വിജയ് ദേവര കൊണ്ട! ഒന്നോ രണ്ടോ സിനിമകള്‍ മാത്രം കണ്ടിട്ടും ഈ ലേഖകന്റെ ഒക്കെ മനസ്സില്‍നിറഞ്ഞു നിന്ന ഒരു തെലുഗ് നടന്‍. സിക്സ് പാക്ക് ശരീരം, പക്ഷേ എങ്ങനെയും മാറാന്‍ കഴിയുന്ന ബോഡി ലാംഗ്വേജ്, കണ്ണിലെ ആ പ്രത്യേക തിളക്കം, ചെറു ചിരിയോടെയുള്ള അനായസമായ അഭിനയം. നമ്മുടെ മോഹന്‍ലാലിന് ബാഹുബലി പ്രഭാസിലുണ്ടായ നടന്‍ എന്ന് പറഞ്ഞുപോവും! ഇടക്കാലത്ത് തുടര്‍ച്ചയായ പരാജയങ്ങള്‍ വഴി ഇദ്ദേഹം ഒരു ബ്രേക്ക് എടുത്തപ്പോള്‍, വ്യത്യസ്തനായ ഒരു നടനെ നഷ്ടമായോ എന്ന് കരുതി. എന്നാല്‍ ഗൗതം തന്നൂരി എഴുതി സംവിധാനം ചെയ്ത 'കിങ്്ഡം' എന്ന ചിത്രത്തിലൂടെ അതിശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കയാണ് വിജയ് ദേവര. ഈ 36-കാരനായ നടന്റെ കൊണ്ടാട്ടമാണ് ചിത്രം. രണ്ടു ഗെറ്റപ്പില്‍ ഫൈറ്റും വെടിവെപ്പും ആക്ഷനുമൊക്കെയായി ദേവര വിലസുകയാണ്.

പക്ഷേ പടം മൊത്തലിലെടുത്താല്‍ ആവറേജേ വരൂ. രണ്ടാം പകുതിയില്‍ പലയിടത്തും ലോജിക്കിന്റെ പ്രശ്നങ്ങളുണ്ട്. കെജിഎഫ് സിന്‍ഡോം എന്ന തെന്നിന്ത്യയിലെ ഫിലം മേക്കേഴ്സിനെ ഇപ്പോള്‍ പിടികൂടിയിരിക്കുന്ന ഒരു രോഗം ഈ പടത്തെയും ബാധിച്ചിട്ടുണ്ട്. കെജിഎഫിന്റെ വിജയം മുന്നില്‍ കണ്ടുകൊണ്ട് ഏതാണ്ട് അതുപോലെ ഒരു കഥയുണ്ടാക്കി ഒരു കരുത്തനായ സൂപ്പര്‍സ്റ്റാറിനെവെച്ച് മാര്‍ക്കറ്റ് ചെയ്യുക. പുറമേ കാണുമ്പോള്‍ പ്രമേയത്തില്‍ വ്യത്യാസമുണ്ടാവും. എന്നാല്‍ ക്ലൈമാക്സ് അടുപ്പിച്ച് നമുക്ക് കാര്യങ്ങള്‍ പിടികിട്ടും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വിജയ് ദേവരയുടെ കെജിഎഫാണ് ഈ ചിത്രം. കലാപരമായി ആവറേജായിട്ടും ചിത്രം വാണിജ്യ വിജയമാവുന്നത്, ഈ നടന്റെ ബലത്തിലാണ്.

