- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സുനിറച്ച് മഞ്ഞുമ്മൽ ബോയ്സ്!
സ്പോർട്സിലൊക്കെ പറയാറില്ലേ, 25 വർഷം പഴക്കുമുള്ള റെക്കോർഡ് തകർന്നുവെന്നൊക്കെ. ഇപ്പോൾ മലയാള സിനിമയിലിതാ 34 വർഷം പഴക്കമുള്ള ഒരു റെക്കോർഡ് തകർന്നിരിക്കയാണ്. 1990-ൽ ഇറങ്ങിയ, ഭരതൻ സംവിധാനം ചെയ്ത മാളൂട്ടിയാണ്, ഇപ്പോഴും മലയാളത്തിൽ ഇറങ്ങിയ എറ്റവും മികച്ച സർവൈവൽ ത്രില്ലറായി കണക്കാക്കുന്നത്. പിന്നീട് മോഹൽലാലിന്റെ നീരാളി, അന്ന ബെൻ നായികയായ ഹെലൻ, ഫഹദിന്റെ മലയൻകുഞ്ഞ് തുടങ്ങി ഈ വിഭാഗത്തിൽപെടുത്താവുന്ന ചിത്രങ്ങൾ ഉണ്ടായെങ്കിലും ഒന്നുപോലും മാളൂട്ടിയുടെ അടുത്ത് എത്തിയില്ല. കുഴൽക്കിണറിൽ കുടുങ്ങിപ്പോയ മാളൂട്ടിയുടെ അതിജീവനത്തിന്റെ റെക്കോർഡ് ഇപ്പോൾ തകർന്നിരിക്കയാണ്. ജൻ-എ - മൻ എന്ന ഒന്നാന്തരം സിനിമയിലുടെ മലയാളികളുടെ ഹൃദയം കീഴടക്കിയ, യുവ സംവിധായകൻ ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' മലയാളത്തിൽ നാളിതുവരെയുണ്ടായ മികച്ച സർവൈൽ മൂവിയാണെന്ന് നിസ്സംശയം പറയാം.
മലയാള സിനിമയുടെ സീൻ മാറ്റും എന്നാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാം 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യം തീർച്ചയായും ശരിയാണ്. രണ്ടേകാൽ മണിക്കൂർ ചിത്രം കണ്ടിറങ്ങുമ്പോൾ നിങ്ങൾക്ക് ഈ മാറ്റം തൊട്ടറിയാൻ കഴിയും. തുടക്കം മുതൽ ഒടുക്കംവരെ ഒരു സീൻപോലും ബോറടിയില്ലാതെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ആദ്യ സീനുകളിലെ യുവാക്കളുടെ തമാശയും ത്രില്ലും, പിന്നീടങ്ങോട്ട് ഉദ്യേഗത്തിനും, സംത്രാസത്തിനും വഴിമാറുന്നു. വെറുമൊരു സർവൈവൽ മൂവിയുടെ ടാഗ്ലൈനിൽ ഒതുക്കാവുന്നതുമല്ല മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ മാറ്റത്തിന്റെ കഥ കൃത്യമായി അത് പറയുന്നുണ്ട്. ആഖ്യാനത്തിലും, കണ്ടന്റിടലും ആഗോള സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള സൃഷ്ടികൾ ഈ കൊച്ചുനാട്ടിൽനിന്നും ഉണ്ടാവുന്നത് എന്നത് ആശ്വാസകരമാണ്.
ഗുണാ ഗുഹയിൽ സംഭവിക്കുന്നത്
ഒരുപാട് റിസ്ക്കുള്ള ഒരു സബ്ജക്റ്റാണ് ഈ സർവൈൽ മൂവിയെന്നത്. കാരണം അതിന്റെ ക്ലൈമാകസ്് എന്തായാലും പ്രവചിക്കപ്പെട്ടതാണ്്. പക്ഷേ എന്നിട്ടും പ്രേക്ഷകനെ പിടിച്ചിരുത്തുക എന്നത് നല്ല പ്രതിഭയുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാണ്. പക്ഷേ ചിദംബരത്തിന് പണിയറിയാം. ശരിക്കും സംഭവിച്ച ഒരു കഥയാണ് ഇത്. അവിടെയുമുണ്ട് പരിമതി. ഒരു യഥാർത്ഥ സംഭവം സിനിമയാക്കുമ്പോൾ വല്ലാതെ സ്വാതന്ത്ര്യമെടുക്കാൻ സംവിധായകന് കഴിയില്ല. ഈ പരിമതിക്ക് അകത്തുനിന്നുകൊണ്ടുതന്നെ ചിദംബരം ഒന്നാന്തരം സിനിമ ഒരുക്കിയിരിക്കയാണ്്. വൃത്തത്തിനകത്ത് നിന്ന് മനോഹരമായ കവിതയെഴുതുന്ന പഴയ മഹാകവികളെപ്പോലെ.
