മുംബൈ: ചുരുക്കം സിനിമകളിലുടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പൂജ ഹെഗ്ഡെ. എന്നാൽ അടുത്ത കാലത്തായി കരിയറിൽ ഒന്നൊന്നായി ഫ്‌ളോപ്പുകൾ നേരിടുകയാണ് താരം. 'കിസി കാ ഭായ് കിസി കി ജാൻ', 'രാധേശ്യാം', 'ആചാര്യ', 'ബീസ്റ്റ്' എന്ന സിനിമകൾ തിയേറ്ററിൽ വൻ പരാജയമായിരുന്നു.

മഹേഷ് ബാബുവിന്റെ സിനിമയിൽ നിന്നും പൂജ പിന്മാറിയതും വാർത്തകൾ സൃഷ്ടിച്ചിരുന്നു. 'ഗുണ്ടൂർ കാര'എന്ന ചിത്രത്തിൽ നിന്നാണ് പൂജ പിന്മാറിയത്. ഷൂട്ടിങ് ഷെഡ്യൂളിലും തിരക്കഥയിലും വലിയ മാറ്റങ്ങൾ വന്നതാണ് പൂജയുടെ പിന്മാറ്റത്തിന് കാരണം എന്നാണ് വിവരം.

എന്നാൽ പൂജയെ കുറിച്ച് മറ്റൊരു അഭ്യൂഹമാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പൂജ ഒരു ക്രിക്കറ്ററുമായി പ്രണയത്തിലാണ് എന്നാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ. എന്നാൽ ഈ ക്രിക്കറ്റ് താരം ആരാണെന്ന് വിവരം ബോളിവുഡ് മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ഈ താരവും പൂജയും അടുത്തിടെ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിൽ ഒപ്പമെത്തിയെന്നാണ് വിവരം. ഒരു ക്രിക്കറ്റ് താരവുമായി പൂജയുടെ വിവാഹത്തിന് സാധ്യത എന്ന രീതിയിലാണ് സിനി ജോഷ് റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ ഈ വാർത്തയോട് പൂജ പ്രതികരിച്ചിട്ടില്ല. ഉടൻ തന്നെ താരം പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് പൂജയുടെ ആരാധകർ ഇപ്പോൾ.

നേരത്തെ സൽമാൻ ഖാനുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ എത്തിയിരുന്നു. കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രം എത്തിയതിന് ശേഷമാണ് ഈ വാർത്ത എത്തിയത്.എന്നാൽ താൻ സിംഗിൾ ആണെന്നും ഇപ്പോൾ കരിയറിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും പൂജ വ്യക്തമാക്കിയിരുന്നു.