തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് നടി വിൻസി അലോഷ്യസ്. രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സിനിമ കേരളം മുഴുവൻ അറിഞ്ഞതിൽ സന്തോഷമെന്നും വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.

സംവിധായകൻ ലാൽ ജോസിനോട് ഒരുപാട് നന്ദി പറയുന്നു. റിയാലിറ്റി ഷോയിലൂടെ ലാൽജോസ് പിടിച്ചുകയറ്റിയതുകൊണ്ടാണ് ഇവിടെ എത്തിയത്. ഈ അവാർഡ് ആഗ്രഹിച്ചിരുന്നെന്നും അവർ പറഞ്ഞു.

ഉത്തരകേരളത്തിലെ ഒരു നാട്ടിൻപുറത്തുകാരിയുടെ പ്രാദേശികത്തനിമയാർന്ന സ്വഭാവവിശേഷങ്ങളും പ്രണയവും, പ്രതിരോധവും, തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിന് പുരസ്‌കാരം എന്നാണ് രേഖയിലെ വിൻസിയുടെ അഭിനയത്തെ ജൂറി വിശേഷിപ്പിച്ചത്. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.