- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ് ഗണേശ് ഒരു ഫീൽഗുഡ് ത്രില്ലർ
മലയാളത്തിൽ ന്യൂജൻ സിനിമകളുടെ തരംഗത്തിന് തുടക്കം കുറിച്ചത്, സത്യത്തിൽ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകനാണ്. 2009-ൽ ഇറങ്ങിയ അദ്ദേഹത്തിന്റെ 'പാസഞ്ചർ' എന്ന ചലച്ചിത്രത്തിലുടെ, തിരമലയാളം മൊത്തമായി ഒരു പുതിയ പരിവർത്തന കാലഘട്ടത്തിലേക്ക് പ്രവേശിക്കയായിരുന്നു.
പക്ഷേ അടുത്തവർഷമിറങ്ങിയ രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന സിനിമക്കാണ്, മലയാള നവതരംഗത്തിന് തുടക്കം കുറിച്ച സിനിമ എന്ന ക്രെഡിറ്റ് പോയത്! പക്ഷേ രഞ്ജിത്ത് ശങ്കർ എവിടെയും അത്തരം അവകാശ വാദങ്ങൾ ഒന്നും ഉന്നയിക്കാറില്ല. അദ്ദേഹം, തന്റെ പണിയിൽ ശ്രദ്ധിച്ച് മുന്നേറുന്നു. പാസഞ്ചറിന് ശേഷം, ലോൺ ലീനിയർ ആഖ്യാനശൈലിയുടെ ആ ട്രാക്ക് മാത്രം പിടിക്കാതെ, പുണ്യാളൻ അഗർബത്തീസ്, മമ്മൂട്ടിയുടെ വർഷം, സൂ സൂ സുധി വാത്മീകം, പ്രേതം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ട ലൈനിലുടെ കടന്നുപോവുകയായിരുന്നു ഈ സംവിധായകൻ.
ഈ രഞ്ജിത്ത് ശങ്കർ, യങ്ങ് സൂപ്പർ സ്റ്റാർ, ഉണ്ണിമുകന്ദനുമായി ചേർന്ന് ചിത്രം ചെയ്യുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ് ഗണേശ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ഇത് എന്നാണ് പലപ്പോഴും ചിത്രത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നത്. പക്ഷേ ഇത് ഒരു അത്ഭുതമനുഷ്യന്റെ കഥയല്ല. ഒരു റിയൽ സൂപ്പർ ലൈഫ് ഹീറോയുടേതാണ്. ചിലയിടത്ത് ഇമോഷണൽ ഡ്രാമയായിലും, ചിലയിടത്ത് സസ്പെൻസ് ത്രില്ലറായും, ചിത്രം മികച്ച കാഴ്ചാനുഭവം നൽകുന്നു.
ഒപ്പം കൃത്യമായ ഒരു സോഷ്യൽ മെസേജും. ഈ അവധിക്കാലത്ത് കുട്ടികൾക്കൊപ്പം ആസ്വദിക്കാവുന്ന ഒരു ക്ലീൻ മൂവിയാണിത്. കുട്ടികൾ സൂപ്പർഹീറോ കഥാപാത്രമാണ് ജയ് ഗണേശ് എന്ന മുൻവിധിയോടെ ചിത്രം കാണാതിരിക്കുക.
സൂപ്പർ ഹീറോയല്ല, റിയൽ ഹീറോ
ഗണേശെന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണിത്. ബൈക്കർ ആവണമെന്നായിരുന്നു അവന്റെ ആഗ്രഹം. പക്ഷേ ഒരു അപകടം അയാളുടെ ജീവിതം മാറ്റി മറിക്കുന്നു. കാലുകൾ തളർന്ന അയാൾ തന്റെ ജീവിതം മുന്നോട്ടു നീങ്ങുന്നത് വീൽച്ചെയറിലാണ്. സഹതാപവും, ഒറ്റപ്പെടലും അയാൾ ഏറെ പണിപ്പെട്ടാണ് അതിജീവിക്കുന്നത്. ഗ്രാഫിക്‌സ് ഡിസൈനറായ ഗണേശ് ഒരു എത്തിക്കൽ ഹാക്കർ കുടിയാണ്. അങ്ങനെ അവൻ പല കേസുകൽും അഭിഭാഷകരെ സഹായിക്കാറുമുണ്ട്. ഈ പണികൾക്കൊപ്പം, ഗണേശ് എഴുതിക്കൊണ്ടിരിക്കുന്ന അനിമേഷൻ കഥയാണ് ജയ് ഗണേശ്. മറ്റൊരു രീതിയിൽ അത് അയാളുടെ ജീവിത കഥ തന്നെയാണ്. അത് ഒന്ന് മാർക്കറ്റ് ചെയ്ത് വിജയിപ്പിക്കയാണ് അയാളുടെ ലക്ഷ്യം.
