ലയാള ചലച്ചിത്രപ്രേമികളുടെ എവര്‍ഗ്രീന്‍ നൊസ്റ്റാള്‍ജിയയാണ്, മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട്. അതുവരെ കൊടും വില്ലനായ ലാലിനെ കോമഡി ട്രാക്കിലേക്ക് കൊണ്ടുന്നത്, 1984-ല്‍ സത്യന്റെ 'അപ്പുണ്ണി'യെന്ന സിനിമയാണ്. പിന്നീടങ്ങോട്ട് ടി പി ബാലഗോപാല്‍ എം എയും, സന്‍മനസുള്ളവര്‍ക്ക് സമാധാനവും, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും, നാടോടിക്കാറ്റും, വരവേല്‍പ്പും, അടക്കം ഒരുപാട് ക്ലാസിക്ക് കള്‍ട്ട് ചിത്രങ്ങള്‍ അവര്‍ ചെയ്തു. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്. ആ ചിത്രം വലിയ വിജയമൊന്നുമായില്ല. പഴയ പ്രതിഭകളുടെ നിഴല്‍ മാത്രം. ഇപ്പോഴിതാ പത്തുവര്‍ഷത്തിനുശേഷം ആ കോംമ്പോ വീണ്ടുമെത്തിയിരിക്കയാണ്. 'ഹൃദയപൂര്‍വം' എന്ന സിനിമയിലൂടെ.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ഫീല്‍ഗുഡ് മൂവിയാണ്. പ്രൊമോഷന്‍ സമയത്ത് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നതുപോലെ, വലിയ ബഹളങ്ങളൊന്നുമില്ലാതെ, ശാന്തമായി കണ്ടിരിക്കാന്‍ കഴിയുന്നു, അത്യാവശ്യം നര്‍മ്മങ്ങളൊക്കെയുള്ള ചിത്രം. ഈ ഓണക്കാലത്ത് കുടുംബമൊത്ത് കാണാന്‍ കഴിയുന്ന ഒരു ക്ലീന്‍ മൂവി.

ശരിക്കും ഹൃദയത്തിന്റെ കഥ

മറ്റൊരു രീതിയില്‍ നോക്കിയാല്‍, സത്യന്‍ അന്തിക്കാടിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ പടം. അടുത്തകാലത്ത് ഇറങ്ങിയ സത്യന്റെ സിനിമകളൊന്നും പഴയ നിലവാരത്തിന്റെ അടുത്തെത്തിയിരുന്നില്ല. അവസാനം ഇറങ്ങിയ 'മകള്‍ക്ക്' എന്ന ജയാറം സിനിമയൊക്കെ അട്ടര്‍ വേസ്റ്റായിരുന്നു. അതുകൊണ്ടുതന്നെ യാതൊരു പ്രതീക്ഷയുമില്ലാതെയാണ് ഹൃദയപൂര്‍വത്തിന് കയറിയത്. പക്ഷേ പടം മോശമായില്ല. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ ചെയ്തതാവട്ടെ, 'നൈറ്റ് കോള്‍' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ടി പി സോനുവും. അസോസിയേറ്റ് ഡയറക്റ്ററായി സത്യന്‍ അന്തിക്കാടിന്റെ മറ്റൊരുമകനായ അനൂപ് സത്യനുണ്ട്. ചുരക്കിപ്പറഞ്ഞാല്‍ മക്കളുടെ ചിന്തകളുടെ ഫ്രഷ്നസ് ഈ സിനിമയിലുണ്ട്. മൊത്തത്തില്‍ ഒരു വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ചേരുവകള്‍ എവിടെയോക്കെയോ കാണാം.

പേര് സുചിപ്പിക്കുന്നതുപോലെ തന്നെ ഹൃദയമാണ് ഈ ചിത്രത്തിലെ പ്രധാന 'കഥാപാത്രം'. ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയ നായകനെ, ഡോണറിന്റെ മകള്‍ തേടിയെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ വണ്‍ലൈന്‍. ലാലേട്ടന്റെ സന്ദീപ് ബാലകൃഷ്ണന്‍ എന്ന ക്ലൗഡ് കിച്ചണ്‍ നടത്തുന്ന വ്യക്തിയുടെ ജീവിതത്തില്‍ ഒരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷം അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നത്. ഡോണറുടെ മകളുടെ ( ചിത്രത്തില്‍ മാളവിക മോഹന്‍) നിര്‍ബന്ധപ്രകാരം അയാള്‍ അവളുടെ എന്‍ഗേജ്മെന്റിന് പൂനെയില്‍ പോവുകയും ആ കുടുംബത്തോട് അടുക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.