കഥ ടിപ്പിക്കല്‍ തെലുഗ്

ശരിക്കും ഒരു ടിപ്പില്‍ക്കല്‍ തെലുഗ് സിനിമയുടെ എല്ലാ ചിട്ടവട്ടങ്ങളുമുള്ള സിനിമാക്കഥയാണിത്. അണ്ണന്‍- തമ്പി പാസം എന്ന് മലയാളികള്‍ പരിഹസിക്കുന്നത് പതിവ് സഹോദര സ്നേഹ കഥ. വര്‍ഷങ്ങള്‍ക്ക്് മുമ്പ് നാടുവിട്ട തന്റെ സഹോദരനെ തേടി നടക്കുന്ന ഒരു കോണ്‍സ്റ്റബിളാണ് ചിത്രത്തില്‍ വിജയ് ദേവര കൊണ്ടയുടെ നായകന്‍ സൂരി. അങ്ങനെ ഇരിക്കെയാണ്, അയാള്‍ യാദൃശ്ചികമായി രഹസ്യലന്വേഷണ വിഭാഗത്തിന്റെ കണ്ണില്‍പെടുന്നത്. അയാളെ അവര്‍ ശ്രീലങ്കയില്‍ ഒരു അണ്ടര്‍ കവര്‍ ഓപ്പറേഷന് തിരഞ്ഞെടുക്കുന്നു.




അതിന് കാരണം അയാള്‍ തേടുന്ന സഹോദരന്‍ ശിവ അവിടെ ജാഫ്നയില്‍ ഒരു സ്മഗ്ളിങ് ഗ്യാങ്ങിന്റെ നേതാവാണ് എന്നതാണ്. ചെറുപ്പത്തില്‍, മദ്യപാനിയും പഡീനകനുമായ അപ്പനെ കൊന്ന് നാടുവിട്ടവനാണ് അവന്‍. പിന്നെ ഒരു വിവരവുമില്ല. 90കളില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനുശേഷമുള്ള ശ്രീലങ്കന്‍ പൊളിറ്റിക്കല്‍ സിറ്റുവേഷനലിലാണ് കഥ നടക്കുന്നത്. ഒരു ചാരനായി ജാഫ്നാ സംഘത്തില്‍ നുഴഞ്ഞുകയറി തന്റെ സഹോദരനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരിക എന്നതാണ് സൂരിയുടെ മനസ്സില്‍. പക്ഷേ അവിടെ എത്തിയപ്പോഴാണ് താന്‍ കരുതിയപോലെയല്ല സാഹചര്യങ്ങള്‍ എന്ന് അവന്‍ അറിയുന്നത്.

സത്യത്തില്‍ ഈ കഥാപ്ലോട്ടിന് യാതൊരു പുതുമയുമില്ല. പക്ഷേ കഥകൊണ്ടല്ല മേക്കിങ്ങുകൊണ്ടാണ് ചിത്രം പിടിച്ചുനില്‍ക്കുന്നത്. ഈ കഥയിലേക്ക് 1920-ലെ ശ്രീകാകുളം വെടിവെപ്പും, ഒരു ഗോത്ര ജനതയെ ബ്രിട്ടീഷുകാര്‍ തകര്‍ത്ത കഥയും എഴുത്തുകാരന്‍കുടിയായ സംവിധായകന്‍ ഗൗതം തന്നൂരി ചേര്‍ക്കുന്നുണ്ട്. അതോടെ 'കിങ്ഡം' ഒരു കെജിഎഫ് ലൈനിലേക്ക് ഉയരുന്നുണ്ട്. പക്ഷേ ടോട്ടാലിറ്റിയില്‍ കെജിഎഫിന്റെ അടുത്ത് എത്താന്‍പോലും ഈ പടത്തിന് കഴിഞ്ഞിട്ടില്ല.

അങ്ങേയറ്റം പ്രതീക്ഷയുര്‍ത്തി ഗംഭീര മേക്കിങ്ങിലുടെ വന്ന ഫസ്റ്റ്ഹാഫിനുശേഷം ചിത്രം ആറിത്തണത്തുപോവുകാണ്. ആദ്യപകുതിയിലെ ജയില്‍ രംഗങ്ങളും ബോട്ട് സീക്വന്‍സുകളുമൊക്കെ എടുത്തിരിക്കുന്നത് ഹോളിവുഡ് നിലവാരത്തിലാണ്. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നതെന്നും അഭിമാനാര്‍ഹമാണ്. ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ഇന്ന് വിലപിടിച്ചവരായി മാറിയിരിക്കയാണ് മലയാളി ടെക്ക്നീഷ്യന്‍മാരും.

