ഫസ്റ്റ് ഹാഫ് കണ്ടുകഴിഞ്ഞപ്പോള്‍ ഈ ലേഖകന്‍ കരുതിയത് ഋഷഭ് ഷെട്ടിക്ക് എന്തുപറ്റിയെന്നാണ്. കാര്യമായ ഒരു ത്രില്ലും കൊടുക്കാന്‍ കഴിയാത്ത, സ്‌ക്രിപിറ്റിലെ പാളിച്ചകള്‍ പ്രകടമായ ഒന്നാം പകുതി. പക്ഷേ അത് ശരിക്കും ഒരു ട്രെയിലര്‍ മാത്രമായിരുന്നു. രണ്ടാം പകുതിയിലാണ് കാന്താര, കാന്താരയാവുന്നത്. ഉറഞ്ഞുതുള്ളി അലറി വിളിച്ച് ഋഷഭ് ഷെട്ടി ഗുളികനാവുമ്പോഴൊക്കെ പ്രേക്ഷകരുടെ അഡ്രിനാലിന്‍ ഉയരുകയാണ്. ക്ലൈമാക്സിലേക്ക് എത്തുമ്പോഴും അതേ ടെമ്പോ നിലനില്‍ത്താന്‍ സംവിധായകന് കഴിയുന്നു. ആളുകള്‍ നെറ്റ് റിസള്‍ട്ടാണ് നോക്കുന്നത്. ആര്‍ത്തുവിളിച്ചാണ് ജനം പടം കഴിഞ്ഞ് ഇറങ്ങുന്നത്.

ഈ അടുത്ത കാലത്ത് 'കാന്താര: ദ് ലെജന്‍ഡ്- ചാപ്റ്റര്‍ 1' നോളം തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഹൈപ്പ് നേടിയ മറ്റൊരു ചിത്രമുണ്ടാകില്ല. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിനായി ആയിരംകണ്ണുകളുമായി കാത്തിരിക്കയായിരുന്നു ഇന്ത്യന്‍ സിനിമാ ലോകം. അഞ്ചുഭാഷകളില്‍ സബ് ടൈറ്റില്‍ ചെയ്ത് വേള്‍ഡ് വൈഡ് റിലീസ് ചെയ്ത ഈ ചിത്രം ഒരു കോമേര്‍ഷ്യല്‍ ഹിറ്റ് ആവുമെന്ന് ഉറപ്പാണ്. പക്ഷേ അതിനപ്പുറം, ഒരു കലാമുല്യമുള്ള സിനിമയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നുതന്നെയാണ് ഉത്തരം. ഒരുപാട് ഫാള്‍ട്ടുകളും, യുകതിരാഹിത്യവും, ഗ്രാഫിക്സിന്റെയും ഇഫ്ക്റ്റിസിന്റെയുമൊക്കെ പ്രശ്നങ്ങളും ചിത്രത്തിലുണ്ട്. പക്ഷേ ഈ ഴോണര്‍ സിനിമകള്‍ക്ക് കൊമേര്‍ഷ്യല്‍ വിജയത്തിന് അതൊന്നും യാതൊരു തടസ്സവുമല്ല. അവിടെ ആറ്റിറ്റിയൂഡും മൂഡുമാണ് പ്രധാനം. അത് ഉണ്ടാക്കിയെടുക്കാന്‍ ഷെട്ടി ടീമിന് കഴിയുന്നുണ്ട്. കാന്താരയുടെ പ്രേക്ഷകര്‍ക്ക് അത് മതി!

