- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാധ്യം ഈ ആടുജീവിതം!
ഒരു സംവിധായകൻ നീണ്ട 16 വർഷം ഒറ്റ ചലച്ചിത്രത്തിനായി മാറ്റിവെക്കുക. ആറുവർഷത്തോളം ഷൂട്ട് ചെയ്യുക. ഒരു സീനിനുവേണ്ടി മാത്രമായി 24 ദിവസമൊക്കെ ഷൂട്ട് ചെയ്യുക, 35 കിലോയോളം തൂക്കം കുറച്ച് എല്ലും തോലുമായി, അമ്മ കണ്ടിട്ട് കരഞ്ഞുപോയ ആ മേക്കോവറിൽ ഒരു നടൻ അഭിനയിക്കാനായി എത്തുക! ആടുജീവിതം എന്ന സിനിമ വെറുമൊരു സിനിമ മാത്രമല്ല. അതിന്റെ അണിയറ ശിൽപ്പികളെ സംബന്ധിച്ച് അത് ഒരു തപസ്സോ, ഉപാസനയോ ആണ്. പക്ഷേ അത് വിജയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ മനസ്സ് മരുഭൂമിയിലെ ചൂടുകാറ്റ് അടിച്ചെന്നപോലെ പൊള്ളിപ്പിക്കാൻ ആടുജീവിതത്തിന് കഴിയുന്നു.
ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവൽ സിനിമയാകുന്നു എന്നുകേട്ടപ്പോൾ തന്നെ ചലച്ചിത്ര പ്രേമികളുടെ മനസ്സിലുയർന്ന സന്ദേഹം, ഹോളിവുഡ് നിലവാരം ആവശ്യപ്പെടുന്ന ദൃശ്യഭംഗിയുള്ള ഈ രംഗങ്ങൾക്ക് ഒരു മലയാളിക്ക് ചിത്രീകരിക്കാൻ കഴിയുമോ എന്നായിരുന്നു. നല്ലൊരു നോവലിനെ എടുത്ത് കുളമാക്കുമോ എന്നുവരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. പക്ഷേ സിനിമ കണ്ടാൽ ആ സംശയങ്ങൾ എല്ലാം തീരും. നോവൽ വായിച്ച് മനസിൽ പതിപ്പിച്ചവർക്കിടയിലേക്ക്, അതേ കൃതിയുടെ ദൃശ്യഭാഷ്യവുമായി എത്താൻ അസാധാരണമായ ധൈര്യം വേണം. പക്ഷേ ബെസ്ലി അതിൽ വിജയിച്ചിരിക്കുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട്, കൈയടിച്ചാണ് പ്രേക്ഷകർ ചിത്രം കണ്ട് ഇറങ്ങുന്നത്. ഒരു സംശയവും വേണ്ട 2024 മലയാള സിനിമക്ക് ഭാഗ്യവർഷമാണ്. ഇതാ ഒരു സൂപ്പർ ഹിറ്റുകൂടി ഇപ്പോൾ ഇറങ്ങിയിരിക്കുന്നു. നല്ല സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് ആടുജീവിതം.
