'വാട്ട് എ ബ്ലെഡി ക്ളീഷേ'! ടർബോ സിനിമയിലെ വില്ലനായ, രാജ് ബി ഷെട്ടിയുടെ കഥാപാത്രം ഇടക്കിടെ പറയുന്നണ്ട് ഇങ്ങനെ. കന്നഡ സിനിമയുടെ നവതംരഗത്തിന്റെ വക്താവായി അറിയപ്പെടുന്ന രാജ്, ഒരുപക്ഷേ ക്ലീഷേ കണ്ട് മനസ്സ്മടുത്ത്, കൈയിൽനിന്ന് ഇട്ടതാവാം ഈ ഡയലോഗ്. മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ, നമ്മുടെ പുലിമുരുകൻ വൈശാഖ് സംവിധാനം ചെയ്ത പുതിയ മമ്മൂട്ടി ചിത്രം ടർബോ എന്ന സിനിമകണ്ടപ്പോൾ, ആദ്യം മനസ്സിൽ തോന്നിയതും, വാട്ട് എ ബ്ലെഡി ക്ളീഷേ എന്നാണ്.

പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്‌ക്രിപ്റ്റ്. ഇടക്ക് നമുക്ക് തോന്നുക, മിഥുൻ മാനുവൽ തോമസ് എന്ന പ്രതിഭാധനായ എഴുത്തുകാരനല്ല, ഫോർമുല വിജയ സിനിമകളുടെ ആശാനായ ഉദയകൃഷ്ണയാണ് ടർബോയുടെ കഥ എഴുതിയത് എന്നാണ്. വില്ലന്മാർ അങ്ങനെ നിരന്ന് നിൽക്കയാണ്. നമ്മുടെ മമ്മൂട്ടിയുടെ ടർബോ ജോസ് ഒന്നിനു പിന്നാലെ ഒന്നായി എല്ലാവരെയും അടിച്ചിടുന്നു. അമ്പും വില്ലൂം, മലപ്പുറം കത്തി,തൊട്ട് അൾട്രാമോഡേൺ മെഷീൻ ഗണ്ണുവരെ ഇക്കായ്ക്ക് പുല്ലാണ്! 90കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമൊക്കെ മോഹൻലാലും ബാബു ആന്റണിയും ചെയ്ത, അടിപ്പടത്തിന്റെ ഫോർമാറ്റ്, 2024ൽ ആവർത്തിച്ചാൽ എന്തായിരിക്കും അവസ്ഥ. കഷ്ടം അല്ലാതെന്തു പറയാൻ.

സമീപകാലത്ത് അത്യാവശ്യം നന്നായി കഥപറയുന്ന ആളായിരുന്നു മിഥുൻ മാനുവൽ തോമസ്. പക്ഷേ ടർബോയിലെ മിഥുന്റെ കഥയിൽ ലോജിക്ക് എന്ന സാധനം ഇല്ല. മമ്മൂട്ടിയെവെച്ച് ഒരു പുലിമുരുകൻ ഉണ്ടാക്കാനാണ് സംവിധായകൻ വൈശാഖിന്റെ ശ്രമം. പക്ഷേ മുരുകനും പുലിയുമായുള്ള ഫെറ്റിൽ പോലും, ഒരു നീതീകരണം ഉണ്ടായിരുന്നു. പക്ഷേ ഇവിടെ അതില്ല.

ഒന്നാം പകുതിയിൽ കൊള്ളാവുന്ന ഒരു പ്ലോട്ടിലേക്ക് ചിത്രത്തെ മിഥുൻ കൊണ്ടുപോവുന്നുണ്ട്. തുടക്കമൊക്കെ ഗംഭീരം. പക്ഷേ രണ്ടാം പകുതിയിൽ എല്ലാം തുലച്ചു. വെറും അടിയോടടി. കട്ട ഫാൻസിനുമാത്രമേ ചിത്രം ഇഷ്ടപ്പെടൂ. മമ്മൂട്ടിക്കമ്പനി, മിഥുൻ മാനുവൽ തോമസ് എന്നിങ്ങനെയുള്ള പേരുകൾ കണ്ട് അതിലപ്പുറം എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചുപോകുന്നവർക്ക് നിരാശയാവും ഫലം. അതി ഭീകര മ്യൂസിക്ക്. മൈഗ്രയിന്റെ പ്രശ്‌നമുള്ളവർ തലവേദനക്കുള്ള ഗുളികയുമായി തീയേറ്ററിൽ കയറുന്നതാണ് നല്ലത്.