വീണ്ടും ഷെട്ടി ഗ്യാങ്ങ്

ഋഷഭ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി .... സാധാരണ നാം ഈ ഷെട്ടികളയൊക്കെ കാണുന്നത് സിനിമകളിലെ വില്ലന്‍മ്മാരായിട്ടാണ്. എന്നാല്‍ ഈ മൂന്ന് ഷെട്ടികളും ഹീറോകളാണ്. ഒരുത്തനും വേണ്ടാതെ കിടക്കയായിരുന്ന കന്നട സിനിമയുടെ ജാതകം തിരുത്തിയത് ഈ മൂന്നുപേരാണ്.കെ.ജി.എഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസും, ഷെട്ടി ഗ്യാങ്ങിലെ പ്രമുഖനായ ഋഷഭ് ഷെട്ടിയും കൈകോര്‍ത്തപ്പോള്‍, കാന്താര എന്ന മറ്റൊരു പാന്‍ ഇന്ത്യന്‍ ഹിറ്റുണ്ടായി. അതിന്റെ തുടര്‍ച്ചയായി വന്ന 'കാന്താര: ദ് ലെജന്‍ഡ്- ചാപ്റ്റര്‍ 1' എന്ന ചിത്രവും, മിത്തും ഐതീഹ്യവും ആചാരങ്ങളും കൂടിക്കലര്‍ന്ന നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മിസ്റ്റിക്കല്‍ ഭൂമികയിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നത്. ഒന്നാം കാന്താരയുണ്ടായ മണ്ണ് എങ്ങനെ രൂപപ്പെട്ടുവെന്ന ഫ്ളാഷ് ബാക്കാണ് ഇവിടെ പറയുന്നത്.

ബാംഗ്ര എന്ന സമ്പന്ന നാട്ടുരാജ്യത്തിന്റെയും, കാന്താര എന്ന കാട്ടുരാജ്യത്തിന്റെയും കഥയാണിത്. കാന്തരയുടെ കാട്ടിലെ സമ്പത്ത് മോഹിച്ച് അവരെ കീഴടക്കാനെത്തിയ ബാംഗ്രയിലെ രാജാവ് അജ്ഞാത ശക്തികളാല്‍ കൊല്ലപ്പെടുന്നു. അതോടെ കാന്തര എന്നത് ബാംഗ്രയുടെ മണ്ണില്‍ പേടിപ്പെടുത്തുന്ന ഒരു വാക്കായി. ആരും അതിര്‍ത്തികടന്ന് അങ്ങോട്ട് പോവാറില്ല. പക്ഷേ കാന്തരയില്‍നിന്നുള്ള ഒരു സംഘം ആളുകള്‍ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ കാടുവിട്ട് ബാംഗ്രയിലേക്ക് പ്രവേശിക്കേണ്ടിവരുന്നു. തുടര്‍ന്ന് നടക്കുന്ന സംഘര്‍ഷഭരിതമായ സംഭവവികാസങ്ങളാണ് ഈ പടം എന്ന് ചുരുക്കിപ്പറയാം. മിത്തോളജിയും സംസ്‌കാരവും സ്പിരിച്ച്വാലിറ്റിയും പവര്‍ പൊളിറ്റിക്സും എല്ലാം പറഞ്ഞു പോകുന്നുണ്ട് ഈ ചിത്രം. പരിസ്ഥിതിക്ക് നേരെയുള്ള ആക്രമണങ്ങളും അതിനെ ചെറുക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രമെന്ന് വിലയിരുത്താം.