എറണാകുളം മഞ്ഞുമ്മലിൽ നിന്ന്, കൊടെക്കനാലിലേക്ക് 2006-ൽ ഒരു ക്വാളിസിൽ ടൂറു പോകുന്ന 11 അംഗ സുഹൃത്തുക്കളുടെ കഥയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. കമൽഹാസന്റെ ഗുണ എന്ന സിനിമയും, അതിലെ 'കണ്മണീ അൻപോട് കാതലൻ നാൻ എഴുതും കടിതമേ..' എന്ന ഗാനവും ഹിറ്റായതോടെ, ഗുണ ഗുഹകൾ എന്ന് അറിയപ്പെട്ട ആ കേവ് ടൂറിസ്റ്റ് പ്ലേസിലേക്ക്, കൊടെക്കനാലിലെ യാത്രക്കിടെ യാദൃശ്ചികമായാണ് ആ യുവാക്കൾ എത്തിപ്പെടുന്നത്. (1991ന് ശേഷമാണ് ഇവിടം ഗുണ കേവസ് ആയി മാറിയത്. അതിന് മുൻപേ ഡെവിൾസ് കിച്ചൻ എന്ന പേരിൽ കുപ്രസിദ്ധമായിരുന്നു അവിടം) ഗുണ കേവ് സന്ദർശിക്കുന്നതിനിടെ സുഭാഷ് എന്ന ചെറുപ്പക്കാരൻ ഗുണ കേവിനകത്തെ അഗാധ ഗർത്തത്തിലേക്ക് വീഴുന്നു. ഇയാളെ രക്ഷിക്കാനുള്ള സുഹൃത്തുക്കളുടേയും അധികാരികളുടേയും ശ്രമമാണ് സിനിമയുടെ സാരം.
ഇതുകേൾക്കുമ്പോൾ ശരിക്കും വളരെ ലളിതമായ കഥ തന്തുവെന്ന് തോന്നാം. പക്ഷേ സിനിമ എടുത്തൂവെച്ചിരിക്കുന്നത് ഒന്ന് കാണണം. ആദ്യ പകുതിയുടെ പകുതി എത്തീമ്പോഴേക്കും ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെപ്പോലെ പ്രേക്ഷകരും, 900 അടി താഴ്ചയുള്ള ഗുഹയിലേക്ക് വീണുപോവുന്നു. സൗഹൃദവും, സ്നേഹവുമെല്ലാം കൃത്യമായി വിളക്കിച്ചേർത്താണ് ചിദംബരം ചിത്രം ഡിസൈൻ ചെയ്തിരിക്കുന്നു. പ്രവചനീയമായ കഥാന്ത്യത്തിൽപോലും ഉയരുന്ന കൈയടികൾ ചിത്രം എത്രമാത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ്.
സംവിധായകനാണ് ഹീറോ
ഒരു ഹീറോയുടെ കഥയല്ല ഇത്. ഒരു സൗഹൃദക്കൂട്ടത്തിന്റെ കഥയാണ്. മഞ്ഞുമ്മൽ ബോയ്സ് ആയി എത്തിയ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ എല്ലാവരും നന്നായിട്ടുണ്ട്. സംവിധായകനായ ഖാലിദ് റഹ്മാന്റെയും, സലിംകുമാറിന്റെ മകൻ ചന്തുവിന്റെയും അഭിനയം ചിത്രത്തിന് പുതുമ നൽകുന്നുണ്ട്. കൂട്ടത്തിന്റെ ലീഡർ എന്ന നിലയിൽ സൗബിന് കൂടുതൽ സ്ക്രീൻ സ്പേസ് കിട്ടുന്നുവെന്ന് മാത്രം. അതുപോലെ അപകടത്തിൽപെടുന്നയാൾ എന്ന നിലയിൽ ശ്രീനാഥ് ഭാസിക്കും.