പൊളിച്ച് വിജയ് ദേവര

വിജയ് ദേവര കൊണ്ടയുടെ ആക്ഷന്‍ സീനുകള്‍ തന്നെയാണ് ഏറ്റവും ശ്രദ്ധേയം. ഇതുപോലെ ഒരു ത്രില്ലര്‍ മൂവിയുടെ മൂഡിനെ ചേര്‍ന്ന നടന്‍ വേറെയുണ്ടോ എന്ന് സംശയമാണ്. രണ്ട് ഗെറ്റപ്പില്‍ വന്ന് അടിച്ചുപൊളിക്കുന്ന വിജയ് ദേവര ആരാധകര്‍ക്ക വേണ്ടതെല്ലാം നല്‍കുന്നുണ്ട്. ആക്ഷന്‍ സീനുകള്‍ മാത്രം നന്നായി ചെയ്യുന്ന വെറുമൊരു ജിമ്മനുമല്ല വിജയ് ദേവര. ഇമോഷണല്‍, പ്രണയ സീനുകളിലും അയാള്‍ നന്നായി ചെയ്യുന്നുണ്ട്. ഈ ലൈനില്‍ ചിത്രങ്ങള്‍ പിടിച്ചാല്‍, തെലുഗില്‍നിന്ന് ഒരു പാന്‍ ഇന്ത്യന്‍ താരം കൂടി ഉണ്ടാവുമെന്ന് ഉറപ്പാണ്.

നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ പ്രഭാസിനും അല്ലു അര്‍ജുനും മുകളില്‍ പോവേണ്ടതായിരുന്നു ഈ നടന്‍. തീര്‍ച്ചയായും വിജയ് ദേവര ഫാന്‍സിന് ആഘോഷിക്കാന്‍ കഴിയുന്ന സിനിമയാണിത്. സിനിമയ്ക്കായി വിജയ് ദേവരകൊണ്ട നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തതും വാര്‍ത്തയായിരുന്നു.




അനിരുദ്ധ് രവിചന്ദറിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒരു വേള തീയേറ്ററില്‍ ഒന്ന് കണ്ണടച്ച് കേട്ടിരിക്കാന്‍ തോന്നും. അതുപോലെ ഇത്തരം മാസ് മസാലകളില്‍ സാധാരണ അഞ്ചുപാട്ടെങ്കിലും ഉണ്ടാവും. എന്നാല്‍ കിങ്്ഡത്തില്‍ ആകെ ഒരു പാട്ടാണ് ഉള്ളത്. അതിന് പ്രേക്ഷകര്‍ സംവിധായകനോട് നന്ദി പറഞ്ഞുപോവും. പക്ഷേ ഫസ്റ്റ് ഹാഫില്‍ കിട്ടിയ അതേ മുഡ് രണ്ടാം പകുതിയിലും കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചിത്രത്തെ പിടിച്ചാല്‍ കിട്ടില്ലായിരുന്നു. എന്നാല്‍ ക്ലൈമാക്സിനോട് അനുബന്ധിച്ച് ചിത്രം, ഏത് കാക്കാലനും പ്രവചിക്കാന്‍ കഴിയുന്ന രീതിയിലായിപ്പോയി. പ്രേക്ഷകരെ കൃത്യമായി കണ്‍വിന്‍സ് ചെയ്യിക്കാന്‍ ഡയറക്ടര്‍ക്ക് കഴിയുന്നില്ല. ഇവിടെയാണ് കെജിഎഫ് ടീമിന്റെയൊക്കെ മിടുക്ക്.

