- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തഗ്ഗ് ലൈഫ് എന്ന തല്ലിപ്പൊളി ലൈഫ്; മണിരത്നത്തിന്റെയെല്ലാം കാലം കഴിഞ്ഞു; അറുപതുകളിലെയും എഴുപതുകളിലെയും എത്രയോ കണ്ട അധോലോക കഥ; ആശ്വാസം ചിലമ്പരശനും ജോജുവും; ഇന്ത്യന്‍ 2 വിനുശേഷം വീണ്ടും കമലിന് തിരിച്ചടി; ഉലകനായകന് വീണ്ടും ഉണക്കനായകനാവുമ്പോള്!
തഗ്ഗ് ലൈഫ് എന്ന തല്ലിപ്പൊളി ലൈഫ്; മണിരത്നത്തിന്റെയെല്ലാം കാലം കഴിഞ്ഞു
ഒരു കാലത്ത് കത്തിജ്ജ്വലിച്ചുനിന്നിരുന്ന നക്ഷത്രങ്ങള്‍ അവയുടെ ഊര്‍ജമെല്ലാം എരിഞ്ഞ് തീരുമ്പോള്‍ തമോഗര്‍ത്തങ്ങളായി മാറാറുണ്ട്. അതുപോലെ തമോഗര്‍ത്തങ്ങളായി മാറിയ രണ്ട് ചലച്ചിത്രകാരന്മ്മാരാണ്, കമല്‍ഹാസനും, മണിരത്നവുമെന്ന് അവര്‍ ഒന്നിച്ച അവസാന ചിത്രം തഗ്ഗ് ലൈഫ് കണ്ടാല്‍ മനസ്സിലാവും. ന്യൂജെന്‍ പിള്ളേര് ഇന്‍സ്റ്റയില്‍ ട്രോളുന്നപോലെ 'കാട്ടവരാതമാണ്' പടം. ഇത് ഭാഷാവിവാദത്തിന്റെ പേരില്‍ കന്നഡയില്‍ റിലീസ് ചെയ്യാത്തതുകൊണ്ട് ആ നാട്ടുകാര്‍ രക്ഷപ്പെട്ടുവെന്നേ പറയാന്‍ കഴിയൂ!
നായകനും, മൗനരാഗവും, അഞ്ജലിയും, ഗീതാഞ്ജലിയും, ദളപതിയും, റോജയും, ബോംബെയും, ദില്‍സേയും, അലൈപ്പായുതേയും, കന്നതില്‍ മുത്തമിട്ടാലുമൊക്കെ സംവിധാനം ചെയ്ത, ഇന്ത്യന്‍ സിനിമയിലെ ഏറ്റവം വലിയ ഹിറ്റ് മേക്കറും ഷോമാനുമായ, മണിരത്നം തന്നെയാണോ ഈ പടം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് ഓര്‍ത്താല്‍ നാം അത്ഭുതപ്പെട്ടുപോവും. അങ്ങേയറ്റം പഴഞ്ചനായ, എത്രയോ വട്ടം കേട്ട ഒരു ഗ്യാങ്ങ്സ്റ്റര്‍ കഥ ഒരു ആവേശവുമില്ലാതെ എടുത്തുവെച്ചരിക്കുന്നു. രണ്ടാം പകുതിയിലൊക്കെ ബോറടിച്ചിട്ട് ഒരു രക്ഷയുമില്ല. എങ്ങനെയെങ്കിലും പടമൊന്ന് തീര്ന്നുകിട്ടിയിരുന്നെങ്കില് എന്നു നാം കരുതിപ്പോവും.
