- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനാരെന്നറിയാത്ത ധബാരി ക്യുരുവി എന്ന മിത്തിക്കൽ പക്ഷിയെപ്പോലെ അവിവാഹിതരായ ആദിവാസി അമ്മമാർ; പ്രമേയം ശക്തമാണെങ്കിലും തിരക്കഥയിലും അവതരണത്തിലും പാളി പ്രിയനന്ദനൻ ചിത്രം; ഡോക്യൂമെന്ററി സ്വഭാവവും മുഴച്ചു നിൽക്കുന്നു; ഗോവൻ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് വീണ്ടും നിരാശ
ലോക ചരിത്രത്തിൽ ആദ്യമായി ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന സിനിമ എന്ന പേരിൽ ഏറെ പ്രകീർത്തിക്കപ്പെട്ട ചിത്രം. 'പുലിജന്മം' എന്ന ചലച്ചിത്രത്തിലൂടെ ദേശീയ പുരസ്‌ക്കാരം നേടിയ പ്രിയനന്ദനന്റെ സംവിധാനം. ഗോവയിൽ നടക്കുന്ന ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച 'ധബാരി ക്യുരുവി' എന്ന ചിത്രം കാണാൻപോവുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. പക്ഷേ ചിത്രം കഴിഞ്ഞപ്പോൾ ചിരിക്കണോ കരയണോ, എന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി. ആശയമൊക്കെ കൊള്ളാം. ഇരുള സമുദായത്തിൽപ്പെട്ടവർ. ഗോത്രവിഭാഗത്തിൽ പെട്ട അവിവാഹിത അമ്മമാർ എന്ന സാമൂഹിക പ്രശ്നത്തിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. പക്ഷേ സിനിമ സിനിമാവണ്ടേ. പക്ഷേ മുഴച്ചുനിൽക്കുന്ന ഡോക്യൂമെന്ററി സ്വഭാവവും തിരക്കഥയിലെ പോരായ്മകളുമെല്ലാം ചിത്രത്തെ വല്ലാതെ പിറകോട്ട് അടിപ്പിക്കുന്നു. മഹേഷ് നാരായനന്റെ 'അറിയിപ്പിന്' പിന്നാലെ ഗോവൻ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് വീണ്ടും നിരാശയുടെ ദിവസം.
നിങ്ങൾക്ക് പറയാനുള്ളത് ഒരു നല്ല ആശയം ആയിരിക്കാം, ഉദ്ദേശശുദ്ധി മഹത്തരമായിരിക്കാം. പക്ഷേ ഒരു സിനിമ സിനിമയാകണമെങ്കിൽ അതിൽ വികാരങ്ങൾ കൊണ്ടുവരാൻ കഴിയണം. കഥാപാത്രങ്ങളുടെ ഹർഷ സംഘർഷങ്ങൾക്ക് അനുസരിച്ച് പ്രേക്ഷകർക്ക് സഞ്ചരിക്കാൻ കഴിയണം. പക്ഷേ ഈ പടത്തിൽ അതൊന്നും സംഭവിക്കുന്നില്ല. വികാര രഹിതമായ ഒരു ഡോക്യൂമെന്റി കടന്നുപോകുന്നതുപോലെ ചിത്രം കടന്നുപോവുകയാണ്. നേരത്തെ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടാതായപ്പോൾ പ്രിയനന്ദന്റെ പ്രതികരണം വായിച്ചിരുന്നു. ഈ സിനിമയെ അവഗണിച്ചവർ സമൂഹത്തിലെ ഏറ്റവും പിന്നാക്കംനിൽക്കുന്ന ഒരു വിഭാഗത്തെത്തന്നെയാണ് പുറംതള്ളിയതെന്ന് എന്നായിരുന്നു പ്രിയൻ പറഞ്ഞ്. ഇവിടെയാണ് കലയെക്കുറിച്ചുള്ള അടിസ്ഥാനപരമായ പ്രശ്നം കിടക്കുന്നത്. നമുക്ക് ഒരു ആശയത്തോട് ഐക്യദാർഡ്യം ഉണ്ടായിട്ട് കാര്യമില്ല. പ്രേമേയം ചിത്രീകരിക്കുമ്പോൾ അത് സിനിമാറ്റിക്ക് ആവണം.
എന്താണ് ധബാരി ക്യുരുവി
്മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ ലോഞ്ച് ഫേസ്‌ബുക്ക് പേജിലൂടെ നിർവഹിച്ചതോടെ തന്നെ ധബാരി ക്യുരുവി എന്ന പേര് സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. സത്യത്തിൽ ധബാരി കുരുവിയെന്നല്ല, ധബാരി ക്യുരുവി എന്നാണ് ചിത്രത്തിന്റെ പേര്.
