ലയാളത്തിന് മുമ്പേ നവതരംഗത്തിന്റെ വസന്തം വന്ന ഇന്‍ഡസ്ട്രിയാണ് തമിഴ്. ബാലയും, അമീര്‍സുല്‍ത്താനും, സുശീന്ദ്രനും, സൂശീഗണേശനും, ഗൗതം വാസുദേവ് മേനോനും, മിഷ്‌ക്കിനും, ശശികുമാറും, സമുദ്രക്കനിയുമടക്കമുള്ള ഒരുപാട് സംവിധായകന്‍ തമിഴ് സിനിമയെ അടിമുടി മറ്റിയിരുന്നു. ഇവര്‍ക്കുശേഷം പാ രഞ്ജിത്ത് തൊട്ട് ലോകേഷ് കനകരാജ് വരെയുള്ള ഒരുപാട്പേര്‍ കലയും കച്ചവടവും സംയോജിപ്പിച്ച് തമിഴില്‍ ചിത്രങ്ങളെടുത്തു. എന്നാല്‍ കഴിഞ്ഞ മൂന്നാലുവര്‍ഷങ്ങളായി തമിഴ് സിനിമയുടെ യാത്ര പിറകോട്ടാണ്.

അവിടെ വിജയിക്കുന്നതുമുഴുവന്‍ 80കളിലെ രജീനീകാന്ത്, സത്യരാജ്, വിജയകാന്ത് കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന കുറേ തട്ടുപൊളിപ്പന്‍ സിനിമകളാണ്. ഒരുപാട്ട്, ഒരു സ്റ്റണ്ട്, നായകന്റെ കുറച്ച് വീരസാഹസങ്ങള്‍, അല്‍പ്പം സബ്സ്റ്റാന്‍ഡേര്‍ഡ് കോമഡി.... തീര്‍ന്നു. അന്ന് ഈ സീരീസിനെ പാണ്ടിപ്പടം എന്ന് വിളിച്ചാണ് മലയാളി അധിക്ഷേപിച്ചത്. (പിന്നീട് ഈ പാണ്ടിപ്പടങ്ങളുടെ ഫോര്‍മാറ്റ് മലയാള സിനിമയും എടുത്തവെന്നത് വേറ കാര്യം) ഇപ്പോഴിതാ ഈ പാണ്ടിപ്പടം ശൈലി വീണ്ടും തമിഴില്‍ തിരിച്ചുവന്നിരിക്കയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി.

'എന്റെ തല എന്റെ ഫുള്‍ ഫിഗര്‍'

മാര്‍ക്ക് ആന്റണി എന്ന ഗംഭീര സിനിമയുടെ ഡയറക്ടറായ അധിക് രവിചന്ദ്രന്റെ പടം ആണെന്നുള്ളതും, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. മാത്രമല്ല, എന്തിനും കുറ്റം കണ്ടുപിടിക്കുന്ന ചില യ്യട്യൂബര്‍മാര്‍ പോലും ഈ ചിത്രത്തിന് നല്ല റേറ്റിങ്ങാണ് കൊടുത്തിരുന്നത്. പക്ഷേ പടം കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയാണ് ബാക്കി. ഒരു ഷോട്ടുപോലും വൃത്തിക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഓര്‍മ്മയില്‍ തങ്ങുന്ന ഒരു നിമിഷം പോലുമില്ല. അജിത്ത് ഫാന്‍സിനുവേണ്ടി മാത്രം ഉണ്ടാക്കിയ ഒരു തട്ടിക്കൂട്ട് പടം. ആക്ഷന്‍ കോമഡിയെന്ന പേരിലിറങ്ങിയ ചിത്രത്തില്‍ ഉടനീളം യുക്തിരഹിത വെറുപ്പിക്കലുകള്‍.

