- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂജന്‍ സൂപ്പര്‍ സ്റ്റാറായി നസ്ലന്‍! ബസൂക്കയെയും എമ്പുരാനെയും വെട്ടിച്ച് ഒരു കൊച്ചുചിത്രത്തിന്റെ കുതിപ്പ്; ഖാലിദ് റഹ്മാന്റെ അസാധ്യ മേക്കിങ്ങ്; ലുക്മാനും ഗണപതിയും അടക്കമുള്ള എല്ലാ നടന്മാരും പൊളിച്ചു; ഈ വര്‍ഷം ഒരു 100 കോടി ക്ലബ് ചിത്രം കൂടി; വിഷു വിപണി തൂക്കി ആലപ്പുഴ ജിംഖാന
വെറും 22-ാം വയസ്സില്‍ ഒരു സൂപ്പര്‍താരത്തിന് സമാനമായ ജനപ്രീതി! നസ്ലന്‍ അബ്ദുള്‍ ഗഫൂര്‍ എന്ന പയ്യനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെയും താരം. നേരത്തെ പ്രേമലു എന്ന നൂറുകോടി ക്ലബിലെത്തിയ ചിത്രത്തെ തുടര്‍ന്ന് ഈ നടന്‍ മലയാളി പെണ്‍കൊടികളുടെ 'നാഷണല്‍ ക്രഷ്' ആയിരുന്നു. ഇപ്പോള്‍ ന്യൂജന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലുള്ള നസ്ലന്റെ താരോദയമാണ്, തല്ലുമാലയെന്ന ബ്ലോക്ക് ബസ്റ്ററിന്റെ സംവിധായകന്‍ ഖാലദ് റഹ്‌മാന്‍ ഒരുക്കിയ പുതിയ ചിത്രം, ആലപ്പൂഴ ജിംഖാനയില്‍ കാണുന്നത്.
ഒരു ഹിറ്റ് സിനിമയുണ്ടാക്കാന്‍ നൂറായിരം ഹെലികോപ്റ്ററുകളും, ഉലകം മുഴുവനുമുള്ള ചുറ്റലകളും, മലപ്പുറം കത്തിമുതല്‍ എ കെ 47വരെ കാണിച്ചുള്ള യുദ്ധങ്ങളുമൊന്നും വേണ്ടെന്ന്, ഈ കൊച്ചുചിത്രം കാണിച്ചുതരുന്നു. അത് സിമ്പിളാണ് ആലപ്പുഴ ജിംഖാനയിലെ വണ്‍ലൈന്‍. പ്ലസ് ടു തോറ്റ കുറച്ച് പിള്ളേര്‍, അടുത്ത വര്‍ഷം സ്പോര്‍ട്സ് ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി ബോക്സിങ്് പഠിക്കാന്‍ തീരുമാനിക്കുന്നു. ജില്ലാ മീറ്റില്‍ എങ്ങനെയോ രക്ഷപ്പെട്ട അവര്‍ സംസ്ഥാന മീറ്റില്‍പോയി ഇടികൊണ്ട് ചതഞ്ഞ് വീഴുന്നു. ട്വിസ്റ്റില്ല, സസ്പെന്‍സില്ല, ഇന്‍ട്രവല്‍ പഞ്ചില്ല, ക്ലൈമാക്സില്‍ അടുത്തഭാഗത്തിനുവേണ്ടി പറഞ്ഞ് നിര്‍ത്തുന്ന ടെയില്‍ എന്‍ഡ് ട്വിസ്റ്റില്ല. തോറ്റുപോവുന്ന മനുഷ്യരുടെ കഥയാണിത്.