അല്‍പ്പം മാറ്റങ്ങള്‍ പുറമേ തോന്നുമെങ്കിലും, നന്‍മരങ്ങള്‍ നിറഞ്ഞ അന്തിക്കാടന്‍ ഗ്രാമത്തിന്റെ ഒരു മോഡേണ്‍ വേര്‍ഷനാണ്, ഹൃദയപൂര്‍വത്തിലും കാണാന്‍ കഴിയുക. പക്ഷേ ന്യുജന്‍ ഭാഷയില്‍ പറഞ്ഞാല്‍ ക്രിഞ്ച് ആയിപ്പോവുന്ന പല രംഗങ്ങളെയും ഹൈലെറ്റ് ചെയ്യുന്നത് ഇതിന്റെ തിരക്കഥയില്‍ ടി പി സോനു എടുത്ത ചില മാജിക്കുകളാണ്. ഒരുതരം സറ്റയര്‍ മോഡ് മൊത്തത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സിറ്റുവേഷണല്‍ കോമഡിയിലൂടെയും, കഥാപാത്രങ്ങളുടെ എക്സ്പ്രഷനിലൂടെയുമൊക്കെ എത്ര കരുത്തില്ലാത്ത കഥയെ, സക്രിപ്റ്റ് റൈറ്റര്‍ പൊക്കിയെടുക്കുന്നുണ്ട്. ടി പി സോനു മലയാളം കാത്തിരുന്ന തിരക്കഥാകൃത്താണ്. ഈ സിനിമയിലെ മാന്‍ ഓഫ് ദ മാച്ചും അയാള്‍ തന്നെ.

വിശ്വാസം, ദൈവം തുടങ്ങിയ കാര്യങ്ങളൊയൊക്കെ നന്നായി ട്രോളുന്നുണ്ട് ചിത്രം.മോഹന്‍ലാലിന്റെ അളിയായ സിദ്ദീഖിന്റെ കഥപാത്രം തുടക്കത്തില്‍ തന്നെ ആശുപത്രിയുടെ പ്രാര്‍ത്ഥനാ മുറിയില്‍ കയറിയുള്ള ഒരു കീച്ചലുണ്ട്. ' മനുഷ്യനെ പെര്‍ഫക്ടാക്കി ഇങ്ങോട്ട് അയച്ചാല്‍പോലെ ദൈവമേ' എന്നാണ് അയാളുടെ ചോദ്യം. ഒരുത്തനെ കൊല്ലിച്ച് അവന്റെ ഹൃദയമെടുത്ത് മറ്റൊരുത്തന് കൊടുക്കുന്നത് എന്തിനാണെന്ന അയാളുടെ ചോദ്യം കുറിക്ക് കൊള്ളുന്നതാണ്. അതുപോലെ പൂനെയില്‍വെച്ച് പുജകള്‍ക്കും ഗംഗാജലത്തിനും വരെ ട്രോളുകള്‍ ചിത്രം കൊടുക്കുന്നുണ്ട്. പക്ഷേ ചിത്രത്തില്‍ ബ്ലെന്‍ഡ് ആയിപ്പോയതുകൊണ്ട് വിമര്‍ശനം എന്ന നിലയില്‍ തോന്നുകയില്ല. ( അല്ലെങ്കില്‍ ചിലപ്പോള്‍, ഇപ്പോള്‍ പതിവായപോലെ ഞങ്ങളുടെ വിശ്വാസത്തെ അപമാനിച്ചേ എന്ന കോറസ് നിലവിളി വന്നേനെ. പക്ഷേ അവസാനം ഐഎസ്ആര്‍ഒയില്‍ ജോലിചെയ്തതിരുന്ന ജോല്‍സ്യം പ്രാക്ടീസ് ചെയ്യുന്ന സന്ദീപിന്റെ ചിറ്റപ്പന്റെ -സിനിമയില്‍ ജനാര്‍ദ്ദനന്‍- പ്രവചനം ശരിയാവുന്നുമുണ്ട്)