'എന്റെ തല എന്റെ ഫുള്‍ ഫിഗര്‍' എന്ന് സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ പറഞ്ഞതുപോലെ ചിത്രത്തില്‍ ഉടനീളം അജിത്തിന്റെ ഫുള്‍ ഫിഗര്‍ മാത്രമാണ്. അജിത്ത് വില്ലന്‍മ്മാരെ അടിച്ചൊതുക്കുന്നു, വെടിവെച്ച് കൊല്ലുന്നു, ആടുന്നു, പാടുന്നു, കോട്ടിട്ട് നടക്കുന്നു, പഞ്ച് ഡയലോഗുകള്‍ പറയുന്നു. ആരാധകര്‍ ആര്‍പ്പുവിളിക്കുന്നു. തീര്‍ന്നു. ചിത്രം മുഴുവന്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. റെഡ് ഡ്രാഗണ്‍ എന്ന അധോലോകസംഘത്തിന്റെ 'തല'യാണ് എ.കെ. എന്ന അജിത്ത് കുമാര്‍. നായകന്റെ പേരില്‍ നിന്ന് തന്നെ ഇത് 100 ശതമാനം ഫാന്‍സിനായുള്ള പടമാണെന്ന് സംവിധായകന്‍ സൂചന നല്‍കുന്നുണ്ട്. ഫാന്‍സിന് അജിത്ത് 150 പേരെ വെടിവെച്ചിടുന്നതുമൊക്കെ ഒകെ ആയിരിക്കും. പക്ഷേ ഫാന്‍സ് അല്ലാത്തവര്‍ക്ക് ഇതൊക്കെ അരോചക കത്തിയാണ്. ആക്ഷന്‍ കോമഡി എന്ന ഒരു ടാഗ്ലൈന്‍ സെറ്റ് ചെയ്താല്‍ പിന്നെ എന്ത് വിഡ്ഡിത്തവും ചെയ്യാമെന്നാണ് ഡയറക്ടര്‍ കരുതിയിരിക്കുന്നത്.




അജിത്തിനൊപ്പം വെറുപ്പിക്കലിന്റെ വീര്യം കൂട്ടാന്‍ ഒരു വലിയ നടികര്‍ സംഘവുമുണ്ട്. തൃഷ, സുനില്‍, ജാക്കി ഷെറോഫ്, പ്രിയ വാര്യര്‍, പ്രഭു, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ഉഷ ഉതുപ്പ്, എന്നിവര്‍ക്കൊപ്പം അതിഥി താരങ്ങളായി സിമ്രാന്‍ അടക്കമുള്ളവരും എത്തുന്നുണ്ട്. സിമ്രാനെ കാണിക്കുമ്പോള്‍ തീയേറ്റില്‍ ഉയരുന്ന കൈയടി ആ നടിയുടെ കേരളക്കരയിലുമുള്ള ജനപ്രീതിക്ക് തെളിവാണ്.

അജിത്തിന്റെ പഴയ ഹിറ്റുകളിലെ ചില രംഗങ്ങളും സിനിമയില്‍ കടന്നുവരുന്നു. പരമശിവന്‍, ധീന, ബില്ല, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളില്‍ നിന്നുള്ള റഫറന്‍സുകള്‍ സംഭാഷണങ്ങളായും പാട്ടുകളായും ചിത്രങ്ങളായുമെല്ലാം ഗുഡ് ബാഡ് അഗ്ലിയിലുണ്ട്. ഗുഡ് ആവാന്‍ ശ്രമിച്ച നമ്മുടെ അധോലോക നായകന്‍ സഹചര്യങ്ങളുടെ സമ്മര്‍ദ പ്രകാരം ബാഡ് ആവുന്നതും പിന്നെ അഗ്ലിയാവുന്നതുമാണ് ചിത്രത്തിന്റെ കഥ. ഇതേപേരില്‍ തന്നെയുള്ള മൂന്ന് ഖണ്ഡങ്ങളായിട്ടാണ് കഥ പറയുന്നത്. അജിത്തായതുകൊണ്ട് കഥ എന്താവും എന്നൊന്നും ടെന്‍ഷന്‍ വേണ്ട. അവസാനം നായകന്‍ എല്ലാവരെയും വെടിവെച്ച് കൊല്ലൂമെന്ന് ഉറപ്പാണെല്ലോ!