നായകന്‍ പരീക്ഷയില്‍ മാത്രമല്ല പൊട്ടുന്നത്. പ്രണയത്തിലും, ബോക്സിങ്ങിലുമൊക്കെ അയാള്‍ തോല്‍ക്കുന്നു. എന്നിട്ടും വിട്ടുകൊടുക്കാനാവാത്ത ആ ജീവിതാസക്തിയുടെ കഥയാണ് ആലുപ്പൂഴ ജിംഖാന. പരമ്പരാഗത കൊമേര്‍ഷ്യല്‍ സിനിമയുടെ ഫോര്‍മാറ്റുകള്‍ ഒന്നുമില്ലാഞ്ഞിട്ടും ഈ ചിത്രത്തെ ജനം നെഞ്ചിലേറ്റുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ബസൂക്കയെയും, മോഹന്‍ലാലിന്റെ എമ്പൂരാനെയും പിന്നിലാക്കി വിഷു വിപണി തൂക്കിയിരിക്കയാണ്.
സംവിധായകന്റെ സിനിമ
സാധാരണ ഏത് പൊട്ട സിനിമയുടെ സംവിധായകന്‍ പോലും തങ്ങളുടെ കഥ ആണവ രഹസ്യം പോലെ നടീനടന്‍മ്മാരില്‍നിന്നുപോലും സംരക്ഷിക്കുമ്പോള്‍, ഖാലിദ് അഭിമുഖങ്ങളില്‍ തന്റെ സിനിമയുടെ കഥ പറയുന്നുണ്ട്. കഥയിലല്ല മേക്കിങിലാണ് കാര്യമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. സംവിധായകന്‍ തന്നെയാണ് ഈ ചിത്രത്തിലെ താരം. തുടക്കം മുതല്‍ ഒരു കുളിര്‍ തെന്നല്‍പോലെ ഒറ്റപോക്കാണ് ചിത്രം. ക്രിഞ്ചടിപ്പിക്കുന്ന ഒറ്റ സീന്‍ പോലുമില്ല. പടം തുടങ്ങിയാല്‍ നമുക്ക് സ്‌ക്രീനില്‍നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. ഇന്‍ട്രവല്‍ ആവുന്നതൊന്നും അറിയില്ല. ചിത്രത്തില്‍ നായകന്‍ നസ്ലന്‍ ഇടപെടുന്ന രണ്ട് ചുംബന രംഗങ്ങളിലുണ്ട് സംവിധായകന്റെ പ്രതിഭ. ലൗ, ലസ്റ്റ് എന്നിവ എങ്ങനെ വര്‍ക്കൗട്ട് ചെയ്യുന്നുവെന്ന് കൃത്യമായി പറയാതെ പറയുന്നു.
അതിഗംഭീരമായ സിറ്റ്വേഷണല്‍ കോമഡിയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവിടെ ആരും തമാശക്കായി തമാശയുണ്ടാക്കുന്നില്ല. അവരുടെ അവസ്ഥകളില്‍ പ്രേക്ഷകന്‍ ചിരിച്ചുപോവുകയാണ്. ചിരി മാത്രമല്ല ആവശ്യത്തിന് അവേശവും ചിത്രം നല്‍കുന്നുണ്ട്. രണ്ടാംപകുതിയില്‍ ഭൂരിഭാഗവും ഒരു ബോക്സിങ്ങ് മത്സരമാണ്. അങ്ങേയറ്റം സീരിയസായി നടക്കുന്ന ഈ മത്സരത്തിനിടയിലും എത്ര സമര്‍ത്ഥമായാണ് ഡയറക്ടര്‍ സ്വിറ്റേഷണല്‍ കോമഡി പ്ലേസ് ചെയ്യുന്നത് എന്ന് നോക്കണം. ഇടികിട്ടി പഞ്ചറായവരുടെ അപ്രതീക്ഷിത തിരിച്ചടിയൊക്കെയുണ്ടാക്കുന്ന അഡ്രിനാലിന്‍ റഷ് കണ്ടുതന്നെ അറിയണം. ബോക്സിങ്ങിന്റെ എല്ലാ സംത്രാസങ്ങളും ചിത്രം ഒപ്പിയെടുക്കുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാംപകുതി ഒരു സ്പോര്‍ട്സ് ഡ്രാമപോലെ ആവുന്നുണ്ട്. ഓരോ ഇടിക്കുമൊപ്പം പ്രേക്ഷകനും സഞ്ചരിക്കുന്നു.
