ണ്ണന്‍ പാസം, തങ്കച്ചി പാസം! ഈ ലേഖകനൊക്കെ പലപ്പോഴും വിജയിന്റെയും രജനിയുടെയുമൊക്കെ സിനിമകളെ പരിഹസിക്കാനായി എഴുതിയിട്ടള്ള വാക്കുകളാണിത്. പക്ഷേ ഒരു തങ്കച്ചി പാസം കണ്ട് കണ്ണു നിറഞ്ഞുപോവുമെന്ന് ഒരിക്കലും കരുതിയതല്ല. അല്ലെങ്കില്‍ 'പുഛിസ്റ്റുകള്‍' എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെയൊന്നും, കണ്ണുനീര്‍ഗ്രന്ഥികളെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സിനിമ ഉണ്ടാക്കാന്‍ കഴിയുന്ന പ്രതിഭകളൊന്നും ഇന്ത്യയില്‍ ഇല്ലെന്നും കരുതിയിരുന്നു. പക്ഷേ അതൊക്കെ അസ്ഥാനത്താണെന്ന്, '96' എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം പ്രേംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മെയ്യഴകന്‍' കണ്ടപ്പോള്‍ മനസ്സിലായി. അതില്‍ അരവിന്ദ്സ്വാമിയുടെ അരുള്‍ എന്ന കഥാപാത്രം, നീണ്ട 22 വര്‍ഷത്തിനുശേഷം സ്വന്തം നാട്ടിലെത്തി, ചെറുപ്പത്തില്‍ താന്‍ തോളിലിട്ട് വളര്‍ത്തിയ തന്റെ കസിന്‍ സിസ്റ്ററുടെ കാലില്‍ പാദസരം അണിയിച്ചുകൊടുത്തുന്ന ദൃശ്യം കണ്ടപ്പോള്‍ ഈ ലേഖകന്റെ കണ്ണില്‍നിന്നും ഒരു തുള്ളി ചീറ്റിത്തെറിച്ചു. തീയേറ്ററില്‍ ചുറ്റും നോക്കിയപ്പോഴാണ് രസം. മസ്‌കുലിനിറ്റിയുടെ ആഘോഷമായ ശരീരമുള്ള ന്യൂജന്‍കാര്‍ പോലും കരയുന്നു!

അതാണ് സിനിമയുടെ ഇന്ദ്രജാലം. പറയുമ്പോള്‍ അതിനേക്കാള്‍ വികാരപരമായ എത്രയോ രംഗങ്ങള്‍ നാം കണ്ടുപോയിട്ടുണ്ട്. ഒരു ആകാശദൂത് മോഡല്‍ കണ്ണീര്‍ കഥയല്ല മെയ്യഴകന്‍. ഒറ്റവാക്കില്‍ ഒരു ഫീല്‍ഗുഡ് മൂവി എന്ന് പറയാം. പക്ഷേ അതിന്റെ മേക്കിങ്ങ് അപാരമാണ്. അത് നിങ്ങളുടെ ഹൃദയത്തില്‍ കൊളുത്തി വലിക്കുക തന്നെ ചെയ്യും. അല്ലെങ്കിലും '96' എന്ന ചിത്രം കണ്ടവര്‍ക്ക് അറിയാം പ്രേംകുമാറിന്റെ റേഞ്ച്. അതിലെ രാമിനെയും ജാനുവിനെയും ഇനിയും മറക്കാന്‍ കഴിയില്ല. 96ല്‍ ക്യാമ്പസ് റൊമാന്‍സും വിരഹവും നൊസ്റ്റാള്‍ജിയയയും വെച്ചാണ് പ്രേംകുമാര്‍ ഹൃദയങ്ങളെ വിളക്കിച്ചേര്‍ത്തതെങ്കില്‍ ഇവിടെ സൗഹൃദത്തിന്റെ പാസമാണ്.




വളരെ സിമ്പിളും ട്രീറ്റ്മെന്റ് അല്‍പ്പം പാളിയാല്‍ അമ്പേ പാളിപ്പോവുന്നതുമാണ് ചിത്രത്തിന്റെ കഥ. തഞ്ചാവൂരിലെ വലിയ വീട് വിറ്റ് 96-ല്‍ ചെന്നൈ നഗരത്തിലേക്ക് മാറിയവരാണ് നായകന്‍ അരുള്‍ ( അരവിന്ദ് സ്വാമിയും ) കുടുംബവും. നീണ്ട 22 വര്‍ഷങ്ങള്‍ക്കുശേഷം കസിന്‍ സിസ്റ്ററുടെ കല്യാണം കൂടാനായി അയാള്‍ ജന്‍മനാട്ടില്‍ എത്തുകയാണ്. അരുളിന് ഒട്ടും താല്‍പ്പര്യമില്ല അങ്ങോട്ട് പോവാന്‍. പക്ഷേ അയാള്‍ എടുത്തുവളര്‍ത്തിയ, കല്യാണപ്പെണ്ണായ സഹോദരിയുടെ നിര്‍ബന്ധമാണ് നാട്ടിലേക്ക് എത്തിക്കുന്നത്. തലേന്ന് കല്യാണ റിസപ്ഷന് എത്തി ഗിഫ്റ്റ് കൈമാറി അന്ന് രാത്രിതന്നെ ചെന്നൈയിലേക്ക് പോകണം എന്നാണ് അരുളിന്റെ ആഗ്രഹം.




