1985-ല്‍ ഭരതന്‍ അതിരപ്പിള്ളിക്കടുത്തെ മലക്കപ്പാറയില്‍ 'കാതോട് കാതോരം' എന്ന സിനിമയിലെ ദേവദൂതര്‍ പാടിയെന്ന പാട്ട് ചിത്രീകരിക്കുമ്പോള്‍, മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച പെണ്‍കുട്ടിയെ പിറ്റേന്ന് കാണാതാവുക. പിന്നീട് 2024-ല്‍, മദ്യപിച്ച് രണ്ടു കിഡ്നിയും നഷ്ടമായ ഒരാള്‍ ( ചിത്രത്തില്‍ സിദ്ദീഖ്) മലക്കപ്പാറിയിലെ കാട്ടിലെത്തി, 'ഇവിടെയാണ് ഞങ്ങള്‍ ഒരു പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചിട്ടതെന്ന്' പ്രതികളുടെ പേര് അടക്കം വെളിപ്പെടുത്തി, ഫേസ്ബുക്കില്‍ ലൈവിട്ടശേഷം വെടിവെച്ച് മരിക്കുക!

തീര്‍ത്തും അസാധാരണമായ ഒരു കഥാപരിസരത്തിലൂടെ നമ്മെ കൊണ്ടുപോവുകയാണ്, മമ്മൂട്ടിയുടെ പ്രീസ്റ്റ് എന്ന ചിത്രം എടുത്ത ജോഫിന്‍ ടി ചാക്കോ. ഗംഭീരമായ ആദ്യ പകുതിക്കുശേഷം, പാളിപ്പോയ രണ്ടാം പകുതിയായിരുന്നു പ്രീസ്റ്റിന്റെ പ്രശ്നം. ഇവിടെ 'രേഖാചിത്രത്തില്‍' ആദ്യചിത്രത്തിന്റെ പരിമിതികളെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഗംഭീരം എന്നേ ചിത്രത്തെക്കുറിച്ച് പറയാന്‍ കഴിയൂ.

ബ്രില്ല്യന്റ് സ്‌ക്രിപ്റ്റിങ്ങ്

മലയാളത്തിലെ ഏറ്റവും വലിയ പ്രശ്നം വ്യത്യസ്തമായ കഥകള്‍ ഇല്ലാത്തതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ തിരക്കഥയുടെ മികവുകൊണ്ടാണ് രേഖാചിത്രം വ്യത്യസ്തമാവുന്നത്. ആ പേരില്‍ പോലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ബ്രില്ല്യന്‍സ്. ഇത് സ്‌കെച്ച് എന്ന അര്‍ത്ഥത്തിലല്ല, രേഖയുടെ ചിത്രം എന്ന രീതിയിലാണ് അവസാനിക്കുന്നത് എന്ന് ചിത്രം കഴിഞ്ഞാലാണ് മനസ്സിലാവുക.

മലക്കപ്പാറയില്‍ 85-ല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അഗസ്ത്യകൂടം പൊലീസിന് തലവേദനയാവുന്നു. ആരാണ് മരിച്ചത് എന്ന അന്വേഷണത്തില്‍ ഏറ്റവും പ്രധാന റോള്‍ വഹിക്കുന്ന, വിവേക് ഗോപിനാഥ് എന്ന എസ്ഐക്ക് ( സിനിമയില്‍ ആസിഫലി) ഇത് പ്രസ്റ്റീജിന്റെ പ്രശ്നമാണ്. ഡ്യൂട്ടി സമയത്ത് ഓണ്‍ലൈന്‍ റമ്മി കളിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഇദ്ദേഹം, പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ എന്ന നിലയിലാണ് മലക്കപ്പാറയില്‍ എത്തുന്നത്. പ്രതികളില്‍ ഒരാളുടെ പേര് പ്രമുഖനായ ശതകോടീശ്വരനായ ഒരു ജ്വല്ലറി മുതലാളിയാണ് എന്ന് ( ചിത്രത്തില്‍ മനോജ് കെ ജയന്‍) സ്വയം വെടിവെച്ച് മരിച്ചവന്റെ ലൈവിലൂടെ അറിയാമെന്നല്ലാതെ, മറ്റു പ്രതികള്‍ ഒന്നും എവിടെയാണെന്ന് അവര്‍ക്കും അറിയില്ല. അങ്ങനെ പൊലീസ് ഉത്തരം മുട്ടി നില്‍ക്കുന്ന ഒരു അന്വേഷണം.

