുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് താൻ എന്നും അദ്ദേഹം പറഞ്ഞു. അവാർഡ് ജേതാക്കളെ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയാം. മലയാളത്തിൽ നിന്ന് ഒട്ടനവധി ക്വാളിറ്റിയുള്ള സിനിമകളാണ് ഉണ്ടാകുന്നത് എന്നും നടൻ പറഞ്ഞു

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ:

'സിനിമകൾ മാത്രം സ്വപ്‌നം കാണുന്ന വ്യക്തിയായി മാറിയിരിക്കുന്നു ഞാൻ. അവാർഡ് ജേതാക്കളെ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയാം. അതിന്റെ ഒരു സന്തോഷവും ഉണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ് എല്ലാവരും. അതുകൊണ്ടുതന്നെ എല്ലാവരുടെയും അംഗീകാരം എനിക്കുമുള്ളതാണ്. ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്. മലയാളത്തിൽ നിന്ന് ഒട്ടനവധി ക്വാളിറ്റിയുള്ള സിനിമകൾ, കലാമൂല്യമുള്ളത് ഉണ്ടാകുന്നു. മലയാളത്തിന്റെ സുവർണ വർഷമാണ് 2021. 'ന്നാ താൻ കേസ് കൊട്' ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. സാമൂഹ്യപരവും രാഷ്ട്രീയപരവുമായ കാഴ്ചപ്പാടുകളിൽ നോക്കിയാലും സിനിമ ചർച്ചയായി. അതിൽ ചില വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാർഥ്യം മനസിലാക്കി കണ്ട പ്രേക്ഷക സമൂഹം, അല്ലെങ്കിൽ രാഷ്ട്രീയ പ്രബുദ്ധതയുള്ള ആൾക്കാരാണ് നമ്മുടെ കൂട്ടത്തിലുള്ളത്. അതിനാൽ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്. വിവാദങ്ങൾ നമ്മുടെ മാർക്കറ്റിങ് സ്ട്രാറ്റജിയായിട്ട് സിനിമയിൽ സംഭവിക്കാറുണ്ട്. അത് ചിലപ്പോൾ അറിഞ്ഞുകൊണ്ടാകാം. അറിയാതെയാകാം. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

ന്നാ താൻ കേസ് കൊട് നേടിയ പുരസ്‌കാരങ്ങൾ

ജനപ്രീതിയും കലാമേന്മയും-ന്നാ താൻ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ)
ശബ്ദമിശ്രണം-വിപിൻ നായർ (ന്നാ താൻ കേസ് കൊട്)
കലാസംവിധാനം-ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)
പശ്ചാത്തല സംഗീതം- ഡോൺ വിൻസെന്റ് (ന്നാ താൻ കേസ് കൊട്)
മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
അഭിനയം (പ്രത്യേക ജൂറി പരാമർശം)- കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്),
സ്വഭാവ നടൻ- പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)