- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരിക്കും മാരക വിസ്ഫോടനശേഷിയുള്ള ചിത്രം; തല്ലുമാല തീർത്ത് ഷെയിൻ നിഗവും ആന്റണി വർഗീസും നീരജ് മാധവവും; ആക്ഷനും പ്രണയവും ഡാൻസും പാട്ടും കോമഡിയും അടക്കം എല്ലാ ചേരുവകളുമുള്ള ഒരു ഫെസ്റ്റിവൽ മൂവി; എല്ലാ അപമാനങ്ങൾക്കും സിനിമയിലൂടെ മറുപടി പറഞ്ഞ് സംവിധായകൻ നഹാസ് ഹിദായത്ത് ; ഓണം തൂക്കി ആർഡിഎക്സ്!
ആർഡിഎക്സ് പോലെ മാരക സ്ഫോടനശേഷിയുള്ള ഒരു ചിത്രം. തീയേറ്റിറിൽ കൈയടിയുടെ മാലപ്പടക്കം. ശരിക്കും ഒരു മിനി കെജിഎഫ്! മലയാളത്തിന്റെ ഠ വട്ടത്തിൽ അതല്ലേ നടക്കൂ. ആക്ഷൻ, പ്രണയം, ഡാൻസ്, പാട്ട്, കോമഡി എന്നിങ്ങനെയുള്ള എല്ലാ ഫെസ്റ്റിവൽ ചേരുമ്പടികളും ചേർത്തുള്ള ചിത്രം. ആർഡിഎക്സ് എന്ന, നഹാസ് ഹിദായത്ത് എന്ന പുതുമുഖം സംവിധാനം ചെയ്ത ചിത്രം തീയേറ്റുകളെ പൂരപ്പറമ്പാക്കുകകയാണ്. 50 കോടി മുടക്കിയെടുത്തുവെന്ന് പറയുന്ന ദുൽഖർ സൽമാന്റെ കിങ്ങ് ഓഫ് കൊത്തയെയും, നിവിൻ പോളിയുടെ ചിത്രത്തെയും മറികടന്ന് ഈ ഓണം ആർ ഡി എക്സ് തൂക്കിയിരിക്കയാണ്.
റിലീസിനു മുന്നേ വിവാദമായ ചിത്രമാണിത്. നഹാസ് ഹിദായത്ത് എന്ന സംവിധായകനെ ഷെയിൻ നിഗം അപമാനിച്ചതിന്റെ പേരിലുണ്ടായ വിവാദം ആരും മറന്നിട്ടുണ്ടാവില്ല. തനിക്ക് പ്രാധാന്യം കുറയുന്നുണ്ടോ എന്ന് അറിയാൻ ഓരോ ഷൂട്ടിനുശേഷവും ഷെയിൻനിഗത്തിന്റെ അമ്മയും സഹോദരിയും എഡിറ്റ് കാണുകയും, സംവിധായകനെ പരിഹസിക്കുന്ന രീതിയിൽ കമന്റുകൾ പറഞ്ഞുവെന്നതും വിവാദമായിരുന്നു. ഇതിനെതിരെ ഫെഫ്ക പരസ്യമായി രംഗത്ത് എത്തുകയും ബി ഉണ്ണിക്കൃഷ്ണൻ വാർത്താ സമ്മേളനം വിളിക്കുകയും, പിന്നീട് ഷെയിൻ നിഗത്തെ വിലക്കിയതായി വാർത്ത വന്നതൊക്കെ ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.
എന്നാൽ ശരിക്കും പണി അറിയുന്ന പയ്യനാണ് നിഹാസ് എന്ന് ആർഡിഎക്സ് കണ്ടാൽ അറിയാം. കൊമേർഷ്യൽ മലയാള സിനിമയുടെ ഭാവിയുടെ വാഗ്ദാനമാണ് ഇയാൾ എന്ന് ഓരോ ഷോട്ടും തെളിയിക്കുന്നു. ഈ പ്രതിഭയുടെ ഒക്കെ മേലെ കയറി പണിയാൻ നോക്കുന്ന താരങ്ങളുടെ തലക്ക് ഓളമാണെന്ന് വ്യക്തം. ഷെയിൻ നിഗത്തിന്റെ അടവ് നിഹാസിന്റെ അടുത്ത് പൂർണ്ണമായും ചെലവായിട്ടുമില്ല. ആർ ഡി എക്സ് എന്ന തലക്കെട്ടുവന്ന, റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു ചെറുപ്പക്കാരുടെ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ ഏറെക്കുറേ തുല്യപരിഗണനയാണ്. ഷെയിൻ നിഗം തന്നെയാണ് നായകൻ എങ്കിലും, ആന്റണി വർഗീസിനിയെും, നീരജ് മാധവിനെയും മൂലക്കിരുത്തുന്ന വൺമാൻഷോ ചിത്രത്തിലില്ല.
