- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് വേഷങ്ങൾ ഹിറ്റാക്കിയ മമ്മൂട്ടി പ്രതീക്ഷ കാത്തു; റോഷാക്കിലും, ക്രിസ്റ്റഫറിലും കണ്ടതിനേക്കാൾ ഊർജ്വസ്വലനായി മെഗാ സ്റ്റാർ; ഒരേ സമയം റിയലിസ്റ്റിക്കും മാസും; റോബി പ്രതീക്ഷ ഉയർത്തുന്ന സംവിധായകൻ; കണ്ണൂർ സ്ക്വാഡ് വ്യത്യസ്തമായ പൊലീസ് സ്റ്റോറി
പൊലീസ് വേഷങ്ങളിൽ വന്നപ്പോൾ മിക്കപ്പോഴും ഹിറ്റുകൾ ഉണ്ടാക്കിയ നടനാണ് മമ്മൂട്ടി. ഈ മഹാനടനിലെ ഫയർ കണ്ടെത്തിയത് 'യവനിക'യിലെ ജേക്കബ് ഈരാളിയെന്ന പൊലീസ് വേഷത്തിലൂടെ, ഈയിടെ അന്തരിച്ച സംവിധായകൻ കെ ജി ജോർജ് ആണെന്ന് നിരുപകർ വിലയിരുത്തിയിരുന്നു. 82ൽ ഇറങ്ങിയ യവനികയിലെ ജേക്കബ് ഈരാളിയിൽനിന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് 'കണ്ണൂർ സ്ക്വാഡി'ലെ എഎസ്ഐ ജോർജ് മാർട്ടിനിലേക്ക് എത്തുമ്പോഴും അതേ ഫയർ മമ്മൂട്ടിയിൽ കാണാം. മാനറിസങ്ങൾ അടിക്കടി മാറ്റിപ്പിടിച്ച് താൻ നിരന്തരം നവീകരിക്കപ്പെടുകയാണെന്ന് മമ്മൂട്ടി, ഈ 72ാം വയസ്സിലും തെളിയിക്കുന്നു.
മമ്മൂട്ടിയുടെ ലക്കിറോളുകളിൽ ഒന്നായിട്ടാണ് പൊലീസിനെ കണക്കാക്കുന്നത്.
ഐവി ശശി സംവിധാനം ചെയ്ത, ആവനാഴിയും, ഇൻസ്പെക്ടർ ബൽറാമും ബോക്സോഫീസ് പിടിച്ചുകുലുക്കിയ ചിത്രങ്ങളാണ്. ഓഗസ്റ്റ് 1 എന്ന സിബിമലയിൽ എസ് എൻ സ്വാമി ചിത്രത്തിൽ,പെരുമാൾ എന്ന പൊലീസ് ഓഫീസറുടെ വേഷം വേറിട്ടയായിരുന്നു. അതുപോലെ പത്മരാജന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത 'ഈ തണുപ്പാൻ കാലത്ത്' എന്ന സിനിമയിലെ ഹരിദാസ് എന്ന പൊലീസ് ഉദ്യോഗ്ഥനെയും മലയാളികൾ ഇന്നും മറക്കാൻ ഇടയില്ല. മമ്മൂട്ടി മുമ്പ് അഭിനയിച്ച ബലറാം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷവുമായി ഏറെ സാമ്യമുള്ള വേഷമായിരുന്നു വിനയന്റെ രാക്ഷസരാജവിലേത്. അതും ഹിറ്റായി. രഞ്ജി പണിക്കരുടെ സംവിധാനത്തിൽ ഇറങ്ങിയ രൗദ്രം എന്ന ചിത്രത്തിലെ. നരേന്ദ്രൻ എന്ന കഥാപാത്രവും ഇന്നും പ്രേക്ഷകമനസ്സിലുണ്ട്.
അതുകൊണ്ടുതന്നെ മമ്മൂട്ടി വീണ്ടും ഒരു പൊലീസ് വേഷത്തിൽ എത്തുന്നുവെന്ന് അറിഞ്ഞതോടെ ആരാധക മനസ്സുകളിൽ ആനന്ദഹർഷമായിരുന്നു. ആ പ്രതീക്ഷ ചിത്രം കാത്തു. അതിഗംഭീരം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ തന്നെയാണ് ഈ ചിത്രം. ടിക്കറ്റിന് കൊടുത്ത പൈസ വസൂലാവും.