മലയാളി വില്ലന് വണക്കം

മലയാളത്തിലെ യുവ നടന്‍ വെങ്കിടേഷാണ്, ചോരകൊണ്ട് പെരുങ്കളിയാട്ടം നടത്തുന്ന ചിത്രത്തിലെ സൈക്കോ വില്ലനെ അവതരിപ്പിക്കുന്നത്. നായിക - നായകന്‍ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് വി പി വെങ്കിടേഷ്. ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കൊച്ചുകൊച്ചു വേഷങ്ങള്‍ ചെയ്ത വെങ്കിടേഷിന്‍െ സംബന്ധിച്ച് ഇതുപോലെ ഒരു രാക്ഷസ സമാനമായ വില്ലന്‍ ഒരു കരിയര്‍ ബ്രേക്കാണ്. വലിയ കുഴപ്പമില്ലാതെ അയാള്‍ ആ വേഷം ചെയ്തിട്ടുമുണ്ട്. മലയാളത്തിലെ മറ്റൊരു പ്രമുഖ നടന്‍ ബാബുരാജ്, വെങ്കിടേഷ് ചെയ്ത കഥാപാത്രത്തിന്റെ അപ്പനായി ചിത്രത്തിലുണ്ട്. വീല്‍ ചെയറിലിരുന്ന് നാടിനെ നിയന്ത്രിക്കുന്ന ഡോണൊക്കെ ഒരു പാട് കണ്ട് അളിഞ്ഞുപോയതാണ്. പക്ഷേ ബാബുരാജും ഉള്ളത് മോശമാക്കിയില്ല.

തെലുഗ് നടന്‍ സത്യദേവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ, സൂരിയുടെ സഹോദരന്‍ ശിവയെ അവതരിപ്പിക്കുന്നത്. ഈ നടനെ വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല എന്നേ പറയാന്‍ കഴിയൂ. പക്ഷേ ഉള്ളത് അയാള്‍മോശമാക്കിയിട്ടില്ല. വിജയ്- ശിവ കോമ്പോയും മോശമായിട്ടില്ല. നായിക ഭാഗ്യശ്രീ ബോര്‍സെയുമായുള്ള നായകന്റെ കെമിസ്ട്രി ഗംഭീരമായിരുന്നു. എന്നാല്‍ അവരുടെ സീനുകള്‍ അധികമില്ല. പ്രമേയമനുസരിച്ച് അതിന്റെ ആവശ്യവുമില്ല. സിതാര എന്റര്‍ടെയ്ന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ 4 സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈയിടെ ഇത്തരം ബ്ര്ഹമാണ്ഡ സിനിമകളുടെ പതിവ് രീതിയായി, രണ്ടാം പകുതിക്ക് ഗ്യാപ്പിട്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നതും.




മൊത്തത്തില്‍ പറഞ്ഞാല്‍, കലാപരമായി നോക്കുമ്പോള്‍ ആവറേജ് മാത്രമാണിത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഒരു കോമേര്‍ഷ്യല്‍ ത്രില്ലര്‍ കാണാന്‍ പോയാല്‍ നിങ്ങള്‍ക്ക് ഫീല്‍ ഗുഡ് എന്ന മൂഡുമായി തിരിച്ചുപോവാം. അല്ലാതെ സോഷ്യല്‍ മീഡിയയിലെ തള്ളല്‍ വെച്ച് കെജിഎഫ് മോഡലില്‍ ഒരു ബ്രഹ്‌മാണ്ഡ ചിത്രം ആസ്വദിക്കാം എന്ന്വെച്ച് പോയാല്‍ നിരാശയാവും ഫലം.

വാല്‍ക്കഷ്ണം: ആവറേജായിരുന്നിട്ടും, തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത ചിത്രത്തിന് ഒരു ഹിറ്റ് ചിത്രത്തിന്റെയത്ര ബോക്സോഫീസ് കളക്ഷന്‍ കിട്ടുന്നുണ്ട്. വിജയ് ദേവര മടങ്ങിവരുന്നുവെന്ന് കൃത്യമായി പറയാം. ഇന്ത്യന്‍ സിനിമയെ നിയന്ത്രിക്കുന്ന തെലുഗില്‍നിന്ന് ഒരു പാന്‍ ഇന്ത്യന്‍ താരംകൂടി ഉയര്‍ന്നുവരട്ടെ.