- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരൂ, നിങ്ങള്‍ക്ക് ഒടുവിലാന്റെയും ശങ്കരാടിയുടെയും ഇന്നസെന്റിന്റെയുമാക്കെ കന്നഡ പതിപ്പുകളെ കാണാം; 'സു ഫ്രം സോ' ഒരു അസാധ്യ ചിത്രം; കുഗ്രാമത്തിലെ പ്രേത കഥയില്‍ ഒപ്പം പി കെ മോഡല്‍ അന്ധവിശ്വാസ വിമര്‍ശനവും; ഷെട്ടി ഗ്യാങ് വീണ്ടും മലയാളത്തിന്റെ ബോക്സോഫീസ് കുലുക്കുമ്പോള്‍!
'സു ഫ്രം സോ' ഒരു അസാധ്യ ചിത്രം
ഷെട്ടി ഗ്യാങ്! ലോക ചരിത്രത്തില്‍ ആദ്യമായി പോസറ്റീവായി അറിയപ്പെടുന്ന ഒരു ഗ്യാങായിരിക്കണം. കാരണം ഇത് മംഗലൂരുവിലെയോ, ബംഗലൂരുവിലെയോ ക്വട്ടേഷന്‍ സംഘമല്ല. കന്നഡ സിനിമയുടെ ജാതകം തിരുത്തിയ ഒരു പറ്റം ഫിലം മേക്കേഴ്സിന്റെ കൂട്ടായ്മയാണ്. രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി, രാജ് ബി ഷെട്ടി...കന്നഡ സിനിമാലോകത്തെ പ്രമുഖരായ ഈ മൂന്നുപേരെ ചേര്‍ത്ത് ഷെട്ടി ഗ്യാങ് എന്നാണ് അറിയപ്പെടുന്നത്. പത്തുവര്‍ഷം മുമ്പുവരെയും ലോകത്തിലെ ഏറ്റവും ചവറുപടങ്ങള്‍ ഇറങ്ങിയിരുന്നു, ഒരുകാലത്ത് ഹിന്ദിയുടെ പ്രഭാവത്തില്‍ ഇല്ലാതായിപ്പോവും എന്നുവരെ പ്രവചിക്കപ്പെട്ട കന്നഡ സിനിമയുടെ വഴിതിരിച്ചുവിട്ടത് ഈ ന്യൂജന്‍ ഫിലിം മേക്കേഴ്സാണ്. ഷെട്ടി ഗ്യാങിന്റെ 'ഗരുഡ ഗമന ഋഷഭ വാഹന' എന്ന പടം ഒടിടിയില്‍ കണ്ടുനോക്കു. ഒരേ സമയം അഭിനേതാക്കളും, തിരക്കഥാകൃത്തുക്കളും, സംവിധായകരും, പ്രൊഡ്യൂസര്‍മാരുമാണ് ഇവര്‍. ഇവര്‍ കൊണ്ടുവന്ന ന്യൂജന്‍ തരംഗമാണ് കെജിഎഫും കാന്താരയുമായി കന്നഡ സിനിമയെ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ നമ്പന്‍ വണ്‍ ആക്കിയത്. റിഷഭ് ഷെട്ടിയാണ് കാന്തരയിലെ നായകനും സംവിധായകനും.
ഇതേ ഷെട്ടി ഗ്യാങ്ങിലെ രാജ് ബി ഷെട്ടി, നിര്‍മ്മാതാവും, അഭിനേതാവുമാവുന്ന സിനിമ എന്ന ഒറ്റ അനൗണ്‍സ്മെന്റാണ്, ജെ പി തുമിനാട് എന്ന അപ്രശസ്തനായ ചെറുപ്പക്കാന്‍ എഴുതി സംവിധാനം ചെയ്ത 'സു ഫ്രം സൊ' എന്ന കന്നഡയില്‍നിന്ന് മലയാളത്തിലേക്ക ഡബ്ബ് ചെയ്ത ചിത്രം കാണാന്‍ പ്രേരണയായത്. കണ്ടപ്പോള്‍ അന്തം വിട്ടിരുന്നുപോയി. പൊളി എന്നവെച്ചാല്‍ പെരും പൊളി. കാട്ടവരാതങ്ങളും മലങ്കള്‍ട്ടുകളും മലയാളത്തില്‍ നിറയുന്ന സമയത്താണ് കന്നഡയില്‍നിന്ന് ഇതുപോലെ ഒരു ഉജ്ജ്വല ചിത്രമുണ്ടാവുന്നത്. കോമഡി എന്ന് പറഞ്ഞാല്‍ പക്കാ സിറ്റ്വേഷണല്‍ കോമഡി. ഒരു കഥാപാത്രംപോലും മോശമായില്ല. അടി പൊളി ബാക്ക് ഗ്രൗണ്ട് സ്‌കോര്‍. ഗംഭീരമായ ഒരു ലോജിക്കല്‍ കഥ. വ്യാജ സിദ്ധന്‍മ്മാരെയും ആള്‍ദൈവങ്ങളെയും കണക്കിന് പരിഹസിക്കുന്ന ചിത്രം, ഇന്ന് മലയാളത്തില്‍പോലും ചിന്തിക്കാന്‍ കഴിയാത്ത സാമൂഹിക വിമര്‍ശനമാണ് നടത്തുന്നത്.