സംഗീത സംവിധായകന്‍ അലക്സ് പോള്‍ പതിവുപോലെ പൊളിച്ചിട്ടുണ്ട്. ഗാനങ്ങളിലുടെ കഥ ചലിക്കുന്നു. തല്ലുമാലയുടെ ക്യാമറാന്‍ ജിംഷി ഖാലിദ് ക്യാമറക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍ പിന്നെ പ്രത്യേകം പറയേണ്ട കാര്യമില്ല. ഏറ്റവും പ്രധാനം തന്റെ മൂന്‍കാല ചിത്രങ്ങളുടെ യാതൊരു ഇന്‍ഹിബിഷനുമില്ലാതെയാണ് ഖാലിദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ചിത്രമായ 'അനുരാഗ കരിക്കിന്‍ വെള്ളം തൊട്ട്' ശ്രദ്ധേയനായ സംവിധായകനാണ് ഖാലിദ്. തുടര്‍ന്ന് ഉണ്ട, ലൗ എന്നീ രണ്ടു ചിത്രങ്ങള്‍ക്ക്ശേഷമാണ് ഖാലിദ് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ തല്ലുമാല എടുക്കുന്നത്. എന്നാല്‍ തല്ലുമാലയില്‍നിന്ന് ഘടനാപരമായി തീര്‍ത്തും വ്യത്യസ്തമാണ് ജിംഖാന. തല്ലുമാലയിലെ പൊളപ്പന്‍ ക്യാമറയും, നെരിപ്പന്‍ എഡിറ്റിങ്ങും ചേര്‍ന്നുള്ള 'വിംജ്രംഭിക്കല്‍' ഇവിടെയില്ല. നേര്‍ക്കുനേരെ കഥപറഞ്ഞുപോവുകയാണ്. വരും കാലങ്ങളില്‍ ഈ സംവിധായകന്‍ കൂടുതല്‍ അറിയപ്പെടും. മലയാള സിനിമയുടെ ഭാവി ഖാലിദ് റഹ്‌മാനെപ്പോലുള്ള പ്രതിഭകളുടെ കൈയില്‍ ഭദ്രമാണ്.
നസ്ലന്റെയും കൂട്ടരുടെയും അര്‍മാദം
മലയാള നടീനടന്‍മ്മാരുടെ ഒരു തലമുറ മാറ്റം തന്നെയാണ് ഈ ചിത്രം. ഒരുപറ്റം യുവതാരങ്ങള്‍ ആലപ്പുഴ ജിംഖാനയില്‍ പൊളിക്കയാണ്. സിക്സ്പാക്ക് ബോഡിയൊക്കെയുണ്ടാക്കി നസ്ലനും കൂട്ടരും അങ്ങോട്ട് ആര്‍മാദിക്കയാണ്. പണ്ട് ദിലീപിനൊക്കെ ഉണ്ടായിരുന്ന, നെക്്സറ്റ് ഡോര്‍ ബോയ് എന്ന ഇമേജ് ഇപ്പോള്‍ നസ്ലനാണ്. പക്ഷേ ആരെയും അനുകരിക്കാതെ നസ്ലന്‍ സ്വന്തം ശൈലിയുണ്ടാക്കിയിരിക്കുന്നു. ഈ ചിത്രത്തില്‍ കല്യാണരാമനില്‍ ദിലീപ് അനുഗ്രഹിക്കുന്നപോലെ, നസ്ലന്‍ അനുഗ്രഹിക്കുന്ന ഒരു രംഗമുണ്ട്. അതുപോലെ പ്രേമം പൊളിയുമ്പോഴുള്ള ചമ്മല്‍, ആ കുസൃതി വികൃതി.... പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകനെ ഓര്‍മ്മിപ്പിക്കുന്ന ബോക്സിങ്് റിങ്ങ് പ്രകടനം. പക്ഷേ ഇതൊക്കെ നമുക്ക് കണക്റ്റ് ചെയ്യാം എന്നേയുള്ളൂ. എല്ലാം വ്യത്യസ്തമാണ്. ഒറിജിനലാണ്.