ഫ്ളാറ്റിലെ കുട്ടികളുമായാണ് ഗണേശിന് ചങ്ങാത്തം. അങ്ങനെയിരിക്കെയാണ്, ജീവിതത്തിൽ തനിക്കുള്ള ഏക ആത്മസൃഹൃത്തായി അയാൾ പറയുന്ന ഒരു ബാലനെ, അവന്റെ ബർത്ത് ഡേ പാർട്ടിക്കിടെ ആരോ തട്ടിക്കൊണ്ടുപോവുന്നത്. സ്ഥലം എംഎൽഎ കൂടിയായ രാഷ്ട്രീയ നേതാവിന്റെ മകനാണ് ആ കുട്ടി.സംഭവത്തിന്റെ ഏക ദൃക്സാക്ഷിയെന്ന നിലയിൽ പൊലീസിനെ സഹായിക്കാൻ ഗണേശും എത്തുന്നു. തുടർന്നങ്ങോട്ട് ചിത്രം ഒരു ത്രില്ലറിന്റെ മോദിലേക്ക് മാറുകയാണ്.
നിറഞ്ഞാടി ഉണ്ണി
മലയാള സിനിമയിൽ ശരീര സൗന്ദര്യംകൊണ്ട് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. 'മസിലളിയൻ' എന്ന് പണ്ടുകിട്ടിയ ടാഗിനെ അടുത്തകാലത്തെ, കാമ്പുള്ള കഥാപാത്രങ്ങളിലുടെ ഈ നടൻ മറി കടന്നിട്ടുമുണ്ട്. ഈ സിനിമയിൽ ഉണ്ണിക്ക് വെല്ലുവിളിയാവുന്നത്, തന്റെ സിക്സ്പാക്ക് ശരീരം അരക്ക് താഴെ നിശ്ചലമാണെന്നതാണ്. പക്ഷേ അസാധ്യമായ പവർ ശരീരഭാഷയിൽ തോന്നിക്കയും വേണം. അങ്ങനെയുള്ള ആ ചലഞ്ചിങ് കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ നന്നായി ചെയ്തിട്ടുണ്ട്.
ഒരു ത്രില്ലർ എന്നതിനപ്പുറം, പറന്നുനടക്കേണ്ട പ്രായത്തിൽ വീൽചെയറിലായിപ്പോയ ഒരു യുവാവിന്റെ ഹർഷ സംഘർഷങ്ങൾ ചിത്രം എടുത്തുപറയുന്നുണ്ട്. അവിടെയാണ് ഈ നടൻ നിറഞ്ഞാടുന്നത്. നിരാശയും, ക്രോധവും, നിസ്സഹായതയും, ആഹ്ലാദവുമൊക്കെയുള്ള വിവിധ ഭാവങ്ങളിലുടെ ഗണേശ് കടന്നുപോകുന്നത് കൃത്യമായി നടിച്ച് ഫലിപ്പിക്കാൻ ഉണ്ണിക്ക് കഴിഞ്ഞു. മലയാളത്തിലെ ഇരുത്തംവന്ന നടന്മാരുടെ ലിസ്റ്റിൽ, ഒരു സംശയവും വേണ്ട ഈ നടനെയും ഉൾപ്പെടുത്താം.