തകര്‍ത്തത് അമല്‍ഡേവിസും സിദ്ദീഖും

ലാലേട്ടന്റെ പ്രേമലുവെന്ന് ഈ പടത്തെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പ്രണയം എങ്ങനെ ചിത്രത്തില്‍ വിഷയമാവുന്നുവെന്ന് കണ്ടുതന്നെ അറിയുക. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അനായാസമായി ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണിത്. അദ്ദേഹത്തിന് അഭിനയച്ച് തകര്‍ക്കേണ്ടതോ, വെല്ലുവിളി ഉയര്‍ത്തുന്നതോ ആയ ഒരു കഥാപാത്രമല്ല, ഹൃദയപൂര്‍വത്തിലെ സന്ദീപ്. പക്ഷേ ഹൃദയം മാറ്റിവെച്ച, പിന്നീട് ഡിസ്‌ക്കിന് പ്രശ്നം വന്ന ഒരാളുടെ അവശതകള്‍ സിനിമയില്‍ ഉടനീളം, ബോഡി ലാംഗ്വേജില്‍ കൊണ്ടുവന്ന ഒരു മാജിക്ക് ഉണ്ട്. ആ ലാലിസം ഈ പടത്തിലും കാണാം. മാളവികയോടെ തന്റെ ഭൂതകാലം പറയുന്ന ഒരു സീനിലിലെ ലാലേട്ടന്റെ ശബ്ദ നിയന്ത്രണമുണ്ട്, പുതിയ നടന്‍മ്മാര്‍ ആവര്‍ത്തിച്ച് കണ്ട് പഠിക്കണം. ( വന്നുവന്ന് ശബ്ദം തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായി നമ്മുടെ ന്യൂജന്‍ നടന്‍മ്മാര്‍. ചിലരൊക്കെ ഡയലോഗ് പറയുന്നത് മനസ്സിലാവാറേയില്ല. ഒരു മുഴക്കം കേള്‍ക്കാമെന്ന് മാത്രം!)


മോഹന്‍ലാല്‍- ശ്രീനിവാസന്‍ കോമ്പോയെ ഓര്‍മ്മിക്കുന്ന രീതിയിലാണ്, പ്രേമലുവിലെ അമല്‍ ഡേവിസായി അടിച്ചുപൊളിച്ച, സംഗീത് പ്രതാപുമായുള്ള ലാലേട്ടന്‍ കൂട്ട്. പുതിയ തലമുറയുമായൊക്കെ യാതൊരു ഇന്‍ഹിബിഷനുമില്ലാതെ, തന്ത് വൈബ് എന്ന് പറയിപ്പിക്കാതെ, ഇടപെടാന്‍ കഴിയുന്നുവെന്നതുതന്നെയാവാം, കംപ്ലീറ്റ് ആക്ടറുടെ ഈ പ്രായത്തിലുമുള്ള വിജയ രഹസ്യവും. തണുത്തുപോവുമായിരുന്ന ചിത്രത്തെ പലപ്പോഴും ചടുലമാക്കുന്ന ഹീറ്ററാണ് സംഗീത് പ്രതാപിന്റെ സ്‌ക്രീന്‍ പ്രസന്‍സ്. അതുപോലെ സിദ്ദീഖിന്റെ അളിയന്‍. ഒരു രക്ഷയുമില്ല. വണ്ടി റിപ്പയറിങ്ങിനിടെ പേട്രോള്‍ വായില്‍പ്പോയതിനെ കുറിച്ചുള്ള സീദ്ദീഖിന്റെ ഡയലോഗൊക്കെ ചരിപ്പിക്കും. അളിയന്‍ വെറുതെ നടന്നാല്‍ മതി ചിരിവരും. നമ്മുടെ അയല്‍വാസിയായ ഒരാള്‍ നേരെ നടന്ന് സ്‌ക്രീനിലേക്ക് കയറിതാണെന്ന് തോന്നും. അത്രക്ക് ഓര്‍ഗാനിക്കാണ് 'നമുക്ക് ഒരു ചായകുടിക്കാം' എന്ന് ഇടക്കിടെ പറയുന്ന ഈ കഥാപാത്രം.

