കള്ളിയങ്കാട്ട് നീലിയുടെ കഥ കേട്ട് 'പകച്ചുപോയതാണ്' നമ്മുടെ 90 കിഡ്സിന്റെയൊക്കെ ബാല്യം. നീലി, മാടന്‍, കുട്ടിച്ചാത്തന്‍...മിത്തായി നാം കേട്ട കഥാപാത്രങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ടോ എന്ന അന്വേഷണമാണ്, 'ലോക: ചാപ്റ്റര്‍: 1 ചന്ദ്ര'. നൂറ്റാണ്ടുകള്‍ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ ജീവിച്ചിരിക്കുന്ന കള്ളിയങ്കാട്ട് നീലി ദുഷ്ടനിഗ്രഹത്തിനായി വീണ്ടും എത്തുന്നു എന്ന ഒറ്റവാക്കില്‍ തീരും ചിത്രത്തിന്റെ വണ്‍ലൈന്‍. പക്ഷേ അവിടെനിന്ന് ഈ പടം അതി സുന്ദരമായ മേക്ക് ചെയ്ത് എടുത്ത എഴുത്തുകാരനും സംവിധായകനുമായ ഡൊമിനിക് അരുണിനെ സമ്മതിക്കണം. എ ഐയും, മോഡേണ്‍ ഗ്രാഫിക്സും അടക്കമുള്ള സാങ്കേതിക വിദ്യകള്‍ക്ക് നന്ദി പറയുക. കൊച്ചിയില്‍ ഇരുന്നുകൊണ്ട് നമുക്ക് ലോസ്ആഞ്ചല്‍സിലെ സെറ്റപ്പില്‍ പടം എടുക്കാന്‍ കഴിയും. അതിനെ തലക്കകത്ത് ആള്‍ത്താമസം മാത്രം മതി.

മലയാളത്തിലെ ആദ്യസൂപ്പര്‍ വുമണ്‍ സിനിമ എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടുകയാണ് ലോക. ഈ ഓണക്കാലത്ത് തീയേറ്റുകളെ പൂരപ്പറമ്പാക്കി മാറ്റുകയാണ് ചിത്രം. കേരളത്തിലെ 250-ലധികം സ്‌ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. രണ്ടാം ദിനം ഇത് ഇരട്ടിയായി. എന്നിട്ടും എല്ലായിടത്തും ഹൗസ് ഫുള്‍. 2025-ലെ ഓണച്ചിത്രങ്ങളെയെല്ലാം വെട്ടിച്ച് ഇന്‍ഡസ്ട്രി തൂക്കിയിരിക്കയാണ്, ദൂല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ഈ ചിത്രം.

ഇത് ന്യൂജന്‍ നീലിക്കഥ

കഥയിലേക്ക് വന്നാല്‍, നിഗൂഢതയുടെ മൂടുപടമിട്ട ഒരു സുന്ദരി ചന്ദ്ര, ( കല്യാണി പ്രിയദര്‍ശന്‍) ഒരു വലിയ പ്രശ്നത്തിനിന്ന് രക്ഷപ്പെട്ട് കര്‍ണാടകയിലെ ഒരു മെട്രോ നഗരത്തില്‍ ( ബാംഗ്ലൂര്‍ ആണെന്ന് ചിത്രം ഉറപ്പിച്ച് പറയുന്നില്ല) താമസിക്കാനെത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. അവള്‍ക്കെതിരയുള്ള വീട്ടിലാണ്, നസ്ലന്റെ സണ്ണി അടക്കമുള്ള കാര്യമായ പണിക്കൊന്നും പോവാതെ ഉഴപ്പിയടിച്ച് നടക്കുന്ന സംഘമുള്ളത്. അവര്‍ ക്രമേണെ ചന്ദ്രയുമായി അടുക്കുന്നു. ചന്ദ്രയിലെ നിഗൂഢതകള്‍ കണ്ടെത്താനുള്ള സണ്ണിയുടെ അന്വേഷണത്തോടെയാണ് ചിത്രം ചൂടുപിടിക്കുന്നത്. പിന്നങ്ങോട്ട് 'കണ്ടറിയണം കോശീ'.