സോമന്-സുകുമാരന്‍ കാലഘട്ടത്തിലെ കഥ
1987-ല്‍ പുറത്തറിങ്ങിയ വിഖ്യാത ചിത്രമായ 'നായകനു'ശേഷം മണിരത്നവും കമലഹാസനും ഒന്നിക്കുന്നതിനാല്‍, സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കണ്ടത്. മുംബൈ അധോലോക നായകനായിരുന്ന വരദരാജ മുതലിയാരുടെ ജീവിതത്തെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത നായകനില്‍, കമലഹാസന് ചെയ്ത നായകവേഷം അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും പാഠമാണ്. ശരണ്യ, കാര്‍ത്തിക, നാസര്‍, ഡല്‍ഹി ഗണേശ്, ജനകരാജ് എന്നിവരാണ് നായകനില്‍ മറ്റ് മുഖ്യവേഷങ്ങള്‍ ചെയ്തത്. ചിത്രം സാമ്പത്തികമായി വന്‍ വിജയം നേടുകയും നല്ല നിരൂപകാഭിപ്രായം നേടുകയും ചെയ്തൂ. കമലിന് മികച്ച നടനുള്ള അവാര്‍ഡ് അടക്കം ഈ ചിത്രം മൂന്ന് ദേശീയപുരസ്കാരങ്ങള്‍ നേടി. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറിന് ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദ്ദേശമായിരുന്നു ഈ ചിത്രം. 2005-ല്‍ ടൈം മാസിക ലോകത്തിലെ എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയതിലും 'നായകന്' ഇടം നേടി!
അതിനുശേഷം ഇപ്പോഴാണ് കമലും മണിരത്നവും ഒന്നിക്കുന്നത്. നായകനെപ്പോലെ ഒരു ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയാണ് തഗ്ഗ് ലൈഫുമെന്നതും പ്രതീക്ഷ വര്‍ധിപ്പിച്ചു. പക്ഷേ 68കാരനായ മണിരത്്നത്തിന്റെതും 70കാരനായ കമല്‍ഹാസന്റെയുമൊക്കെ കളിപോയി എന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രം. നമ്മുടെ ജയനും ജോസ്പ്രകാശും ചേര്‍ന്ന് പണ്ട് നടത്തിയിരുന്ന കൊള്ളസങ്കേതം പോലെ ഒരു കഥ. സിനിമയുടെ ഭാഷ തമിഴാണെങ്കിലും കഥ നടക്കുന്നത് ഡല്‍ഹിയിലാണ്. സാധാരണ ഇംഗ്ലീഷ് ടൈറ്റിലുകള്‍ സിനിമകള്‍ക്ക് നല്കുന്ന രീതിപോലും തമിഴിലില്ല. ഡല്‍ഹിയിലെ രണ്ട് ഗുണ്ടാ വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയിലാണ് കഥപോവുന്നത്. ഇതൊക്കെ നാം എത്ര തവണ കണ്ടതാണ്. ശക്തിവേല്‍ എന്ന കമലിന്റെ നായകനും, അയാള്‍ എടുത്തു വളര്‍ത്തുന്ന ദത്തുപുത്രനും ( ചിലമ്പരശന്‍) പിന്നീട് അവന് അയാള്‍ക്കെതിരെ തിരിയുന്നതുമൊക്കെ എത്ര തവണ നാം കണ്ടതാണ്. പഴയ സോമന്- സുകുമാരന്‍ കാലം ഓര്‍ത്തുപോവുന്നു. കഥയില്ലായ്മ തന്നെയാണ് തഗ് ലൈഫിന്റെ വലിയ പോരായ്മ. മണിരത്നം ടച്ചും ഫീലുമൊക്കെ പ്രതീക്ഷിച്ച് തിയറ്ററിലേക്ക് പോകുന്നവര്‍ക്ക് വലിയ നിരാശയായിരിക്കും ചിത്രം.