പക്ഷേ സംവിധാനവും തിരക്കഥയും തന്നെയൊണ് ഈ ചിത്രത്തിലെ ഹീറോ. അനാവശ്യമായ ഒരു വലിച്ചുനീട്ടലുകൾക്കും അവസരം നൽകാതെ വളരെ പാക്ക്ഡായ സ്ക്രിപ്റ്റാണ് ചിത്രത്തിന്. അത് ചിത്രത്തെ ചടുലമാക്കുന്നു. ഒരു വിനോദയാത്രയുടെ അടിച്ചുപൊളി മൂഡിൽ നിന്നും പൊടുന്നനെ ആ ടീം അപായത്തിന്റെ ഗർത്തത്തിലേക്ക് വീഴുന്നത് ഒരു ഞെട്ടലോടെ മാത്രമേ നമുക്ക് കാണാൻ കഴിയു. അതുപോലെ കുട്ടികളുടെ ബാല്യകാലം കാണിക്കുന്ന സീനുകളിലുമുണ്ട് ഡയറക്ടറുടെ ബ്രില്ല്യൻസ്. ഫിലിംഫെസ്റ്റിവലിൽ വിദേശ സിനിമകൾ കാണുന്നപോലെ മനോഹരമാണ് ഈ രംഗങ്ങൾ. കുട്ടികളുടെ കാസ്റ്റിങ്ങും മികച്ചതായി.
ചെകുത്താന്റെ അടുക്കള എന്ന് വിശേഷണമുള്ള ഗുണ കേവിന്റെ ദൃശ്യങ്ങളിലും, ഒരു ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിലുള്ള സീനുകളിലുമെല്ലാ മുണ്ട് ഷൈജു ഖാലിന് എന്ന ഛായാഗ്രാഹകന്റെ പ്രതിഭ. ഗുണ കേവിന്റെ സൗന്ദര്യം ഒരുവേള പ്രേക്ഷകനിൽ ഭീതിയാണ് നിറക്കുക. സുഷിൻ ശ്യാമിന്റെ സ്കോറും പൊളിയാണ്. ഈ കോമ്പോയുടെ വിജയമാണ് സത്യത്തിൽ ചിത്രത്തെ ലൈവാക്കുന്നത്. അജയൻ ചാലിശ്ശേരി എന്ന കലാസംവിധായകന്റെ ബ്രില്ല്യൻസ് ഗുണാ ദൃശ്യങ്ങളിൽ പ്രകടം.
ജൻ-എ - മൻ എന്ന ഒന്നാന്തരം കോമഡി പ്ലസ് ഇമോഷണൽ ഡ്രാമയിൽനിന്ന് 'മഞ്ഞുമ്മൽ ബോയ്സിൽ' നടത്തുമ്പോൾ ചിദംബരം എന്ന സംവിധായകന്റെ കൈയടക്കം വർധിക്കുക തന്നെയാണ്. ഈ ചിത്രത്തിന്റെ കഥ ട്രെയ്ലറിൽ നിന്ന്തന്നെ നിങ്ങൾക്ക് ഊഹിച്ചെടുക്കാം. എന്നിട്ടും സിനിമ പിടിച്ചിരുത്തുന്നുണ്ടെങ്കിൽ അത് ഡയറക്ടറുടെ മിടുക്കാണ്. ശ്വാസമടക്കി പിടിച്ചു മാത്രം പ്രേക്ഷകർക്കു കണ്ടു തീർക്കുന്ന കാഴ്ചാനുഭവമായി, 'മഞ്ഞുമ്മൽ ബോയ്സ് പലയടിത്തും മാറുന്നുണ്ട്. ഈ കഥവെച്ച് ഇതിലേറെ ചെയ്യാൻ വയ്യ.
'കണ്മണീ അൻപോട് കാതലൻ നാൻ' എന്ന ഗാനവുമായിട്ടാണ് മഞ്ഞുമ്മൽ ബോയസ് തുടങ്ങുന്നതും, അവസാനിക്കുന്നതും. തമിഴകത്ത് എന്നപോലെ കേരളത്തിലെ യുവാക്കളുടെയും നെസ്റ്റാൾജിയയാണ് ഈ പടവും പാട്ടും. ഈ പടംകൊണ്ട് തമിഴ്നാട് ടൂറിസത്തിനാണ് ഏറ്റവും കൂടുതൽ ഗുണമുണ്ടാവുന്നത്. ഗുണ ഗുഹകൾ കാണാൻ ഇനിയും ആയിരിങ്ങൾ എത്തുമെന്ന് ഉറപ്പാണ്.
വാൽക്കഷ്ണം: ഒരു യാഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2006-ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ യുവാക്കളിൽ ഒരാരാളാണ് ഗുണാ കേവിൽ അകപ്പെട്ടത്. മഞ്ഞുമ്മൽ സ്വദേശികളായ സിജു, സുഭാഷ് എന്നിവരുൾപ്പെട്ട 11 പേരായിരുന്നു യാത്രാ സംഘാംഗങ്ങൾ. ചിത്രം കണ്ടപ്പോൾ തങ്ങൾ കരഞ്ഞുപോയി എന്നാണ് യഥാർഥ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രതികരണം.