ക്രിസ്റ്റോ ടോമി എന്ന പേര് ആദ്യമായി കേൾക്കുന്നത്, മുംബൈ ആസ്ഥാനമായ സിനിസ്ഥാൻ ഫിലിം കമ്പനി നടത്തിയ അഖിലേന്ത്യ തിരക്കഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടി 25 ലക്ഷംരൂപയുടെ പ്രൈസ് മണി സ്വന്തമാക്കിയ മലയാളി വിദ്യാർത്ഥി എന്ന നിലയിലാണ്. ദ ഫ്യൂണറൽ എന്ന പേരിൽ ഇംഗ്ലീഷ് തിരക്കഥക്കായിരുന്നു അവാർഡ്. സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കേ തന്നെ ഈ മിടുക്കൻ പേരെടുത്തിരുന്നു. പഠന കാലത്ത് ക്രിസ്റ്റോ ടോമി ചെയ്ത ഹ്രസ്വ ചിത്രങ്ങളായ 'കാമുകിയും കന്യകയും' അന്നേ ശ്രദ്ധയാകർഷിച്ചതാണ്. ഇവയിലൂടെ ദേശീയ തലത്തിൽ സംവിധായകനുള്ള അവാർഡും നേടി. നെറ്റ്ഫ്ലിക്സിന്റെ ഇറങ്ങിയ കൂടത്തായി ജോളിയുടെ കഥ പറയുന്ന 'കറി ആൻഡ് സയനൈഡ്' എന്ന ഡോക്യുമെന്ററിയും ക്രിസ്റ്റോ ടോമിയെ പ്രേക്ഷകരുടെ ശ്രദ്ധയിലെത്തിച്ചിട്ടുണ്ട്.

അതേ ക്രിസ്റ്റോ ടോമി, ദ ഫ്യൂണറൽ എന്ന തന്റെ തിരക്കഥയെ ഉള്ളൊഴുക്ക് എന്ന പേരിൽ സിനിമയാക്കുമ്പോൾ, അത് നന്നാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ചിത്രം കണ്ടപ്പോൾ അത് സത്യമായി. അടുത്തകാലത്ത് മലയാള സിനിമ കണ്ട, എറ്റവും കലാമൂല്യമുള്ള ചിത്രമാണിതെന്ന് നിസ്സംശയം പറയാം. കലയും കച്ചവടും സമന്വയിപ്പിച്ച് കൊണ്ടുപോകുന്ന, ടി വി ചന്ദ്രനൊക്കെ വളർത്തിക്കൊണ്ടുവന്ന ഒരു ധാര ടോമിയിലുടെ പുനരുജ്ജീവിക്കയാണ്. എന്നാലും പൂർണ്ണമായും ആർട്ട് ഹൗസ് ചിത്രവുമല്ല ഇത്. ഷാജി എൻ കരുണിനും, ടി വി ചന്ദ്രനും, ലിജോ ജോസ്് പെല്ലിശ്ശേരിക്കുമൊക്കെ ശേഷം രാജ്യാതരത്തിൽ ശ്രദ്ധിക്കപ്പെടാവുന്ന പ്രതിഭ എന്ന് ക്രിസ്റ്റോ ടോമിയെക്കുറിച്ച് നിസ്സംശയം പറയാം.

അത്യപൂർവമായ കഥയും പരിസരവും

ഭർത്താവ് മരണക്കിടക്കയിൽ കിടക്കുമ്പോൾ, പൂർവകാമുകനിൽ നിന്ന് ഗർഭിണിയാവുന്ന ഭാര്യ. നാലുപാടും വെള്ളം നിറയുന്ന ഒരു പെരുമഴക്കാലത്ത് കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ അയാളുടെ മൃതദേഹം കിടത്തുമ്പോൾ, അമ്മയുടെ സന്തോഷം തനിക്ക് ഒരു കൊച്ചുമകനെ തന്നിട്ടാണ് അവൻ പോകുന്നത് എന്നാണ്. മഴകാരണം സെമിത്തേരിയിൽ വെള്ളം കയറിയതിനാൽ അടക്കം നീണ്ടുപോകുന്നു. അപ്പോഴാണ് ആ അമ്മ അറിയുന്നത്, തന്റെ മകന്റെ കുഞ്ഞല്ല, മരുമകളുടെ വയറ്റിലുള്ളത് എന്ന്!

'ഉള്ളൊഴുക്ക്' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, ഇത് രണ്ട് സ്ത്രീകളുടെ മനസ്സിന്റെ അടിയൊഴുക്കുകൾ കൂടിയാണ്. അമ്മ ലീലാമ്മയായി ഉർവശിയും, മരുമകൾ അഞ്ജുവായി പാർവതി തിരുവോത്തും പ്രേക്ഷകരെ ഞെട്ടിക്കുന്നു. ആരുടെ ഭാഗത്താണ് ശരിയെന്ന് നമുക്ക് ഒരിക്കലും തീരുമാനിക്കാൻ കഴിയില്ല. ഇങ്ങനെ വെള്ളത്തിന്റെ വിതാനത്തിനൊപ്പം പെൺശരികൾക്കിടയിലുടെയുള്ള ഒരു യാത്രയാണ് 'ഉള്ളൊഴുക്ക്'.

