- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനികാന്ത് 25 പേരെ ഒറ്റയ്ക്ക് അടിച്ചിടുന്ന 80കളിലെ അതേ സ്റ്റൈല്‍; അന്തവും കുന്തവുമില്ലാത്ത തിരക്കഥ; കണ്ടുമടുത്ത നന്‍പന്‍ പാസവും, അപ്പ പാസവും; മരണമാസ്സായി സൗബിന് ഷാഹിര്‍; ആശ്വാസം ലോകേഷ് ചിത്രം ഏഴാകൂലിയായില്ല എന്ന് മാത്രം; കൊട്ടിഘോഷിച്ചുവന്ന 'കൂലി' ആവറേജില്‍ ഒതുങ്ങുമ്പോള്‍
കൊട്ടിഘോഷിച്ചുവന്ന 'കൂലി' ആവറേജില്‍ ഒതുങ്ങുമ്പോള്‍
ഇന്ത്യന്‍ ചലച്ചിത്രലോകത്തെ സൂപ്പര്‍താരങ്ങളിലെ സൂപ്പര്‍താരം ആരാണെന്ന് ചോദിച്ചാല്‍ അത് രണ്ടുപേരിലൊതുങ്ങും. ഒന്ന് അമിതാഭ് ബച്ചന്‍ മറ്റേത് രജനികാന്ത്. ബാംഗ്ലൂരിലെ ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവു ഗെയ്ക്ക്വാദ് അഡയാറില്‍ സിനിമ പഠിക്കാനെത്തിയതും, വില്ലന്‍ വേഷങ്ങളിലൂടെ നായകനായതും, പിന്നെ സൂപ്പര്‍താരമായതും വളരെ പെട്ടെന്നായിരുന്നു. ബച്ചനേക്കാള്‍ വലിയ മിനിമം ഗ്യാരന്റിയുള്ള നടന്‍ തന്നെയാണ് രജനി. അരനൂറ്റാണ്ടുനീളുന്ന തന്റെ അഭിനയജീവിതത്തില്‍ അദ്ദേഹം സൂപ്പര്‍താരമായതിനുശേഷം ബോക്സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങളുടെ എണ്ണം കുറവാണ്. രജനി ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആളുകള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ പോലുമുണ്ടായിരുന്നു 90കളില്‍!
ഇപ്പോഴിതാ ഈ 74-ാമത്തെ വയസ്സിലും രജനി സൂപ്പര്‍താരമായി തുടരുന്നു. 'ജയിലര്‍' എന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് അദ്ദേഹം, 2023-ല്‍ ഉണ്ടാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഈ നടനും, പുതിയ കാലത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജും തമ്മില്‍ ചേര്‍ന്നാലുള്ള അവസ്ഥയെന്താവും. ഒപ്പം തെലുഗ് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയും, കന്നഡ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയും പിന്നെ ആമിര്‍ഖാനും. വെടിമരുന്നും തീയും പോലെ ബോക്സോഫീസില്‍ സ്ഫോടനം നടത്താന്‍ കഴിയുന്ന ഒരു സിനിമായിരിക്കും 'കൂലി' എന്ന പ്രതീക്ഷയില്‍ ടിക്കറ്റെടുത്തവര്‍ ഫസ്റ്റ്ഹാഫ് കഴിയുമ്പോഴേക്കും പണി പാളിയെന്ന് മനസ്സിലാവും.
പാണ്ടിപ്പടം എന്ന് മലയാളി പണ്ട് വംശീയചുവയോടെ പരിഹസിച്ചിരുന്ന അതേ ജോണറിലുള്ള ഒരു സിനിമാണിത്. ഒരു പാട്ട് രണ്ടുതല്ല്, വെടിവെപ്പ്, കൊല... നായകന്‍ തന്റെ മുന്നില്‍ വരുന്ന 25 പേരെ അടിച്ചു മലര്‍ത്തുന്നു. വില്ലന്‍ ഹാമര്‍, കത്രിക, കോടാലി, മഴു തുടങ്ങിയ മരാകായുധങ്ങള്‍ ഉപയോഗിച്ച് പാവങ്ങളെ തുണ്ടമാക്കുന്നു, ആരും ചോദിക്കാനില്ലാത്ത ഒരു വെള്ളരിക്കപ്പട്ടണത്തിലാണ് കഥ നടക്കുന്നത്. തലച്ചോറിലെ ലോജിക്കിനെ നിയന്ത്രിക്കുന്ന ഭാഗം മ്യൂട്ടാക്കിവെക്കാന്‍ കഴിയുന്നവര്‍ക്കേ ഈ സിനിമ നന്നായി ആസ്വദിക്കാന്‍ കഴിയൂ. തമിഴ് കൊമേര്‍ഷ്യല്‍ സിനിമയില്‍ കണ്ടുമടുത്ത പാസങ്ങളുടെ പെരുങ്കളിയാട്ടമാണ് ചിത്രത്തില്‍.