ഈ മൂന്നു ചെറുപ്പക്കാരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ആദ്യാവസാനം വരെ ചിത്രത്തെ നിലനിർത്തുന്നതും ഇവരുടെ സ്നേഹവും സൗഹൃദവുമാണ്.
ഒരു പള്ളി പെരുന്നാളിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അടിക്ക് തുടക്കമിടുന്നതും ഇവിടുന്ന് തന്നെ. റോബർട്ടും ഡോണിയും സഹോദരങ്ങളാണ്. ആന്റണി വർഗീസ്, ഷെയിൻ നിഗം എന്നിവരാണ് ഈ കഥാപാത്രങ്ങളായെത്തുന്നത്. ഇവരുടെ സുഹൃത്തായ സേവ്യർ ആയി നീരജ് മാധവും എത്തുന്നു. പള്ളി പെരുന്നാളിനിടെ ഡോണി തന്റെ അപ്പനെ (ലാൽ) കൈവയ്ക്കുന്ന ഗുണ്ടയെ അടിക്കുന്നിടത്തു നിന്നാണ് സിനിമ തുടങ്ങുന്നത്. ഇതിന്റെ പ്രതികാരമെന്നോണം ഗുണ്ടകൾ ലാലിന്റെ കുടുംബത്തിലേക്ക് കയറുന്നു. അവിടുന്നങ്ങോട്ട് സിനിമ സഞ്ചരിക്കുന്നത് മറ്റൊരു തലത്തിലാണ്.
അടി, തിരിച്ചടി, അതിജീവനത്തിന് വേണ്ടിയുള്ള ജീവന്മരണപോരാട്ടം. ഇത്രയും സംഭവങ്ങൾ വൃത്തിക്ക് അടുക്കിപ്പെറുക്കി ക്രമീകരിച്ചിരിക്കുന്നു സംവിധായകൻ നവാസ് ഹിദായത്ത്. ഇതുമതി ഒരു കോമേർഷ്യൽ സിനിമ വിജയിക്കാൻ. വലിയ അണ്ഡകടാഹം സംഭവങ്ങൾ ഒന്നും വേണ്ട, ഉള്ളത് വൃത്തിക്ക് എടുത്താൽ മതി.
അടിച്ചത് തകർത്ത് ഷെയിൻ നിഗം
ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അടിയുടെ കാര്യത്തിൽ ആന്റണി വർഗീസിനെപ്പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ആദ്യ ചിത്രമായ അങ്കമാലി ഡയറീസ് തൊട്ട് അജഗജാന്തരംവരെ ആന്റണി അടിച്ച് തകർത്തയാണ്. പക്ഷേ ഇവിടെ ഞെട്ടിച്ചത് ഷെയിൻ നിഗവും നീരജ് മാധവുമാണ്. നഞ്ചക്ക് ഉപയോഗിച്ചുള്ള നീരജ് മാധവിന്റെ ആക്ഷൻ രംഗങ്ങൾ അത്യുഗ്രൻ. മലയാള സിനിമയിൽ അപ്രഖ്യാപിത വിലക്ക് നേരിടുന്ന നടനാണ് നീരജ്. ഒരു ഇടവേളക്ക് ശേഷം ഈ യുവ നടന്റെ അതിശക്തമായ തിരിച്ചുവരവുകൂടിയാണ് നാം കാണുന്നത്.
