മുംബൈ: തന്റെ പേരിൽ പ്രചരിച്ച വാർത്തയെ തള്ളി തെന്നിന്ത്യൻ നടി ഹൻസിക. ഒരു തെലുങ്ക് നടൻ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും രാത്രി ഡേറ്റിങ്ങിന് ക്ഷണിച്ചുവെന്നുമാണ് നടിയ ഉദ്ധരിച്ച് വാർത്ത വന്നത്. എന്നാൽ അങ്ങനെ ഒരു കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഹാൻസിക പറയയുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഇങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ദയവായി ഇത്തരം വാർത്തകൾ പ്രസിദ്ധികരിക്കാതിരിക്കു'- ഹൻസിക ട്വീറ്റ് ചെയ്തു. കരിയറിന്റെ തുടക്കകാലത്ത് തന്നെ ഒരു നടൻ എന്നും ശല്യപ്പെടുത്തുമായിരുന്നു എന്ന് നടി പറഞ്ഞതായാണ് വാർത്തകൾ പുറത്തുവന്നത്. താനും സെറ്റിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നും രാത്രി ഡേറ്റിങ്ങിന് പോകാൻ നിർബന്ധിക്കുമായിരുന്നു.പക്ഷേ, താൻ അതിനോട് ഉചിതമായ രീതിയിൽ പ്രതികരിച്ചു എന്നായിരുന്നു പ്രചരിച്ച വാർത്ത.

കഴിഞ്ഞ വർഷമായിരുന്നു ഹൻസികയുടെയും അടുത്ത സുഹൃത്തും വ്യവസായിയുമായ സുഹൈൽ കതൂരിയുടെയും വിവാഹം നടന്നത്. നടിയുടെ വിവാഹ വിഡിയോ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു താരവിവാഹം.