എള്ളോളമില്ല ലോജിക്ക്

ലോജിക്ക് എന്ന സാധനം ചിത്രത്തിന്റെ എഴ് അയലത്തുകൂടി പോയിട്ടില്ല. അജിത്തിന്റെ ഹീറോയിസം വളര്‍ത്തുന്നതിനിടയില്‍ സംവിധായകന്‍ ചിത്രത്തെ യുക്തിഭദ്രമാക്കാന്‍ മറന്നുപോയി. തുടക്കത്തിലെ ജയിലിനിന്നുള്ള സംഘട്ടനമൊക്കെ കണ്ടാല്‍ തോന്നുക, ഈ നാട് വെറും വെള്ളരിക്കാപ്പട്ടണം ആണെന്നാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ സ്പെയിനിലാണ് കഥ നടക്കുന്നത്. അവിടെയും നമ്മുടെ ഡ്രാഗണെ വെല്ലാന്‍ ആരുമില്ല എന്ന് ഉറപ്പാണെല്ലോ. അതിനിടയില്‍ അപ്പന്‍ -മകന്‍ പാസം, ഭാര്യ-ഭര്‍ത്താവ് പാസം തുടങ്ങിയ ചില സെന്റിമെന്‍സുകള്‍ കൂടി ഇടുന്നുണ്ട്. ഇതുപോലത്തെ പടപ്പുകളൊക്കെ എങ്ങനെ രണ്ടര മണിക്കൂര്‍ കണ്ടിരിക്കാന്‍ കഴിയുന്നുവെന്നാണ് തോന്നിപ്പോവുന്നത്.

പക്ഷേ ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അധിക് രവിചന്ദ്രനും പിറകോട്ടടിക്കയാണ്. മുന്‍ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ അതേ മാതൃകയില്‍ ലൗഡായി തന്നെയാണ് ചിത്രമൊരുക്കിയത് ഇവിടെ പാളുകയാണ്. മാര്‍ക്ക് ആന്റണിയില്‍ ആ ലൗഡ് നെസ്സിന് ഒരു റീസണ്‍ ഉണ്ട്. ഇവിടെ അതില്ല. മാര്‍ക്ക് ആന്റണിയില്‍ നായകനെ വെല്ലുന്ന പ്രകടനമാണ് വില്ലനായ എസ്.ജെ. സൂര്യ കാഴ്ചവെച്ചതെങ്കില്‍ ഇവിടെ വില്ലന്‍ അര്‍ജുന്‍ ദാസിനൊന്നും ഒന്നും ചെയ്യാന്‍ കഴിയിന്നുല്ല. ജി.വി. പ്രകാശ് കുമാറിന്റെ പാട്ടുകളും ബിജിഎമ്മുമൊക്കെ, പൊട്ട ഫാന്‍സിനെ സുഖിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. തലവേദനക്കുള്ള ഒരു ഗുളിക കൂടി ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കുമ്പോള്‍ ഒപ്പം കരുതുന്നത് നല്ലതാണ്.


അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിജയ് വേലുകുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിങ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ആ ഡിപ്പാര്‍ട്ട്മെന്റാണ് പാളിപ്പോയത്.

എന്തൊക്കെയായാലും, ഈ ചിത്രം വെച്ചുനോക്കുമ്പോള്‍ അജിത്ത് ഹാപ്പിയാണ്. കാരണം അടുത്തകാലത്തുണ്ടായ തുടര്‍ച്ചയായ, പരാജയങ്ങള്‍ക്ക് ശേഷമാണ് അജിത്തിന് ഒരു ഹിറ്റ് കിട്ടുന്നത്. രജനീകാന്തിനുശേഷം ഇത്രയും ഫാന്‍സിനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ നടന്‍മ്മാര്‍ വിജയും നമ്മുടെ 'തല'യുമാണ്. അതില്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങി സിനിമ നിര്‍ത്തിയതോടെ, തമിഴ്വ്യാവസായിക ലോകം ഉറ്റുനോക്കിയത് തലയെയാണ്. അതിന് ഈ വിജയം അനിവാര്യമായിരുന്നു.

വാല്‍ക്കഷ്ണം: 'ഗുഡ് ബാഡ് അഗ്ലി'യുടെ റിലീസ് ദിവസം പാലക്കാട്ടെ തീയേറ്ററില്‍ വിജയ് ഫാന്‍സും അജിത് ഫാന്‍സും എറ്റുമുട്ടുന്നതിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ചിത്രം കാണാനെത്തിയ വിജയ് ആരാധകര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കിയെന്നാണ് വീഡിയോ പങ്കുവെച്ച അജിത് ആരാധകര്‍ ആരോപിക്കുന്നത്. പാലക്കാട് ഇതാണ് സ്ഥിതിയെങ്കില്‍ ചെന്നെയില്‍ എന്തായിരിക്കും ഫാന്‍ഫൈറ്റ്!