- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും മമ്മൂട്ടി മാജിക്ക്; മലയാളിയായ ജെയിംസും തമിഴനായ സുന്ദരവുമായി മഹാനടന്റെ പകർന്നാട്ടം; ലിജോയുടെ മാസ്റ്റർ മേക്കിങ്ങ്; തമിഴകം മുറിച്ചുവെച്ചപോലെ തേനി സുന്ദറിന്റെ ക്യാമറ; അതിശയിപ്പിക്കുന്ന സൗണ്ട് ട്രാക്ക്; മാജിക്കൽ റിയലിസത്തിന്റെ അനുഭൂതി തരുന്ന ചലച്ചിത്രം; 'നൻപകൽ നേരത്ത് മയക്കത്തിന്' ധൈര്യമായി ടിക്കറ്റ് എടുക്കാം
തമിഴകത്തിന്റെ പൊള്ളിക്കുന്ന ഉഷ്ണക്കാറ്റിൽ മയങ്ങിക്കിടക്കയാണ്, കേരളത്തിൽ നിന്ന് ഒരു മിനിബസിൽ വേളാങ്കണ്ണി സന്ദർശിച്ച് മടങ്ങുന്ന ആ തീർത്ഥാടക സംഘം. അതിൽ വൃദ്ധരുണ്ട്, സ്ത്രീകളുണ്ട്, കുട്ടികളുണ്ട്, ദമ്പതിമാരുണ്ട്. പെട്ടെന്ന് മയക്കത്തിൽനിന്ന് ഉണർന്ന്, ചോളപ്പാടങ്ങൾ ഇരുവശവും നിറഞ്ഞുനിൽക്കുന്ന ആ റോഡിൽ ഒന്ന് നിർത്താൻ ഗ്രൂപ്പിന്റെ ലീഡറായ ജെയിംസ് ആവശ്യപ്പെടുമ്പോൾ നമ്മൾ കരുതുക, മൂത്രമൊഴിക്കാനോ മറ്റോ ആണെന്നാണ്. ജെയിംസിന്റെ ഭാര്യയും മകനും, അമ്മായി അപ്പനുമൊക്കെ ഈ വണ്ടിയിലുണ്ട്. പക്ഷേ അയാൾ ആ ചോളപ്പാടങ്ങൾക്കിയിലൂടെ അങ്ങോട്ട് നടന്നുപോവുകയാണ്. ഒരു തമിഴ് കുഗ്രാമത്തിലേക്ക് ചിരപരിചിതനെപ്പോലെ നടന്ന് നടന്ന് പോവുന്ന അയാൾ, അവസാനം ഒരു കൊച്ചു വീട്ടിലേക്ക് കയറുകയാണ്!
അവിടുത്തെ ഗൃഹനാഥനെപ്പോലെ പശുവിന് കച്ചിയിട്ടുകൊടുത്ത്, തന്റെ നായയെ പേര് ചൊല്ലിവിളിച്ച്, തന്റെ വെള്ളഷർട്ടും മുണ്ടും മാറി, അയയിൽ കടിന്ന ലുങ്കി എടുത്ത് ഉടുത്ത്, തമിഴ് സിനിമ കേട്ടിരിക്കുന്ന കണ്ണുകാണാൻ വയ്യാത്ത പാട്ടിക്ക് മുറുക്കാൻ എടുത്തുകൊടുത്ത് അയാൾ നേരെ കിടപ്പുമുറിയിലേക്ക് കയറിപ്പോവുകയാണ്. അവിടെ കിടക്കയായിരുന്ന, പൂങ്കുഴലി എന്ന സ്ത്രീ അപരിചിതനെ കണ്ട് പേടിച്ചുപോവുന്നു. സ്വന്തം ഭർത്താവിനെപ്പോലെ തനി തമിഴിൽ അവളെ പേര് വിളിച്ച് കുശലം പറഞ്ഞ്, അയാൾ അടുക്കളയിലേക്ക് കടക്കയാണ്. രണ്ട് വർഷം മുൻപ് കാണാതായ ആ കുടുംബത്തിന്റെ നാഥൻ സുന്ദരത്തെപ്പോലെ പെരുമാറുകയാണ് അയാളുമായി ഒരു ബന്ധവുമില്ലാത്ത ജെയിംസ്. അയാളെക്കാത്ത് പെരുവഴിയിൽ ആയ ബസിലുള്ളവർ പിറകെ തിരഞ്ഞുവരികയാണ്. പക്ഷേ അയാൾക്ക് ഭാര്യയെയും മകനെയും പോലും മനസ്സിലാവുന്നില്ല. ജെയിംസ് ശരിക്കും സുന്ദരം എന്ന തമിഴനായി മാറിക്കഴിഞ്ഞിരിക്കുന്നു!
