- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമൃത സുരേഷും കുടുംബവും മകളെ തന്നിൽ നിന്ന് അകറ്റുന്നു; അച്ഛന്റെ പേര് ചോദിച്ചാൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ബ്രെയിൻവാഷ് ചെയ്തു; തനിക്കെതിരെ പോക്സോ കേസ് കൊടുത്തു': വീണ്ടും ആരോപണവുമായി നടൻ ബാല
കൊച്ചി: വിവാഹമോചനം കഴിഞ്ഞെങ്കിലും, നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പോര് തുടരുകയാണ്. സോഷ്യൽ മീഡിയ വഴി ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയാണ്. ഏറ്റവുമൊടുവിൽ, തന്റെ മകളെ തന്നിൽ നിന്ന് അമൃത സുരേഷും കുടുംബവും അകറ്റുകയാണെന്ന് ആരോപിച്ച് നടൻ ബാല രംഗത്ത് എത്തി.
എല്ലാ രണ്ടാം ശനിയാഴ്ചയും വിശേഷ ദിവസങ്ങളിലും മകളെ തന്നെ കാണിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും മകളെ തന്നിൽ നിന്നും മറച്ചുപിടിക്കുകയാണെന്ന് ബാല പറയുന്നു. മകളോട് അച്ഛന്റെ പേര് ചോദിച്ചാൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ബ്രെയിൻവാഷ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമൃത സുരേഷിനും കുടുംബത്തിനുമെതിരെ ബാല ഗുരുതര ആരോപണം ഉന്നയിച്ചത്.
'മകൾക്ക് കോവിഡ് ബാധിച്ചെന്ന് പറഞ്ഞ് ഒരു ദിവസം വിളിച്ചിരുന്നു. എന്നാൽ എന്താണ് അവസ്ഥ, ഏത് ആശുപത്രിയിലാണ് എന്ന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ഒരു ഭിക്ഷക്കാരനെ പോലെ തുടരെ തുടരെ വിളിച്ചു. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോഴാണ് എന്നെ തിരിച്ചു വിളിച്ചത്. പിന്നീട് ഞാൻ ദേഷ്യപ്പെട്ട് പറഞ്ഞ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്. ഏത് മനുഷ്യനും ലിമിറ്റ് വിട്ടുപോകുന്ന ഒരു സമയമുണ്ട്. എന്നെ എന്തിനാണ് അവർ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്. എന്റെ പിറന്നാൾ ദിവസം പാപ്പു വിളിച്ച് ഹാപ്പി ബർത്ത്ഡേ അപ്പാ എന്ന് പറഞ്ഞാൽ എനിക്ക് എന്ത് സന്തോഷമാകും. അതിൽ അവർക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്. എന്റെ മകളെ കാണിക്കാതെ വച്ചിരിക്കുകയാണ്. ആറ് വർഷം കോടതി കയറിയിറങ്ങിയാണ് ഈ വിധി നേടിയെടുത്തത്. എന്നെ കാണിച്ചാൽ എന്റെ സ്നേഹം മനസിലാക്കി അവൾ എന്റടുത്തേക്ക് വരുമെന്ന് പേടിച്ചാണ് അവർ കാണിക്കാത്തത്. മകളെ അവർ ബ്രെയിൻ വാഷ് ചെയ്യുകയാണ്. ഞാൻ ആണ് അവളുടെ യഥാർത്ഥ അച്ഛൻ. മകൾക്ക് ആശയക്കുഴപ്പമാണ്. ഈ വേദനയൊന്നും ആർക്കും മനസിലാകില്ല. എനിക്കെതിരെ പോക്സോ കേസ് കൊടുത്തവരാണ്. എന്നാൽ കോടതി ആ കേസ് എടുത്തില്ല'- ബാല പറഞ്ഞു.
ബാലയുടെ പ്രതികരണം വരും മുമ്പ് അദ്ദേഹം നേരത്തെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അമൃതക്കെതിരെ സൈബർ ആക്രമണം കടുത്തിരിക്കയാണ്. ഇതേക്കുറിച്ചു പ്രതികരിച്ചു സഹോദരി അഭിരാമി സുരേഷ് രംഗത്തുവന്നു. ബാല അടുത്തിടെ അമൃതയെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങളും തുറന്നുപറച്ചിലുകളുമാണ് ഇതിനു കാരണം. ബാലയുടെ പരാമർശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും നിരവധി യുട്യൂബ് ചാനലുകൾ വാർത്തകൾ നൽകുന്നുണ്ട്. തുടർന്ന് അമൃതയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായപ്പോൾ പ്രതികരണവുമായി അഭിരാമി രംഗത്തെത്തിയിരിക്കുകയാണ്.
വിവാഹമോചനത്തിന്റെ പേരിൽ കഴിഞ്ഞ പത്തുവർഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നും തന്റെ സഹോദരിയെ മൂന്നാംകിടക്കാരി ആക്കുന്ന പ്രവൃത്തിയാണ് ചിലർ നടത്തുന്നതെന്നും അഭിരാമി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടൽ വേദനിപ്പിക്കുന്നുവെന്നും അഭിരാമി പറഞ്ഞു. എന്നിട്ടും സൈബർ ആക്രമങ്ങൾക്കും ചർച്ചകൾക്കും അവസാനമില്ലാതായതോടെ വീണ്ടും ഒരു പ്രതികരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.
'കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ. പക്ഷേ ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും. സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്. പക്ഷേ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കിൽ നാളെ വേദനിക്കും. ആമേൻ', അഭിരാമി സുരേഷ് കുറിച്ചു.
അഭിരാമിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. തനിക്ക് പിന്തുണ പ്രഖ്യാപിച്ചവരോടും വിമർശിച്ചവരോടുമൊക്കെ ഗായിക കമന്റിലൂടെ പ്രതികരിക്കുന്നുമുണ്ട്. വിമർശകർക്ക് ചുട്ട മറുപടിയാണ് അഭിരാമി നൽകുന്നത്. എല്ലാ പ്രശ്നവും സോഷ്യൽ മീഡിയയിൽ ഇട്ട് ചർച്ച ചെയ്തിട്ട് പരിഹാരം കിട്ടുന്നുണ്ടോ എന്ന് ചോദിച്ച ആളോട് ഇത് തന്റെ ഡിഫൻസ് മെക്കാനിസം ആണെന്നാണ് അഭിരാമി നൽകിയ മറുപടി. ഇവിടെ വെറുതെയിരുന്ന് സംസാരിച്ചവൾ അല്ല താനെന്നും അഭിരാമി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