ഇത് ഒരു പ്രത്യേക വിഭാഗം പക്ഷിയുടെ പേരാണ്. അച്ഛനാരെന്നറിയാത്ത ഒരു പക്ഷിയുടെ പേര്. ഇരുള സമുദായത്തിൽ നിലനിൽക്കുന്ന ഒരു മിത്തുമായും നാടൻപാട്ടുമായും ഇത് ബന്ധപ്പെട്ടുകിടക്കുന്നു. ചെറുപ്രായത്തിൽത്തന്നെ ഗർഭവതികളാകുന്നതും പ്രസവിക്കുന്നതും ഇത്തരം ഗോത്രവർഗത്തിലെ പതിവുശീലമാണ്. അതോടെ ജീവിതവും തീർന്നു. ഇത്തരത്തിൽ ഗർഭവതിയായിട്ടും അത് വിധിയെന്നു കണക്കാക്കാതെ അതിജീവനത്തിന് ശ്രമിക്കുന്ന പത്താം ക്ലാസുകാരി പാപ്പാത്തിയുടെ കഥയാണ് പ്രിയനന്ദനൻ പറയുന്നത്.
സമാന സാഹചര്യത്തിലൂടെ സഞ്ചരിക്കുന്ന മുരുകി, രാമി എന്നീ പെൺകുട്ടികളും കേന്ദ്ര കഥാപാത്രങ്ങളുടെ കൂട്ടത്തിൽവരുന്നു. അയ്യപ്പനും കോശിയിലുമുടെ നാഷണൽ ഫെയിം ആയ നാഞ്ചിയമ്മയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. അകാലത്തിൽ ഗർഭവതിയാകുമെങ്കിലും കുഞ്ഞിന്റെ അച്ഛനാരാണെന്നു വിളിച്ചുപറഞ്ഞ് അവരെ അപമാനിക്കുന്ന ശീലം ഈ ഗോത്രവർഗ പെൺകുട്ടികൾക്കില്ലെത്രേ.
പ്രിയനന്ദനൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' മറ്റൊരു സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് കുറേക്കാലം അട്ടപ്പാടിയിൽ താമസിച്ചിരുന്നു. അതിനിടെ സുഹൃത്തും തിരക്കഥാകൃത്തുമായ കുപ്പുസ്വാമി മരുതൻ പറഞ്ഞ ഒരു സംഭവത്തിൽനിന്നാണ് ഇതിന്റെ തുടക്കം. അകലെ മലയിൽ താമസിക്കുന്ന അഞ്ച് യുവതികൾ. ചെറുപ്പത്തിലേ അമ്മമാരായ അവിവാഹിതർ. ചാരായം വാറ്റിയാണ് അവരുടെ ജീവിതം. ഇവരെല്ലാം ഇത്തരത്തിലുള്ള ശാപത്തിന്റെ ഇരകളാണ്. ഈ സംഭവമാണ് ധബാരി ക്യുരുവിയിലേക്ക് നയിച്ചത്. ലോകത്തെങ്ങുമുള്ള ആദിവാസി ഗോത്രവർഗത്തിന്റെ പൊതുസ്വഭാവമാണ് ഇത്തരത്തിലുള്ള ജീവിതം. ഇരുളരുടെ സംസ്‌കാരത്തെയും ആചാരത്തെയും അനുഷ്ഠാനത്തെയും ബന്ധിപ്പിച്ചാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്''. ചിത്രത്തിന്റെ ഭാഷയും മലയാളമല്ല ഇരുളഭാഷയാണ്.
അട്ടപ്പാടിയിലെ പൊട്ടിക്കൽ പ്രദേശത്തെ മീനാക്ഷിയും മുക്കാലിയിലെ ശ്യാമിനിയും അനു പ്രശോഭിനിയുമാണ് നായികമാർ. ഇരുവരും ആദ്യ ചിത്രം എന്ന പ്രതിസന്ധിയെ അതിജീവിച്ചിട്ടുണ്ട്. അവരുടെ അധ്വാനത്തിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം. അതുപോലെ ഇരുളരോട് ചേർന്ന് നിൽക്കുന്ന ഈ ആശയത്തോടും. പക്ഷേ ഒരു നല്ല സിനിമക്ക് അത് മാത്രം പോരെല്ലോ.
