- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ ഗ്രേറ്റ് ഇന്ത്യന്‍ ബോക്സോഫീസ് ഡിസാസ്റ്റര്‍; കമലഹാസന്റേത് ഫാന്‍സി ഡ്രസ്; ഷങ്കറിനും നാണക്കേട്; 'ഇന്ത്യന്‍ 2' വെറുപ്പിക്കലിന്റെ ഭയാനക വേര്‍ഷന്‍!
എന്താക്കെയായിരുന്നു തള്ളുകള്‍….! 28 വര്‍ഷത്തിനുശേഷമുള്ള രണ്ടാം ഭാഗം, 200 കോടിയുടെ ബജറ്റ്, 5 ഭാഷകളില്‍ റിലീസ്, ഇന്ത്യയിലെ മൂന്നിര സംവിധായകന് ഷങ്കറിന്റെ സംവിധാനം, ഉലകനായകന്റെ മേക്കോവര്‍….അവസാനം പവനായി ശവമായി. ദ ഗ്രേറ്റ് ഇന്ത്യന്‍ ബോക്സോഫീസ് ഡിസാസ്റ്റര്‍ എന്ന് ഒറ്റവാക്കില്‍, ഇന്ത്യന്‍ 2 എന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഒന്നാം ഭാഗത്തിന്റെ യാതൊരു ത്രില്ലും ഈ തട്ടിക്കൂട്ടലില്‍ കിട്ടുന്നില്ല. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വെറും കച്ചറ സിനിമ. ഒരു സീന്‍ പോലും എന്‍ഗേജിങ്ങായി ചെയ്യാന്‍ സംവിധായകന് ആയിട്ടില്ല. അന്യനും, യന്തിരനും അടക്കമുള്ള ഞെട്ടിച്ച എത്രയോ ഹിറ്റ് ചിത്രങ്ങള്‍ എടുത്ത ഷങ്കര്‍ എന്ന സംവിധായകന്റെ കരിയറില്‍ തീര്‍ത്താല്‍ തീരാത്ത നാണക്കേടാണ് ഈ ചിത്രം.
അടിമുടി കുഴപ്പങ്ങളേ ഇന്ത്യന്‍ 2വില്‍ ഉളളൂ. അതിന്റെ ഏറ്റവും പ്രധാന പ്രശ്നം തട്ടിക്കൂട്ടിയ കഥയാണ്. ഇന്ത്യന്‍ ഒന്നാം ഭാഗത്തില്‍ സേനാപതി എന്ന സ്വാതന്ത്ര്യസമര സേനാനി, തന്റെ കൂടി വ്യക്തിപരമായ വിഷയത്തിന്റെ പേരില്‍ ഒരു പോരാട്ടത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍, ഇവിടെ അഴിമതിക്കാരെ മുഴൂവന്‍ കൊന്നുതള്ളി നാടു ശുദ്ധീകരിക്കാനാണ് 'താത്ത'യെത്തുന്നത്. കമലഹാസനും തേച്ചാലും കുളിച്ചാലും മാറാത്ത നാണക്കേടാണ്, ചിത്രം സമ്മാനിച്ചത്. ഒരു ഫാന്‍സി ഡ്രസ് കോമ്പറ്റീഷനില്‍ പങ്കെടുക്കുന്ന പോലെയാണ് കമലിന്റെ കഥാപാത്രത്തിന്റെ മേക്കപ്പ് തോന്നിപ്പിച്ചത്. ഒരു സീനില്‍ പോലും പഴയ പ്രതാപത്തിലേക്ക് എത്താന്‍ കമലിന് കഴിഞ്ഞിട്ടില്ല.