പതിവ് കുറ്റാന്വേഷണ കഥയാവാം എന്ന് നാം, സംശയിച്ച് നില്‍ക്കയാണ് ഈ ചിത്രത്തിന്റെ മാജിക്ക് വരുന്നത്. വര്‍ത്തമാനകാലത്തെയും ഭൂതകാലത്തെയും സംയോജിക്കുന്ന ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ഴോണര്‍ സിനിമയായി ഇത് പെട്ടെന്ന് മാറുകയാണ്. കാതോട് കാതോരത്തിലെ ഭരതനെയും, സഹ സംവിധായകന്‍ കമലിനെയും, തിരക്കഥാകൃത്ത് ജോണ്‍ പോളിനെയും, മമ്മൂട്ടിയെയും, ദേവദൂതര്‍ പാട്ടിനെയുമൊക്കെ പുനസൃഷ്ടിക്കയാണ് ജോഫിന്‍. ആ ബ്രില്ലന്റ് ഫ്ളാഷ്ബാക്കാണ് ചിത്രത്തിന്റെ കാതല്‍. ദേവദൂതര്‍ പാടി പാട്ടിന്റെ മൂന്നാം വരവാണിത്. എന്നിട്ടും എന്തൊരു ചന്തം! ക്ലാസ് കള്‍ട്ട് സിനിമകളുടെ ഡയറക്ടര്‍ ഭരതന്റെ എല്ലാ ചേഷ്ഠകളുമായി തനി ഡിറ്റോ കോപ്പിപോലെയാണ് കെ ബി വേണു നടിക്കുന്നത്.




തകര്‍ത്ത് എ ഐ മമ്മൂട്ടിയും

ചിത്രത്തില്‍, ഏതാനും സീനുകളില്‍ വരുന്ന നടീ നടന്‍മ്മാര്‍ക്കുപോലും അപാര പെര്‍ഫോമെന്‍സാണ് കാഴ്ചവെക്കുന്നത്. ഇന്ദ്രന്‍സിന്റെ ഒരു വെള്ളമടി സീന്‍ ഉണ്ട്. കണ്ണടച്ചുകൊണ്ടുള്ള, ആ സ്ഥിരം മദ്യപാനികളുടെ ചേഷ്ഠയൊക്കെ അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനെടുക്കാം. ഏതാനും സീനിലുള്ള സിദ്ദീഖും തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് ഷോക്ക് നല്‍കുന്നു. വിഗ്ഗൊക്കെ മാറ്റിവെച്ച് തന്റെ വിശ്വരൂപം പ്രകടമാക്കിയുള്ള മനോജ് കെ ജയന്റെ പ്രകടനവും തീ പാറും. 'ആട്ടം' ഫെയിം സെറിന്‍ ശിഹാബും, സിനിമാ പത്രപ്രവര്‍ത്തകന്‍ പല്ലിശ്ശേരിയെ സ്പൂഫ് ചെയ്തുകൊണ്ട് എത്തുന്ന ടി ജി രവിയും പ്രേക്ഷകരുടെ മനസ്സില്‍നിന്ന് മായില്ല. അതുപോലെ, സിദ്ദീഖിന്റെയും ടി ജി രവിയുടെയുമൊക്കെ യൗവനവേഷത്തില്‍ വരുന്നത് അവരുടെ മക്കള്‍ തന്നെയാണ്. സംവിധായകന്‍ കമലും നടന്‍ ജഗീദീഷും ജീവിതത്തിലെ അതോ റോളില്‍ തന്നെ ചിത്രത്തിലുമെത്തുന്നു.

രേഖയെന്ന ടൈറ്റില്‍ റോളിലെത്തുന്ന അനശ്വര രാജനെ പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. ആ കുട്ടി എന്ത് തൊട്ടാലും പൊന്നാണ്. ക്ലൈമാക്സില്‍ അനശ്വരയുടെ അനിയത്തിയായി പ്രിയങ്കാ നായരുടെ ഒരു വരവുണ്ട്. ഏതാനും സീനുകള്‍ കൊണ്ട് ആ നടി കണ്ണുനിറയിപ്പിക്കുന്നു. ക്ലൈമാക്സിലെ പ്രിയങ്കയുടെ വിഷാദച്ചിരി പ്രേക്ഷകര്‍ മറക്കില്ല.