നിലവാരമില്ലാത്ത തിരക്കഥ

ടർബോ സിനിമയുടെ എറ്റവും വലിയ പ്രശ്നം അതിന്റെ നിലവാരമില്ലാത്ത തിരക്കഥയാണ്. മമ്മൂട്ടിയെപ്പോലെ ഒരു മഹാനടൻ, ഇത്രയും പഴഞ്ചൻ കഥക്കൊക്കെ എങ്ങനെ അപ്രൂവൽ നൽകുന്നു എന്നാണ് അത്ഭുതം.

ചെന്നൈ നഗരത്തിലെ ദീപാവലിക്കാഴ്ചക്കൾക്കിടയിലെ ഒരു അസാധാരണ ക്രൈം കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. അതുകണ്ടപ്പോൾ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ പിന്നീട് അങ്ങോട്ട് പഴഞ്ചൻ കാഴ്ചയുടെ അയ്യരുകളിയാണ് സ്‌ക്രിപ്റ്റിൽ മൊത്തം. ഇടുക്കിയിലെ ഒരു ലോക്കൽ ഹീറോയാണ് ടർബോ ജോസ്. പള്ളിപ്പെരുന്നാളിന് അടിയുണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ ഹോബി. ജോസിന്റെ ഇടികാണാൻ മാത്രം പള്ളിപ്പെരുന്നാള് കൂടാൻ വരുന്ന നാട്ടുകാരുമുണ്ട്. നാടുകാണാനെത്തുന്ന വിദേശികളെ ട്രക്കിങ്ങിനു കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവറാണ് ജോസ്. അമ്മ പറഞ്ഞാൽ അക്ഷരംപ്രതി അനുസരിക്കുന്ന മകൻ. ബിന്ദുപണിക്കരാണ് അമ്മ. ഇവിടെയൊക്കെ പോത്തൻ വാവ ഓർമ്മവരുന്നുണ്ട്.

ഇടുക്കിയിലെ തന്റെ ഗ്രാമത്തിലെ ഏലത്തോട്ടത്തിലൂടെ അമ്മയുടെ കൂടെ നടന്നു വരുന്ന ജോസിലുടെയാണ് നായകന്റെ ഇൻട്രാ. അതിൽ മാസൊന്നുമില്ല. എന്നാൽ ആരാധകർക്ക് കൈയടിക്കാനായി മമ്മൂട്ടിയുടെ ഒരു സെക്കൻഡ് ഇൻട്രോയുണ്ട്. പള്ളിപ്പെരുന്നാളിന് തന്റെ സുഹൃത്തുക്കളെ തല്ലിച്ചതക്കുമ്പോൾ, രക്ഷകനായി ജീപ്പിൽ വരുന്ന നായകൻ. എന്റെ വൈശാഖേ, മിഥുൻ മാനുവൽ തോമസേ... ഇതൊക്കെ എത്ര തവണ കണ്ടതാണ്. ഒന്ന് മാറ്റിപ്പിടിക്ക് എന്റെ പോന്നേ.

പിന്നെയങ്ങോട്ട് ജോസേട്ടന്റ പൂണ്ടുവിളയാട്ടമാണ്. ഇടക്ക് കഥ ചെന്നൈയിലേക്ക് മാറുന്നു. അവിടെ ബാങ്ക് അക്കൗണ്ട് ഹാക്കിങ്ങുമായി ബന്ധപ്പെട്ട, ഒരു മികച്ച പ്ളോട്ടിലേക്ക്, ചിത്രത്തെ എത്തിക്കാൻ തിരക്കഥാകൃത്തിന് ആവുന്നുണ്ട്. പക്ഷേ രണ്ടാം പകുതിയായതോടെ എല്ലാം തകർന്നു. വെറുമൊരു അടിപ്പടം. മുണ്ട് മടക്കിക്കുത്തുകപോലും ചെയ്യാതെ ഇക്കയങ്ങോട്ട് അടിച്ച് പറത്തുകയാണ്. നിരനിരയായി വന്ന് അച്ചടക്കത്തോടെ മമ്മൂട്ടിയുടെ അടി വാങ്ങുന്ന വില്ലന്മാരെയും സമ്മതിക്കണം. രജനികാന്തിന്റെ ആയ കാലത്തുപോലും ഇതുപോലെ ഒരു കൊടും കത്തി കണ്ടിട്ടില്ല. സംഘട്ടനം എന്നാൽ കത്തിയല്ലെന്ന് ഇനിയും വൈശാഖിന് മനസ്സിലായിട്ടില്ല. അടിക്കിടെ മമ്മൂട്ടി ആകാശത്തുകൂടെ പറന്ന് അപ്രത്യക്ഷനാവുന്നത് കാണിക്കാഞ്ഞത് നന്നായി! ക്ലൈമാക്സ് കഴിഞ്ഞുള്ള എൻഡ് സീൻ കണ്ടപ്പോൾ ശരിക്കും ചിരിയാണ് വന്നത്!

