- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബെൻ വ്യത്യസ്തമായ ഫാമിലി ത്രില്ലർ ഡ്രാമ!
മണ്ടന്മാർ ലണ്ടനിൽ! മുപ്പതുവർഷം മുമ്പ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ പേരിലുള്ള സിനിമയും ഇപ്പോൾ ഇറങ്ങിയ ബിഗ്ബെന്നും താരതമ്യം ചെയ്യുമ്പോഴാണ്, മലയാളിയുടെ കുടിയേറ്റത്തിന്റെ വ്യാപ്തി അറിയുക. അന്ന് ലണ്ടനിൽ പരിപാടി അവതരിപ്പിക്കാൻ പോയി പെട്ടുപോയവരാണ് കഥാപാത്രങ്ങളെങ്കിൽ, ഇന്ന് ലണ്ടനിൽ മികച്ച ജീവിതം നയിക്കുന്ന മലയാളികളാണ് ബിഗ് ബെന്നിൽ വരുന്നത്. ലോകം വളരുന്നതിന് അനുസരിച്ച് കേരളീയനും വളരുകയാണ്. ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളി തട്ടുകട നടത്തുന്നുണ്ടാവും എന്ന് നമ്മൾ പറയുന്നത്, ആധുനിക കാലത്ത് തമാശയല്ല. പണ്ട് ഗൾഫ് നാടുകളായിരുന്നെങ്കിൽ ഇന്ന് യുഎസും, യുകെയും, കാനഡയുമൊക്കെ മലയാളികൾ കുടിയേറി നമ്മുടെ മണ്ണാക്കി മാറ്റിയിരിക്കയാണ്.
നിരവധി മലയാളികളാണ് ഇന്ന് യൂറോപ്പിലേക്ക് പഠിക്കാനും ജോലിക്കായും പോവുന്നത്. പിന്നീട് അവർ അവിടെ തന്നെ കുടുംബമായി നിലകൊണ്ടു. ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളുണ്ട്. അവിടങ്ങളിലെ പൗരന്മാർക്ക് മാത്രമല്ല സന്ദർശകർക്കും ഈ നിയമങ്ങളെല്ലാം ബാധകമാണ്. നിയമം അറിയില്ലെന്നത് നിയമം ലംഘിക്കാനുള്ള ഒഴിവുകഴിവല്ല താനും. നമ്മൾ വരുത്തുന്ന ചില തെറ്റുകൾക്ക് അവിടെ വലിയ വില നിൽകേണ്ടിവരുന്ന സാഹചര്യം അവിടെ ഉണ്ടാകും. അങ്ങനെയൊരു പ്രതിസന്ധിയിൽ അകപ്പെട്ടുപോകുന്ന മലയാളി യുവാവ്, അത് തരണം ചെയ്യാൻ അയാൾ നടത്തുന്ന ശ്രമങ്ങളാണ് ബിഗ് ബെൻ എന്ന ചിത്രം പറയുന്നത്.
പുതുമയുള്ള കഥ, അഭിനേതാക്കളുടെ ഒന്നിനൊന്ന് മികച്ച പ്രകടനം, ത്രില്ലടിപ്പിക്കുന്ന ശൈലി... ബിനോ അഗസ്റ്റിൻ തിരക്കഥയെഴുതി സംവിധാനംചെയ്ത ബിഗ് ബെൻ എന്ന ചലച്ചിത്രത്തെ വ്യത്യസ്തമായ ഫാമിലി ത്രില്ലർ ഡ്രാമ എന്ന് വിശേഷിപ്പിക്കാം. കഥയുടെ 95 ശതമാനവും നടക്കുന്നത് യുകെയിലാണ്. ഇവിടെ തുടങ്ങുന്നു ബിഗ് ബെൻ എന്ന മലയാള ചിത്രത്തിന്റെ വ്യത്യസ്തത. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ പാലസിന്റെ വടക്ക് കിഴക്കൻ പ്രദേശത്തുള്ള ഘടികാരത്തിന്റെയും ടവറിന്റെയും പേരാണ് ബിഗ് ബെൻ. അതുതന്നെ ചിത്രത്തിന്റെ പേരായി ഇട്ടിരിക്കുന്നതും ശരിക്കും പ്രതീകാത്മകമാണ്.