1986-ല്‍ പുറത്തിറങ്ങിയ വിക്രം എന്ന തന്റെ സിനിമയുടെ, അതേപേരിലുള്ള സ്പിന്‍ ഓവറിലൂടെ, 2022-ല്‍ നേടിയ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന്റെ താരപ്രഭയില്‍ ഇരിക്കേ ഇതുപോലെ ഒരു കത്തി വേണ്ടിയില്ലായിരുന്നു. പക്ഷേ വിക്രം, സംവിധായകന് ലോകേഷ് കനകരാജിന്റെ കൂടി സിനിമയായിരുന്നു. ഇന്ത്യനില്‍, അതുപോലെ യുവരക്തത്തിന്റെ സഹായം കിട്ടിയില്ല. ഡയറക്ടര്‍ ഷങ്കറാവട്ടെ കമലഹാസനേക്കകാള് ഔട്ട് ഡേറ്റഡായിപ്പോയിരിക്കുന്നു. അടുത്ത വര്‍ഷം 70ാം വയസ്സിലേക്ക് കടക്കുന്ന കമലൊക്കെ സത്യത്തില്‍ നായകവേഷങ്ങളില്നിന്ന് ഒഴിഞ്ഞ് ഒരു ബ്രേക്ക് എടുത്ത്, അമിതാബ് ബച്ചനൊക്കെ ചെയ്യുന്ന മോഡല്‍ കഥാപാത്രങ്ങളിലേക്ക് കടക്കയാണ് വേണ്ടത്. പ്രായമായി ക്രിയേറ്റിവിറ്റിയുടെ ഫാക്കല്‍ട്ടികള്‍ക്ക് ജരാനരകള്‍ ബാധിച്ചാല്‍, വല്ല ജൈവകൃഷിയും ചെയ്ത് കാലം കഴിക്കയാണ് വേണ്ടതെന്ന്, സോഷ്യല്‍ മീഡിയയില്‍ പിള്ളേര് റിവ്യൂ ഇടുന്നത് വെറുതെയല്ല!
അസംബന്ധങ്ങളുടെ ഘോഷയാത്ര
സത്യത്തില്‍ തമിഴ്നാട്ടുകാര്‍ കമലിനും ഷങ്കറിനും, എതിരെ കേസിന് പോവുകയാണ് വേണ്ടത്. യാതൊരു വ്യക്തിത്വവും, യുക്തിബോധവും ഇല്ലാത്ത ആളുകള്‍ ആയാണ് അവരെ ചിത്രീകരിച്ചിരിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ അവര്‍ 'ഇന്ത്യന്‍ കം ബാക്ക്' എന്ന് സോഷ്യല്‍ മീഡിയ ക്യാമ്പയിന് തുടങ്ങും. തിരിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഒരു സംഭവം ഉണ്ടായാല്‍ ഉടനെ 'ഇന്ത്യന്‍ ഗോ ബാക്ക്' എന്ന് കാമ്പയിന് തുടങ്ങും. ഷങ്കറിന്റെ അന്യന് സിനിമയോടാണ് ചിത്രത്തിന് കൂടുതല്‍ സാമ്യം. അക്കാലത്തെ കാര്യങ്ങള്‍ തമിഴകത്ത് ഇപ്പോഴും മാറിയിട്ടില്ല. മോശം ഭക്ഷണം വില്‍ക്കുന്നത് തൊട്ട് വിദ്യാഭ്യാസ രംഗത്തെ അഴിമതിവരെ. സത്യത്തില്‍ ഇത് അന്യന്റെ സെക്കന്‍ഡ് പാര്‍ട്ടായി എടുക്കാമായിരുന്നു.