കിഴുക്കാം തൂക്കായ കൊക്കയിലേക്ക് എറിഞ്ഞ നായകനെ കാട്ടുവാസികള്‍ രക്ഷിക്കുന്നതും ഉയിര്‍ത്തെണീറ്റു വന്ന് പ്രതികാരം ചെയ്യുന്നതും, എണ്‍പതുകളില്‍ അനേകം സിനിമകളില്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അത് വീണ്ടും കാണുമ്പോള്‍ ചിരിയാണ് വരുന്നത്. കമല്‍ഹാസല്‍ കഥയെഴുതിയ ഒരു ചിത്രം ഇത്രക്ക് തരം താഴുമോ? നടന് ചിലമ്പരശന്‍ തനിക്ക് കിട്ടിയ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. മറ്റൊരു ആശ്വാസം നമ്മുടെ മലയാളത്തിലെ ജോജു ജോര്‍ജാണ്. ആ വേഷത്തിന്റെ ഫിനിഷിങ് ഗംഭീരമാക്കി അദ്ദേഹം. ഐശ്വര്യലക്ഷ്മി, ബാബുരാജ്, അഭിരാമി എന്നീ മലയാളികളും ചിത്രത്തിലുണ്ട്. നടി തൃഷ വെറുപ്പിക്കലിന്റെ ഭയാനക വേര്‍ഷനാണ്. എന്തൊക്കെയോ ചെയ്ത് കൂട്ടിയിരിക്കുന്നു. നാസര്‍ അടക്കമുള്ള മറ്റ് താരങ്ങളും നന്നായി വെറുപ്പിക്കുന്നു.
രവി കെ ചന്ദ്രന് എന്ന കഴിവുതെളിയിച്ച പ്രതിഭയാണ് ക്യാമറ. പലയിടത്തും പഴയ മണിരത്്നത്തിന്റെ സ്റ്റാമ്പിട്ട ചില ഷോട്ടുകള്‍ ഉണ്ട്. ജയ്സാല്‍മീറിലെ മരുഭൂമിയും, നേപ്പാളിലെ മഞ്ഞുമലകളും, ഗോവയിലെ കടലുമെല്ലാം സ്ക്രീനില്‍ പ്രേക്ഷകന് നേരിട്ടു കാണുന്ന അതേവികാരത്തോടെ രവി കെ ചന്ദ്രന് ചിത്രീകരിച്ചിട്ടുണ്ട്. ഛായാഗ്രഹണം മോശമായി എന്ന് ആരും പറയില്ല. പക്ഷേ അതുകൊണ്ടുമാത്രം കാര്യമില്ലല്ലോ?
കമലും മണിരത്നവും വിരമിക്കണം
അതുപോലെ പഴയ പ്രതിഭയുടെ എക്സ്റേ കോപ്പി മാത്രമാണ് കമല്ഹാസന്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മ്മാരില് ആദ്യ പത്തില്‍ പെടുത്താവുന്ന ഈ നടന് ഇങ്ങനെ താഴേക്ക് പതിക്കുന്നത് വേദനിപ്പിക്കുന്നതാണ്. കമലിന്റെ പ്രത്യേക മോഡിയുള്ള ഡയലോഗൊക്കെ ചിരിയാണ് ഉയര്‍ത്തുന്നത്. ഇതേപോലെ കോമഡിയായിരുന്നു, ഇന്ത്യന്‍ 2 വിലും സംഭവിച്ചിരുന്നത്. ഉലകനായകന് അവിടെയും ഉണക്കനായകനായി. കോടികള്‍ മുടക്കിയെടുത്ത ഷങ്കര്‍ ചിത്രം വമ്പന്‍ ഫ്ളോപ്പാവുകയാണ് ഉണ്ടായത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ പ്രൊഡ്യൂസറായ ലൈക്ക സുബാസ്ക്കരെ കോടികളുടെ കടക്കാരനാക്കി ചിത്രം മാറ്റി. തഗ്ഗ് ലൈഫിനെ കാത്തിരിക്കുന്ന വിധിയും മറ്റൊന്നല്ല.