നസ്ലെന്‍ അവതരിപ്പിക്കുന്ന ജോജോ ജോണ്‍സണ്‍ കട്ടക്ക് കൂടെ നില്‍ക്കയാണ് ബേബി ജീനിന്റെ ഡേവിഡ് ജോണ്‍, ഫ്രാങ്കോ ഫ്രാന്‍സിസിന്റെ ഷിഫാസ് അലി, സന്ദീപ് പ്രദീപിന്റെ ഷിഫാസ് അഹമ്മദ്, ശിവ ഹരിഹരന്‍ അവതരിപ്പിക്കുന്ന ഷാനവാസ് എന്നിവര്‍. പൊളി എന്ന് പറഞ്ഞാല്‍ പൊപ്പൊളിയാണ് ഈ പിള്ളേര്‍ സെറ്റ്. നായകന് മാത്രം ഷൈന്‍ ചെയ്യാനുള്ള സിനിമയല്ല ഇത്. നായകന്റെ തുപ്പല്‍ കോളാമ്പി ചുമക്കാനുള്ള അടിമ കഥാപാത്രങ്ങളല്ല സുഹൃത്തുക്കള്‍.
എല്ലാവര്‍ക്കും കൈയടികിട്ടുന്ന സാധനങ്ങള്‍ ചിത്രത്തില്‍ ആവശ്യത്തിന് ഇട്ടിട്ടുണ്ട്. ഇതില്‍ 'ചെറുത്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാങ്കോ ഫ്രാന്‍സിസാണ് ഏറ്റവും ശ്രദ്ധേയനായത്. സന്ദീപ് പ്രദീപ് എന്ന പയ്യനും കയറിവരും.
നസ്ലെനും കൂട്ടര്‍ക്കും പുറമേ ഗണപതിയുടെ ദീപക് പണിക്കരും ഷോണ്‍ ജോയിയുടെ കിരണും കൂടി എത്തുന്നതോടെ സംഗതി കളറാവുകയാണ്. ലുക്മാന്റെ ആന്റണി ജോഷ്വാ എന്ന കോച്ചിനെ സിനിമ വിട്ടാലും മറക്കാനാവില്ല. ഗണപതിയുടെയും ലുക്മാന്റെയുമൊക്കെ സിക്സ് പാക്ക് ബോഡിയും ഞെട്ടിച്ചു. ശരിക്കും വര്‍ക്കൗട്ട് ചെയ്ത അധ്വാനിച്ചാണ് എല്ലാവരും ഈ പടത്തില്‍ അഭിനയിച്ചിട്ടുള്ളതും. ഈ ചുള്ളന്മാരൊക്കെ റിങ്ങില്‍ ഇറങ്ങിയിട്ടും ബോക്സിങ്ങില്‍ കസറിയത് അനഘ രവിയുടെ പെണ്‍പുലിയാണ്. ശരിക്കും ഫയര്‍. കോട്ടയം നസീര്‍, സലീം ഹാസന്‍, നന്ദ നിഷാന്ത്, അസ്സിം ജമാല്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സ്വാതി ദാസ്, ആദ്രി ജോ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. എല്ലാവരും നന്നായിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ അവധിക്കാലത്ത് ശരിക്കും ആസ്വദിക്കാവുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന.
വാല്‍ക്കഷ്ണം: ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തവര്‍പോലും ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. നസ്ലന്റെ അമ്മയും, കോട്ടയും നസീറിന്റെയും അബുസലീമിന്റെയുമൊക്കെ കഥാപാത്രം ഉദാഹരണം. അതാണ് ജിംഖാനയുടെ മാജിക്ക്!