ബ്ലെസിക്കും പൃഥിരാജിനും കൈയടിക്കാം
2013-ൽ ഇറങ്ങിയ 'കളിമണ്ണ്' എന്ന ചിത്രത്തിനുശേഷം സംവിധായകൻ ബ്ലെസിയുടേതായി ഒരു ചിത്രം പോലും ഇറങ്ങിയിട്ടില്ല. നീണ്ട 14 വർഷക്കാലം അയാൾ ഈ ആടുജീവിതത്തിന്റെ പിറകെ ആയിരുന്നു. നടി ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിക്കുന്നു എന്നതിന്റെ പേരിൽ വിവാദമായ ചിത്രമാവട്ടെ, ബോക്സോഫീസിൽ പരാജയമാവുകയും ചെയ്തു. ശേത്വാ മേനോന് അന്ന് ജനിച്ച് കൂട്ടി എസ്എസ്എൽസിക്ക് എത്തിയിപ്പോഴാണ് ബ്ലെസി അടുത്ത ചിത്രം, പൂർത്തിയാക്കിയത് എന്നത് സോഷ്യൽ മീഡിയയുടെ തമാശ മാത്രമല്ല. ഒരു ചിത്രത്തിന്റെ പെർഫക്ഷനായുള്ള അദ്ദേഹത്തിന്റെ സമർപ്പണമാണ് ഇവിടെ കാണുന്നത്. കാഴ്ച, തന്മാത്ര, പളുങ്ക് ,കൊൽക്കത്താ ന്യൂസ്, ഭ്രമരം, പ്രണയം എന്നീ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രമാണ് അയാൾ ഇതുവരെ ചെയ്തത്. പക്ഷേ ആടുജീവിതം എന്ന ഒരു ചിത്രം മതി ബെസ്സിയുടെ കരിയറിനെ അടയാളപ്പെടുത്താൻ.
മരുഭൂമിയിലെ ടാങ്കർ വെള്ളത്തിന്റെ ഓവർ ഫ്ളോയിൽ നിന്ന് ആറാട്ടുപുഴയിലെ ആറ്റിലേക്കുള്ള ജമ്പ് കട്ട് സീനിൽ, കഴുകന്മാർ നജീബിനെ ആക്രമിക്കുന്ന രംഗത്ത്, മരുഭൂമിയിലെ മണൽകാറ്റിന്റെ ഹുങ്കാര സമയത്ത് ഒക്കെ ബ്ലെസിയിലെ സംവിധായകന്റെ പ്രതിഭ നമുക്ക് കാണാം. ആദ്യപകുതി പിന്നിടുമ്പോഴേക്ക് കാണികളുടെയും തൊണ്ട വരളുമെന്ന് പറയുന്നത് ശരിയാണ്. അത്രയേറേ തീവ്രമാണ് ക്യാമറ. മണൽക്കുന്നും, മരുപ്പച്ചയും, മരീചികയും, മണൽക്കാറ്റും, വിഷപ്പാമ്പുകളുമൊക്കെയായി, മരുഭൂമിയെന്ന ആവാസവ്യവസ്ഥയെ ചിത്രം അതിഗംഭീരമായി എടുത്തിട്ടുണ്ട്.
ഇതിലെ നജീബ് എന്ന കഥാപാത്രത്തിനുവേണ്ടി 35 കിലോയോളം തൂക്കം കുറിച്ച് എല്ലും തോലുമായി പൃഥിരാജിനെ കണ്ട്, അമ്മ മല്ലിക സുകുമാരൻ കരഞ്ഞുപോയ അനുഭവം നേരത്തെ വാർത്തയായിരുന്നു. ചിത്രം കണ്ട പ്രേക്ഷകർ ഓരോരുത്തരും ആ വികാരത്തിലുടെ കടന്നുപോവും. അത്രക്ക് റിയലിസ്റ്റിക്കായാണ് പൃഥിരാജ് നജീബായിരിക്കുന്നത്. ഗൾഫിൽ വിമാനമിറങ്ങുന്ന സന്തോഷവാനായ നജീബിൽ നിന്ന്, പതിയെപ്പതിയെ സ്വയം തിരിച്ചറിയാൻ കഴിയാത്ത, മുടിയും താടിയും ജട കെട്ടി ചെമ്മരിയാടുകൾക്കിടയിൽ തളച്ചിടപ്പെടുന്ന അടിമയിലേക്കുള്ള ആ രൂപാന്തരം പൃഥി ഗംഭീരമാക്കുന്നുണ്ട്. മെലിഞ്ഞുണങ്ങി എല്ലുന്തി, ചുവന്ന മങ്ങിയപല്ലും, കലങ്ങിയ കണ്ണുമായി നിൽക്കുന്ന നജീബ് പൃഥ്വിരാജാണെന്ന് ഒരിക്കൽപ്പോലും കാണികൾ ചിന്തിക്കില്ല! ഇന്റവെല്ലിന് അടുപ്പിച്ച് ആടിന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്ന സീനിലും, അർബാബ് പുറത്തുപോയ ദിവസം നഗ്നനായി കുളിക്കുന്ന സമയത്തും, മരുഭൂമിയിൽ കൂട്ടുകാരൻ മരിച്ച സമയത്തുമൊക്കെയുള്ള പൃഥിയുടെ പ്രകടനം ഒന്ന് കാണണം. ഇതുപോലെ ഭ്രാന്തമായ പാഷനായി സിനിമയെ കൊണ്ടുപോവുന്ന നടന്മാർ അത്യപൂർവമാണ്.
മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ എന്ന് നമുക്ക് നിസ്സംശയം പറയാവുന്ന ചിത്രമാണിത്. ഓസ്‌ക്കാറിലടക്കം ആടുജീവിതം എത്തുമെന്നും പ്രതീക്ഷിക്കാം. ബ്ലസിയുടെ സംവിധാന മികവിന് ഏറ്റവും മികച്ച പിന്തുണ നൽകിയത് റസൂൽ പൂക്കുട്ടിയും എ.ആർ. റഹ്‌മാനുമാണ്. റഹ്‌മമാന്റെ, 'പെരിയോനേ റഹ്‌മാനേ' എന്ന ഗാനം ഒരു പ്രാർത്ഥനയും നിലവിളിയുമായി നമ്മുടെ ഹൃദയത്തിലുണ്ട്. അതുപോലെ റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണം. നാട്ടിലെ മഴത്തുള്ളികളുടെ ശബ്ദം മുതൽ മണൽപാമ്പുകളുടെ ഇഴച്ചിൽ വരെ ചേർത്തുവെച്ചിരിക്കുന്നത് കാണണം.
നജീബിനു വഴികാട്ടിയായ ഇബ്രാഹിം കാദിരിയായെത്തിയ ജിമ്മി ജീൻ ലൂയിസ് കാണികളുടെ കൈയടി നേടുന്നുണ്ട്. ഹക്കീമായെത്തിയ കെആർ ഗോകുലിന് ചിത്രം ശരിക്കും ഒരു ബ്രേക്കാവും ഈ ചിത്രം. ആ കഥാപാത്രമാണ് ഈ സിനിമയുടെ അത്ഭുതം. നജീബിന്റെ ഭാര്യ സൈനുവായെത്തിയ അമല പോൾ ഏതാനും സീനുകളിൽ മാത്രമാണ് ഉള്ളതെങ്കിലും നന്നായിട്ടുണ്ട്.
നോവലിനോട് നീതി പുലർത്തിയോ?
പ്രശസ്തമായ ഒരു നോവൽ, അതും ചങ്ങമ്പുഴയുടെ രമണനുശേഷം കേരളത്തിൽ എറ്റവും കൂടുതൽ വിറ്റുപോയ സാഹിത്യകൃതിയെന്ന് വിശേഷിപ്പിക്കപെട്ട ഒരു നോവൽ, ചലച്ചിത്രമാക്കുക എന്നത് വലിയൊരു ബാധ്യതയും വെല്ലുവിളിയും കുടിയാണ്. എങ്ങനെ വന്നാലും അവസാനം നോവലിനോട് നീതി പുർത്തിയോ എന്ന ചർച്ച വരും. അടൂർ ഗോപാലകൃഷ്ൻ, സക്കറിയയുടെ 'ഭാസ്‌ക്കരപട്ടേലറും എന്റെ ജീവിതവും' എന്ന കഥ വിധേയൻ എന്ന പേരിൽ സിനിമയാക്കിയപ്പോൾ, അത് തന്റെ കഥയോട് നീതി പുലർത്തിയില്ല എന്ന് പറഞ്ഞ് സക്കറിയ രംഗത്ത് എത്തിയത് അടക്കമുള്ള എത്രയോ വിവാദങ്ങൾ നാം കണ്ടതാണ്. ഇവിടെ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിനോട് ചിത്രം 75 ശതമാനത്തോളം നീതി പുലർത്തുന്നുണ്ട്.