യുകെയിൽ സംഭവിക്കുന്നത്
ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന പാലാക്കാരിയും അവളുടെ ഭർത്താവും നേരിടുന്ന നിയമക്കുരുക്കുകളാണ് ബിഗ് ബെൻ പറയുന്നത്. നാട്ടിൽ എസ് ഐയായ ഭർത്താവിനേയും, ഒന്നര വയസ്സുകാരി മകളേയും നിർത്തി യു കെയിലേക്ക് പറക്കേണ്ടി വന്ന നഴ്സാണ് ലൗലി ( സിനിമയിൽ അദിതി രവി). ഒരു കേസുമായി ബന്ധപ്പെട്ട് ഭർത്താവ് ജീൻ ആന്റണി ( സിനിമയിൽ അനു മോഹൻ) സസ്പെൻഷനിലായതോടെ അയാളേയും മകളേയും യു കെയിലേക്ക് എത്തിക്കുകയാണ് ലൗലി. നാട്ടിലെ പൊലീസ് സ്വഭാവം ജീൻ വിദേശത്തും എടുക്കാൻ തുടങ്ങുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അങ്ങനെ തന്റെ മുൻകോപം കൊണ്ട് അബദ്ധവശാൽ സംഭവിക്കുന്ന ഒരു തെറ്റിന് ജീൻ നൽകേണ്ടി വരുന്നത് വലിയ വില തന്നെയായിരുന്നു. ഈഗോയിസ്റ്റായ ജീൻ അവിടെ ഓണാഘോഷത്തിനിടയിൽ സംഘർഷമുണ്ടാക്കുകയും തുടർന്ന് പൊലീസ് ഇടപെടുകയും, യു കെയിലെ നിയമങ്ങൾക്കനുസരിച്ച് ഭാര്യയും ഭർത്താവും മകളും മൂന്നിടങ്ങളിലേക്ക് അകറ്റപ്പെടുകയും ചെയ്യുകയാണ്.
പിന്നീട്, സ്വന്തം മകൾക്കുവേണ്ടി ജീൻ നടത്തുന്ന പോരാട്ടമാണ് പിന്നീട് ചിത്രം പറയുന്നത്. അത് ഗംഭീരമായി എടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പതിയെ തടുങ്ങി പ്രധാനകഥയിലേക്ക് ലോഞ്ച് ചെയ്യുന്ന രീതിയിലാണ് ചിത്രം നീങ്ങുന്നത്. ഫാമിലി ഡ്രാമയായി തുടങ്ങി ത്രില്ലറിലേക്ക് ഗിയർ മാറ്റുകയാണ് ചിത്രം. സിനിമ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിയുന്നുണ്ട്.
യഥാർത്ഥ സന്ദർഭങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടുള്ള കഥയാണ് ബിഗ് ബെന്നിന്റേത്. കുടുംബത്തിനു വേണ്ടി ജീൻ ആന്റണി എന്തിനും തയ്യാറായി ഇറങ്ങിത്തിരിക്കുന്നതാണ് ഒരു ത്രില്ലിങ് സിനിമയാക്കി മാറ്റുന്നത്. യുകെയിൽ ജോലി ചെയ്യുന്നവരുടെ മാനസികാവസ്ഥയും ചിത്രത്തിൽ പരാമർശിക്കപ്പെടുന്നു.
തിളങ്ങി അനുമോഹനും അദിതിയും
ജീൻ എന്ന കഥാപാത്രമായെത്തിയത് അനു മോഹൻ ആയിരുന്നു. കർക്കശക്കാരനായ മുൻകോപമുള്ള എസ്ഐ വേഷം താരത്തിൽ ഭദ്രമായിരുന്നു. ഒരു പിതാവിന്റെ നിസ്സഹായതയും, യുവാവിന്റെ ചോരത്തിളപ്പുമെല്ലാം അനു മോഹൻ കയ്യടക്കത്തോടെ അവതരിപ്പിച്ചു. ശക്തമായ ഒരു മുഴുനീള കഥാപാത്രം ആദ്യമായാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. നായിക ലൗലിയായെത്തിയ അദിതി രവി പക്വതയ്യാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വിൽസൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് വിനയ് ഫോർട്ട്. മിയ, ചന്തുനാഥ്, ഷെബിൻ, ബിജു സോപാനം, നിഷ സാരംഗ്, ജാഫർ ഇടുക്കി എന്നിവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി. പുതുമുഖ സംവിധായകന്റെ പതർച്ചകളില്ലാതെ ഇങ്ങനെയൊരു ചിത്രം ഒരുക്കിയതിന് സംവിധായകൻ ബിനോയെ കയ്യടിക്കുകതന്നെ വേണം.