പാളിപ്പോയ പരീക്ഷണം
സത്യത്തിൽ ധബാരി ക്യുരുവി എന്ന ഒരു പാളിപ്പോയ പരീക്ഷണം തന്നെയാണ്. അവിവാഹിതരായ ആദിവാസി അമ്മമാരുടെ പ്രശ്നങ്ങൾ പറയുന്ന എന്നല്ലാതെ, ഒരു ചടുലമായ തിരക്കഥയിലേക്ക് നീങ്ങി പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. നന്നായി എടുക്കാൻ കാമ്പുള്ള ഒരു വൺലൈൻ തന്നെയായിരുന്നു ചിത്രത്തിന്റെത്. വെറും 15 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടിയാണ് ഗർഭിണിയാവുന്നത്. അവൾ അത് പുറത്തുപറയുന്നത്, തന്റെ അടുത്ത കൂട്ടുകാരിയോട് മാത്രമാണ്. എങ്ങനെയെങ്കിലും അവൾക്ക് ആ ഗർഭം അലസിപ്പിക്കണം. പഠിക്കണം എന്നും ടീച്ചർ ആവണമെന്നുമാണ് അവളുടെ ആഗ്രഹം. അതിനായി പ്രകൃതമായ രീതിയിൽ നാടൻ പച്ചമരുന്നുകൾ ഒക്കെ കഴിച്ച് ആ ഗർഭം ഇല്ലാതാക്കാനുള്ള കുട്ടിയുടെ കഷ്ടതകളാണ് ചിത്രത്തിൽ മുഴുവൻ.
പുക്ഷേ വൺലൈനിലെ ഈ ഗാംഭീര്യം തിരക്കഥയിലും ചിത്രീകരണത്തിലുമില്ല. ചില സൂചനകൾ നൽകുന്നു എന്ന് മാത്രമല്ലാതെ അവിവാഹിതരായ അമ്മമാരെ സൃഷ്ടിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളിലേക്ക് ചിത്രം കടക്കുന്നില്ല. ഇവിടെയാണ് ടി വി ചന്ദ്രൻ -ആര്യാടൻ ഷൗക്കത്ത് ടീം എടുത്ത 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രം ഓർമ്മവരുന്നത്. മലപ്പുറം നിലമ്പൂരിൽ മൈസുർ കല്യാണം കഴിഞ്ഞ് മൊഴിചൊല്ലപ്പെട്ട്, ഒരു കുട്ടിയുമായി ജീവിക്കുന്ന ആ സ്ത്രീകളും, അവിവാഹിതരായ ആദിവാസി അമ്മമാരെപ്പോലെ പുരുഷാധിപത്യ സമൂഹത്തിന്റെ ഇരകൾ ആണ്. പക്ഷേ 'പാഠം ഒന്ന് ഒരു വിലാപം' എത്ര ഭംഗിയായാണ് എടുത്തതെന്ന് ഓർക്കുക. മതവും രാഷ്ട്രീയവും എല്ലാം എങ്ങനെ ഈ സാമൂഹിക അവസ്ഥക്ക് കാരണക്കാർ ആവുന്നുവെന്ന് കൃത്യമായി പറയാൻ ടി വി ചന്ദ്രന് ആകുന്നുണ്ട്. ഹൃദയത്തിലേക്ക് ഒരു കനൽ കോരിയിടുന്ന അനുഭവമാണ് ആ ചിത്രം നൽകിയത്. പക്ഷേ ധബാരി ക്യുരുവിയുടെ ആശയത്തോട് ഐക്യദാർഡ്യപ്പെടുമ്പോഴും ചിത്രവും ഒരു ഫീലും നൽകുന്നില്ല. ഒരു സിനിമയും ഡോക്യുമെന്ററിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഇവിടെയാണെല്ലോ പ്രകടം ആവുക.
പ്രിയനന്ദനൻ പിന്നോട്ടടിക്കരുത്
അതുപോലെ തന്നെ സിനിമയിൽ ഒരു ലൈഫ് ഉണ്ടെന്നുപോലും തോനുന്നില്ല. സെറ്റിട്ടപോലുള്ള ഏതാനും ആദിവാസി കൂടിലുകളും മറ്റുമായി പടത്തിന്റെ ചേരുവകളിൽ കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. അതുപോലെ ആദിവാസികളുടെ യഥാർഥ പ്രശ്നങ്ങൾ ചിത്രം അഡ്രസ്സ് ചെയ്യുന്നില്ല. ഇപ്പോഴും നാട്ടിൽനിന്ന് വരുന്ന കങ്കാണിമാർ ഓടിച്ചിട്ട് അവരെ ബലാത്സഗം ചെയ്യുകയാണെന്നാണ് ചിത്രം കണ്ടാൽ തോന്നുക. പോക്സോയും, ട്രൈബൽ ആക്റ്റും അടക്കം, അരനൂറ്റാണ്ട്വരെ ശിക്ഷകിട്ടാവുന്ന ഗുരുതര കുറ്റമാണ് ആദിവാസി പീഡനം. എന്നിട്ടും ഇത്തരം സംഭവങ്ങൾ എങ്ങനെ ആവർത്തിക്കപ്പെടുന്നുവെന്ന് സംവിധായകനും പിടിയില്ല എന്ന് തോനുന്നു. എന്തായാലും വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ കാര്യം ചിത്രം എടുത്തു പറയുന്നതുകൊണ്ട് അത്രയും ആശ്വസിക്കാം.
