- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
ഒരു ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടശേഷം അടുത്തകാലത്തൊന്നും ഈ രീതിയിൽ മനസ്സ് തകർന്നുപോയിട്ടില്ല. ശരിക്കും ഇരട്ട ക്ലൈമാക്സ് എന്ന് പറയാവുന്ന ഒന്ന്. ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നം എങ്ങനെയാണ് ഇരട്ട സഹോദരനെയും ബാധിക്കുന്നത്, എന്ന് കൃത്യമായി കാണിച്ചുതരുന്ന ചിത്രം. ഇരട്ട എന്നത് അയാളുടെ മനസ്സിന്റെ ്തന്നെ റിപ്ലിക്കയാണോ എന്ന് തോന്നിപ്പോവും.
ശരിക്കും ഹൃദയത്തിൽ എന്തോ കുരുങ്ങിയതുപോലുള്ള വല്ലാത്ത അസ്വസ്ഥതതോടെയാണ് തീയേറ്റർ വിട്ടത്. വർഷങ്ങൾക്ക് മുമ്പ് ലോഹിതാദാസ് എഴുതിയ 'തനിയാവർത്തനത്തിന്റെ' ക്ലൈമാക്സ് കണ്ട് പുറത്തിറങ്ങിയപ്പോൾ, കിട്ടിയ സമാനമായ മൈൻഡ് ബ്ലാക്കൗട്ട്. ഫിലിംഫെസ്റ്റിവലിലെ വിദേശ ചിത്രങ്ങളൊക്കെ കാണുന്നതുപോലുള്ള ആ അനുഭൂതി സമ്മാനിച്ചത് ഒരു മലയാള ചിത്രമാണ്. നവാഗതനായ രോഹിത്ത് കൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത, പാവങ്ങളുടെ മമ്മൂട്ടിയെ എന്ന വിളിപ്പേരുള്ള നമ്മുടെ ജോജുജോർജ് ഡബിൾ റോളിൽ എത്തിയ 'ഇരട്ട', നല്ല സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ്.
ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനും അഭിമാനിക്കാം. ഇപ്പോൾ മലയാളത്തിലെ നല്ല സിനിമയുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിന്റെ പേരും ചേർത്ത് വെക്കാം. തുടർച്ചയായി മികച്ച ചിത്രങ്ങളാണ് മാർട്ടിൻ എടുക്കുന്നത്. അത്ഭുദങ്ങൾ ഒന്നും സമ്മതിച്ചില്ലെങ്കിൽ ഈ വർഷത്തെ ഒരുപാട് അവാർഡുകളും ഈ ചിത്രത്തെ കാത്തിരിക്കുന്നുണ്ട്. നടൻ ജോജു ജോർജുകൂടി നിർമ്മാണ പങ്കാളിയായ ഈ ചിത്രം ആ നടന്റെ കരിയർ ബെസ്റ്റ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
എന്നുവെച്ച് യാതൊരു ഫാൾട്ടുകളും ഇല്ലാത്ത,ചലച്ചിത്രവുമല്ല ഇത്. പക്ഷേ സമകാലീന മലയാള സിനിമയുടെ പരിതാപകരമായ അവസ്ഥവെച്ചുനോക്കുമ്പോൾ, ശരിക്കും പറുദീസയാണ് ഈ പടം.
ഇരട്ടച്ചങ്കുള്ള ഇരട്ട
വാഗമൺപൊലീസ് സ്റ്റേഷനിലെ ഒരു ദിനം കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജനമൈത്രി പൊലീസിന്റെ ഭാഗമായി നിർമ്മിച്ചുകൊടുത്ത ഭവന പദ്ധതിയുടെ ഉദ്ഘാടനത്തിനായി, അന്ന് അവിടെ മന്ത്രി എത്തുന്നുണ്ട്. പൊലീസ് സ്റ്റേഷൻ പരിസരം പന്തലിട്ട് കസേരകൾ നിരത്തിയിരിക്കയാണ്. നാട്ടുകാരും മാധ്യമ പ്രവർത്തകരും, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഒരു വലിയൊരു പട തന്നെ അവിടെയുണ്ട്. എല്ലാവരും മന്ത്രിയെ കാത്തിരിക്കുമ്പോഴാണ്, സ്റ്റേഷന് അകത്ത് നിന്ന് മൂന്ന് തവണ വെടിയൊച്ച മുഴങ്ങുന്നത്. വിനോദ് എന്ന എഎസ്്ഐ ( ചിത്രത്തിൽ ജോജുജോർജ്) പട്ടാപ്പകൽ പോയിന്റ് ബ്ലാങ്കിൽനിന്ന് വെടിയേറ്റ് കൊല്ലപ്പെടുകയാണ്!