മറുഭാഗത്ത് തമിഴ് ഗ്രാമക്കാരും അത്ഭുദപ്പെടുന്നു. കാരണം സുന്ദരത്തെപോലെ തന്നെയാണ് അയാൾ പെരുമാറുന്നത്. എല്ലാരെയും പേര് ചൊല്ലി വിളിക്കുന്നു. കഴിഞ്ഞ സംഭവങ്ങൾ ഓർത്തെടുത്ത് പറയുന്നു. സുന്ദരത്തിന്റെ അതേ ദിനചര്യ ചെയ്യുന്നു. ഭാര്യയെ പൂങ്കുഴലീ എന്ന് ആദ്യം വിളിക്കുന്ന അയാൾ പിന്നീട് ഓമനപ്പേരായ കുഴലീ എന്നു വിളിക്കുന്നുണ്ട്. എല്ലാം കൃത്യം. അപ്പോൾ അയാൾ ആരാണ്!
വിശ്വപ്രസിദ്ധ സാഹിത്യകാരൻ ഗബ്രിയൽ ഗാർസിയ മാർകേസിന്റെ 'ഏകാന്തതയുടെ നൂറുവർഷങ്ങളൊക്കെ' വായിക്കുമ്പോൾ കിട്ടുന്ന അതേ അനുഭൂതിയാണ്, എസ് ഹരീഷ് എഴുതിയ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' കാണുമ്പോൾ കിട്ടുന്നത്. സാഹിത്യത്തിലെ മാജിക്കൽ റിയലിസത്തെ ലിജോ സിനിമയിൽ എടുത്തിരിക്കയാണ്. രചനകൊണ്ടും ആഖ്യാനം കൊണ്ടും മലയാള സിനിമാ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന സിനിമയാണിത്. വെറും ഒരു ബുദ്ധിജീവി സിനിമയാണെന്ന് കരുതി സാധാരണക്കാർ ഒഴിവാക്കേണ്ട ചിത്രമല്ലിത്. എല്ലാതരത്തിലും പ്രേക്ഷകനും ആസ്വദിക്കാൻ കഴിയുന്ന, നർമ്മവും, ത്രില്ലും, വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമുള്ള ഒരു കൊച്ചു സിനിമയാണിത്.
ലിജോയുടെ മാസ്റ്റർ മേക്കിങ്ങ്
മെയ്ക്കിങ്ങിൽ എന്നും അത്ഭുദപ്പെടുത്തിയ ചലച്ചിത്രകാരനാണ് ലിജോ. അടുത്തകാലത്ത് ഇതുപോലെ യുവാക്കൾക്കും ചലച്ചിത്രപ്രേമികൾക്കും ഇടയിൽ ഒരു കൾട്ട് ഫിഗറായ സംവിധായകൻ വേറെ ഇല്ല. തന്റെ പേരുകൊണ്ടുമാത്രം ആളെകൂട്ടാൻ കഴിയുന്ന സംവിധായകന് ഇത്തവണയും പിഴക്കുന്നില്ല. ആമേനും, അങ്കമാലി ഡയറീസും, ഈമയൗവും, ജല്ലിക്കട്ടും, ചുരുളിയുമൊക്കെ നോക്കിയാൽ അത് വ്യക്തമാവും. എന്നാൽ ഇവിടെ ചെറിയ ചെറിയ ഷോട്ടുകളെ മാലകോർത്ത് എഡിറ്റിങ്ങിന്റെ കുഴമറിച്ചിലിലൂടെ വിസ്മയം ഉണ്ടാക്കുന്ന പതിവ് ശൈലിക്ക് പകരം, തീർത്തും റിയലിസ്റ്റിക്കായ ഒരു ആഖ്യാന രീതിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്.
ഒരു ചെറുകഥ വായിക്കുന്ന സുഖമാണ് രണ്ടുമണിക്കുർ മാത്രം ദൈർഘ്യമുള്ള ഈ ചിത്രത്തിൽ കിട്ടുക. ലിജോ ചിത്രങ്ങളുടെ കുഴപ്പമായി വിമർശകർ ചൂണ്ടിക്കാട്ടുന്ന ഫിസിക്കലും വെർബലുമായ ഹിംസ ഈ പടത്തിൽ തീരെയില്ല. ആകാശനീലിമ തൊട്ട് ഉറുമ്പിന്റെ കണ്ണിലേക്ക് വരെ കൂന്തളിച്ച് വിടരുന്ന ക്യാമറയുടെ ചലനപ്പെരുക്കമായിരുന്നു മുൻകാല ലിജോ ചിത്രങ്ങളിൽ ആഘോഷിക്കപ്പെട്ടതെങ്കിൽ ഈ പടത്തിൽ ഏറെയും സ്റ്റാറ്റിക്ക് ഷോട്ടുകളാണ്. മധുരയിലും, പഴനിയിലുമൊക്കെ കാണുന്നതുപോലുള്ള ഒരു തമിഴ് ഉൾഗ്രാമത്തെ മുറിച്ച് വെച്ചിരിക്കയാണ്് ഛായാഗ്രാഹകൻ തേനി ഈശ്വർ. ആവർത്തന വിരസതയിൽ മുഷിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രഖ്യാപനം കൂടിയാണ് നൻപകൽ നേരത്ത് മയക്കം.