ഋഷഭിന്റെ പെരുങ്കളിയാട്ടം

ചിത്രത്തില്‍ ബര്‍മ എന്ന് വിളിക്കുന്ന സാഹസികനായ യുവാവിന്റെ റോളിലാണ് ഋഷഭ് ഷെട്ടി എത്തുന്നുത്്. സംവിധായകനും, റൈറ്ററും കൂടിയായ ഇദ്ദേഹത്തിന്റെ ചുമലിലാണ് കാന്താര മൊത്തം. പക്ഷേ ആദ്യ പകുതിയിലെ ചളിപ്പ് കഴിഞ്ഞ് ഋഷ്ഭ് അങ്ങോട്ട് പൊളിക്കയാണ്. വിവിധതരം ഗുളികനായി വരുന്ന സമയത്തുള്ള ആ ആക്ഷനൊക്കെ പ്രേക്ഷകരെ രോമാഞ്ചമണിയിക്കും. ക്ലൈമാക്സിലെ ലേഡി ഗുളികനെ കണ്ടുതന്നെ അറിയുക. നായികയായ രുക്മിണി വസന്തിന്റെതാണ് ഞെട്ടിച്ച ഒരു പ്രകടനം. രണ്ടാം പകുതിയിലെ അവരുടെ ഭാവപ്പകര്‍ച്ച കാണേണ്ട കാഴ്ചയാണ്. പ്രധാനമായ മറ്റൊരു കഥാപാത്രം ഗുല്‍ഷന്‍ ദേവയ്യ അവതരിപ്പിച്ച കുലശേഖര രാജാവാണ്. മദ്യപാനിയായ സൈക്കോ രാജാവിന്റെ വേഷം ഇദ്ദേഹം ഗംഭീരമാക്കുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയാറം ഈ ചിത്രത്തില്‍ ഒരു പ്രധാനം വേഷം ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍, കുളമാവും എന്നാണ് ആദ്യം കരുതിയത്. ഇത്തരത്തിലുള്ള ഴോണറില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന നടനല്ല ജയറാം. ( 'തെനാലി' സിനിമയില്‍ കമലഹാസനെപ്പോലും തോല്‍പ്പിച്ചുകളഞ്ഞ ജയറാമിന്റെ പ്രകടനം ഓര്‍ത്തുനോക്കുക) പക്ഷേ കാന്താരയിലെ രാജാവായി അദ്ദേഹം പിടിച്ചുനിന്നു. പലയിടത്തും കൈയടിയും നേടി. പൊന്നിയിന്‍ സെല്‍വന് ശേഷം ജയറാമിന് കിട്ടുന്ന തെന്നിന്ത്യന്‍ ഹിറ്റ് കഥാപാത്രമായി ബാംഗ്രയുടെ രാജാവ് മാറുന്നുണ്ട്.

ആദ്യഭാഗം പകര്‍ത്തിയ അരവിന്ദ് കശ്യപ് തന്നെയാണ് ഇത്തവണയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗംഭീര വര്‍ക്കാണ്. അജനീഷ് ലോക്നാഥ് തന്നെയാണ് സംഗീതവിഭാഗവും കിടു. റാംലക്ഷ്മണ്‍, അര്‍ജുന്‍ രാജ്, മഹേഷ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കിയ സംഘട്ടന രംഗങ്ങളും പാന്‍ ഇന്ത്യന്‍-ഫാന്റസി ചിത്രത്തിന് യോജിക്കുന്നതായിരുന്നു. കടുവയുമായുള്ള ഫൈറ്റ് സീനിലൊക്കെ ആ ക്ലാസ് കാണുന്നുണ്ട്.

ചില വിമര്‍ശനങ്ങള്‍

ഈ ചിത്രം കലാപാരമായി അതിഗംഭീരമായ ഒരു അനുഭവം ആകാതിരുന്നതിന്റെ എറ്റവും പ്രധാന കാരണം, തിരക്കഥയിലെ പാളിച്ചയാണ്. ഒന്നാം പകുതിയില്‍ കൃത്യമായ ഒരു സക്രിപ്റ്റ് ചിത്രത്തിനുണ്ടോ എന്ന് തോന്നിപ്പോവും. നായകനും കൂട്ടരും, ബാംഗ്രയിലെ ജയിലില്‍ അടക്കുന്ന രംഗങ്ങളൊക്കെ എന്തിന് വേണ്ടിയാണെന്ന് സംശയിച്ചുപോവും. ന്യൂജന്‍കാര്‍ പരിഹസിക്കുന്ന ക്രിഞ്ച് രംഗങ്ങള്‍. ഈ സമയത്തൊക്കെ പുട്ടില്‍ പീരപോലെ സാഹചര്യത്തിനുചേരാത്ത കുറേ കോമഡികളും കുത്തിക്കയറ്റിയിട്ടുണ്ട്. ഈ ഭാഗത്തൊക്കെ ഡബ്ബിങ്ങും ആരോചകമാണ്. അങ്ങനെ ഒരു മലങ്കള്‍ട്ടായിപ്പോവുമോ എന്ന് എന്ന് ശങ്കിച്ചിരിക്കുന്നേടത്താണ് രണ്ടാംപകുതിയില്‍ ചിത്രം അതിശക്തമായി തിരിച്ചുവരുന്നത്.