തൊട്ടടുത്തെ ഒരു ആശുപത്രിയിൽ വിനോദിന്റെ ഇരട്ട സഹോദരൻ പ്രമോദ് എന്ന ഡിവൈഎസ്‌പി, പാനിക്ക് അറ്റാക്ക് വന്ന് കിടക്കയാണ്. വിനോദിന്റെ മരണമറിഞ്ഞ് പ്രമോദ് സ്റ്റേഷനിലെത്തി, ചോരയിൽ കുളിച്ച് കിടക്കുന്ന മൃതദേഹത്തിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നിടത്താണ് ടൈറ്റിലുകൾ തീർത്ത് ചിത്രം തുടങ്ങുന്നത്. വിനോദിനെ ആര് കൊന്നൂ, എന്തിന് കൊന്നു. ആ കുറ്റാന്വേഷണമായി ഒരു സസ്പെൻസ് മോദിൽ വളരെ പെട്ടന്ന് നീങ്ങുകയാണ് ചിത്രം. ഒരൊറ്റ ദിവസം നടക്കുന്ന കഥയാണെങ്കിലും പ്രമോദിന്റെയും വിനോദിന്റെയും മുൻകാല ജീവിതവും, അവരുടെ സഹപ്രവർത്തകരുടെ ഓർമകളുമായി ഏറെ വൈകാരികമായി സഞ്ചരിക്കുന്നൊരു കഥാഗതിയാണ് ഇരട്ടയുടേത്.
സ്വഭാവം കൊണ്ട് തീർത്തും വ്യത്യസ്ത തലത്തിൽനിൽക്കുന്ന രണ്ട് ഇരട്ടകളാണ് വിനോദും, പ്രമോദും. വയലൻസിനെ ആസ്വദിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള വിനോദ് എന്ന എഎസ്ഐയും, സൗമ്യനും ജനമൈത്രി പൊലീസിന്റെ ക്ലാസുകൾ എടുക്കുന്ന, പ്രമോദ് എന്ന ഡിവൈഎസ്‌പിയും, രണ്ട് ധ്രുവങ്ങളിലാണ്. റാങ്കിലെ ഈ അന്തരം മാത്രമല്ല, ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷിന് ബാല്യകാലത്തെ നടുക്കുന്ന ഓർമകളുടെ പിൻബലവുമുണ്ട്.
ആരോടും എന്തും പറയുന്ന അങ്ങേയറ്റം പരുക്കനും, എന്നാൽ ധൈര്യത്തിന്റെ കാര്യത്തിൽ ഇരട്ടച്ചങ്കനുമാണ് വിനോദ്. ഇരുവരും തമ്മിൽ ശത്രുതയിലുമാണ്. ഒരു വേള വിനോദിന്റെ കൊലയിൽ പൊലീസ് പ്രമോദിനെതന്നെ സംശയിക്കുന്നുമുണ്ട്. ഇതിന്റെയെല്ലാം കുരുക്കഴിച്ചുകൊണ്ടാണ് ചിത്രം മുന്നേറുകയാണ്.
മമ്മൂട്ടിക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'
ഒരുകാലത്ത് , സോഷ്യൽ മീഡിയ പാവങ്ങളുടെ മമ്മൂട്ടിയെന്നാണ് നടൻ ജോജു ജോർജിനെ വിളിച്ചിരുന്നത്. പക്ഷേ ഈ ചിത്രം കണ്ടാൽ അറിയാം, മമ്മൂട്ടിക്കും മേലെപ്പോവുകയാണ് ഈ പാവങ്ങളുടെ മമ്മൂട്ടി. മേക്കപ്പുകൊണ്ടല്ല ജോജു, വിനോദിനെയും, പ്രമോദിനെയും വ്യത്യസ്തരാക്കുന്നത്. അടിമുടി വ്യത്യസ്തമായ ശരീരഭാഷയാണ് ഇവർക്ക്. നോട്ടവും ഡയലോഗ് ഡെലിവറിയുമൊക്കെ തീർത്തും വേറെ. രണ്ടുപേരും ഒന്നിച്ച്വരുന്ന രണ്ടു സീനുകൾ കണ്ടാൽ ഇവർ രണ്ട് നടന്മാരാണെന്ന് തോന്നും. കമൽഹാസനെപ്പോലുള്ള അപുർവം നടന്മാർക്ക് മാത്രം കിട്ടുന്ന ഒരു സിദ്ധിയാണിത്. ഒരുവെപ്പുപല്ല് വച്ചാണ് വിനോദ് ആയി ജോജു മാറിയത്. ക്രൂരതയും, വന്യതയും, നിസ്സഹായതയും, നിഗൂഢതയും അടക്കമുള്ള വിവിധ ഭാവങ്ങൾ ജോജുവിന്റെ മുഖത്തുകൂടി മുന്നിത്തിളങ്ങിപ്പോകുന്നത് കണ്ടുതന്നെ അറിയണം.
