- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയിൽ ഇത് തല്ലുകളുടെ കാലം; തല്ലുമാലക്കുശേഷം ആളെക്കുട്ടി തല്ലുകേസും; അമ്മിണിപ്പിള്ളയായി ബിജുമേനോൻ തകർത്തടിക്കുന്നു; പത്മപ്രിയയുടെത് ശക്തമായ തിരിച്ചുവരവ്; പ്രതിഭ തെളിയിച്ച് നവാഗത സംവിധായകൻ ശ്രീജിത്ത്; ഇന്ദുഗോപന്റെ കഥ തീർത്തും സിനിമാറ്റിക്ക്; മികച്ച ഗാനങ്ങളും; ഒരു തെക്കൻ തല്ലുകേസ് കൊടുത്ത കാശ് വസൂലാവുന്ന പടം
മലയാള സിനിമയിൽ ഇത് തല്ലുകളുടെ കാലമാണെന്ന് തോനുന്നു. 'തല്ലുമാല' വമ്പൻ ഹിറ്റായതിനുശേഷം ഇറങ്ങിയ 'ഒരു തെക്കൻ തല്ലുകേസിലും' കേന്ദ്രവിഷയമായി വരുന്നത്, ശരീരത്തിനും മനസ്സിനും ഏൽക്കുന്ന വിവിധ തരം തല്ലുകളാണ്. മഹത്തായ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാനൊന്നും കഴിയില്ലെങ്കിലും, കൊടുത്ത കാശ് വസൂലാവുന്ന ഒരു എന്റർടെയിനർ ആണ് ഈ ചിത്രം. നവാഗത സംവിധായകൻ എൻ ശ്രീജിത്തിന് കൃത്യമായി പണി അറിയാമെന്ന് ചുരുക്കം.
പ്രശസ്ത എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ രചിച്ച നോവലായ 'അമ്മിണിപ്പിള്ള വെട്ടുകേസാണ്' ചിത്രത്തിന് ആധാരം. നോവലിനെ ചില മാറ്റങ്ങളും ചില കൂട്ടിച്ചേർക്കലുമായി തിരക്കഥയാക്കിയ രാജേഷ് പിന്നാടന് പിഴച്ചിട്ടില്ല. കാമ്പില്ലാത്ത പ്രമേയത്തിൽ ക്യാമറ ബിൽഡപ്പുകൾ നടത്തി പിടിച്ചു നിൽക്കുന്ന ഒരു ചിത്രമല്ല ഇത്്. ശക്തമായ ഒരു പ്രമേയമുണ്ട്, കൊതിപ്പിക്കുന്ന ഏരിയൽ ഷോട്ടുകൾ അടക്കമുള്ള നല്ല ക്യാമറാവർക്കുണ്ട്, സ്വാഭാവികമായ നർമ്മമുണ്ട്, മികച്ച ഗാനങ്ങളുണ്ട്..... ഒരു ഓണക്കാല ആഘോഷ ചിത്രത്തിൽനിന്ന് ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്. ആദ്യപകുതിയുടെ തുടക്കത്തിലുള്ള കുറച്ച് സീനുകൾക്ക് ഒന്നുകൂടി വേഗത കുട്ടുകയായിരുന്നെങ്കിൽ ഈ ചിത്രത്തിന്റെ, കൊമേർഷ്യൽ വിജയത്തിനും വേഗത കൂടിയേനെ.
ഒരു വെട്ടുകേസിന്റെ കഥ
സമകാലീന മലയാളത്തിൽ ഒന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ ഗ്രാമീണത, അക്ഷരാർത്ഥത്തിൽ ഒപ്പിയെടുക്കുന്ന ചിത്രമാണിത്. അഞ്ചുതെങ്ങ് എന്ന തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമത്തിന്റെ എൺപതുകളിലെ അവസ്ഥ ചിത്രത്തിൽ അതേപോലെ വരച്ച് വെച്ചിരിക്കയാണ്. വർഷങ്ങൾക്ക് മുന്നേ ആ നാടു വിറപ്പിച്ച ചട്ടമ്പിയാണ് അമ്മിണിപിള്ള ( ബിജുമേനോൻ). അമ്മിണിയോട് അന്നാട്ടുകർക്ക് ഭയവും സ്നേഹവും ഇടകലർന്ന ഒരുതരം ബഹുമാനവുമാണ്. 'നരനി'ലെ മോഹൻലാലിന്റെ മുള്ളൻകൊല്ലി വേലായുധനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഇപ്പോഴും ഗ്രാമത്തിന്റെ ഒരു നാട്ടുരാജാവ് തന്നെയാണ് അമ്മിണിപ്പിള്ള. അയാളുടെ തല്ലിന്റെയും സാഹസങ്ങളുടെയും കഥകൾ 'ചേക്കിലെ മൈൽക്കുറ്റികൾക്കുപോലും' കാണാപ്പാഠമാണ്.
