- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലം തെറ്റിയെത്തിയ കാതലന്‍; പ്രേമലു സംവിധായകന്റെ പുതിയ പടം ഒരു ശശാശരി ഫീല്‍ഗുഡ് മൂവി; പതിവുപോലെ പ്രണയവും ബ്രേക്കപ്പും പ്രതികാരവും നിറഞ്ഞ ഐ ടി കഥ; നെസ്ലന്‍ എന്ന ന്യൂജന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈപ്പാവുന്നോ?
പ്രേമലു എന്ന ബോക്സോഫീസ് സെന്‍സേഷനുശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍, ന്യൂജന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമുള്ള നസ്ലെന്‍ നായകനായി വീണ്ടുമൊരു ചിത്രമെത്തുക. കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു വൈബാണ്. പക്ഷേ കണ്ടപ്പോള്‍, കാലം തെറ്റിയെത്തിയ ചിത്രമായാണ് തോന്നിയത്. പ്രേമലുവിന് മുന്‍പ് ഗിരീഷ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണത്രേ ഇപ്പോള്‍ പുറത്തിറക്കിയത്. അത് ശരിക്കും ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വലിയ ബാധ്യതയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ രണ്ടു ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഗിരീഷ് എ ഡി അത്രയൊന്നും എസ്റ്റാബ്ലിഷിഡ് ആയിരുന്നില്ലല്ലോ. പക്ഷേ പ്രേമലു എന്ന നൂറുകോടി ക്ലബില്‍ കയറിയ ചിത്രം, ഡയറട്കര്‍ക്കുമേല്‍ വമ്പന്‍ പ്രതീക്ഷകളുടെ ഭാരമാണ് കെട്ടിവെച്ചത്. അതുവെച്ച് തീയേറ്ററില്‍ കയറിയാല്‍ നിരാശയായിരിക്കും ഫലം.
ഒരു ശശാശരി ഫീല്‍ഗുഡ് മൂവിയുടെ അപ്പുറത്തേക്ക് കാതലന്‍ നീങ്ങുന്നില്ല. പക്ഷേ ഒരിടത്തും ബോറടിപ്പിക്കുന്നുമില്ല. 'കണ്ടിരിക്കാം' എന്ന് സാധാരണ പറയുന്ന അഭിപ്രായമില്ലേ. അതാണ് ഈ ചിത്രത്തിന് നന്നായി ചേരുക. വെറുതെ കണ്ടിരിക്കാം! ഗിരീഷ് എ ഡിയുടെ പതിവ് കഥകളുടെ എല്ലാ ചേരുവകളും ഈ ചിത്രത്തിനുമുണ്ട്്. ഈ പ്രഡിക്റ്റമ്പിലിറ്റിയാണ് ചിത്രത്തിന്റെ പ്രധാന പ്രശ്നം. ഗിരീഷ് എ ഡി യൂണിവേഴ്സിലെ ഒട്ടുമിക്ക താരങ്ങളും ഈ ചിത്രത്തിലുമുണ്ട്. പതിവുപോലെ എഞ്ചിനീയറിങ്ങ്- ഐ ടി കഥയാണ് ഇവിടെയും. പ്രണയവും, ബ്രേക്കപ്പും, അവഗണനയും, പ്രതികാരവും. അവിടേക്ക് ഹാക്കിങ്ങും അതുവഴിയുണ്ടാവുന്ന പ്രശ്നങ്ങളുമൊക്കെയായി ഒരു ത്രില്ലര്‍ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ ചിത്രം ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇത് പുര്‍ണ്ണമായും വിജയിച്ചിട്ടില്ല. കഷ്ടിച്ച് രണ്ടുമണിക്കുര്‍ മാത്രമുള്ള ചിത്രം, പലപ്പോഴം ഒരു ഷോര്‍ട്ട് ഫിലിമിന്റെ എക്സ്്റ്റെന്‍ഷന്‍ ആണോ എന്ന് തോന്നിപ്പോവും.