നായാട്ട്, ജോസഫ് എന്നീ ചിത്രങ്ങളിൽ ജോജു വന്നത് പൊലീസ് വേഷത്തിലാണെങ്കിലും ഇതിലെ ഘടാഘടിയൻ പ്രകടനം വേറിട്ടുനിൽക്കുന്നു. കാരണം ഇവിടെ അദ്ദേഹമാണ് ചിത്രത്തെ ഒറ്റക്ക് നയിക്കുന്നത്്. ഒരു എക്സ്ട്രാ നടനായി, അരവേഷങ്ങളിലും, ആൾക്കൂട്ടത്തിലുമൊക്കെ അഭിനയിച്ച് പടിപടിയായി വളർന്ന് മലയാളത്തിന്റെ താരസിംഹാസനത്തിൽ ഇരിക്കയാണ് ഈ നടൻ.
ജോജു മാത്രമല്ല സിനിമയിലുള്ള ഭൂരിഭാഗം അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു പാസ്റ്ററായി വെറും രണ്ടു സീനിൽ എത്തിയ ജിത്തു അഷ്റഫിന്റെ വേഷം പോലും ഓർമ്മയിൽ തങ്ങിനിൽക്കുന്നു. അഞ്ജലി, സാബു മോൻ, ശ്രീകാന്ത് മുരളി, മനോജ് കെ.യു, ഷെബിൻ ബെൻസൺ, ശ്രീജ, ശ്രുതി ജയൻ തുടങ്ങി ഒരുപാട് നടീനടന്മാരുണ്ട് സിനിമയിൽ. നടി ശ്രിന്ദയുടെ മന്ത്രിവേഷത്തിൽ ചേർച്ചക്കുറവ് തോന്നുന്നുണ്ട്. അതുപോലെ എസ് പിയായ ആര്യ സലിമിന്റെ പ്രകടനത്തിലുമുണ്ട് കല്ലുകടി.
തഴക്കം ചെന്നൊരു സംവിധായകന്റെ കൈയടക്കമാണ്, നവാഗതനായ രോഹിത്തിൽ കാണാനാകുക. ഒരോ ഫ്രയിമുകളുടെയും കോമ്പോസിഷൻ കാണണം. റിയലസിത്തിന്റെ ഭീതിദമായ സൗന്ദര്യമുണ്ട് സംഘട്ടന രംഗങ്ങൾക്കുപോലും. ജോജുവിന്റെ വിനോദും, സാബുമോൻ അബ്ദുസമദിന്റെ പൊലീസുകാരനും തമ്മിൽ ഒരു ചായക്കടിയിലുണ്ടാവുന്ന അടിപിടിയുണ്ട്. റിയലിസത്തിന്റെ ഭീകരത ആ ഷോട്ടുകളിൽ കാണാം.
ഈ ചിത്രത്തിന്റെ തിരക്കഥയും രോഹിത് തന്നെയാണ്. സൂപ്പർതാര സിനിമകൾപോലും, കഥയില്ലായ്മയുടെ കോപ്രായങ്ങളിൽ അഭിരമിക്കുമ്പോൾ, രോഹിതിനെപ്പോലുള്ളവർ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. മനു ആന്റണിയുടെ എഡിറ്റിങ്, വിജയ്യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയ്യുടെ സംഗീതം ഇതെല്ലാം രോഹിത്തിന്റെ ജോലി ഒരു പരിധിവരെ എളുപ്പമാക്കാൻ സഹായിച്ചു.