വ്യത്യസ്തമായ പൊലീസ് സ്റ്റോറി
2015-17ൽ കണ്ണൂർ എസ്പിക്ക് കീഴിൽ ശരിക്കും ഉണ്ടായിരുന്ന ക്രൈം സ്ക്വാഡിന്റെ കേസ് ഫയലുകളാണ് ചിത്രത്തിന് അവലംബം. പടത്തിന്റെ അവസാനം ഒറിജിനൽ സ്ക്വാഡ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും കാണിക്കുന്നുണ്ട്. എഎസ്ഐ ജോർജ് മാർട്ടിൻ പതിവ് പോലെ അവിവാഹിതനും കുടുംബമില്ലാത്തവനുമൊക്കെയാണ്. പക്ഷേ ഈ പാത്രസൃഷ്ടിയിലൊക്കെ ക്ലീഷെ തോന്നുണ്ടെങ്കിലും കഥ പുരോഗമിക്കുമ്പോൾ പുതുമ തോനുന്നുണ്ട്.
ആദ്യത്തെ അര മണിക്കൂർ സ്ക്വാഡിന്റെ മൊത്തത്തിലുള്ള ഒരു സെറ്റപ്പ് വിശദമാക്കാൻ കാണിച്ചിരിക്കുന്ന സംഭവങ്ങൾ ആണ്. അത് ചുരുക്കി പത്ത് മിനിറ്റ് കൊണ്ട് പറയാമായിരുന്നു. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് സാങ്കേതികത്തികവുണ്ട്. ഒരു കുറ്റകൃത്യം സംഭവിച്ചാൽ സാധാരണയായി പൊലീസ് ക്രൈം സ്ക്വാഡ് പിന്തുടരുന്ന അന്വേഷണരീതികൾ യഥാർഥത്തിൽ എങ്ങനെയാണോ, അതേ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ഡോക്യുമെന്ററിയിലേക്ക് വഴിമാറിപ്പോവാതെ, വേണ്ട സ്ഥലങ്ങളിൽ കൃത്യമായ ഹീറോയിസം കാണിച്ചു കാണികളെ ത്രില്ലടിപ്പിച്ച് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും കയ്യടിയർഹിക്കുന്നുണ്ട്.
സാധാരണ പൊലീസുകാരാണ് നാലുപേരും എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അരിഷ്ടിച്ചുജീവിക്കുന്ന നാലു പൊലീസുകാർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തങ്ങളെ എൽപിച്ച ജോലിക്കായി അരയും തലയും മുറുക്കി ഇറങ്ങുകയാണ്. മുകളിൽനിന്നുള്ള തെറിവിളികൾ കേട്ടും മാനസികസമ്മർദം സഹിച്ചും അവർ കുറ്റവാളികളെ പഴുതടച്ച് പിടികൂടുന്നു. സഹപ്രവർത്തകരോട് സഹാനുഭൂതിയും വഴക്കുപറയാനും വേണമെങ്കിൽ രണ്ടടി കൊടുക്കാനും സ്വാതന്ത്ര്യമുള്ള വല്യേട്ടനാണ് മമ്മൂട്ടി അവതരിപ്പിച്ച ജോർജ്. മേലുദ്യോഗസ്ഥർക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വരുന്നുണ്ടെങ്കിലും താനൊരു പൊലീസ് ആണെന്ന് തന്റേടത്തോടെ പറയുന്നയാളാണ് ഇദ്ദേഹം
കൂട്ടത്തിലൊരാൾ കൈക്കൂലി വാങ്ങിയതിന് പഴി കേൾക്കേണ്ടിവരുന്ന സമയത്താണ് കണ്ണൂർ സ്ക്വാഡിനെ തേടി ഒരു കേസ് എത്തുന്നത്. കടുത്ത രാഷ്ട്രീയസമ്മർദം കാരണം ഈ കേസ് ഉടനെ തെളിയിക്കേണ്ടത് ഭരണകൂടത്തിന് അത്യാവശ്യമാണ്. അഴിമതി ആരോപണങ്ങളെ മറികടക്കാൻ കണ്ണൂർ സ്ക്വാഡിനും ഈ കേസ് ഒരു പിടിവള്ളിയാണ്. പ്രതികളെ പിടികൂടാൻ ആകെ ലഭിക്കുന്നത് പത്തുദിവസമാണ്. കുറഞ്ഞ സമയം കൊണ്ട് പല സംസ്ഥാനങ്ങളിലൂടെ ഓടിക്കിതച്ച് പായുകയാണ് പൊലീസ് സംഘം.