ഉച്ച കഴിഞ്ഞ്, മടിയൻ കാറ്റ് എന്ന് വിളിക്കുന്ന ഒരു പ്രത്യേകതരം കാറ്റുണ്ട് തെക്കൻ തമിഴ്‌നാട്ടിൽ. അത് ഏറ്റാൽ ആരും മയങ്ങിപ്പോവും എന്നാണ് പറയുക. അങ്ങനെ മടിയൻ കാറ്റ് ഏറ്റ് ആളുകൾ മയങ്ങിക്കിടക്കുന്ന രംഗം. കോഴിപോലും കണ്ണടച്ചുപോവുന്ന സീൻ. മയക്കത്തിൽ ഉണർന്നതിനശേഷം ജെയിംസ് കാണുന്ന ആകാശം. കിം കിക്കി ഡുക്കിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ലിജോയുടെ ഫ്രെയിം കോമ്പോസിഷൻ അപാരം തെന്നയാണ്.
അതുപോലെ സൗണ്ട് ട്രാക്കാണ് ഈ പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ശരിക്കും തമിഴ്‌നാടിനുള്ളിൽ കുടുങ്ങിയതുപോലെ പ്രേക്ഷകന് തോനുന്നത് അതുകൊണ്ടാണ്. പഴയ തമിഴ് ചലച്ചിത്ര ഗാനങ്ങൾ, പുലർച്ചെ കേൾക്കുന്ന ഭക്തിഗാനങ്ങൾ, ടെലിവിഷനിലൂടെ എത്തുന്ന പഴയ തമിഴ് ചിത്രങ്ങളുടെ സംഭാഷണങ്ങൾ എന്നിവയൊക്കെ ചിത്രത്തിൽ ഉടനീളം ഉണ്ട്. തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചവർക്ക് അറിയാം സിനിമയും ടീവിയും ഇല്ലായെ അവർക്ക് ഒരു ജീവിതം ഇല്ല. ( ഇളയരാജയുടേത് അടക്കമുള്ള ഇത്തരം ഗാനങ്ങൾ വൻ തുക റോയൽറ്റികൊടുത്ത് വാങ്ങിയാണ് ചിത്രത്തിൽ ചേർത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റിന്റെ വലിയൊരു ശതമാനവും ഇങ്ങനെ ഉണ്ടായതാണ്)
മമ്മൂട്ടിയുടെ അന്യൻ!
മമ്മൂട്ടിയുടെ ജെയിംസ് എന്ന നായക കഥാപാത്രത്തിന്റെ വേഷപ്പകർച്ച തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാന പ്ലോട്ട്. ജെയിംസിൽനിന്ന് സുന്ദരത്തിലേക്കുള്ള ആ രൂപാന്തരണം അത്ര വിദഗ്ധമായാണ് ഈ നടൻ ചെയ്യുന്നത്. മമ്മൂട്ടിയുടെ അന്യൻ എന്നൊക്കെ ആരാധകർ എഴുതുന്നതിൽ കാര്യമില്ലാതില്ല എന്ന് ചിത്രം കാണുമ്പോൾ മനസ്സിലാവും. സൂക്ഷ്മാഭിനയം എന്ന് എല്ലാ അർത്ഥത്തിലും വിളിക്കാവുന്ന, ചലച്ചിത്ര വിദ്യാർത്ഥികൾ പഠിക്കേണ്ട ഒരു അഭിനയ ചാതുരിയാണ് മമ്മൂട്ടി ഇവിടെ കാണിച്ചിരിക്കുന്നത്. ശരീരഭാഷയിൽ, ചലനങ്ങളിൽ, ഡയലോഗ് ഡെലിവറിയിൽ ഒക്കെ ജെയിംസും സുന്ദരവും രണ്ടുപേർ ആവുകയാണ്. ഈ 71ാം വയസ്സിലും ഈ മഹാനടന് കഥാപാത്രങ്ങൾക്കായുള്ള കൊതി കണ്ടുപടിക്കേണ്ടതാണ്. മമ്മൂട്ടിക്കമ്പനിയെന്ന സ്വന്തം പ്രൊഡക്ഷനിലാണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്ലൈമാക്സിനോടു അനുബന്ധിച്ച് മയക്കത്തിൽനിന്ന് ഉണരുമ്പോഴുള്ള ഒറ്റ ഷോട്ടുമതി, ആ നടനത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ.