ഉണ്ണി മാത്രമല്ല ഈ ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങളിൽ വന്ന ആരും മോശമായിട്ടില്ല. ഏറ്റവും ഗംഭീരമായത് ഉണ്ണിക്കൊപ്പം നിറഞ്ഞു നിൽക്കുന്ന ആ ബാലതാരത്തിന്റെ പ്രകടനം തന്നെയാണ്. അസാധ്യമായി ആ കൊച്ചുപയ്യൻ ചെയ്തിട്ടുണ്ട്. മഹിമാ നമ്പ്യാരാണ നായിക. നടി ജോമോൾ കുറച്ചു വർഷത്തിനുശേഷം തിരിച്ചുവരുന്ന ചിത്രമാണിത്. സ്‌ക്രീൻ സ്പേസ് കുറവാണെങ്കിലും ഉള്ളത് ജോമോൾ മോശമാക്കിയിട്ടില്ല. അതുപോലെ ഗണേശിന്റെ അച്ഛനായി എത്തിയ നടൻ അശോകനും, ഒരു ഓൺലൈൻ മഞ്ഞ പത്രത്തിന്റെ എഡിറ്റായി എത്തുന്ന നന്ദുവും കലക്കുന്നുണ്ട്. പ്രതിനായകവേഷം ചെയ്ത തമിഴനെയും എടുത്തുപറയണം. ചന്ദ്രു ശെൽവരാജ് ഛായാഗ്രാഹണം സിനിമയെ ഉയർത്തുന്നുണ്ട്. പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌ക്കോറും മോശമായിട്ടില്ല.
സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം
രഞ്ജിത്ത് ശങ്കറിന്റെ മിക്ക സിനിമകളിലെന്നപോലെ ഒരു സോഷ്യൽ എലമന്റ് ഈ ചിത്രത്തിലുമുണ്ട്. കൊച്ചി നഗരത്തെ സമീപകാലത്ത് പിടിച്ചുകുലുക്കിയ മാലിന്യപ്രശ്‌നം സിനിമയിൽ ഗൗരവത്തോടെതന്നെ ചർച്ച ചെയ്യുന്നുണ്ട്. അത് കണ്ടുതന്നെ അറിയേണ്ടതാണ്. ഇത് ഒരു സൂപ്പർ ഹീറോയുടെ കഥയല്ല. ഒരു സാധാരണ മനുഷ്യന്റെ കഥയാണ്. മാസ്സും ആക്ഷനുമൊന്നുമില്ലാത്ത ഒരു റിയൽ ഹീറോയുടെ കഥ. എത് സാധാരണ മനുഷ്യനും ഒരിക്കൽ, ഒരു സൂപ്പർ ഹീറോ ആവാനുള്ള അവസരം ഉണ്ടാകുമെന്നും ചിത്രം പറയുന്നു. ഈ ഘട്ടത്തിലൊക്കെ രഞ്ജിത്ത് ശങ്കറിന്റെ ആദ്യ ചിത്രമായ പാസഞ്ചറുമായുള്ള സാമ്യം മനസ്സിൽവരും.
പക്ഷേ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ, അത്ര കേമമെന്ന് പറയാൻ കഴിയാത്ത തിരക്കഥയാണ്. ചില രംഗങ്ങളിലൊക്കെ ലോജിക്കിന്റെ പ്രശ്നം വല്ലാതെ തോനുന്നുണ്ട്. കഥാപാത്രങ്ങൾ തമ്മിൽ പൂർണ്ണമായും ഇമോഷണലി കണക്റ്റ് ആവുന്നുമില്ല. തിരക്കഥയിൽ അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ചിത്രം വേറെ ലെവൽ ആയേനെ.
വാൽക്കഷ്ണം: ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ ജയ് ഗണേശ് എന്ന പേരും, ഗണപതിയുമായൊക്കെ ബന്ധപ്പെടുത്തി, ഒരു ഹിന്ദുത്വ പ്രൊപ്പഗൻഡാ മൂവിയെന്ന പ്രചാരണം ചില കേന്ദ്രങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ അതെല്ലാം വ്യാജമായിരുന്നുവെന്ന് ചിത്രം തെളിയിക്കുന്നു.