ചെന്നൈ: വിജയ് നായകനായ പുതിയചിത്രം 'ലിയോ'യുടെ ഓഡിയോ റിലീസ് തീയതിന് മാറ്റിയതിന് പിന്നാലെ വിവാദവും മുറകുന്നു. ഓഡിയോ റിലീസിനുള്ള ഒരുക്കങ്ങൾ ചെന്നൈ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ പാതിപിന്നിട്ടതിനുശേഷമാണ് റിലീസിങ് മാറ്റിവെച്ചത്. പരിപാടിക്ക് കോർപ്പറേഷനും പൊലീസും അനുമതി നിഷേധിച്ചെന്നാണ് പറയപ്പെടുന്നത്.

രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്ന വിജയ്യെ സമ്മർദത്തിലാക്കാനുള്ള ഡി.എം.കെ. സർക്കാരിന്റെ നടപടിയാണിതെന്നും ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, പരിപാടിയുടെ പാസിനുവേണ്ടിയുള്ള തിരക്കും സുരക്ഷാപ്രശ്‌നങ്ങളും മൂലമാണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമ്മാതാവ് ജഗദീഷ് പളനിസാമി പ്രതികരിച്ചു.

വിജയ് രാഷ്ട്രീയത്തിലിറങ്ങാൻ നീക്കങ്ങളാരംഭിച്ചതോടെ ഇതിൽനിന്ന് പിന്മാറ്റുന്നതിനായി സർക്കാർ സമ്മർദംചെലുത്തുകയാണെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ ആരോപിച്ചു. ആരാധകർ ആവേശപൂർവം എത്തുന്ന ഓഡിയോ റിലീസ് വേളയിൽ രാഷ്ട്രീയപ്രവേശം സംബന്ധിച്ച് വിജയ് സൂചന നൽകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഓഡിയോ റിലീസ് ഉപേക്ഷിച്ചതിനുപിന്നിൽ രാഷ്ട്രീയകാരണമില്ലെന്നാണ് നിർമ്മാതാക്കളുടെ വിശദീകരണം.