നായികയായ മാളവിക മോഹന്റെ കരിയര്‍ ബെസ്റ്റാണിത്. അതുപോലെ ലാലു അലക്സ്. സിദ്ദീഖിന്റെ ഈ പറഞ്ഞ അതേ ക്വാളിറ്റിയുള്ള ആളാണ്. എന്തുവേഷവും ചേരും. ഇതിലെ കാരികേച്ചര്‍ മോഡലില്‍ ലൗഡായ ഈ കഥാപാത്രവും ലാലുവിന്റെ കൈയില്‍ ഭദ്രം. ശാരീരിക പ്രശ്നങ്ങളാല്‍ കുറച്ചുകാലത്തെ ഇടവേളക്കുശേഷമാണ് ജനാര്‍ദ്ദനനെ സ്‌ക്രീനില്‍ കാണുന്നത്. വെറും രണ്ട് രംഗങ്ങളില്‍ മാത്രമായിരുന്നിട്ടും അദ്ദേഹത്തിനും കൈയടി കിട്ടുന്നുണ്ട്. പഴയ നടി സംഗീതയാണ് ( ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്യാമള) ഈ പടത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരിക്കുന്നത്. സിനിമക്കുവേണ്ടത് കൃത്യമായി അവര്‍ കൊടുത്തിട്ടുണ്ട്. ഈ മികച്ച നടിയുടെയും തിരിച്ചുവരവാവട്ടെ ചിത്രം. ശ്യാമ പ്രസാദിന്റെ ഋതുവിലെ നായകനായ നിഷാനെ ഒരു ഇടവേളക്കുശേഷം ഈ പടത്തില്‍ കണ്ടു. അതുപോലെ മോഹന്‍ലാലിന്റെ ക്ലൗഡ് കിച്ചണുമായി ബന്ധപ്പെട്ട്, പ്രവര്‍ത്തിക്കുന്ന കുറേ യുവതാരങ്ങളും ചിത്രത്തിലുണ്ട്. അവരും നന്നായിട്ടുണ്ട്.


പക്ഷേ ആദ്യപകുതിയില്‍ കിട്ടിയ ആ സുഖം ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ കിട്ടിയിട്ടില്ല. ക്രിഞ്ച് എന്ന് പറയാവുന്നതിന്റെ വക്കത്തുനിന്നാണ് പല രംഗങ്ങളും രക്ഷപ്പെടുന്നത്. സെക്കന്‍ഡ് ഹാഫില്‍ ചിത്രം ചെറുതായി ലാഗടിക്കുന്നുമുണ്ട്. ബേസിലിന്റെ ഒരു അതിഥി വേഷമൊക്കെ ചിത്രവുമായി സിങ്കായിട്ടില്ല. ഇത്തരം ഇമോഷണല്‍ രംഗങ്ങളില്‍ പതിവായ പാട്ടുകളും ഒഴിവാക്കാമെന്ന് തോന്നി. അവസാനം ആന്റണി പെരുമ്പാവൂര്‍ വരുന്നു, മീരാജാസ്മിന്‍ അതിഥിയായി വരുന്നു. പക്ഷേ എല്ലാം പ്രെഡിക്റ്റബിള്‍ ആണ്. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ല. ഒരു ഫീല്‍ഗുഡ് മൂഡില്‍ ചിത്രം അവസാനിക്കുകയും ചെയ്യുന്നു. പക്ഷേ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഒരിടത്തും 'അയ്യേ' എന്ന് പറയിപ്പിക്കുന്നില്ല. ഈ ഓണക്കാലത്ത്, ന്യൂജന്‍ സിനിമകളുടെ ബഹളവും കോലാഹങ്ങളുമൊന്നുമില്ലാതെ സകുടുംബം ആസ്വദിക്കാവുന്ന ചിത്രമാണിത്.

വാല്‍ക്കഷ്ണം: എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം. 2025 മോഹന്‍ലാല്‍ തൂക്കിയെന്ന് പറയാം. എത്രയെത്ര പുതിയ നടന്മാര്‍ വന്നു. ഇപ്പോഴും ഷഷ്ഠി പൂര്‍ത്തി കഴിഞ്ഞ സിംഹത്തിന്റെ തോളില്‍ തന്നെയാണ്, മലയാള സിനിമ.