പ്രിയനന്ദനൻ എന്ന സംവിധായകനെക്കുറിച്ചും രണ്ട് വാക്ക് എഴുതാതെ ഈ കുറിപ്പ് പൂർത്തിയാവില്ല. കാരണം ഈ ആദിവാസി പെൺകുട്ടികളുടെ കഥ പറഞ്ഞതുപോലെ അപാരമായ ഒരു അതിജീവനത്തിന്റെ കഥയാണ് അദ്ദേഹത്തിന്റെതും. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഏഴാം ക്ലാസ്സിൽ വെച്ച് സ്‌കൂൾ പഠനം നിർത്തിയ പ്രിയൻ തുടർന്ന് സ്വർണ്ണപ്പണിയാണ് പരിശീലിച്ചത്. ഉപേക്ഷിക്കപ്പെട്ട സ്‌കൂൾ പഠനം ഇക്കാലത്തെ വായനയിലൂടെ പൂർത്തീകരിക്കാൻ ശ്രമിച്ചു. തൃശുർ വല്ലച്ചിറയിലും പരിസരങ്ങളിലുമുള്ള നാടകസംഘങ്ങളുടെ രംഗാവതരണങ്ങളിൽ അഭിനേതാവായാണ് കലാരംഗത്ത് സജീവമാകുന്നത്. ആദ്യകാലത്ത് മുഖ്യമായും സ്ത്രീവേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് നാടകവേദിയിലെ ആധുനികപ്രവണതകൾ മനസ്സിലാക്കുകയും നാടകസംവിധാനം തുടങ്ങി. അങ്ങനെ പടിപടിയായായാണ് അദ്ദേഹം സിനിമയിൽ എത്തിയത്. ഗോഡ് ഫാദർമാർ ആരുമില്ലാതെ കഠിനാധ്വാനത്തിലൂടെ വളർന്നുവന്ന പ്രതിഭ.
ആദ്യചിത്രമായ നെയ്ത്തുകാരൻ തന്നെ പ്രിയനന്ദനിലെ സംവിധായകനെ അടയാളപ്പെടുത്തുന്നതായിരുന്നു. പീന്നീട് വന്ന പുലജന്മത്തിനാണ് ദേശീയ അവാർഡ് കിട്ടുന്നത്. ഇതോടെ കെ ജി ജോർജിനും, അടൂരിനും, അരവിന്ദനും, ഷാജിക്കുമൊക്കെശേഷം തിര മലയാളത്തെ ദേശീയ തലത്തിലേക്ക് ഉയർത്തുന്ന ഒരു പ്രതിഭ ഇതാ വന്നിരിക്കുന്നുവെന്ന് ചലച്ചിത്രപ്രേമികൾ വിധിയെഴുതി. പക്ഷേ തുടർന്ന് വന്ന സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചലച്ചിത്രങ്ങൾ ശ്രദ്ധേയമായില്ല. ആർട്ടും കൊമേർഷ്യലും കൂടിക്കലർന്ന ആ ചിത്രങ്ങളിൽ പുലിജന്മത്തിലെ പ്രിയനന്ദനനെ കാണാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ ധബാരി ക്യുരുവിയും. ഇതല്ല പ്രിയനന്ദനിൽ എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പാളിച്ചകൾ പരിഹരിച്ച് ഒന്നാന്തരം ഒരു സിനിമയുമായി ഈ ചലച്ചിത്രകാരൻ മടങ്ങിവരും എന്നുതന്നെയാണ്, നല്ല സിനിമയെ സനേഹിക്കുന്നവർ കരുതുന്നത്.
വാൽക്കഷ്ണം: സിനിമ ഒട്ടും നന്നല്ലാതിരുന്നിട്ടും സബ്ജക്റ്റിന്റെ പ്രധാന്യം കൊണ്ട് അവാർഡ് നൽകുന്ന രീതി മലയാളത്തിലെ അവാർഡ് കമ്മറ്റിക്കാർ നിർത്തിയെങ്കിൽ അതൊരു നല്ലകാര്യം തന്നെയാണ്. നേരത്തെ സംസ്ഥാന അവാർഡ് നേടിയ വിധുവിൻസെന്റ് എന്ന സംവിധായികയുടെ മാൻഹോൾ എന്ന ചിത്രം കണ്ട്, ഈ ലേഖകനൊക്കെ ഇതിന് എങ്ങനെ അവാർഡ് കിട്ടി എന്ന് തരിച്ച് ഇരുന്നുപോയിട്ടുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