- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതിലും വേദനാജനകമായ മറ്റൊന്നില്ല, പ്രതീക്ഷ കൈവിടരുത് ശിഖർ; മകനെ കുറിച്ചുള്ള ശിഖർ ധവാന്റെ പോസ്റ്റിൽ പ്രതികരിച്ച് അക്ഷയ് കുമാർ
മുംബൈ: ക്രിക്കറ്റ് താരം ശിഖർ ധവാൻ തന്റെ മകൻ സൊരാവറിന്റെ ജന്മദിനത്തിൽ പങ്കുവെച്ച വൈകാരിക കുറിപ്പിനോട് പ്രതികരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഭാര്യ അയേഷ മുഖർജിയുമായി വേർപിരിഞ്ഞ ശേഷം മകൻ സൊരാവറിനെ ഒരു വർഷത്തോളമായി നേരിൽ കാണാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് ധവാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വൈകാരികമായിരുന്നു ശിഖിറിന്റെ പോസറ്റ്
''ഞാൻ നിന്നെ നേരിൽ കണ്ടിട്ട് ഒരു വർഷമായി, ഏകദേശം മൂന്ന് മാസമായി എന്നെ എല്ലായിടത്തുനിന്നും തടഞ്ഞിരിക്കുകയാണ്, അതുകൊണ്ടാണ് എന്റെ കുട്ടിക്ക് ജന്മദിനാശംസ നേരാൻ പഴയ ചിത്രം പോസ്റ്റ് ചെയ്യുന്നത്, നിന്നെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. നീ നന്നായി വളർന്നു വരുന്നുണ്ടെന്ന് എനിക്കറിയാം. നിന്നെ എല്ലായ്പ്പോഴും പപ്പ മിസ് ചെയ്യുന്നുണ്ട്. കാണാൻ സാധിക്കുന്നില്ലെങ്കിലും ഞാൻ എല്ലാ ദിവസവും നിനക്കായി മെസേജുകൾ അയക്കുന്നുണ്ട്. നിന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എന്റെ ജീവിതത്തെക്കുറിച്ചു പറയുകയും ചെയ്യുന്നു. പപ്പ നിന്നെ ഒരുപാടു സ്നേഹിക്കുന്നു'. - ഇങ്ങനെയായിരുന്നു ശിഖർ ധവാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ധവാന്റെ സ്റ്റോറി ഇൻസ്റ്റയിൽ പങ്കുവെച്ച അക്ഷയ്കുമാർ, 'സ്വന്തം മകനെ കാണാൻ കഴിയാത്തതിനേക്കാൾ വേദനാജനകമായ മറ്റൊന്നുമില്ലെന്ന് കുറിച്ചു. 'ഈ കുറിപ്പ് ശരിക്കും ആഴത്തിൽ സ്പർശിച്ചു. ഒരു പിതാവെന്ന നിലയിൽ, നമ്മുടെ കുട്ടിയെ കാണാനോ അവരെ മീറ്റ് ചെയ്യാനോ കഴിയാത്തതിനേക്കാൾ വേദനാജനകമായ മറ്റൊന്നുമില്ലെന്ന് എനിക്കറിയാം. പ്രതീക്ഷ കൈവിടരുത് ശിഖർ, ദശലക്ഷക്കണക്കിന് ആളുകൾ നിങ്ങൾ മകനെ ഉടൻ കണ്ടുമുട്ടണമെന്ന് പ്രാർത്ഥിക്കുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.' - അക്ഷയ് കുമാർ കുറിച്ചു.
2012ലാണ് ഐഷ മുഖർജിയും ധവാനും വിവാഹിതരായത്. ആസ്ട്രേലിയയിലെ മെൽബണിലെ കിക്ക് ബോക്സറായിരുന്നു ഐഷ. ധവാനെക്കാൾ 12 വയസ്സ് അധികമുണ്ടായിരുന്ന ഐഷക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളുമുണ്ട്. 2021 സെപ്റ്റംബറിലാണ് ഇരുവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങിയത്.
ഐഷ മുഖർജി മാനസികമായി പീഡിപ്പിച്ചെന്ന ഹരജിയിൽ ശിഖർ ധവാന് ഡൽഹി കോടതിയായിരുന്നു വിവാഹമോചനം അനുവദിച്ചത്. ഐഷ വർഷങ്ങളോളം ഏക മകനുമായി വേർപിരിഞ്ഞ് ജീവിക്കാൻ നിർബന്ധിച്ച് ധവാനെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്ന് കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാർ ചൂണ്ടിക്കാട്ടുകയായിരുന്നു. വിവാഹമോചന ഹരജിയിൽ ധവാൻ പറഞ്ഞ കാര്യങ്ങളെല്ലാം കോടതി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, ഇരുവരുടെയും ഏക മകന്റെ സ്ഥിരം കസ്റ്റഡി സംബന്ധിച്ച് ഉത്തരവിടാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ഇന്ത്യയിലും ആസ്ട്രേലിയയിലും കൃത്യമായ ഇടവേളകളിൽ മകനെ സന്ദർശിക്കാൻ ധവാന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്