എന്നാല്‍ ഈ കൂലിയെ വെറും ഏഴാകൂലിയെന്ന് പരിഹസിക്കാനുമാവില്ല. നിങ്ങള്‍ ഒരു രജനി ആരാധകനാണെങ്കില്‍ ചിത്രം ദഹിക്കും. ലോകേഷ് ആരാധകനാണെങ്കില്‍ സിനിമ ഇഷ്ടമാവുകയുമില്ല.
അന്തവും കുന്തവുമില്ലാത്ത സ്‌ക്രിപ്റ്റ്
ഈ പടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നമായിപ്പോയത് തിരക്കഥ തന്നെയാണ്. ജയിലര്‍ ഉള്‍പ്പടെ ഒരുപാട്, രജനിപ്പടങ്ങളിലെ കഥയോട് കൂലിക്കും സാമ്യമുണ്ട്. കൈതിയും വിക്രവുമൊക്കെയെടുത്ത ലോകേഷില്‍ നിന്ന് ഇതുപോലൊന്നും പ്രതീക്ഷിച്ചില്ല. മദിരാശിയില്‍ കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ നടത്തുന്ന ദേവരാജ എന്ന ദേവ, തന്റെ സുഹൃത്തിന്റെ (സത്യരാജ്) മരണ വിവരം അറിഞ്ഞ്, വിശാഖപട്ടണത്തേക്ക് എത്തുന്നു. സുഹൃത്തിന്റെ മൂത്തമകള്‍ ( ശ്രുതിഹാസന്‍) അയാളെ ആട്ടിയോടിച്ചെങ്കിലും ദേവ വീണ്ടുമെത്തുന്നു. ആ മരണം ഒരു കൊലപാതകമാണെന്ന് അയാള്‍ മകളെ അറിയിക്കുന്നു. കൊന്നത് ആര് എന്ന അന്വേഷണത്തിലാണ് അവര്‍ അത് ദയാല്‍ എന്ന ( സൗബിന്‍ ഷാഹിര്‍) സൈക്കോ വില്ലന്‍ നിയന്ത്രിക്കുന്ന, തുറമുഖത്തേക്ക് എത്തുന്നത്. പിന്നീടാണ് അത് നാഗാര്‍ജ്ജുനയുടെ വലിയ വില്ലനിലേക്ക് തുറമുഖത്തിന്റെ മറവില്‍ നടക്കുന്ന ഡീലുകളിലേക്കും എത്തുന്നത്. ഈ വില്ലനെ കാണുമ്പോള്‍ തന്നെ നമുക്ക് അറിയാം, ഇവന്‍ രജനിയുടെ കൈ കൊണ്ട് തീരാനുള്ളതാണെന്ന്. ഈ പ്രഡിക്റ്റബിലിറ്റി ചിത്രത്തിന് വലിയ ബാധ്യതയാണ്.
ഒന്നോര്‍ത്തു നോക്കുക, നാം എത്ര തവണ കേട്ട കഥയാണിത്. എംജിആറിന്റെയും, ശിവാജിയുടെയും കാലത്തെ അതേ കഥ. അതിനിടയിലേക്ക് പാസങ്ങളുടെ ആറാട്ടാണ്, നന്‍പന്‍ പാസം, അപ്പ പാസം, തങ്കച്ചി പാസം എന്നിങ്ങനെ! 80കളുടെയും 90കളുടെയും രജനിപ്പടങ്ങളുടെ അതേ ലോജിക്കാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങളില്‍ ഉടനീളം. രജനി മുന്നില്‍വരുന്നവരെയെല്ലാം പപ്പടമാക്കുന്നു. ചിലപ്പോഴൊക്കെ പഴയ പി വാസുവാണ് ഈ ചിത്രത്തിന്റെ സംവിധാനം എന്ന് തോന്നിപ്പോവും!
എന്നിട്ടും കൂലി വെറും ഏഴാകൂലിയാവാത്തത് തന്റെ ടെക്ക്‌നിക്കല്‍ പെര്‍ഫക്ഷനും, സ്പീഡും കൊണ്ടാണ്. അനിരുദ്ധിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പൊളിയാണ്. പാട്ടുകളും കൊമോര്‍ഷ്യല്‍ ഹിറ്റുകളാണ്. അതുപോലെ മലയാളിയായ ഗിരീഷ് ഗംഗാധരന്റെ ക്യാമറയും. ഒപ്പം സ്പീഡ് എഡിറ്റിങ് കൂടിയാവുമ്പോള്‍ ചിത്രം പറപറക്കയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്ന് പലര്‍ക്കും പിടികിട്ടിയിട്ടില്ല.
