ന്റെ സിനിമകളെ പുകഴ്‌ത്താൻ ആളുകൾക്ക് പണം നൽകാറുണ്ടെന്ന് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. ശരാശരി സിനിമകളെ ഹിറ്റുകളാക്കി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഈയിടെ നൽകിയ ഒരു അഭിമുഖത്തിലാണ് കരണിന്റെ വെളിപ്പെടുത്തൽ. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ വലിയ ശ്രദ്ധ നേടാറുണ്ട്. അതുകൊണ്ട് തന്നെ തന്റെ സിനിമയെ പുകഴ്‌ത്തി പറയാൻ പണം നൽകി തിയേറ്ററുകളിലേക്ക് ആളുകളെ അയക്കാറുണ്ടെന്ന് കരൺ ജോഹർ തുറന്ന് സമ്മതിക്കുന്നു.

ഒരു ശരാശരി സിനിമയെ ഹിറ്റായി ചിത്രീകരിക്കാൻ നിർമ്മാതാക്കൾ ചെയ്യുന്ന കാര്യമാണിത്. അത് താനും ചെയ്യാറുണ്ട്. പലപ്പോഴും പി.ആർ എന്ന നിലയിൽ ഞങ്ങളും സിനിമയെ പുകഴ്‌ത്താൻ ആളുകളെ നിയോഗിക്കാറുണ്ട്. ഒരു നിർമ്മാതാവെന്ന നിലയിൽ സിനിമ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. സിനിമയെ വിമർശിക്കുന്നവരെ ഞാനും വിമർശിച്ചേക്കാം. എന്നാൽ അവർ ഒരു സിനിമയെ പുകഴ്‌ത്തുകയാണെങ്കിൽ ഞാൻ അവരെ പിന്തുണയ്ക്കും.

എന്നാൽ സിനിമ നല്ലതാണെങ്കിൽ അതിന്റെ ആവശ്യം ഇല്ല. ബോക്സ് ഓഫീസിൽ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുവെങ്കിൽ കൂടുതൽ പബ്ലിസിറ്റി നൽകാതെ എനിക്ക് സമാധാനമായി വീട്ടിൽ ഇരിക്കാം. ശരാശരി സിനിമകളെ മികച്ചതായി ചിത്രീകരിക്കേണ്ട ആവശ്യം വരാറുണ്ട്. അതിന് വേണ്ടി ഒരുപാട് ഊർജ്ജം ചെലവഴിക്കേണ്ടി വരും- കരൺ പറഞ്ഞു.