തുടക്കത്തിൽ തന്നെ ക്രിസ്റ്റോ ടോമി തന്റെ മാജിക്ക് കാണിക്കുന്നുണ്ട്. ഒരു തുണിക്കടയിൽ സെയിൽസ് വുമണായ അഞ്ജു, തന്റെ കാമുകനോട് ( സിനിമയിൽ അർജുൻ രാധാകൃഷ്ണൻ) സംസാരിച്ചിരിക്കുന്നു. കാമുകന് മുന്നിൽ വർണാഭമായ സാരിയിൽ തന്റെ ചേർച്ച നോക്കുന്ന അഞ്ജുവിൽ നിന്ന് ചിത്രം ജമ്പ് കട്ട് ചെയ്ത് പോകുന്നത് മറ്റൊരു ഫോട്ടോയെടുപ്പിലേക്കാണ്. കായലിന്റെ പശ്ചാത്തലത്തിൽ തോണിയിൽ ഭർത്താവ് തോമസുകുട്ടിക്കൊപ്പം ( സിനിമയിൽ പ്രശാന്ത് മുരളി) അഞ്ജു വിവാഹ ഫോട്ടോ എടുക്കുകയാണ്!

വീട്ടുകാർ അടിച്ചേൽപ്പിച്ച വിവാഹത്തിന്റെ ഇരയാണ് അഞ്ജു. എന്നിട്ടും അവൾ, നിഷ്‌ക്കളങ്കയായ ലീലാമ്മയുടെ വീട്ടിൽ തനിക്ക് വിധിച്ച ജീവിതം നയിക്കവേ വിധി വീണ്ടും വില്ലനായി എത്തുന്നു. അഞ്ജുവിന്റെയും ലീലാമ്മയുടെയും ലോകമാണ് ചിത്രത്തിൽ ഏറെയും. ഓരോ രംഗങ്ങളിലും കഥാപാത്രങ്ങളുടെ വീർപ്പുമുട്ടൽ പ്രേക്ഷകരിലേയ്ക്കും എത്തിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്. ശരിതെറ്റുകളെന്നത് വെറും ആപേക്ഷികം മാത്രമാണെന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു. കഥപോലെ അത്യപൂർവമാണ് കഥാപരിസരരവും. വെള്ളം കയറുന്ന മഴക്കാലത്തിന്റെ കുട്ടനാടിന്റെ പരസരവമാണത്. മഴയുടെ നൊസ്റ്റാൾജിയ ഇവിടെയില്ല. പകരം ഒരുതരം നിർവികാരതയാണ്. പറമ്പിലും, മുറ്റത്തും, ബെഡ്റൂമിലുമെല്ലാം വെള്ളം. മുട്ടറ്റം വെള്ളത്തിൽനിന്നാണ് പല വികാരതീവ്ര രംഗങ്ങളും ഉർവശിയും പാർവയിയും അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആർട്ട് ടീമും പ്രതിഭകൾ തന്നെയാണെന്ന് എടുത്തുപറയേണ്ടതില്ല.

ഉർവശിയോ, പാർവതിയോ?

പെരുമഴയുടെ ഫ്രെിയിമുകളിലങ്ങനെ ചിത്രം മുന്നോട്ടുപോവുമ്പോൾ ഇത് ഉർവശിയും പാർവതിയും തമ്മിലുള്ള അഭിനയ മത്സരമാണോ എന്ന് തോന്നിപ്പോവും. സംവിധായകൻ നിഷ്പക്ഷനായി ക്യാമറക്ക് പിന്നിലേക്ക് മാറിനിന്ന്, ഇരുവരെയും അങ്ങ് അഭിനയിക്കാൻ വിട്ടിരിക്കയാണ്. ലീലാമ്മയുടെയും അഞ്ജുവിന്റെയും കൗണ്ടർ ഷോട്ടുകൾ കണ്ടിരിക്കേണ്ടതാണ്. പക്ഷേ ഉർവശിയുടെ അഭിനയമാണ് ഒരു വള്ളപ്പാട് മുന്നിലായി ഈ ലേഖകന് തോന്നിയത്. പണ്ട് കമൽഹാസൻ പറഞ്ഞിരുന്നു. 'കൂടെ അഭിനയിക്കുന്നവരിൽ ഉർവശിയെയാണ് തനിക്ക് പേടിയെന്ന്. ഏത് നിമിഷമാണ് അവർ നമ്മെ വെട്ടിച്ച് മുന്നിൽ ചാടുക എന്ന് അറിയില്ലെന്ന്'.

