ചെന്നൈ: സിനിമാ താരവും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആഡംബര ഭവനം സമ്മാനിച്ചുവെന്ന വിധത്തിൽ വാർത്ത വന്നതിനെ വിമർശിച്ചു തെന്നിന്ത്യൻ നടി നിവേദ പെതുരാജ്. ആഡംബര ഭവനം സമ്മാനിച്ചുവെന്ന വാർത്ത തെറ്റായ പ്രചാരണമാണെന്ന് താരം പ്രതികരിച്ചു.

യു ട്ഊബർ സാവുകു ശങ്കറാണ് നടിയേയും ഉദയനിധിയേയും ചേർത്ത് വിവാദ പരാമർശം നടത്തിയത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൈറലാണ്. നിവേദ പെതുരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. തോടെ നടി വിശദീകരണവുമായി രംഗത്തുവന്നു. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിവേത ഇക്കാര്യങ്ങൾ നിഷേധിച്ചു. എന്നാൽ ഉദയനിധി ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

'ഞാൻ വളരെ മാന്യമായ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. 16 വയസു മുതൽ ഞാൻ സാമ്പത്തികമായി സ്വതന്ത്രയാണ്. എന്റെ കുടുംബം ഇപ്പോഴും ദുബായിലാണ്. 20 വർഷത്തിലേറെയായി ഞങ്ങൾ ഇവിടെയാണ്. സിനിമാ മേഖലയിൽ പോലും, ഞാൻ ഒരിക്കലും ഒരു നിർമ്മാതാവിനോടും സംവിധായകനോടും നായകനോടും എന്നെ കാസ്റ്റ് ചെയ്യാനോ സിനിമ അവസരങ്ങൾ തരാനോ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ 20 ലധികം സിനിമകൾ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ഇങ്ങോട്ട് വന്ന അവസരങ്ങളാണ്. പണത്തിനോ സിനിമയ്‌ക്കോ വേണ്ടി അത്യാഗ്രഹിക്കുന്നയാളല്ല ഞാൻ.

'ഒരു കുടുംബത്തിന്റെ സമാധാനം നശിപ്പിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കണം. ഞങ്ങളുടെ കുടുംബത്തെ കൂടുതൽ മുറിവേൽപ്പിക്കരുതെന്നു നടി മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തനത്തിൽ അല്പം മനുഷ്യത്വം ഇനിയും അവശേഷിക്കുന്നുണ്ട്. അവർ എന്നെ അപകീർത്തിപ്പെടുത്തില്ല. അതുകൊണ്ട് നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും" നടി വ്യക്തമാക്കി.