ആസിഫലിയുടെ സൂപ്പര്‍താര പദവിയിലേക്കുള്ള യാത്ര ഇവിടെ തുടങ്ങയാണെന്ന് തോന്നുന്നു. കിഷ്‌ക്കിന്ധാകാണ്ഡത്തിനുശേഷം വീണ്ടും നടന് ഒരു ഹിറ്റുകിട്ടുകയാണ്. കൃത്യം മീറ്ററിലാണ് ആസിഫിന്റെ അഭിനയം. പാട്ടും തല്ലുമായി വെറുപ്പിക്കലുകള്‍ ഒന്നും അധികം ചിത്രത്തിലില്ല. ഒറ്റ സ്റ്റണ്ട് സീനില്‍ തന്നെ കട്ട ലോക്കല്‍ മോഡലില്‍ കൈകൊണ്ട് അടിച്ചിടുകയാണ് ആസിഫ്. അവിടെപ്പോലും ചിത്രം ഒറിജിനാലിറ്റി നിലനിര്‍ത്തുന്നു.

ഒരു ക്ലാസ് മൂവിയുടെ സ്റ്റെലിലാണ് ജോഫിന്‍ ഓരോ രംഗങ്ങളും ഒരുക്കിയിരിക്കുന്നത്. എവിടെയും കാടുകയറുന്നില്ല. കൃത്യമായി വെട്ടിയൊതുക്കി, അളുന്നുമുറിച്ചുള്ള വെല്‍പാക്ക്ഡ് ചിത്രം. സ്‌ക്രിപ്്റ്റിലെ ബ്രില്ല്യന്‍സ് കാതോട് കാതോരത്തില്‍ തുടങ്ങി, ജോണ്‍പോളിന്റെ സഫാരി ടീവിയിലെ അഭിമുഖത്തിലും, മുത്താരം കുന്ന് പി ഒ സിനിമയിലേക്കും, അതിന് കഥ എഴുതിയ ജഗദീഷിലേക്കുമൊക്കെ നീളുന്നത് കണ്ടിരുന്നുപോവും. ഈ കഥയെഴുതിയ ജോണ്‍ മന്ത്രിക്കല്‍ ഇനിയും ഉയരങ്ങിലേക്ക് എത്തും. ശ്രദ്ധിച്ച് സൂക്ഷിച്ച് പ്രമേയങ്ങള്‍ തിരഞ്ഞെടുത്തല്‍ ഈ ചെറുപ്പക്കാരന്‍ ന്യൂജന്‍ ലോഹിതദാസായി മാറാനുള്ള സാധ്യതയുണ്ട്.

മമ്മൂട്ടിയുടെ ചെറുപ്പം എ ഐയില്‍ ചിത്രം പുനസൃഷ്ടിച്ചിരിക്കുന്നത് കാണുമ്പോള്‍ അമ്പരന്നുപോവും. മലയാളത്തില്‍ ആദ്യമായിട്ടായിരിക്കം എ ഐ ഇത്ര നന്നായി ഉപയോഗിക്കുന്നത്. ശബ്്ദ- എഴുത്ത്, സാന്നിധ്യമായും മമ്മൂട്ടി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി, നിറഞ്ഞുനില്‍ക്കുന്നു. അതാണ് ചിത്രത്തിന്റെ മാജിക്ക്.

വാല്‍ക്കഷ്ണം: പല ചിത്രങ്ങളിലും തുടക്കത്തില്‍ കാക്കത്തൊള്ളായിരം പേര്‍ക്ക് നന്ദി പറയുന്നത് കാണുമ്പോള്‍, അരോചകമായാണ് തോന്നുക. പക്ഷേ ഇവിടെ സിനിമ തീര്‍ന്നതിനുശേഷം, മമ്മൂട്ടിക്കും, ഭരതനും, പഴയ കാതോട് കതോരം ടീമിനുമൊക്കെ നന്ദി പറയുമ്പോള്‍ ജനം കൈയടിക്കയാണ്.