പക്ഷേ അവിടെ എത്തിയപ്പോഴാണ്, തന്റെ കണ്ണ് പൊത്തിപ്പിടിച്ച് ഞാന്‍ ആരാണെന്ന് ചോദിച്ചുകൊണ്ട് നടന്‍ കാര്‍ത്തിയുടെ കഥാപാത്രം അണ്ണാ എന്ന് പറഞ്ഞ് അരുളിന്റെ പിറകെ കൂടുന്നത്. അരുളിന്റെ എല്ലാ കാര്യങ്ങളും അയാള്‍ക്ക് അറിയാം. പക്ഷേ അരുളിനാവട്ടെ അയാളെ ഒട്ടും പിടികിട്ടുന്നില്ല. തന്റെ ഒരു ബന്ധുവാണെന്ന് മനസ്സിലായി എന്നല്ലാതെ ഒന്നും മനസ്സിലാവുന്നില്ല. അമിതമായി സംസാരിക്കുന്ന, നിഷ്‌ക്കളങ്ക ഗ്രാമീണനായ കാര്‍ത്തിയുടെ കഥാപാത്രമാവട്ടെ, ആ നാട്ടിലെ ഓള്‍ ഇന്‍ ഓള്‍ ആണ്. അയാള്‍ ആരാണെന്ന് മനസ്സിലാക്കാനുള്ള അരുളിന്റെ ശ്രമങ്ങളും പരാജയപ്പെടുന്നു. കല്യാണത്തിന് അച്ഛന്റെ സഹോദരങ്ങളെയും ബന്ധുക്കളെയുമൊക്കെ കണ്ട് അരുള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. പക്ഷേ ബസ് മിസ്സായ അയാള്‍ കാര്‍ത്തിയുടെ കഥാപാത്രത്തിനൊപ്പം അയാളുടെ വീട്ടിലേക്ക് മടങ്ങുന്നു. അവിടെയും സ്നേഹം ചാലിച്ച ഒരുപാട് അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളാണ് അരുളിനെ കാത്തിരിക്കുന്നത്. നാട്ടിലേക്ക് ദീര്‍ഘകാലത്തിനുശേഷം മടങ്ങിയെത്തുന്ന നായകന്റെ പ്രണയത്തിലേക്ക് ഒന്നും പോവാത്ത പുതുമയാര്‍ന്നതാണ് കഥ.




ഇവിടെ അരവിന്ദ് സ്വാമിയുടെയം കാര്‍ത്തിയുടെയും പ്രകടനമാണ് തകര്‍ത്തത്. രണ്ടാം പകുതിയില്‍ അവര്‍ തമ്മിലുള്ള ക്ലോസ്അപ്പ് രംഗങ്ങള്‍ ലോകോത്തരമാണ്. റോജയിലും, ബോംബേയിലുമൊക്കെ റോമന്റിക്ക് നായകനായ അരവിന്ദ് സ്വാമി ഇപ്പോള്‍ കാലചക്രത്തില്‍പെട്ട് ഇരുത്തംവന്ന നടനായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കാര്‍ത്തിക്ക് ഈ പടത്തിന് ഒരു ദേശീയ അവാര്‍ഡ് കിട്ടേണ്ടതാണ്. ആ കഥാപാത്രത്തിന്റെ സൗണ്ട് മോഡുലേഷന്‍ ഒന്ന് കാണണം. ചേട്ടന്‍ സൂര്യയെ അനിയന്‍ കടത്തിവെട്ടും എന്ന് ഉറപ്പാണ്. സൂര്യയും ജോ്യതികയും ചേര്‍ന്നാണ് ഈ പടത്തിന്റെ നിര്‍മ്മാണവും.

തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെയും, ആ നാടിന്റെയും പ്രകൃതി ഭംഗി അതേപോലെ ഒപ്പിയെടുത്തിരിക്കയാണ്, ക്യാമറാന്‍ മഹേന്ദ്രന്‍ ജയരാജു. പടം കണ്ടാല്‍ നേരെ തഞ്ചാവൂര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ തോന്നും. അത്രക്ക് സുന്ദരമായ വര്‍ക്ക്. പ്രകൃതിയും മനുഷ്യനും എങ്ങനെ ഇടകലരുന്നുവെന്നും, ജല്ലിക്കട്ട് പോലുള്ളവ എങ്ങനെയാണ് തമിഴ് ജനതയുടെ വികാരമാവുന്നത് എന്നും ചിത്രം കാണിച്ചുതരുന്നു. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. ചിത്രത്തിന്റെ മൂഡന് എത്രയോ ഇരിട്ടിയാക്കി ഫീല്‍ ചെയ്യിക്കാന്‍ മ്യൂസിക്കിന് കഴിയുന്നു.




ഒരു നോവല്‍ വായിക്കുന്നത് പോലെ മനോഹരമായ ചിത്രമാണിത്. നേരത്തെ ഈ കഥ നോവലായി ഇറക്കാനായിരുന്നു സംവിധായകന്റെ പ്ലാന്‍. പക്ഷേ അത് വായിച്ച സുഹൃത്തുക്കള്‍ ഇത് സിനിമയാക്കണം എന്ന് അഭ്യര്‍ത്ഥിച്ചതോടെയാണ് ചിത്രം ഉണ്ടായതെന്ന് വായിച്ചിരുന്നു. ഇനി എന്തിനാണ് മയ്യഴകന്‍ എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത് അവസാനമാണ് പ്രേക്ഷകര്‍ അറിയുക.




വാല്‍ക്കഷ്ണം: ഈ സിനിമക്കൊക്കെ ഏറ്റവും അത്യാവശ്യമായിരുന്നു ഇംഗ്ലീഷ് സബ് ടൈറ്റില്‍സ്. ചിത്രത്തിലെ കൊടും തമിഴ് പലപ്പോഴും മനസ്സിലാവുന്നില്ല. നേരത്തെ തങ്കലാന്‍ എന്ന ചിത്രത്തിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു. അതുകൂടി ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലടക്കം ചിത്രം ഒന്നുകൂടി ജനപ്രിയമാവുമായിരുന്നു.