അഞ്ചുതെങ്ങിലെ ലൈറ്റ് ഹൗസിലെ ജീവനക്കാരൻ കൂടിയാണ് ഇയാൾ. അത്രയും ഉയരത്തിൽനിന്ന് നോക്കുന്ന അമ്മിണിപ്പിള്ള അറിയാതെ ഒരാളും ഗ്രാമത്തിലേക്ക് കടക്കില്ല. പുറമേ പരുക്കനാണെങ്കിലും ഉള്ളിൽ സ്നേഹം ഉള്ളവനാണ് പിള്ള. അത് ഏറ്റവും കൂടുതൽ അറിഞ്ഞത് ഭാര്യ രുക്മിണി ( പത്മപ്രിയ) തന്നെയാണ്. രുക്മിണിയുടെ കൂടപ്പിറപ്പ് പോലെ ഏറ്റവും അടുത്ത സുഹൃത്താണ് വാസന്തി ( നിമഷ സജയൻ) എന്ന അയൽക്കാരി. വാസന്തിക്ക് നാട്ടിലെ ചെറുപ്പക്കാരനായ പൊടിയനുമായി കടുത്ത പ്രണയം ഉണ്ട്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് പൊടിയനെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിലാണ് വാസന്തി ജീവിക്കുന്നത്.
ഒരു രാത്രിയിൽ പൊടിയനും വാസന്തിയും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അമ്മിണിപ്പിള്ള കയ്യോടെ പിടിക്കുന്നു. അത് നാട്ടിൽ പാട്ടാകുന്നു. തുടർന്ന് അമ്മിണിയോട് പ്രതികാരം തീർക്കാൻ തുനിയുന്ന പൊടിയനും സംഘവും ഒരു രാത്രിയിൽ അമ്മിണിപ്പിള്ളയെ കുത്തുന്നു. തുടർന്ന് പൊടിയന്റെ സംഘത്തെയും പരസ്യമായി തല്ലുമെന്ന് അമ്മിണി പ്രഖ്യാപിക്കുന്നു. തല്ലു കൊള്ളാതെ അവർ ഒളിവിൽ പോകുന്നു. ഇരുവർക്കും ഇടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ചിത്രത്തിന്റെ കഥാഗതി. ഒന്നാംപകുതിയേക്കാൾ ഹൃദ്യവും ചടുലവുമാണ് രണ്ടാം പകുതി. ഭയത്തിന്റെയും ഹീറോയിസത്തിന്റെയും രണ്ട് എക്സട്രീമുകളിലേക്ക് പടം അതിവേഗത്തി കടന്നുപോവുകയാണ്.
ഇന്ദുഗോപന്റെ കഥക്ക് കുതിരപ്പവൻ
മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി രചനാ വിഭാഗമാണ്. നമുക്ക് നല്ല സംവിധായകരുണ്ട്, ഒന്നാന്തരം ക്യാമാറാമാന്മാരുണ്ട്, നല്ല എഡിറ്റർമാരുണ്ട്. പക്ഷേ നമുക്കില്ലാത്തത് നല്ല എഴുത്തുകാരാണ്. അവിടേക്കാണ് ജി ആർ ഇന്ദുഗോപനെപ്പോലുള്ളവരുടെ കടന്നുവരവ്. അങ്ങേയറ്റം സിനിമാറ്റിക്ക് ആണ് ഇന്ദുഗോപന്റെ ചെറുകഥകൾ പോലും. ഇനി കുടുതൽ നല്ല കഥകൾ ഇന്ദുഗോപനിൽനിന്ന് മലയാള സിനിമക്കും കിട്ടേണ്ടതുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വെട്ടു കേസിന്റെ പ്രതികാരമാണ് പറയുന്നത്. അവിടെ വൈവിധ്യ പുർണ്ണമായ കഥാപാത്രങ്ങളെ ഇറക്കി നോവലിന് ഇന്ദു കൊടുത്ത ആ സിനിമാറ്റിക്ക് അപ്പീൽ, രാജേഷ് പിന്നാടന്റെ തിരക്കഥയിലും നഷ്പ്പെട്ടുപോയിട്ടില്ല. സംഭാഷണങ്ങളിലുമുണ്ട് നർമ്മം കലർന്ന ഒരു മിതത്വം.