ലോജിക്കിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പാടില്ലാത്ത ചിത്രമാണിത്. അന്നേ വയോധികനായ സേനാപതി 28 വര്‍ഷങ്ങള്‍ കഴിഞ്ഞും, അതേ മര്‍മ്മം നോക്കിയുള്ള വിരല്‍ തിരിച്ചുള്ള കുത്തുമായി രംഗത്ത് എത്തുകയാണ്. കല്‍ക്കിയിലെ കമലിന്റെ വില്ലന്‍ കഥാപാത്രത്തിന് 250 വയസ്സ് പ്രായമുണ്ട്. പക്ഷേ അത് എങ്ങനെയാണ് വരുന്നത് എന്നതിന് ആ സിനിമയില്‍ ഒരു ലോജിക്കുണ്ട്. എന്നാല്‍ ഇവിടെ അതില്ല. 28 വര്‍ഷംമുമ്പ് വൃദ്ധനായിരുന്ന, സേനാപതി എങ്ങനെയാണ്, ഇപ്പോഴും കിടിലന്‍ ഫൈറ്ററായി നില്‍ക്കുന്നത് എന്നത് ഷങ്കറിന് മാത്രം അറിയാവുന്ന രഹസ്യമാണ്. ഇന്ത്യന്‍ ഒന്നാം ഭാഗത്തില്‍, തനിക്കുനേരെ വരുന്ന കൊടും വില്ലന്മാര്ക്ക് നേരെ മാത്രമാണ്, അത്യാവശ്യഘട്ടങ്ങളില്‍ സേനാപതി വിരലുകൊണ്ടുള്ള തന്റെ മര്‍മ്മക്കുത്ത് പുറത്തെടുക്കുന്നതെങ്കില്‍, രണ്ടാംഭാഗത്തില്‍ തുടക്കം മുതല്‍ കുത്തോട് കുത്താണ്. ശരിക്കും ഒരു കുത്തുപടം എന്ന് ഇതിനെപ്പറയാം. കുതിരക്കുത്ത്, ആനക്കുത്ത്, തുടങ്ങിയ കാണ്ഡം കാണ്ഡമായുള്ള കുത്തുകള്‍ പുറത്തെടുത്ത്, സേനാപതി മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിക്കയാണ്! ക്ലൈമാക്സിലൊക്കെ ഈ കുത്തിന്റെ പേരിലുള്ള അസംബന്ധങ്ങള്‍ കാണുമ്പോള്‍ നാം ചിരിച്ചുപോവും. കഷ്ടം, കമലഹാസനില്‍ നിന്ന് ഇതുപോലെ ഒരു കത്തി പ്രതീക്ഷിച്ചില്ല.
കാലം തെറ്റിയ വിജിലാന്റിസം
സേനാപതിയെന്ന വൃദ്ധനെ നീതിക്കൊലയുടെ ആദര്ശരൂപമാക്കി മാറ്റിയ കമല്‍ ഹാസന് മാജിക്കായിരുന്നു ഇന്ത്യന്‍ എന്ന ശങ്കര്‍ സിനിമ. ഉദാരീകരണം ആരംഭിച്ചിട്ടും വിട പറയാത്ത ലൈസന്‍സ്- ഇന്‍സ്പെക്ടര്‍ രാജിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും കാലത്ത്, ദാരിദ്ര്യത്തിന്റെ അവശതകള്ക്കു മീതെ അഴിമതിയുടെ ഞണ്ടുകള്‍ പാവപ്പെട്ടവന്റെ കഴുത്തില്‍ പിടിയ്ക്കാത്ത കാലത്ത്, 1996-ലാണ് ഈ ബ്ലോക്ക്ബസ്റ്റര്‍ പടം ഇറങ്ങിയത്. അക്കാലത്ത് ദാരിദ്ര്യവും, തൊഴിലില്ലായ്മയും വ്യാപകമായിരുന്നു. റിസര്‍വ് ബാങ്കിലെ സ്വര്‍ണ്ണംപോലും വിദേശ ബാങ്കുകളില്‍ പണയം വെച്ചകാലം ഓര്‍മ്മയില്ലേ. രാഷ്ട്രീയക്കാരുടെ അഴിമതികള്‍ ദിനം പ്രതി വാര്‍ത്തയാവുന്ന കാലം. ആ കാലത്താണ് സേനാപതിയുടെ വിജിലാന്റിസം.