ഒരു സൂപ്പര്‍ വുമണ്‍ മൂവി മലയാളത്തിലൊക്കെ നടക്കുമോ എന്ന ദോഷൈകദൃക്കുകളുടെ ചോദ്യത്തിനുള്ള മികച്ച മറുപടിയാണ് ഈ പടം. ( നേരത്തെ 'മിന്നല്‍ മുരളി' ചെയ്ത് ഇതിലേക്ക് വഴിവെട്ടിയ ബേസിലിനെ മറക്കാന്‍ കഴിയില്ല)

കോസ്റ്റ്യൂമിലും മേക്കപ്പിലുമെല്ലാം പടം യുണീക്കാണ്. നഗരത്തിലെ രാത്രി ലൈറ്റ് ചെയ്തിരിക്കുന്നതൊക്കെ കണ്ടാല്‍ ആ സ്ട്രീറ്റിലുടെ ഒന്ന് നടന്നുപോവാന്‍ നമ്മളും കൊതിച്ചുപോവും. ഛായാഗ്രഹണം നിര്‍വഹിച്ച നിമിഷ് രവിയും എഡിറ്റിങ് നിര്‍വഹിച്ച ചമന്‍ ചാക്കോയും ശരിക്കും പൊളിച്ചിട്ടുണ്ട്. ജേക്‌സ് ബിജോയുടെ ബിജിഎം ചിത്രത്തിന് കൊടുക്കുന്ന മൂഡ് ഒന്ന് വേറയൊണ്. പടം അങ്ങോട്ട് കയറിപ്പോവുകയാണ്. രണ്ടു സെക്കന്‍ഡ് കണ്ണടച്ച് ആ ബിജിഎം ഒന്ന് കേട്ടുനോക്കൂ.

അതുപോലെ ഡയറക്റുടെ ബ്രില്ല്യന്‍സ് കാണിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. നീലിയുടെ ഭൂതകാലം കാണിക്കുന്ന ഗ്രാഫിക്കല്‍ ഷോട്ടുകള്‍ തന്നെ ഉദാഹരണം. കുഞ്ഞുനീലിയും രാജാവിന്റെ സൈന്യവും തമ്മിലുള്ള ഫൈറ്റൊക്കെ ഞെട്ടിക്കുന്നതാണ്. ഒരു സാധാപെണ്‍കുട്ടി നീലയായി മാറുമ്പോഴുള്ള ഊര്‍ജം കാണേണ്ടതാണ്. അതുപോലെ ചന്ദ്രനിലേക്ക് പറന്നുയരുന്ന ചന്ദ്രയുടെ ഒരു ഷോട്ടുണ്ട്, ക്ലാസിക്ക് എന്ന് പറയണം. മോളിവുഡിന്റെ മാര്‍വല്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ ചിത്രം. മേക്കിങിലൂടെ മറ്റൊരു ലോകം തന്നെയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കായി തുറന്നു വച്ചിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'. രണ്ടാം ഭാഗത്തിനായി ഒരു ടെയില്‍ എന്‍ഡ് കൊടുക്കേണ്ട കാര്യമൊന്നുമില്ല. ജനം കാത്തിരിക്കുമെന്ന് ഉറപ്പാണ്.

കല്യണി: ദ ലേഡി സൂപ്പര്‍സ്റ്റാര്‍

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍വുമണ്‍ സീരിസിലേ നായികയാണ് കല്യാണി ്പ്രിയദര്‍ശന്‍. മിത്തും യാഥാര്‍ത്ഥ്യവും ടെക്ക്നോളജിയുമെല്ലാം, കൂട്ടിക്കുഴച്ചുണ്ടാക്കിയ ഇതുപോലെ ഒരു സിനിമയിലേക്ക്, സാധാരണ ബോളിവുഡില്‍നിന്നൊക്കെ നടിമാരെ ഇറക്കുമതിചെയ്യുകയാണ് പതിവ്. ഇപ്പോളും ഫിസിക്കല്‍ ഫിറ്റ്നസ് എന്നു പറയുന്നത്, തിരമലയാളത്തിലെ അഭിനേത്രികള്‍ക്ക് അത്രയൊന്നും ഉണ്ടായിട്ടില്ല. ഒരു സീനൊഴിച്ച് ബാക്കിയെല്ലാം താന്‍ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് കല്യാണി പറഞ്ഞിരുന്നു. പകരം ഇന്ന് മുഖ്യധാരയിലുള്ള മറ്റേത് നടിയെയും, സങ്കല്‍പ്പിച്ച് നോക്കൂ. ഒന്നും വര്‍ക്കാവില്ല. വൈഡ്യൂരക്കണ്ണുകളും, വജ്രം തിളങ്ങുന്ന നോട്ടങ്ങളും, ആരെയും അടിച്ചിടാന്‍ കഴിയുന്നപോലുള്ള ശരീര പ്രകൃതവുമായി കല്യാണിയങ്ങോട്ട് അഴിഞ്ഞാടുകയാണ്. ഒരേ സമയത്ത് പ്രണയവും പേടിയും തോന്നുന്ന സൗന്ദര്യധാമം! നോട്ടം ഷാര്‍പ്പാക്കിയാല്‍ യക്ഷി, ലൈറ്റാക്കിയാല്‍ കാമിനി. അപരമായ റേഞ്ച് വേണം ഇതുപോലെ ഒരു കഥാപാത്രത്തെ ചെയ്യാന്‍.