അതുപോലെ ആക്ഷൻ രംഗങ്ങളിൽ ഷെയിനും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു ബോട്ടിലുള്ള ഷെയ്ൻ നിഗത്തിന്റെ ഫൈറ്റ് രംഗം ചിത്രീകരിച്ചിരിക്കുന്ന രീതി എടുത്തു പറയേണ്ടതാണ്. അവിടെ കാരാട്ടെയുടെ ഉപയോഗമൊക്കെ വളരെ ഗംഭീരമായി എടുത്തിട്ടുണ്ട്. ഷെയിൻ പതിവ് വിഷാദ ഭാവമൊക്കെ വിട്ട് കളർഫുൾ ഡാൻസും പാട്ടുമായി പ്രേക്ഷകരെ രസിപ്പിക്കുന്നു.
ഇത് വെറുമൊരു അടിപ്പടം മാത്രമയി ഇതിനെ കാണാനുമാവില്ല. അനാവശ്യമായി തിരുകിക്കയറ്റിയ ഫൈറ്റ് രംഗങ്ങൾ ഒന്നും തന്നെ സിനിമയില്ല. കഥക്ക് ആവശ്യമായ സ്ഥലത്ത് കൃത്യമായ രീതിയിലാണ് ആക്ഷൻ സീക്വൻസുകൾ ഉപയോഗിച്ചിരിക്കുന്നത്. കെജിഎഫിനും വിക്രത്തിനുമൊക്കെ ആവേശകരമായ സംഘട്ടനരംഗങ്ങളൊരുക്കിയ അൻപറിവ്, അതിൽനിന്നു വ്യത്യസ്തമായ ആക്ഷൻ കൊറിയോഗ്രഫിയാണ് ആർഡിഎക്സിനായി ഒരുക്കിയിരിക്കുന്നത്.
അഭിനേതാക്കൾ ഒക്കെയും ഈ പടത്തിൽ നന്നായിട്ടുണ്ട്. ലാൽ, മാല പാർവതി, നിശാന്ത് സാഗർ, മഹിമ നമ്പ്യാർ എന്നിവരും കൈയടി നേടി. ക്ലൈമാക്സ് രംഗത്തിലുള്ള മഹിമയുടെ പെർഫോമൻസും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നതാണ്. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ബാബു ആന്റണിയുടേതാണ്. അതുവരെ ശാന്തനായിരുന്നു കഥാപാത്രത്തിന്റെ ക്ലൈമാക്സിലെ വേഷപ്പകർച്ച കാണേണ്ടതാണ്. വിഷ്ണു അഗസ്ത്യ അവതരിപ്പിച്ച പോൾസൺ എന്ന വില്ലനും കിടു. ശരിക്കും പറഞ്ഞാൽ ആകെ മൊത്തത്തിൽ ഓണം പൊടി പൂരമാക്കാനുള്ള എല്ലാ ഘടകങ്ങളും ആർഡിഎക്സിലുണ്ട്. ആദ്യാവസാനം വരെ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് പശ്ചാത്തല സംഗീതമാണ്. സാം സി എസിന്റെ കൈകളിൽ അവിടം ഭദ്രമായിരുന്നുവെന്ന് വേണം പറയാൻ.
ചില വിയോജിപ്പുകൾ
പുരുഷന്മാർ മൊത്തം ക്രിമിനലുകളാണെന്ന് തോന്നിക്കുന്ന രീതിയിൽ ഒരു കോളനിയെ ചിത്രീകരിച്ചത്, പിള്ളേർ പൊളിറ്റിക്കൽ കറക്റ്റ്്നെസ്സ് കണ്ടുപിടിച്ച് വീഡിയോ ഇടുന്ന ഇക്കാലത്ത് വിവാദമാവാൻ സാധ്യതയുള്ളതാണ്. കൊമമേർഷ്യൽ പടങ്ങളെയൊന്നും ഈ രീതയിൽ ഉത്തരാധുനിക സ്കാനറിലൂടെ നോക്കേണ്ട കാര്യമില്ല.