പാർവതി തിരുവോത്തിനെപ്പോലെ അസാധ്യമായ കഴിവുള്ള ഒരു നടിയെയൊന്നും, മലയാള സിനിമ ഒരു കാരണവാശാലും മാറ്റി നിർത്തരുത്. അത് മൊത്തം ഇൻഡ്സട്രിക്കാണ് നഷ്ടം. ഈ വേഷത്തിൽ പാർവതിയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല. ഉർവശിയുടെയും, പാർവതിയുടെയും അതി ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രമെന്ന് പറയാം. നവ മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളില്ല, എന്ന വലിയ നിലവിളികൾക്കിടയിലാണ്, ഇത്രയും ശക്തമായ രണ്ട് സ്ത്രീകൾ നായികമാരായി എത്തുന്നത്. എന്നാൽ ബോധപൂർവം അങ്ങനെ ആയിക്കളായാം എന്ന രീതിയിൽ ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ എടുത്ത ചിത്രവുമല്ല ഇത്.

തോമസുകുട്ടിയായി എത്തിയ പ്രശാന്ത് മുരളിയാണ് ഈ പടത്തിൽ അമ്പരപ്പിച്ച പുരുഷ കഥാപാത്രം. അപരമായ ഒറിജിനാലിറ്റിയാണ് ഈ നടന്റെ പ്രത്യേകത. പക്ഷേ കാമുകനായെത്തിയ അർജുൻ രാധാകൃഷ്ണൻ കുഴപ്പമില്ല എന്ന് മാത്രമേ പറയാൻ കഴിയൂ. ഉർവശിക്കും പാർവതിക്കും ഒപ്പം തലപ്പൊക്കമുള്ള ഒരു നടൻ കൂടിയായിരുന്നെങ്കിൽ ചിത്രം ഒന്നുകൂടി ഉയർന്നേനെ. അലൻസിയർ ലോപ്പസ് അടക്കമുള്ള ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഒരാളും മോശമായിട്ടില്ല. പ്രമേയത്തിനൊത്ത് ഉള്ളൊഴുക്കിൽ ഒരോ സന്ദർഭങ്ങളെയും സംഗീതത്താൽ അടയാളപ്പെടുത്താൻ സുഷൻ ശ്യാമിന് കഴിഞ്ഞിരിക്കുന്നു. ഷെഹനാദ് ജലാലിന്റെ ഛായാഗ്രാഹണം സമ്മതിക്കണം.

പക്ഷേ ഈ ചിത്രത്തോട് വിയോജിപ്പുകൾ ഉള്ളത് അതിന്റെ ട്രീറ്റ്മെന്റ് പഴയ ഫോർമാറ്റിലായിപ്പോയി എന്നിടത്താണ്. ആധുനിക യുവത കണ്ട് ശീലിച്ചിട്ടില്ലാത്ത സെമി സ്ലോ ട്രീറ്റ്മെന്റാണ് ചിത്രത്തിന്റെത്. അൽപ്പമൊന്ന് വേഗത കൂട്ടിയിരുന്നെങ്കിൽ തീയേറ്റർ സക്സസ് ഉറപ്പായേനെ. അതുപോലെ ക്ലൈമാക്സിലടക്കം എന്ത് സംഭവിക്കുമെന്നും നമുക്ക് കൃത്യമായി പ്രവചിക്കാൻ കഴിയുന്നുണ്ട്. അവിടെയും ചില ക്ലീഷേ ഘടകങ്ങൾ കാണാനുണ്ട്.

ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ഒരുകാര്യമാണ് മനസ്സിലേക്ക് വന്നത്. ഒരു ശരാശരി മലയാളി മറ്റാർക്കോ വേണ്ടി ജീവിക്കാൻ വിധിക്കപ്പെട്ടവനല്ലേ. 'നാട്ടുകാർ എന്ത് വിചാരിക്കും' എന്ന ഒറ്റ ചോദ്യത്തിന് കീഴടങ്ങി അവൻ അല്ലെങ്കിൽ അവൾ തന്റെ സുഖവും സന്തോഷവും തിരസ്‌ക്കരിക്കയല്ലേ. ഇഷ്ടമുള്ള കളി കളിക്കാൻ സമ്മതിക്കില്ല, ഇഷ്ടമുള്ള വിഷയം പഠിക്കാൻ കഴിയില്ല, ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാൻ സമ്മിതിക്കില്ല... ഇങ്ങനെ മറ്റാർക്കോ വേണ്ടി ജീവിച്ച്, ആത്മവഞ്ചന നടത്തുന്ന സദാചാര മലയാളിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ഈ ചിത്രം!

വാൽക്കഷ്ണം: മലയാളിയുടെ സാമ്പ്രദായിക സദാചാരബോധത്തെയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്്. അതിനാൽ സോ കോൾഡ് കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല ഈ ചിത്രം. പ്രളയം പശ്ചാത്തലമാക്കി എടുത്ത ഒരു പതിവ് കൊമോർഷ്യൽ മൂവി പ്രതീക്ഷിച്ച് ടിക്കറ്റെടുത്ത ചിലർ, തീയേറ്ററിലുരുന്ന് പൂച്ച കരയുന്നുണ്ടായിരുന്നു!