നോവൽ അതേപടി പകർത്തിവെക്കുകയല്ല സിനിമ. അതിൽ നിന്ന് ആവശ്യമുള്ളത് എടുക്കാനും തള്ളാനുമൊക്കെയുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ട്. അടിസ്ഥാനപരമായ സിനിമ സംവിധായകന്റെ കലയാണ്. പക്ഷേ ഇവിടെ ബെന്യാമിന്റെ നോവലിനെ അതിന്റെ കരുത്ത് ചോരാതെ അഭ്രപാളികളിൽ എത്തിക്കാൻ ബ്ലസിക്ക് ആയിട്ടുണ്ട്. പക്ഷേ സിനിമയാണോ നോവലാണോ, മികച്ച ആസ്വാദന അനുഭവം നൽകുന്നത് എന്ന് ചോദിച്ചാൽ ഈ ലേഖകൻ നോവലിനാണ് വോട്ടുചെയ്യുക.
നോവൽ നൽകുന്ന സർഗാത്മക സുഖത്തിന്റെ അത്രയും സിനിമ എത്തിയിട്ടില്ല. നജീബിന്റെ സർവൈവലിലാണ് സിനിമയിൽ പ്രധാന്യം നൽകിയത്. നോവലിൽ, ഏത് കഷ്ടപ്പാടിലും ജീവിക്കാനുള്ള അദമ്യമായ ആഗ്രഹം നജീബിന് നൽകുന്നത് ദൈവത്തിലുള്ള കടുത്ത വിശ്വാസമാണ്. നോവലിൽ നജീബ് ദൈവത്തിന് ഒരു വാക്കു കൊടുക്കുന്നുണ്ട്, ഒരിക്കലും സ്വയം മരിക്കില്ലെന്ന്. വേദന താങ്ങാനാകാതെ നജീബ് ഒരിക്കൽ ദൈവത്തോട് ഇങ്ങനെ പറയുന്നുണ്ട്. 'അള്ളാ, ഞാനൊരിക്കലും സ്വയം മരിക്കില്ലെന്ന് നിന്നോടും നിന്റെ നിയമത്തോടും സത്യം ചെയ്തിരുന്നു. പക്ഷേ, അർബാബിന് എന്നെ കൊല്ലാൻ വിട്ടു കൊടുക്കുന്നതിൽ നിനക്ക് വിരോധമില്ലല്ലോ. അർബാബിന്റെ കൈ കൊണ്ട് മരിക്കാൻ നീ എന്നെ അനുവദിക്കുക. ഇനിയും ഈ വേദനയിൽ തുടരാൻ എനിക്കു വയ്യ".
പലപ്പോഴും ആരോടും പരിഭവം തോന്നാതിരിക്കാൻ പോലും നജീബിനെ ദൈവത്തിലുള്ള ഈ വിശ്വാസം പ്രേരിപ്പിക്കുന്നുണ്ട്. തന്നെ രക്ഷിക്കാൻ കഴിയുമായിരുന്ന ആ പാക്കിസ്ഥാനി ട്രെയിലർ ഡ്രൈവർ ഒന്നും മിണ്ടാതെ കടന്നു കളയുമ്പോൾ നജീബ് വല്ലാതെ നിരാശനാകുന്നുണ്ട്. അയാളെ നാക്കെടുത്ത് ശപിച്ചു പോകുന്നു. പിന്നീട് അതിൽ പശ്ചാത്തപിക്കുന്ന നജീബിനെയാണ് നമ്മൾ കാണുന്നത്. അയാളുടെ നിവൃത്തികേടു കൊണ്ടായിരിക്കുമെന്ന് വിശ്വസിക്കാനാണ് നജീബിനു ഇഷ്ടം. നജീബിന്റെ ആത്മഗതം ഇങ്ങനെയാണ് - 'കരുണാമയനായ അല്ലാഹുവേ, നീ എനിക്കു തന്ന കഠിന ദിവസങ്ങളിലൂടെ കടന്നു പോകേണ്ടത് എന്റെ മാത്രം വിധിയാണ്. അതിന്റെ പേരിൽ നിരപരാധിയായ ഒരു മനുഷ്യനോട് ദ്വേഷിക്കുകയും മനസ്സിൽ ശപിക്കുകയും ചെയ്തതിനു നീ എന്നോട് പൊറുക്കേണമേ". ഈ ഒരു ആധ്യാത്മ ധാരയിലുള്ള നജീബല്ല സിനിമയിൽ ഉള്ളത്. നജീബിന്റെ വിശ്വാസം ദൃഢത ഒരു പാട്ടിലും മറ്റുമായി ഒതുങ്ങുകയാണ്.