ഇവിടെ മറ്റ് ആരുടെയെങ്കിലും പ്രൊഡക്ഷനായിരുന്നുവെങ്കില്, മണിരത്നവും കമലും ഉഴപ്പിയതാണെന്ന് പറയാമായിരുന്നു. പക്ഷേ ഇവിടെ മണിയുടെ സ്വന്തം പ്രൊഡക്ഷനായ മദ്രാസ് ടാക്കീസും, കമല്‍ഹാസന്റെ രാജ്കമല് ഇന്റര്‍നാഷനലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസുമുണ്ട്. എന്താണ് കമല്‍ഹാസന്റെയും, കസിന് കൂടിയായ മണിരത്്നത്തിന്റെയും അടിസ്ഥാന പ്രശ്നം എന്ന് ചോദിച്ചാല്‍, അവര്‍ ഒട്ടും അപ്ഡേറ്റ് അല്ല എന്ന് പറയേണ്ടിവരും. പഴയ സിനിമകളുടെ പുതിയ ക്ലോണുകള്‍ ഉണ്ടാക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ. പ്രായം അവരുടെ പ്രതിഭയെയും ബാധിക്കുന്നുണ്ട്.
ഇത് തിരിച്ചറിഞ്ഞുകൊണ്ട് മാന്യമായ വിരമിക്കാനാണ്, വളരെ ചെറുപ്രായത്തില്‍ സിനിമാ ജീവിതം തുടങ്ങിയ ഈ രണ്ടുപേരും ചെയ്യേണ്ടത്. സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നത് ആര്‍ക്കും ബാധകമായ കാര്യമാണ്. കമലിനെ സംബന്ധിച്ച് ഒരു നടന് ചെയ്യാവുന്നതൊക്കെ അയാള്‍ ചെയ്തു. ഒരേ സമയം പത്തുവേഷങ്ങളിലും, സ്ത്രീയാവും, ട്രാന്‍സ് ആയുമൊക്കെ വന്ന് ഞെട്ടിച്ചു. ഇനി ഇത്തരം ഊള വേഷങ്ങള്‍ ചെയ്ത ഉള്ള വില കളയുരുത് എന്നേ ഈ മഹാനടനോട് പറയാനുള്ളൂ. കമല്ഹാസന് ഈ സിനിമയില്‍ പല തവണ പറയുന്നുണ്ട് രാഷ്ടീയമാണ് ഏറ്റവും നല്ല ബിസിനസ് എന്ന്. സിനിമ വിട്ട് റിയല്‍ ലൈഫിലേക്ക് വന്നാല്‍, രാജ്യസഭയിലേക്ക് അദ്ദേഹം നാളെ നോമിനേഷന് കൊടുക്കാന്‍ പോകുകയാണ്. ഇനിയുള്ളകാലം രാഷ്ട്രീയവുമായി കൂടുന്നതായിരിക്കും കമലിനും നല്ലത്. ഇല്ലെങ്കില്‍ അദ്ദേഹം മുമ്പുണ്ടാക്കിയ പേര് നഷ്ടമാവും.
പക്ഷേ ഈ ചിത്രത്തില്‍ നന്നായി എന്ന് പറയാന്‍ കഴിയുന്ന ഏക ഘടകം എ ആര് റഹ്മാന്റെ മ്യൂസിക്കാണ്. രണ്ടാം പകുതിയില്‍ ചിലയിടത്തൊക്കെ ഓവറായി തോന്നുമെങ്കിലും മൊത്തത്തില്‍ ചിത്രത്തിന് റഹ്മാന് കൊടുത്ത ബില്‍ഡപ്പ് അതിഗംഭീരമാണ്. പ്രത്യേകിച്ച് ചിലമ്പരശന്റെ ഇന്‍ട്രോ സീനിലൊക്കെ. പക്ഷേ ഈ പടത്തില്‍ അതെല്ലാം വെറും വേസ്റ്റ് ആയിപ്പോവുകയാണ്. കാരണം ചിത്രം പിഴച്ചുപോയാല്‍ പിന്നെ സംഗീതം കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും.
വാല്‍കഷ്ണം: നമ്മുടെ ദുല്‍ഖര്‍ സല്മാന് ഒരു വേഷം ചെയ്യാനിരുന്നതാണ് എന്ന് പറയുന്നു. ഭാഗ്യം കൊണ്ട് അഭിനയിച്ചില്ല.അതുകൊണ്ട് അദ്ദേഹം രക്ഷപ്പെട്ടുവെന്ന് പറയാം.