ഐ.എന്‍.എ. ഭടനായിരുന്ന ഒരു വൃദ്ധന് സര്‍വവ്യാപിയായ അഴിമതിക്കും അന്യായത്തിനുമെതിരെ വാളെടുക്കുന്ന സിനിമ ആ കാലത്തെ ജനങ്ങളുടെ വീര്‍പ്പുമുട്ടലിന്റെ കൂടെ പ്രതീകമായിരുന്നു. എന്നാല്‍ ഇന്നോ, കാലം എത്രയോമാറി. തകരുന്ന ഒരു ഇന്ത്യയെ അല്ല, വികസിക്കുന്ന ഒരു ഇന്ത്യയെയാണ് ഉദാരീകരണത്തിനുശേഷം നാം കണ്ടത്. ഇന്ത്യയുടെ ചെറുപ്പക്കാര്‍ ഇന്ന് നാനാഭാഗങ്ങളിലേക്ക് കുടിയേറി. അഴിമതി താരതമ്യേന കുറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാത്ത 90കളിലെ ചെറുപ്പക്കാരെപ്പോലെയല്ല, ഇന്ന് ലോകത്തിന് മുന്നില്‍ പ്രതീക്ഷയോടെ നില്ക്കുന്ന ഇന്ത്യന്‍ യുവത്വം. അവിടെയാണ് സേനാപതി ഔട്ട് ഡേറ്റഡ് ആയിപ്പോവുന്നത്. കത്തിയുമായി ഇറങ്ങാന്‍ സേനാപതിക്ക് പറ്റിയ സാമൂഹിക അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. അഴിമതിരഹിത സ്വതന്ത്ര്യ ഇന്ത്യ സ്വപ്നം കാണുന്ന നായകന് പല ഘട്ടങ്ങളിലും കോമാളിയാവുന്നു. മുതലാളിമാരെ മുഴുവന്‍ കൊന്നൊടുക്കിക്കൊണ്ട് നക്സല്‍ കാലത്തിലെപ്പോലുള്ള ഒരു വിഡ്ഡിത്തമാണ് നേതാജിയുടെ പേരില്‍ സേനാപതി നടപ്പാക്കുന്നത്. അതായത് സിനിമയുടെ കഥ ആശയപരമായി പാപ്പരാണെന്ന് ചുരുക്കം.
എന്നാല്‍ ഷങ്കറാവട്ടെ ഇതൊന്നും പരിഗണിക്കാതെ, 96-ലെ കഥയെ, 2024-ലേക്ക് വിളക്കിച്ചേര്ത്തിരിക്കയാണ്. ആ ചേരുംപടി ചേരാത്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചിത്രത്തിലുണ്ട്. ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഇക്കാലത്തും, ഷങ്കറിന്റെ മനസ്സില്‍ കറന്‍സിയിലുള്ള നോട്ടുകളാണ് ഉള്ളത്. ഇന്ത്യന്‍ 2 വില്‍ ഇപ്പോഴും അഴിമതിക്കാര്‍, നോട്ടുകെട്ടുകള്‍ എണ്ണിവാങ്ങി, ഫിനോഫ്ത്തലീനില് മുക്കുമ്പോള്‍ പിടിക്കപ്പെടുന്നു! എ ഐക്കാലം സ്വപ്നം കാണുന്ന ഷങ്കര്‍ ഇവിടെ അറുപഴഞ്ചനാണ്. അതുപോലെ ഒരു ഡോക്ടര്‍ യു ട്യൂബ് നോക്കി ഓപ്പറേഷന് നടത്തുന്നതും, അപ്പന്ഡിക്സിനായി മുതുകത്ത് കീറുന്നതുമൊക്കെ കണ്ടപ്പോള്‍, 'എന്റെ ശിവനേന് എന്ന് പറഞ്ഞുപോയി. മൊത്തത്തിലെടുത്താല്‍ ലോജിക്കില്ലായ്മയുടെ ഘോഷയാത്രയാണ് ചിത്രം. ഇന്ത്യന്‍ ഒന്നില്‍, സിനിമാറ്റിക്ക് ലോജിക്കിന് വിരുദ്ധമായി ഒരു സീന്‍ പോലും ഉണ്ടായിരുന്നില്ല.