125 കോടി ബജറ്റിലാണ് ഒരുക്കിയ ചിത്രത്തോട് പൂര്‍ണ്ണമായും അതിന്റെ ടെക്്നിക്കല്‍ സൈഡ് നീതി പുലര്‍ത്തിയെന്ന് പറയാന്‍ കഴിയില്ല. പലയിടത്തും നമുക്ക് ഇത് ഗ്രാഫിക്സും സെറ്റും തന്നെയാണെന്ന് കൃത്യമായി മനസ്സിലാവും. അത് മനസ്സിലാക്കാതെ കൊണ്ടുപോവുന്നിടത്താണ് കല. ചിലയിടത്തൊക്കെ മേക്കിങ്ങ് പുരാണ സീരിയലുകള്‍ക്ക് സമാനമായിപ്പോവുന്നുണ്ട്. നമ്മുടെ ബാഹുബലി തൊട്ട് അപ്പോകലിപ്റ്റോവരെയുള്ള പല സിനിമകളുടെയും അനുകരണം എന്ന് തോനുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ട്. പലയിടത്തും ഫാന്‍സി ഡ്രസ് പോലെ മേക്കപ്പ് തോന്നുന്നുണ്ട്. ബ്രഹ്‌മ രക്ഷസുകള്‍ എന്ന് പറയുന്ന കുറേ മനുഷ്യരുടെയൊക്കെ വചിത്രമായ മേക്കപ്പും, കണ്ണുരുട്ടലും ഗുഹയില്‍നിന്ന് വരുമ്പോഴുള്ള ശബ്ദമൊക്കെയായി ചിരിക്കാന്‍ തോന്നിപ്പോവും. സ്‌ക്രിപ്റ്റില്‍ ഋഷഭ് ഷെട്ടി ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, ഈ പടം കലാമൂല്യമുള്ള ഒരു മികച്ച ചിത്രം കൂടിയാവുമായിരുന്നു. ഇത്തരം ചില പ്രശ്നങ്ങളൊക്കെ മാറ്റി നിര്‍ത്തിയാല്‍ തീര്‍ച്ചയായും തിയറ്റര്‍ എക്സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ചിത്രമാണിത്.

വാല്‍ക്കഷ്ണം: ഒന്നാം കാന്തരയില്‍നിന്ന് പൊളിറ്റിക്കലായ വലിയൊരു വ്യത്യാസം രണ്ടാം കാന്തരക്കുണ്ട്. മാടന്റെയും, മറുതയുടെയും, പുലിമറഞ്ഞ തൊണ്ടനച്ചന്റെയും തൊട്ട് ഒരുപാട് തെയ്യക്കഥകളും, യക്ഷിക്കകഥകളും കേട്ട് വളര്‍ന്നവരാണ് മഡില്‍ ഏജ് മലയാളികള്‍ക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാവുന്ന കഥയായിരുന്നു ഒന്നാം കാന്തരയിലെ ഒരു മുത്തശ്ശിക്കഥ കേള്‍ക്കുമ്പോഴുള്ള ഭ്രമാത്മക ലോകം. പക്ഷേ ഒന്നാം കാന്താരയിലെ ഗോത്ര ദൈവമായ ഗുളികന്‍ രണ്ടാം കാന്തരയില്‍ സാക്ഷാല്‍ പരമശിവനായി മാറുന്നുണ്ട്! ടെലസ്‌കോപ്പ് വെച്ച് പൊളിറ്റിക്കല്‍ കറക്ട്നെസ് നോക്കുന്നവര്‍ക്ക് പേജുകള്‍ ലേഖനം എഴുതാനുള്ള വകുപ്പ് ഇതിലുണ്ട്. 'ഗുളികനെ ശിവനില്‍ ലയിപ്പിച്ച സംഘപരിവാര്‍ അജണ്ട' എന്ന ലേഖനങ്ങളും പ്രതീക്ഷിക്കാം!