അതുപോലെ തന്നെ നോവലിലെ ഏറ്റവും ഗംഭീരമായ രംഗങ്ങളിൽ ഒന്നായിരുന്നു, സ്വയം ആടിനെപ്പോലെ ആയിപ്പോയ നജീബ്, ഒരു തണുപ്പത്ത് ആടുകളിലൊന്നുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന രംഗം. അത് ചിത്രം ഒഴിവാക്കികളഞ്ഞു. ബ്ലെസി എങ്ങനെ അത് ചിത്രീകരിക്കുമെന്ന് ആരാധകർ കാത്തിരുന്ന ഭാഗമായിരുന്നു അത്. എന്നാൽ നജീബും ഭാര്യയും തമ്മിലുള്ള ലിപ്പ്ലോക്ക് അടക്കമുള്ള നോവലില്ലാത്ത രംഗങ്ങൾ ചിത്രത്തിലുണ്ട്. അതുപോലെ മരുഭൂമിയിൽ ഇടിവെട്ടി മഴപെയ്യുമ്പോൾ, ഈ ക്രൂരനായ അറബി പേടിച്ച് വിറച്ച് ഒരു മേശക്കടിയിൽ പോയിരിക്കുന്ന നോവലിലെ ഏറ്റവും സുപ്രധാന രംഗവും സിനിമയിലില്ല.
വീണ്ടും പറയട്ടെ, നോവൽ അതേപടി പകർത്തുകയല്ല സംവിധായകന്റെ ജോലി. നോവലിൽ നജീബിന്റെ അന്തർ സംഘർഷങ്ങൾ പ്രേക്ഷകന് വ്യക്തമാണ്. സിനിമയിൽ അതു ഡോക്യുമെന്ററി പോലെ പറയാനാവില്ല. പകരം ദൃശ്യങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കണം. ആ പണിയിൽ ബ്ലസി 75 ശതമാവനും വിജയിച്ചിട്ടുണ്ട്. പരിമിതികളും പോരായ്മകളും എന്തൊക്കെയുണ്ടായാലും നിർബന്ധമായും കാണേണ്ട സിനിമ തന്നെയാണ് ആടുജീവിതം
വാൽക്കഷ്ണം: എന്തും വർഗീയമായി ചിന്തിക്കുക എന്നത് മലയാളികൾക്കിടയിൽ ഇപ്പോഴുള്ള ഫാഷനാണെല്ലോ. ഈ സിനിമ ഇസ്ലാമോഫോബിയ വളർത്തുന്നുവെന്ന പ്രചാരണത്തിനും ചിത്രം കാണുന്നതോടെ അറുതിയാവും. ഒരു വ്യക്തിക്ക് ചില വ്യക്തികളിൽ നിന്ന് ഉണ്ടാവുന്ന ദുരനുഭവങ്ങൾ എങ്ങനെയാണ്, ഒരു സമുദായത്തെ ബാധിക്കുക എന്നത് പിടികിട്ടുന്നില്ല. പക്ഷേ യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രം നിരോധിക്കപ്പെട്ടിരിക്കുകയാണ്.