ചില വിയോജിപ്പുകൾ ഇങ്ങനെ
നൂറുശതമാനം പെർഫക്ഷൻ എന്നത് ലോകത്തിൽ ഒരിടത്തും ഇല്ലല്ലോ. അതുപോലെശ്രദ്ധിച്ചാൽ ഒഴിവാക്കാമായിരുന്നു ചില പ്രശ്നങ്ങൾ ഈ പടത്തിലുമുണ്ട്്. ഒന്ന് ഇരട്ടകളിൽ ഒരാൾ നല്ലവൻ ഒരാൾ കെട്ടവൻ എന്ന ജയൻ -സുകുമാരൻ- സോമൻ കാലഘത്തിലെ ഫോർമാറ്റിന്റെ ഒരു ചെറിയ രൂപം ഇവിടെയും വന്നുപോയിട്ടുണ്ട്. മറ്റൊന്ന് സ്ത്രീയുടെ സ്നേഹത്തിന് എല്ലാം അലിച്ചുതേച്ച് മാച്ച് ഏത് ക്രൂരനെയും നന്നാക്കിയെടുക്കാമെന്ന ക്ലീഷെയുടെ ചില ലാഞ്ചനകൾ ഇവിടെയും കാണാം. ആ സമയത്തിൽ പടത്തിൽ അൽപ്പം ലാഗ് ഫീൽ വരുന്നുണ്ടെങ്കിലും, വളരെ പെട്ടെന്ന് ചിത്രം താളം പിടിക്കുന്നുണ്ട്.
മറ്റൊന്ന് അന്വേഷണത്തിന്റെ ഏകതാനകമായ രീതിയാണ്. പൊലീസ് സ്റ്റേഷനുള്ളിൽ ഒരാൾ വെടിയേറ്റ് മരിച്ചിട്ടും, കിട്ടിയവനെ പ്രതിയാക്കാനുള്ള പ്രഷർ എത്രമാത്രം സ്വാഭാവികമാണ്. ഈ കേസിൽ എന്താണ് രാഷ്ട്രീയ സമ്മർദം എന്ന് മനസ്സിലാവുന്നില്ല. നടി ശ്രിന്ദ അവതരിപ്പിച്ച മന്ത്രി ഈ കേസ് തെളിയിച്ചിട്ടേ സ്റ്റേഷൻ വിട്ടുപോകൂ എന്നൊക്കെപ്പറഞ്ഞ് ഓവർ ആക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഒരു ഭീകരാക്രമണത്തിന്റെയോ, വർഗീയലഹളയുടേയോ, പൊളിറ്റിക്കൽ മർഡറിന്റെയോ ഒന്നും യാതൊരു സൂചനുമില്ലാത്ത ഈ മരണത്തിൽ എന്തിനാണ്, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നൊക്കെ പ്രഷർ വരുന്നത് എന്നൊന്നും മനസ്സിലാവുന്നില്ല. ഇത്തരം ഓവറാക്കലുകളും, അസ്വാഭാവികതകളും ഒഴിവാക്കിയിരുന്നെങ്കിൽ ഈ ചിത്രം എത്രയോ മുന്നേറിയേനെ. അനാവശ്യമായി മീഡിയയെ പരിഹസിക്കുന്നതായും ചില രംഗങ്ങൾ കണ്ടപ്പോൾ തോനുന്നു.
എന്തായാലും ചിത്രം അവസാനിക്കുമ്പോൾ തീയേറ്ററിൽ നീണ്ട കരഘോഷങ്ങളാണ് ഉയരുന്നത്. ഇതും നല്ല ഒരു സൂചനയാണ്. മുമ്പൊക്കെ കലാപരമായി മികച്ച സിനിമകൾ തീയേറ്ററുകളിൽ പരാജയപ്പെട്ടുപോവുമായിരുന്നു. ഭരതൻ, പത്മരാജൻ, ലോഹിതദാസ് കാലത്തുണ്ടായിരുന്നപോലെ, കലയും കച്ചവടവും ഒന്നിച്ച് കൊണ്ടുപോകത്തക്ക രീതിയിലേക്ക് മലയാള സിനിമാ വ്യവസായം മാറുന്നുവെന്നതും സന്തോഷകരമാണ്.
വാൽക്കഷ്ണം: ഇരട്ട സിനിമയുടെ ക്ലൈമാക്സിന് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന 'തങ്കം' എന്ന സിനിമയുടെ ക്ലൈമാക്സുമായി സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചിലർ കുറിക്കുന്നുണ്ട്. ഇത് വെറും ബാഹ്യമായ സാമ്യം മാത്രമാണ്. എംടിയുടെ രചനയിൽ പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം' എന്ന ക്ലാസിക്ക് ചിത്രവും ഈ സിനിമ കണ്ടപ്പോൾ ഓർത്തുപോയി.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