നടൻ അശോകൻ ഏറെക്കാലത്തിനുശേഷം മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തിൽ എത്തിയിരിക്കുന്ന ചിത്രമാണിത്. അശോകൻ മാത്രമല്ല, രാജേഷ് ശർമ്മ, വിപിൻ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങി പേരറിയുന്ന നടന്മ്മാരൊക്കെ ഈ ചിത്രത്തിൽ എടുത്തു പറയാം. നാട്ടുകാർ ആരാണ്, അഭിനേതാക്കാൾ ആരാണ് എന്ന് പടം കണ്ടാൽ മനസ്സിലാവില്ല. എല്ലാവും അത്രക്ക് ചിത്രത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. മലയാള സിനിമ എന്ന് വിശേഷിപ്പിക്കമ്പോൾ തമിഴ് സിനിമ കൂടിയാണ്. മിക്ക സംഭാഷണങ്ങളും തമിഴിൽ തന്നെ. തമിഴ്‌നാട്ടിൽ നിന്നുള്ള ഒട്ടേറെ സാധാരണക്കാർ അതിഗംഭീരമായി അഭിനയിച്ചിട്ടുമുണ്ട്. രണ്ടു രംഗത്തിൽ മാത്രം വന്നുപോകുന്ന മുഴുക്കുടിയന്റെ ഡപ്പാം കുത്ത് ഡാൻസ് പോലും പൊളിച്ചു. ലിജോയുടെ ചിത്രങ്ങളിൽ മനുഷ്യൻ മാത്രമല്ല പട്ടിയും, പൂച്ചയും, കോഴിയും, താറാവുമൊക്കെ അഭിനയിക്കുമെന്ന് ആരാധകർ പറയുന്നത് എത്ര ശരിയാണ്.
ഒരു ഉച്ചമയക്കം ഇവിടെ ഒരാളുടെ ജീവിതം മാറ്റി മറിക്കയാണ്. ''ഉറക്കം മരണം തന്നെയാണ്. ഉറക്കത്തിൽ നിന്നുള്ള ഉണർവ് ജീവിതവുമാണ്'' എന്ന തിരുക്കുറളിലെ ഒരു വാചകം സിനിമയുടെ തുടക്കത്തിൽ ആ ലോഡ്ജ് ഉടമ ജെയിംസിനോട് പറയുന്നുണ്ട്. എന്താണ് ജെയിംസിന് സംഭവിച്ചത് എന്നത് പ്രേക്ഷകർക്ക് ഓരോരുത്തർക്കും, വ്യാഖാനിക്കാൻ വിടുകയാണ് ചിത്രം. അങ്ങനെ തീയേറ്റർ വിട്ടാലും നമ്മെ പിന്തുടരുന്ന സിനിമകൾ എത്രയുണ്ട്. ആ അർത്ഥത്തിൽ നോക്കുമ്പോൾ മലയാളത്തിലെ ചരിത്രമാണ് ഈ സിനിമ.
വാൽക്കഷ്ണം: ഐഎഫ്എഫ്കെയിൽ ഈ ചിത്രം പ്രദർശിച്ചപ്പോൾ നാലു മണിക്കുറൊക്കെ ഡെലിഗേറ്റുകൾ ക്യൂ നിന്നത് വലിയ വാർത്ത ആയിരുന്നു. അത്രക്ക് മാത്രം ലിജോ ചലച്ചിത്രപ്രേമികൾക്കിടയിൽ ഒരു കൾട്ട് ആയിരിക്കുന്നു. ഫിലിം ഫെസ്റ്റിവലിലെ റിസർവേഷനിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, ഈ ചിത്രം തീയേറ്ററിൽ എത്രപേർ കാണാൻ വരുമെന്ന തൊടുന്യായമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഉയർത്തിയത്. പക്ഷേ തീയേറ്ററിലും ചിത്രത്തിന് നല്ല പ്രതികരണം കിട്ടുന്നുണ്ട്. മലയാളിയുടെ ചലച്ചിത്ര സംസ്‌ക്കാരം അതിവേഗം മാറുകയാണെന്ന് രഞ്ജിത്തിനൊന്നും മനസ്സിലാവുന്നില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