പുതുമുഖം എന്ന് എവിടെയും തോന്നാത്ത രീതിയിലാണ് എൻ ശ്രീജിത്തിന്റെ സംവിധാനം. ഫ്രെയിമുകളുടെ ഭംഗിയും, കഥയുടെ ചടുലതയും കണ്ടാൽ ഇരുത്തം വന്ന ഒരു ഡയറക്ടർ ആണെന്നോ തോനുള്ളൂ. ആളുകൾ ബസിൽനിന്ന് ഇറങ്ങി, റോഡിലൂടെ നടന്ന് മീൻചാപ്പയും കടന്ന് കടപ്പുറത്തെത്തി, തോണിക്കാർ തോണിയെടുത്ത് കടലിൽപോകുന്നതുവരെ അമ്മിണിപ്പിള്ളയുടെ കഥ പറഞ്ഞുകൊണ്ടുള്ള ഒരു ഒറ്റ ഷോട്ട് ഉണ്ട്്. ക്ലാസിക്ക് എന്നേ പറയാൻ കഴിയൂ. അതുപോലെ മധു നീലക്ണ്ഠൻ ക്യാമറ ചലപ്പിച്ചാൽ അത് നന്നായി എന്ന് പ്രത്യേകം എഴുതേണ്ടതില്ല. അഞ്ചുതെങ്ങിന്റെ കായലിലിലും കരയിലും, സമുദ്രത്തിലുമൊക്കയായി കൂന്തളിച്ചങ്ങനെ കിടക്കയാണ് ക്യാമറ. ലൈറ്റ് ഹൗസിന്റെ മുകളിൽനിന്നുള്ള ചില ഷോട്ടുകളിലൊക്കെ കാണാം മധുവിന്റെ മാജിക്ക്.
പക്ഷേ ഈ ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചും എടുത്തു പറയാതെ വയ്യ. കമ്മട്ടിപ്പാടത്തിലേയും തൊട്ടപ്പനിലേയും കുമ്പളങ്ങി നൈറ്റ്‌സിലേയുമൊക്കെ പാട്ടുകകളിൽ കാണിച്ച അതേ പ്രാദേശികതയും ഗ്രാമീണതയും അൻവർ അലി ഈ ചിത്രത്തിലും കൊണ്ടുവരുന്നു. ആ ഗ്രാമത്തിന്റെ തനത് പാട്ടുകളാണ് അൻവർ അലിയുടെ തൂലികയിൽ നിന്ന് പിറന്നതെന്നേ തോന്നൂ. അത്രയും ആ പരിസരത്തോടും കഥയോടും സംവിധായകൻ കഥ പറഞ്ഞ ശൈലിയോടും ചേർന്നു നിൽക്കുന്നു പാട്ടുകൾ. ''എന്തൊരു കണ്ണെടേ ,ചങ്കിൽ കുത്തിക്കേറും കുന്തം തന്നെടേ..കുത്തിക്കൊന്നു നൊങ്ക് കുടിക്കല്ലേ,'', 'പാതിരയിൽ തിരുവാതിര പോലെ, പരമേശ്വരനിൽ പാർവതി പോലെ ഞാൻ അണ്ണനിൽ അിലിയണ പെണ്ണ്'' തുടങ്ങിയ പാട്ടുകളുടെ കാവ്യഭംഗി ശ്രദ്ധേയമാണ്. യാതൊരു അർത്ഥവുമില്ലാതെ 'തക്കുടു കുക്കുടു' എന്ന് എഴുതുന്ന ആധുനിക പാട്ടെഴുത്തുകാരിൽ വേറിന്ന് നിൽക്കയാണ് അൻവർ അലി. ആ വാക്കുകളുടെ താളം ഒട്ടും ചോർന്നു പോകാതെ, ജസ്റ്റിൻ വർഗ്ഗീസ് ആ വാക്കുകളെ സംഗീതത്തിൽ ലയിപ്പിച്ച് എടുത്തിരിക്കുന്നു.