ആശ്വാസം മമ്മൂട്ടിയും ഷെട്ടിയും

ഇത്രയും മോശമായ ചർവിത ചർവണം ചെയ്ത സബ്ജക്റ്റ് ആയിട്ടും ടർബോ ഒരു മഹാ ദുരന്തമാവാതെ വൺടൈം വാച്ചബിൾ ആവുന്നത്, മൂന്ന് ഘടകങ്ങൾ കൊണ്ടാണ്. ഒന്ന് വൈശാഖിന്റെ ചടുലമായ ആഖ്യാനം. രണ്ട്- മമ്മൂക്കയുടെ ഗംഭീര പ്രകടനം. മുന്ന്- വില്ലൻ രാജ് ബി ഷെട്ടിയുടെ സ്‌ക്രീൻ പ്രസൻൻസ്. ആക്ഷൻ സീനുകൾ ആരെയും വെല്ലുന്ന രീതിയിലെടുക്കാനുള്ള കഴിവ് വൈശാഖിനുണ്ട്. പുലിമുരുകനിലൊക്കെ നാം അത് കണ്ടതാണ്. ഇവിടെ ഒരു കാർ ചേസ് സീനിലും വൈശാഖിന്റെ പ്രതിഭ പ്രകടമാണ്. പെട്ടെന്ന് നോക്കുമ്പോൾ, നാം കാണുന്നത് ഒരു ഇംഗ്ലീഷ് മൂവിയാണോ എന്ന് സംശയിച്ചുപോവും.

മമ്മൂട്ടിയാവട്ടെ ഈ 73ാം വയസ്സിൽ സഹായികളെയൊന്നും കൂട്ടാതെ ഒറ്റക്ക് തല്ലുകയാണ്. രജീനകാന്തുപോലും ആളെ വിട്ട് തല്ലിക്കുന്ന ഇക്കാലത്ത്. പക്ഷേ കുറ്റം മാത്രം പറയരുതല്ലോ, ഫൈറ്റ് സീനുകളിൽ മമ്മൂട്ടി കസറിയിട്ടുണ്ട്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ സമ്മതിക്കണം. വില്ലനായി വന്ന രാജ് ബി ഷെട്ടിയുടെ വെട്രിവേൽ ഷണ്മുഖസുന്ദരം ഇൻട്രോ തൊട്ട് കസറുകയാണ്. 'ഗരുഢഗമന ഋഷഭവാഹന' പോലുള്ള സിനിമകളിലൂടെ ഞെട്ടിച്ച ഇദ്ദേഹത്തെ മലയാളത്തിൽ ആദ്യമായി കാണുന്നതിന്റെ ഫ്രഷ്നസ് ഒന്നുവേറെയാണ്. കള്ളിമുണ്ട് ഉടുത്ത് ഹെലികോപ്റ്ററിൽ ഇറങ്ങി, പതിഞ്ഞ താളത്തിൽ സംസാരിക്കുന്ന കൊടും വില്ലൻ. കന്നഡ സിനിമയുടെ തലവര മാറ്റിയ ഷെട്ടി ഗ്യാങ് എന്ന അറിയപ്പെടുന്ന, സംവിധായക ത്രയത്തിലെ അംഗമായ രാജ് ബി ഷെട്ടിയുടെ മലയാള അരങ്ങേറ്റത്തിന്റെ പേരിലായിരിക്കും ടർബോ അനുസ്മരിക്കപ്പെടുക.