ഒരു കുഗ്രാമത്തിലെ 'പ്രേത കഥ'
ഹൊറര്‍ കോമഡി എന്നാണ് ഈ ചിത്രം അനൗണ്‍സ് ചെയ്യുന്നതെങ്കിലും, കോമഡിയാണ് മുന്നില്‍ നില്‍ക്കുന്നത്. കൃത്യമായി ലോജിക്കുള്ള ഒരു പ്രേത കഥയാണിത്. 90 കിഡ്സിന് ഓര്‍മ്മയുള്ള 'അമ്പിളി അമ്മാവന്‍' എന്ന കുട്ടികള്‍ക്കുള്ള വാരികയിലെ ചിത്രകഥകളെ ഓര്‍മ്മപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ നിറഞ്ഞൊരു ഗ്രാമം. പേര് മര്‍ലൂര്‍. പഴയ സത്യന്‍ അന്തിക്കാട്-പ്രിയദര്‍ശന്‍ സിനിമകളുടെയും നൊസ്റ്റു അടിപ്പിക്കുന്നുണ്ട് ചിത്രം. കഥ മുന്നോട്ടു നീങ്ങുമ്പോള്‍ പൊന്‍മുട്ടയിടുന്ന തട്ടാനും, ധിം തരികിടതോമും, പൂച്ചയ്ക്കൊരു മൂക്കുത്തയുമൊക്കെ മനസ്സില്‍ വരും.
ആദ്യത്തെ അര മണിക്കൂര്‍ ഈ ഗ്രാമത്തിലെ കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യാനുള്ളതാണ്. മരിലൂര്‍ എന്ന കുഗ്രാമത്തിലെ പ്രധാനിയാണ് രവിയണ്ണന്‍ ( ചിത്രത്തില്‍ ഷനില്‍ ഗൗതം). നാട്ടിലെ എന്തിനും ഏതിനും മുന്നില്‍ നില്‍ക്കുന്നത് രവിയണ്ണനാണ്. കല്യാണം, മരണം, ചടങ്ങുകള്‍ എന്തുമായിക്കോട്ടെ രവിയണ്ണന്റെ നിര്‍ദ്ദേശത്തിലാണ് നടക്കുക. അയാളുടെ സുഹൃത്തുക്കളും നാട്ടുകാരും ഒരു കല്യാണ വീട്ടിലെ മദ്യ സല്‍ക്കാവരുമൊക്കെയായി കഥ അങ്ങനെ മുന്നോട്ട് പോവുകയാണ്. എല്ലാ കഥാപാത്രങ്ങളും അഭിനയിക്കയാണെന്ന് തോന്നില്ല. ഹിഡണ്‍ ക്യാമറവെച്ച് അവരുടെ ജീവിതം ചിത്രീകരിച്ചപോലുണ്ട്. ഏറ്റവും രസകരം ഇതിലെ കല്യാണച്ചെക്കന്റെ അളിയന്റെ വേഷം ചെയ്ത മദ്യപാനിയാണ്. അടുത്തകാലത്തൊന്നും ഒരു കഥാപാത്രത്തെകണ്ട് ഇതുപോലെ ചിരിച്ചിട്ടില്ല.
കല്യാണ പാര്‍ട്ടിക്കിടെയുള്ള ഒരു രാത്രിയില്‍ അശോക എന്ന യുവാവിനെ ( ഈ വേഷം ചെയ്തിരിക്കുന്നത സംവിധായകന്‍ തുമിനാദ് തന്നെയാണ്) അസമയത്ത് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. സത്യത്തില്‍ അവന്‍ കാമുകിയുടെ കുളിസീന്‍ കാണാന്‍ മതിലു ചാടിയതായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ നാട്ടുകാരില്‍ നിന്നും രക്ഷ നേടാന്‍ അയാള്‍ ബാധ കയറിയ പോലെ അഭിനയിക്കുന്നു.തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ആ ബാധയെ ഒഴിപ്പിക്കാനുള്ള മന്ത്രവാദിയായി എത്തുന്ന രാജ് ഷെട്ടിയുടെ കഥാപാത്രവും ചിരിപ്പിച്ച് കൊല്ലും. ആ ഡയലോഗ് ഡെലിവറി തന്നെ ഹരമാണ്.
പ്രേതത്തിന്റെ പേര് സുലോചന എന്ന് ചിത്രം കണ്ടെത്തുന്നു. പ്രേതത്തിന്റെ സ്ഥലം സോമേശ്വരമെന്നും ഊഹിക്കുന്നു. അഥാണ് സു ഫ്രം സോ അഥവാ സുലോചന ഫ്രം സോമേശ്വരം!