അതുകൊണ്ടുതന്നെ ഈ പടത്തിലെ മാന്‍ ഓഫ് ദി മാച്ച് ഈ നടി തന്നെ. നായകന്റെ വാലായി നടക്കുകയല്ലാതെ, വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ മലയാളത്തില്‍ കുറവാണ്. നേരത്തെ മഞ്ജുവാര്യര്‍ക്കാര്‍ മാത്രമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ഒരു വിളിപ്പേര് കിട്ടിയത്. നിസ്സംശയം പറയാം, ആ ടാഗ്ലൈന്‍ കല്യാണി പ്രിയദര്‍ശന് കൈമാറാനുള്ള സമയമായി. അതുപോലെ നസ്ലന്‍. ചില ഭാവങ്ങള്‍വെച്ചുനോക്കുമ്പോള്‍ ന്യൂജന്‍ ലാലേട്ടനാണ് ഈ പയ്യന്‍. ടെന്‍ഷന്‍ പിടിച്ച സീനുകള്‍ക്കിടയില്‍ നസ്ലന്റെ ചില ഭാവങ്ങളുണ്ട്. ചിരിച്ചുപോവും. അതുപോലെ നസ്ലന്റെ ഫ്രന്‍ഡ്സ് ടീമായ ചന്തും സലീം കുമാറും, അരുണ്‍ കുര്യനും കട്ടക്ക് കൂടെ നില്‍ക്കായാണ്. ചന്തുവിനും കരിയര്‍ ബ്രേക്കാവും ഈ ചിത്രം. ചന്തു ചിലയിടത്തൊക്കെ പിതാവ് സലിം കുമാറിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നാച്ചിയപ്പ എന്ന ഡെവിളിഷ് വില്ലനായി, അഴിഞ്ഞാടുകയാണ് ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി. പൊലീസ് ഓഫീസറായുള്ള തുടക്കത്തിലെ സീന്‍മുതല്‍ 'ഘടോല്‍ക്കചന്‍' പെര്‍ഫോമന്‍സാണ് ഇദ്ദേഹത്തിന്റെത്. വിജയുടെ 'ലിയോ' ഫേം വില്ലന്‍ തീയേറ്റര്‍ വിട്ടാലും പ്രേക്ഷകന്റെ പിറകെയുണ്ടാവും. സണ്ണി വെയിന്‍, വിജയരാഘവന്‍, നിശാന്ത് സാഗര്‍, രഘുനാഥ് പലേരി എന്നിവര്‍ അടങ്ങുന്ന ഒരു നീണ്ട താരനിരയുണ്ട് ചിത്രത്തില്‍. ഇതുപോലെ ഒരു സൂപ്പര്‍ഹീറോ മൂവിയിലൊന്നും ലോജിക്കിന് യാതൊരു പ്രസക്തിയുമില്ല. പക്ഷേ രണ്ടാംപകുതിയിലെ അഭൂതപൂര്‍വമായ സംഭവവികാസങ്ങളിലേക്ക് ഇണങ്ങുന്ന രീതിയില്‍ പ്രമേയക്കരുത്ത് കൊടുക്കാന്‍ ഡയറക്ടര്‍ക്ക് ആവുന്നില്ല.

വാല്‍ക്കഷ്ണം: ചിത്രത്തിന്റെ ടൈറ്റിലുകള്‍ എല്ലാം എഴുതിക്കാണിച്ചുകഴിഞ്ഞിട്ടും ഒരു ടെയില്‍ എന്‍ഡ് ഉണ്ട്. അതറിയാതെ പലരും തീയേറ്റര്‍ വിട്ടുപോയി. നീലി ഒളിപ്പിച്ചുവെച്ച ഒരു സസ്പെന്‍സായിരുന്നും അതും.