പക്ഷേ ഇത്തരം കോളനികളൊക്കെ ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ട ഇക്കാലത്ത് ഒരു കടന്ന കൈയായിപ്പോയി ഈ പിക്ച്ചറൈസേഷൻ. കറുത്ത നിറത്തിന്റെ പേരിലും, ജാതിയുടെ പേരിലും ഭാവിൽ ഈ ചിത്രത്തിനെതിരെ വലിയ വിർശനങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. സംവിധായകൻ ഒരുപക്ഷേ അങ്ങനെ ഒന്നും ഉദ്ദേശിച്ചിരിക്കാൻ ഇടയില്ല. പക്ഷേ കേരളത്തിൽ വിവാദത്തിന് പഞ്ഞമൊന്നുമില്ലല്ലോ. ദളിതരെ അപമാനിക്കുന്ന സിനിമയാണ് എന്നൊക്കെ പൊക വാദികൾക്ക് (പൊളിറ്റിക്കൽ കറക്ട്നെസറ്റ്) പറഞ്ഞുപരത്താനുള്ള അവസരം വെറുതെ സംവിധായകനായിട്ട് ഇട്ടുകൊടുക്കയാണ്.
ഇത്തരം സിനിമകളിലെ പതിവായ ഒരു ചേരുവയാണ്, പൊലീസും കോടതിയും, നിയമവാഴ്ചയും ഒന്നുമില്ലാത്ത വെള്ളരിക്കാപ്പട്ടണമായി സമൂഹത്തെ ചിത്രീകരിക്കൽ. എല്ലാം തല്ലിതീർപ്പാണ്. സ്റ്റേറ്റിനെ നോക്കുകുത്തിയാക്കുന്ന ആ ഓൾഡ് മോഡൽ ഇവിടെയും ആവർത്തിക്കുന്നു. അതുപോലെ സിനിമയുടെ റിയലിസ്റ്റിക്ക് ടോണിന് ചേരുന്നതല്ല, ക്ലൈമാക്സിലക്കം വന്ന തെലുങ്ക് മോഡൽ സംഘട്ടനങ്ങൾ. മാരകയുധങ്ങളുമായി നിരവധി വണ്ടികളിൽ കൊല്ലണമെന്ന ലക്ഷ്യവുമായി പിന്തുടരുമ്പോൾ, അത്യാഹിതവാർഡിൽ നിന്ന് കുടുംബസമേതം രക്ഷപ്പെടുന്ന നായകർ, വിശാലമായ ഒരു ഗ്രൗണ്ടിൽവെച്ച് വില്ലന്മാരെ അടിച്ചൊതുക്കയാണ്. അതും നുറുവില്ലന്മാർ ഉണ്ടെങ്കിൽ അവർ വരിവരിയായി വന്നാണ് തല്ലുവാങ്ങുന്നത്. ആദ്യം നാലുപേർ വീഴുമ്പോൾ പിന്നെ നാലുപേർ എന്ന ക്രമത്തിൽ. ഈ തെലുങ്ക് മോഡലൊന്നും ഇപ്പോൾ ആരും എടുക്കാറില്ല. പണ്ടൊക്കെ പത്തുപേരെ ഒറ്റ വിരലുകൊണ്ട് നേരിടുന്ന രജനീകാന്ത്പോലും എത്രമാറിയെന്ന് ജയിലർ തെളിയിക്കുന്നു.
പക്ഷേ കുറ്റം പറയുരുതല്ലോ, ആ കത്തി ക്ലൈമാക്സിലും താരങ്ങൾ മിന്നിച്ചിട്ടുണ്ട്. ബാബു ആന്റണിയുടെ പ്രകടനത്തിന് കിട്ടുന്ന കൈയടി കാണണം. അടുത്തകാലത്തൊന്നും ഒരു മലയാള നടന് ഇതുപോലെ കൈയടി കിട്ടിയതായി ഓർമ്മയില്ല. ഈ ഓണക്കാലം ആർഡിഎക്സ് തൂക്കിയെന്ന് ചുരുക്കം.
വാൽക്കഷ്ണം: ഷെയിൻ നിഗം എന്ന നടന് മലയാളത്തിൽ ഇനിയും ഏറെ ചെയ്യാറുണ്ട്. അലമ്പും, ഉഴപ്പും, 'പ്രകൃതി'ക്കളിയും അവസാനിപ്പിച്ച് കരിയറിൽ ശ്രദ്ധിച്ചാൽ ഈ യുവ നടനെ പിടിച്ചാൽ കിട്ടില്ല. ഏത് കലാകാരനും അനിവാര്യമായ കാര്യമാണ് അച്ചടക്കം. നീരജ് മാധവിനും ബാധകമാണ് ഇക്കാര്യം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