അടുത്തിടെ നമ്മളെ വിട്ടുപിരിഞ്ഞ നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ ഉള്‍പ്പെടെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യന്‍ 2ല്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഗംഭീരമായിട്ടുണ്ട്. 1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ഒന്നാം ഭാഗത്തില്‍ കൃഷ്ണസ്വാമി ഐപിഎസ് എന്ന ശ്രദ്ധേയ വേഷമായിരുന്നു നെടുമുടി വേണുവിന് ഉണ്ടായിരുന്നത്. രണ്ടിലെ നെടുമുടിക്കുള്ള സീനുകള്‍ എ ഐ സൂപ്പറാക്കുന്നുണ്ട്.
കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്, ജയപ്രകാശ്, ജഗന്, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഇന്ത്യന്‍ 2 ല്‍ ഒരുമിച്ചത്. ഇതില്‍ ബോബി സിംഹയുടെ സിബിഐ ഓഫീസറുടെ വേഷമൊക്കെ വല്ലാതെ ഗതികെട്ടതാണ്. എസ് ജെ സൂര്യയെ കാണിക്കുമ്പോള്‍ തീയേറ്ററില്‍ കൈയടിയാണ്. പക്ഷേ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. നടന്മാരില് ആരും ആവറേജിന് അപ്പുറം പോയിട്ടില്ല. സമുദ്രക്കനി ഒഴിച്ച്. അയാളുടേത് അസാധ്യഭാവങ്ങളാണ്. പക്ഷേ മൊത്തം താരങ്ങളെയും എ ഐ ആക്കുന്നതായിരുന്നു നല്ലത്, എന്നതാണ് ഈ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം. കമലിന്റെ ഇപ്പോഴുള്ള അളിഞ്ഞ മേക്കപ്പിനേക്കാള്‍ എത്രയോ ഭേദം എ ഐ ആയിരുന്നു!
ഇന്ത്യന്‍ ഒന്നില്‍ നിന്ന് വ്യത്യസ്തമായി എ ആര് റഹ്മാന് ഈ പടത്തില്‍ ഇല്ല. അതുകൊണ്ട് അദ്ദേഹം രക്ഷപ്പെട്ടുവെന്ന് പറയാം. അത്രയും ചീത്തപ്പേര് കുറഞ്ഞുകിട്ടി. പകരം സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദ്രറാണ്. സംഗീതവും ചിത്രീകരണവും നന്നായിട്ടില്ല. ആദ്യമായാണ് അനിരുദ്ധിന്റെ പാട്ടിനിടെ ജനം, റിഫ്രഷ്മെന്റിനായി പുറത്തുപോകുന്നത് കാണുന്നത്.
വാല്‍ക്കഷ്ണം: ഈ മാരണത്തിന് മൂന്നാഭാഗവും ഉണ്ടത്രേ. രണ്ടാം ഭാഗം ചെയ്തെടുത്തപ്പോള്‍ ആറു മണിക്കൂറിനുമേല്‍ ഉണ്ടായിരുന്നുവെന്നും ഒരു സീന്‍ പോലും ഒഴിവാക്കാനാവില്ലെന്ന് തോന്നിയതിനാല്‍ ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നീ രണ്ട് ഭാഗങ്ങളായി തിരിക്കുകയുമായിരുന്നുവെന്നാണ് ഷങ്കര്‍ പറഞ്ഞിരുന്നത്. സിനിമയുടെ അവസാനം ഇന്ത്യന്‍ 3യുടെ ട്രെയ്ലറും കാണിച്ചിട്ടുണ്ട്. പ്രേക്ഷകരോട് അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍, കമലഹാസന് ഇടപെട്ട് ആ മൂന്നാം ഭാഗം ക്യാന്‍സല്‍ ചെയ്യിക്കയാണ് വേണ്ടത്!