കത്തിക്കയറി ഷെട്ടിയും രവിയണ്ണനും
എല്ലാ ഗ്രാമീണ കഥാപാത്രങ്ങളും മനസ്സില്‍ തങ്ങിനില്‍ക്കുന്നുവെങ്കിലും രവിയണ്ണനായ ഷനില്‍ ഗൗതവും, രാജ് ബി ഷെട്ടിയുടെ ഗുരുജിയും ഒരു പണത്തൂക്കം മേലെ നില്‍ക്കും. കോമഡി, ആക്ഷന്‍, സെന്റിമെന്‍സ് എന്നീ വിവിധ ഭാവങ്ങളിലുടെ കടന്നുപോവുന്ന രവിയണ്ണന്‍ ചിത്രം കഴിയുന്നതോടെ, നമ്മുടെ മനസ്സിലും ഹീറോയായും. മമ്മൂട്ടിയുടെ ടര്‍ബോയിലെ രാജ് ബി ഷെട്ടിയുടെ സൈക്കോ വില്ലനെയും, ഇതിലെ കള്ള സിദ്ധനെയും ഒന്ന് താരതമ്യം ചെയ്തുനോക്കണം. നാട്ടിന്‍ പുറങ്ങളിലെ വിശ്വാസങ്ങള്‍ എങ്ങനെ മുതലെടുപ്പാവുന്നതെന്ന്, ഗുരുജി കാണിച്ചുതരുന്നുണ്ട്. വെറുതെ ഓടുമ്പോള്‍പോലും രാജ് ബി ഷെട്ടിക്ക് ചിത്രത്തില്‍ തമാശ ഉണര്‍ത്താനാവുന്നു. ജഗതി ശ്രീകുമാറിനെപ്പോലുള്ള മാസ്റ്റേഴ്സിന് മാത്രം കഴിയുന്ന സിദ്ധിയാണത്.
ഈ ചിത്രത്തിലെ വളരെ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് മാത്രമുള്ള കഥാപാത്രത്തെ പോലും നമുക്ക് ഓര്‍മ്മയുണ്ടാവും. ഇത്ര സമ്പന്നമായൊരു സപ്പോര്‍ട്ടിങ് ക്യാരക്ടര്‍ ലോകം അടുത്തകാലത്തൊരു സിനിമിലും കണ്ടിട്ടില്ല. കന്നഡയിലെ ഒടുവില്‍ ഉണ്ണികൃഷ്ണനെയും, പറവൂര്‍ ഭരതനെയും, ശങ്കരാടിയെയും, മാമുക്കോയയെയും, ഇന്നസെന്റിനെയുമൊക്കെ നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണാം!
ജെ പി തുമിനാടിന്റെ തിരക്കഥ തന്നെയാണ്, ഈ പടത്തിലെ സൂപ്പര്‍സ്റ്റാര്‍. ക്ലൈമാക്സ് എത്തുമ്പോള്‍ കഥ വേറെ ഒരു ലെവലിലേക്ക് ഉയരുകയാണ്. അവിടെയാണ് കഥയുടെ മാജിക്ക് കിടക്കുന്നത്. ഒരു പഴയ പത്രവാര്‍ത്തയില്‍നിന്നാണ് തുമിനാട് ഇതുപോലെ ഒരു ഗംഭീര പ്രമേയം കെട്ടിപ്പെടുത്തത് എന്ന് അവസാനമാണ് മനസ്സിലാവുക. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധനേടിയ ജെ.പി. തുമിനാട്, 'സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നുവെന്ന് വിക്കിപീഡിയ പറയുന്നു. പക്ഷേ ഈ ലേഖകനൊക്കെ ആദ്യമായാണ് ഈ പേര് കേള്‍ക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ഈ യുവാവ് കയറിവരും. പ്രതിഭയുള്ളവനാണ്.
ഡബ്ബിങ് ആണെങ്കിലും ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രം ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്. ഒരിടത്തുപോലും ഡബ്ബിങ്് ചേരാതിരിക്കുന്നില്ല. കോടികള്‍ ചെലവിട്ട പുഷ്പയുടെ മൊഴിമാറ്റം പോലും അത്ര നന്നായിട്ടിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ അടുത്തകാലത്ത് കൊടുത്ത കാശ് പൂര്‍ണ്ണമായും വസൂലായി ഒപ്പം പലിശയും കിട്ടിയ ഏക ചിത്രമാണിത്. സിനിമ മലയാളത്തിലേക്ക് എത്തിച്ചത് ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസ് വലിയൊരു ക്ലാപ്പ് അര്‍ഹിക്കുന്നു.
വാല്‍ക്കഷ്ണം: അന്ധവിശ്വാസങ്ങളെയം കള്ളസ്വാമിമാരെയും നന്നായി ട്രോളുന്ന ചിത്രമാണിത്. പലയിടത്തും ആമിര്‍ഖാന്റെ പി കെ സിനിമ ഓര്‍മ്മവന്നു. പക്ഷേ അത് ട്രോളാന്‍ വേണ്ടി ഉണ്ടാക്കിയതല്ല. കഥ അങ്ങനെയാണ്. ജാനകി സിനിമയുടെ പേരുപോലും മാറ്റപ്പെട്ട ഇക്കാലത്ത് വലിയ സാഹസിക പ്രവര്‍ത്തനം തന്നെയാണിത്.