മരണമാസായി സൗബിന്‍
രജനികാന്തിനെ സംബന്ധിച്ച് ടെയിലര്‍മേഡ് കഥാപാത്രമാണിത്. അത് അദ്ദേഹം ഗംഭീരമാക്കുന്നുണ്ട്. രജനിയും മാസും സ്റ്റെലും കാണേണ്ടവര്‍ക്ക് കണ്‍നിറയെ കണ്ടിരിക്കാം. ഗ്രാമീണ തമിഴ്പ്രേക്ഷകരെ സംബന്ധിച്ച് ജല്ലിക്കട്ടും, പൊങ്കലുമൊക്കെപ്പോലെ, എത്രകണ്ടാലും മതിവരാത്തതാണ് രജനി സ്റ്റെല്‍. ഒരു ശരാശരി പ്രേക്ഷകന്‍ രജനിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാചേരുവകളും ചിത്രത്തിലുണ്ട്്. അതിന്റെ ബലത്തില്‍ പടം സാമ്പത്തിക വിജയമാവും. പക്ഷേ കലാപരമായി ചിത്രം എവിടെയെങ്കിലും എത്തിയോ എന്ന സംശയം ബാക്കിയാണ്. പക്ഷേ പോര്‍ട്ടിലെ തൊഴിലാളികളുടെയൊക്കെ രക്ഷകനായ പഴയ രജനീകാന്തിനെ എ ഐയുടെ സഹായത്തോടെ പുന:സൃഷ്ടിച്ചപ്പോള്‍ അത് ഇതിലും കിടുവായിരുന്നു. എന്താണ് ആ സ്റ്റൈല്‍, എന്താണ് ഒരു സ്വാഗ്! യുവാവായ രജനി പോര്‍ട്ടിലെ ഒരു കൊലപാതകത്തിനുശേഷം, ബീഡി വലിച്ചുവരുന്ന ഒരു സീനുണ്ട്. രജനി ആരാധകരുടെ രോമം എഴുന്നുനില്‍ക്കും! പക്ഷേ ആ ഒരു ഫീല്‍ ചിത്രത്തില്‍ ഉടനീളം ലഭ്യമാക്കാന്‍ ലോകേഷിനായില്ല.
ഈ സിനിമകൊണ്ട് ഏറ്റവും വലിയ ഗുണമുണ്ടായിരിക്കുന്നത് മലയാളി താരം സൗബിന്‍ ഷാഹിറിനാണ്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴിലും ഹിറ്റായതോടെ അവിടെയും താരമായ സൗബിന് കിട്ടിയ വലിയ ബ്രേക്കാണ് ഇതിലെ മരണമാസ് വില്ലന്‍. ഡാന്‍സ് സീനില്‍ സൗബിന്റെ ഒരു പെരുങ്കളിയാട്ടമുണ്ട്. പൊളിച്ചടുക്കിയെന്ന് പറയാം. ചിത്രത്തില്‍ ത്രൂ ഔട്ട് നിറഞ്ഞുനില്‍ക്കുന്ന വേഷമാണിത്. തുടക്കം തൊട്ടുതന്നെ സൗബിനങ്ങോട്ട് കേറി മേയുകയാണ്. രജനികാന്തിന് മുന്നില്‍പ്പോലും മുട്ടിനില്‍ക്കാന്‍ കഴിയുന്നുവെന്നത് ചെറിയ കഥാപാത്രമല്ല.
നാഗര്‍ജ്ജുനയുടെ സൈമണ്‍ എന്ന ഡോണും മോശമായിട്ടില്ല. പക്ഷേ ഇതിനൊക്കെ നഗാര്‍ജ്ജുനയെപ്പോലെ ഒരു സൂപ്പര്‍ താരത്തെ വേഷം കെട്ടിക്കണമായിരുന്നോ എന്ന സംശയമാണ്. മറ്റൊരു അതിഥി താരമായ കന്നഡ താരം ഉപേന്ദ്രക്കും വെട്ടും കുത്തുമായി ഗുണ്ടാപ്പണിയാണ്. പത്ത് മുപ്പത് വര്‍ഷം പുള്ളിയെ ഒരു മുറിയില്‍ പൂട്ടിയിട്ട കഥ പറയുന്നുണ്ട്. അതിന്റെ യുക്തി മനസ്സിലാവുന്നില്ല.
അവസാനം നമ്മള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍ എത്തുകയാണ്. ഉപേന്ദ്രയും, ആമിര്‍ഖാനും, രജനികാന്തും തമ്മില്‍ ക്ലൈമാക്സില്‍ ഒരു ബീഡി ഷെയര്‍ ചെയ്യുന്നതൊക്കെ ആരാധകര്‍ക്ക് കണ്ട് ആസ്വദിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെയൊക്കെ കാണാനായി കണ്ടിരിക്കാം എന്നല്ലാതെ ലോകേഷിന്റെ ഒരു മസ്റ്റ് വാച്ച് പടമോ മികച്ച പടമോ അല്ല കൂലി. ഒറ്റത്തവണ കണ്ടിരിക്കാം, അത്രതന്നെ.
വാല്‍ക്കഷ്ണം: നമ്മുടെ പ്രെഡിക്ഷന്‍ ലെവല്‍ അനുസരിച്ച് പോവാത്ത ഏക കഥാപാത്രം, രചിത റാം അവതരിപ്പിച്ച കല്യാണിയാണ്. ഒരുഘട്ടത്തില്‍ ഈ നടിയുടെ വേഷപ്പകര്‍ച്ച ഞെട്ടിക്കുന്നതാണ്. ലോകേഷ് സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ വ്യത്യസ്തമായി തോന്നിയത് ഇതൊന്നു മാത്രമാണ്.