ഹാക്കിങ്് ഒഴിച്ചുനിര്‍ത്തിയാല്‍, പതിവ് കഥ തന്നെയാണിത്. ബി ടെക് പഠിച്ച് അനവധി സപ്ലികളുമായി നില്‍ക്കുന്ന ആളാണ് നസ്ലെന്റെ നായക കഥാപാത്രം വിഷ്ണു. ഈ നെക്സറ്റ്ഡോര്‍ പയ്യന്‍ എന്ന ഇമേജ് നസ്ലന്‍ അബ്ദുല്‍ ഗഫൂര്‍ എന്ന മലയാളം സമീപകാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച യുവ നായകന് ബാധ്യതയാവുന്നുണ്ട്. വീട്ടുകാര്‍ക്കും ഗേള്‍ഫ്രണ്ടിനുമൊക്കെ ഒരു ഉഴപ്പന്‍ എന്ന ഇമേജ് ഉള്ള വ്യക്തിയാണ് വിഷ്ണു. പതിവുതെറ്റിക്കാതെ ഈ പടത്തിലും അയാള്‍ കാമുകില്‍നിന്ന് ബ്രേക്കപ്പ് അവുന്നുണ്ട്. പക്ഷേ കോളേജിലെ സുഹൃത്തുക്കള്‍ക്കിടയില്‍ ഹാക്കര്‍ എന്ന ഇമേജ് ഉള്ള വിഷ്ണു ആ രീതിയില്‍ കഴിവുള്ളയാളാണ്. ജീവിതം ആകെ പ്രതിസന്ധിയിലാവുന്ന ഒരു ഘട്ടത്തില്‍ അയാള്‍ ചെയ്യുന്ന ഒരു കടുംവെട്ടാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം കഥയുടെ ദുര്‍ബലത തന്നെയാണ്. അവസാനം ഇത് ഇങ്ങനെയാവും എന്ന് നമുക്ക് നിഷ്പ്രയാസം പറയാന്‍ സാധിക്കും. ഗിരീഷ് എ ഡി ചിത്രങ്ങളില്‍ സ്വാഭാവികമായി എത്തുന്ന സിറ്റ്വേഷണല്‍ ഹ്യൂമര്‍ ഇവിടെയും ഉണ്ടെങ്കിലും അതൊന്നും വലിയ ഒരു ഇംപാക്റ്റ് ഉണ്ടാക്കിയിട്ടില്ല. ഗിരീഷ് എ ഡിയുടെ ഇതുവരെയുള്ള എല്ലാ സിനിമകളിലും അഭിനയിച്ച നടനാണ് നസ്ലെന്‍. അഭിനയം തുടങ്ങിയ കളരിയും ഇതതന്നെ. അതിനാല്‍ത്തന്നെ ഏറ്റവും സ്വാഭാവികമായി ക്യാമറയ്ക്ക് മുന്നില്‍ പെരുമാറുന്ന നസ്ലെനെ ഐ ആം കാതലനിലും കാണാം. പക്ഷേ ടൈപ്പായി പോകുന്നത് ഈ നടന് ദോഷം ചെയ്യും.
ദിലീഷ് പോത്തനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ പ്രൈവറ്റ് ഫിനാന്‍ഷ്യര്‍ ചാക്കോ പെരിയാടനെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെപോലെ ഒരു നടന് അനായാസം ചെയ്യാവുന്നതാണ് ഈ വേഷം. അനിഷ്മ അനില്‍കുമാറാണ് ശില്‍പ എന്ന നായികാ കഥാപാത്രമായി എത്തുന്നത്. ലിജോമോള്‍ എത്തിക്കല്‍ ഹാക്കറുടെ വേഷത്തില്‍ എത്തുന്നുണ്ട്്. നല്ല കഥാപാത്രമാണ്. ഗിരീഷ് എ ഡി ചിത്രങ്ങളിലെ 'നിലയ ഗായകരായ', വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവര്‍ക്കൊപ്പം സജിന്‍ ചെറുകയിലും രസകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സജിന്‍ ചെറുകയിലിന്റേതാണ് ചിത്രത്തിന്റെ രചനയം.
ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വലിയ ക്യാമറാവര്‍ക്കിനൊന്നും സ്‌കോപ്പില്ലാത്ത ചിത്രമാണിത്. പക്ഷേ ഉള്ളത് ജോറായി എടുത്തിട്ടുണ്ട്. പക്ഷേ ഗിരീഷും നെസ്ലനും ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നും ഇതേ ഴോണര്‍ പിടിച്ചാല്‍ പ്രേക്ഷകര്‍ക്ക് മടുക്കും. കഥയിലും പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാന്‍ കഴിയണം. അപ്പോഴാണ് ഒരു ചലച്ചിത്രകാരന്റെ ഗ്രാഫ് ഉയരുക.
വാല്‍ക്കഷ്ണം: ഇടക്ക് ചിത്രീകരണം മുടങ്ങിപ്പോയ ഈ ചിത്രം ഇപ്പോള്‍ പ്രേമലുവിന്റെ വമ്പന്‍ വിജയത്തിനുശേഷം പൊടി തട്ടി എടുത്തതാണെന്നും കേള്‍ക്കുന്നുണ്ട്. ആ ഒരു തട്ടിക്കൂട്ടിന്റെ ചേര്‍ച്ചക്കുറവ് ചിത്രത്തില്‍ പ്രകടമാണ്.