തെലുങ്കിൽ നിന്നുള്ള, 'പുഷ്പ' വില്ലൻ, സുനിലിന്റെ വരവും മോശമായിട്ടില്ല. ചിരിപ്പിക്കാനും ഭീതിയുയർത്താനും ഒരുപോലെ കഴിയുന്ന നടനാണ് അദ്ദേഹം. ഒരു കാലത്ത് മമ്മുക്കയുടെ പെങ്ങളായി അഭിനയിച്ച ബിന്ദുപണിക്കർ ഇന്ന് അമ്മയാണ്. ആ വേഷം അവർ നന്നാക്കിയിട്ടുണ്ട്. പേരിനൊരു നായിക മാത്രമായി ഒതുങ്ങുന്നില്ല, അഞ്ജനയുടെ ഇന്ദുലേഖ. അഞ്ജന അത് നന്നായി ചെയ്തിട്ടുമുണ്ട്. കഥാഗതിയിൽ ഏറെ പ്രാധാന്യമുണ്ട് ഈ കഥാപാത്രത്തിന്. ഷബരീഷ് വർമ്മ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, നിരഞ്ജന അനൂപ്, നിഷാന്ത് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. കൊറിയോഗ്രാഫി-ഫിനിക്സ് പ്രഭു, സ്‌കോറിങ്- ക്രിസ്റ്റോ സേവിയർ. രണ്ടും കുഴപ്പമില്ല എന്നേ പറാൻ കഴിയൂ. വിഷ്ണു ശർമയുടെ ഛായാഗ്രഹണം കൊള്ളാം.

പക്ഷേ കഥമൊത്തം പഴഞ്ചനായാൽ ഇവർക്കൊന്നും ഒന്നും ചെയ്യാന കഴിയില്ല. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. നൻപകൽ നേരത്തു മയക്കവും, റോഷാക്കും, കാതലും, കണ്ണൂർ സ്‌ക്വാഡുും ഒക്കെയായി കലാമുല്യമുള്ള പടമാണ് ഇവർ നേരത്തെ നിർമ്മിച്ചത്. ആദ്യം മുതൽ അവസാനം വരെ, കാഴ്ചക്കാർക്ക് അഡ്രിനാലിൻ റഷ് തരാനാവുന്ന ഒരു ആക്ഷൻ മൂവിയെന്ന ആശയത്തോടെയാവും മമ്മൂട്ടി ടർബോ നിർമ്മിച്ചത്. പക്ഷേ അത് വെറും കത്തിയായിപ്പോയി.

വിജു വി നായർ പണ്ട് കലാകൗമുദിയിൽ എഴൂതാറുള്ളതുപോലെ, 'ക്ലീഷെയുടെ ഈഷൽ ഭേദങ്ങൾ' എന്ന് ഒറ്റവാക്കിൽ ഈ പടത്തെ വിശേഷിപ്പിക്കാം. തമിഴിലെ സൂപ്പർതാരത്തിന്റെ വോയ്സോവറിലൂടെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് വൈശാഖ് സിനിമ അവസാനിപ്പിക്കുന്നത്. ആണ്ടവാ ഇനി അതും കാണേണ്ടിവരുമോ?

വാൽക്കഷ്ണം: വിമർശനങ്ങളോട് മമ്മൂട്ടി ടീം എന്തിനാണ് ഇത്രയും അസഹിഷ്ണുത കാണിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ടർബോക്ക് പുള്ളിങ്ങ് പോരാ എന്ന് വിമർശിച്ചതിനാണ്, യു ട്ഊബർ അശ്വന്ത് കോക്കിന്റെ വീഡിയോ, തമ്പ് നെയിലിലെ പടംവെച്ച് കോപ്പി റൈറ്റ് കൊടുത്ത് നീക്കം ചെയ്യിപ്പിച്ചത് ഇതേ മമ്മൂട്ടിക്കമ്പനിയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ വലിയ വായിൽ സംസാരിക്കുന്നവരാണ് ഇവരൊക്കെ. ഒരു ചെറിയ വിമർശനം വന്നതോടെ അസഹിഷ്ണുത. ഫാസിസം എന്നത് സംഘപരിവാർ മാത്രമല്ല എന്ന് ഒരിക്കൽ കൂടി തെളിയുന്നു.