സജാദ് കാക്കുവാണ് യുകെയുടെ മനോഹാര്യത ചിത്രത്തിൽ പകർത്തിയിരിക്കുന്നത്. ഛായാഗ്രാഹണം പ്രമേയത്തിന്റെ സ്വഭാവത്തിനൊത്താണ്. സംഗീതം അനിൽ ജോൺസണാണ്. കട്ടുകൾ റിനോ ജേക്കബിന്റേതും. ലളിതമായ ആഖ്യാനമാകുമ്പോഴും ത്രില്ലിംഗായ ഒരു സിനിമാ അനുഭവം സമ്മാനിക്കാൻ ബിനോ അഗസ്റ്റിനാകുന്നുണ്ട്. കുടുംബന്ധത്തിന്റെ തീവ്രത നിറയുന്ന സന്ദർഭങ്ങളിലൂടെ ചിത്രത്തെ പ്രേക്ഷകനോട് ചേർത്തുനിർത്തുന്നു. നിയമത്തിന്റെ ദുർഗ്രഹത അനുഭവപ്പെടാതെ ഒരു സിനിമാ കാഴ്ചയായി അവതരിപ്പിക്കുന്നതാണ് ബിനോ അഗസ്റ്റിന്റെ തിരക്കഥാ എഴുത്തും.
പക്ഷേ ചില രംഗങ്ങളുടെ അനാവശ്യമായ ദൈർഘ്യം സിനിമയെ നേരിയ തോതിൽ ഇഴച്ചലുണ്ടാക്കിയെന്ന് പ്രേക്ഷകന് തോന്നിക്കാനുള്ള അവസരങ്ങളുണ്ട്. ജീനും ലൗലിയും ചേർന്നുള്ള കിടപ്പറയിലെ പ്രണയവും, ഓണാഘോഷം നടക്കവെ കാർ പാർക്കിംഗിൽ നടക്കുന്ന സംഘട്ടനവും ഉൾപ്പെടെ ചില രംഗങ്ങൾക്ക് ദൈർഘ്യം ഒരൽപം കൂടുതലായിരുന്നു. എന്നാൽ ക്ലെമാക്സിൽ എയർപോർട്ടിനകത്തുള്ള സമയം പ്രേക്ഷകന്റെ ചങ്കിടിപ്പിക്കുന്ന തരത്തിൽ ഒരുക്കാൻ ബിനോ അഗസ്റ്റിന് സാധിച്ചിട്ടുണ്ട്.
ലണ്ടൻ നഗരത്തിന്റെ കാഴ്ചകളും അവിടുത്തെ മലയാളി ജീവിതവും കേരളത്തിലെ പ്രേക്ഷകരിലേക്ക് എത്തിക്കാനും ബിഗ് ബെന്നിന് സാധിക്കുന്നുണ്ട്. മലയാളത്തിലെ താരങ്ങളോടൊപ്പം അതാനും ഇംഗ്ലീഷ് സിനിമാ താരങ്ങളും കൂടി ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രജയ് കാമത്തും എൽദോ തോമസും സിബി അരഞ്ഞാണിയും ചേർന്നാണ് ബിഗ് ബെൻ നിർമ്മിച്ചിരിക്കുന്നത്.
വാൽക്കഷ്ണം: ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിനു ചേരുന്നൊരു പ്രമേയം എന്ന നിലയിലും ചിത്രം പ്രശംസിക്കപ്പെടേണ്ടതാണ്. നാട്ടിൽനിന്നു വിദേശത്തുപോകുന്ന പലർക്കും സംഭവിക്കാവുന്ന തെറ്റാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികൾക്കുമുള്ള ഗുണപാഠവും ചിത്രത്തിലുണ്ട്.