മാൻ ഓഫ് ദി മാച്ച് പൊടിയന്റെ കൂട്ടുകാർ
ബിജു മേനോന് അനായാസമായി ചെയ്യാവുന്ന വേഷമാണ് ഈ ചിത്രത്തിലെ നായകൻ അമ്മിണിപ്പിള്ള. മുമ്പ് ബിജു ചെയ്ത പടയോട്ടം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളുടെ ചില അനുകരണങ്ങളും അവിടെ ഇവിടെ കാണാം. ആക്ഷൻ സീനുകളിൽ അടക്കം ബിജു മോശമാക്കിയിട്ടില്ല. ഒരു ഇടവേളയ്ക്കു ശേഷം വരുന്ന പത്മപ്രിയയുടെ മികച്ച വേഷമായി അമ്മിണിപ്പിള്ളയുടെ ഭാര്യ രുക്മിണി. നടിയെ ആക്രമിച്ച കേസിന് പിന്നാലെ താരാധിപത്യത്തെക്കുറിച്ചൊക്കെ പ്രതികരിച്ചതോടെ പത്മപ്രിയയെ മലയാള സിനിമയിൽനിന്ന് കാണാനില്ലായിരുന്നു. എന്നാൽ ആർക്കും അവഗണിക്കാൻ കഴിയാത്ത കരുത്തയായ നടി തന്നെയാണ് താൻ എന്ന് അവർ വീണ്ടും തെളിയിച്ചിരിക്കയാണ്. 'അടിക്കുമ്പോൾ അമ്മാതിരി അടി അടിക്കണം' എന്ന് തന്റെ ഭർത്താവിനോട് പറയുന്ന തീപ്പൊരി നായികയാണ് ഈ ചിത്രത്തിലെ രുക്മിണി. ക്ലൈമാക്സിൽ നായകനേക്കാളും കൈയടി കിട്ടുന്നതും നായികക്കാണ്.
അതുപോലെ വേറെ ഒരു ജോണറിലുള്ള നടനാണ് റോഷൻ മാത്യു. ഒരു കണക്കിന് ഭാഗ്യവാനും. മറ്റ് യുവതാരങ്ങൾക്ക് ഒന്നും കിട്ടാത്ത രീതിയിലുള്ള വൈവിധ്യമാർന്ന വേഷങ്ങളാണ് ഈ നടന് കിട്ടുന്നത്. ഇവിടെ പൊടിയന്റെ പകയും, ഈഗോയും, ഭീതിയുമൊക്കെ കൃത്യമായി സ്റ്റാമ്പ് ചെയ്യുന്ന രീതിയിൽ മികച്ച പ്രകടനമാണ് റോഷൻ കാഴ്ചവെക്കുന്നത്. പൊടിയന്റെ കാമുകയായ വാസന്തിയായി നിമിഷ സജയനും ജോറാക്കുന്നു.
പക്ഷേ ഈ ചിത്രത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് പറയുന്നത് ഇവർ ആരുമല്ല. പൊടിയന്റെ കൂട്ടുകാർ ആയി വന്ന ചില പുതുമുഖങ്ങളാണ്. അവർ അങ്ങോട്ട് തകർക്കയാണ്. പൊടിയന്റെ സുഹൃത്തുക്കളായ ലോപസും(അശ്വത് ലാൽ) കുഞ്ഞിപ്പക്കിയും (അരുൺ ശങ്കരൻ) പ്രഭക്കുട്ടനും (റെജു ശിവദാസ്) കുഞ്ഞുകുഞ്ഞും (അഖിൽ കവലയൂർ) ഭാവിയുള്ള നടന്മാർ ആണ്്. നാട്ടിൻ പുറത്തെ ആളുകളെ ഓഡിഷൻ നടത്തി അതേപടി കൊണ്ടുവെച്ചിരിക്കയാണെന്ന് തോന്നു. അത്രക്ക് സ്വാഭാവികത. അവരുടെ പേടിയും ചമ്മലും നർമ്മവും ഒക്കെ ഒന്ന് കാണണം. ചളമാക്കാത്ത ലിമിറ്റഡ് കോമഡിയും ഏറെക്കാലത്തിനുശേഷമാണ് കാണുന്നത്.
വാൽക്കഷ്ണം: പക്ഷേ ഈ പടത്തിന്റെ അണിയറ ശിൽപ്പികൾ, ഈ സിനിമയെ മാർക്കറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ കാര്യമായി നടത്തുന്നില്ല. ഈ ഓണത്തിരക്കിനിടയിൽ പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനിടയിൽ ഈ കൊച്ചു ചിത്രം മുങ്ങിപ്പോവാതിരിക്കട്ടെ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