റിയലിസ്റ്റിക്കുമാണ് മാസുമാണ്
സംവിധായകൻ റോബിയുടെ സഹോദരൻ കൂടിയായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാലംഗ സ്ക്വാഡിൽ മമ്മൂട്ടിയുടെ കൂടെ ഒരംഗമായി റോണി ഡേവിഡും എത്തുന്നുണ്ട്. ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നീ മറ്റു രണ്ടുപേരും മികച്ച പ്രകടനമാണ് നടത്തുന്നത്. കാസറഗോഡ് എസ്പി മനു നീതി ചോളൻ ആയി നടൻ കിഷോർ കയ്യടി നേടുന്നുണ്ട്. ഷൈൻ ടോം ചാക്കോ ഒറ്റ സീനിൽ വന്നു ജോർ ആക്കി പോവുന്നു.സുഷിൻ ശ്യാം ആണ് ബിജിഎം നന്നായിട്ടുണ്ട്. മുഹമ്മദ് റാഹിലിന്റെ ക്യാമറയും നന്നാതിട്ടുണ്ട്. 161 മിനിറ്റ് ദൈർഘ്യവുള്ള സിനിമ അൽപ്പം എഡിറ്റ് ചെത്തിരുന്നുവെങ്കിൽ കുറച്ചുകൂടി വൃത്തി ആയേനെ. ഈ ചിത്രത്തിന്റെ നിർമ്മാണവും മമ്മൂട്ടി കമ്പനി തന്നെയാണ്.
റിയലിസ്റ്റിക് ആണോ മാസ് ആണോ കണ്ണൂർ സ്ക്വാഡ് എന്ന് ചോദിച്ചാൽ രണ്ടുമാണെന്ന് പറയേണ്ടിവരും. കാരണം റിയലിസ്റ്റിക് ആവേണ്ട സ്ഥലത്ത് അങ്ങനെയും മാസ് ആകേണ്ടിടത്ത് മാസായും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതിൽ കണ്ണൂർ സ്ക്വാഡ് വിജയിച്ചിട്ടുണ്ട്. രണ്ടാം പകുതി വൃത്തിക്ക് എടുത്തിട്ടുണ്ട്. ഒരിടത്തും, ലാഗും ബോറടിയുമില്ല. പലയിടത്തും ത്രില്ല് കിട്ടുന്നുമുണ്ട്. സംവിധായകന് ആ പണി നന്നാതി അറിയാം എന്ന് ചരുക്കം. പക്ഷേ, തീരൻ എന്ന പേരിൽ ഒ വിനോദ് 2017 ൽ ഇതേ സംഗതികൾ ഇതിലും ഗംഭീരമായി തമിഴിൽ എടുത്തു വച്ചത് മറക്കാനാനില്ല. തീരനുമായിട്ട് താരതമ്യം ചെയ്താൽ കണ്ണൂർ സ്ക്വാഡ് ഒന്നുമല്ല എന്നത് വേറെ കാര്യം.
വാൽക്കഷ്ണം: ഏറ്റവും വിചിത്രം മമ്മൂട്ടി ഒന്നുകൂടി ചുള്ളനായി എന്നതാണ്. നൻപകലിലും, റോഷാക്കിലും, ക്രിസ്റ്റഫറിലും തോന്നിയതിനേക്കാൾ പ്രായക്കുറവാണ് മമ്മൂട്ടിക്ക് കണ്ണൂർ സ്ക്വാഡിൽ തോനുന്നത്. ഫൈറ്റുകളും മമ്മൂട്ടി നന്നായി ചെയ്തിട്ടുണ്ട്. ഈ പ്രായത്തിലുമുള്ള ആ ഡെഡിക്കേഷൻ യുവ തലമുറ കണ്ടുപഠിക്കേണ്ടതാണ്.