ചെന്നൈ: തമിഴ് നടൻ വിശാലും നടി ലക്ഷ്മി മേനോനും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ കുറച്ചു ദിവസങ്ങളിലായി സൈബറിടത്തിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും അടുത്ത മാസം വിവാഹിതരാകുന്നുവെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ഇപ്പോഴിതാ വിവാഹ വാർത്തയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കു മറുപടിയുമായി രംഗത്തെ് എത്തിയിരിക്കുകയാണ് വിശാൽ. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഒരു പെൺകുട്ടിയുടെ പേര് ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടിയായതിനാലുമാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയതെന്നും വിശാൽ വ്യക്തമാക്കി.

''സാധാരണ ഞാൻ ഇത്തരം വ്യാജ വാർത്തകളിലോ ഗോസിപ്പുകളിലോ പ്രതികരിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ലക്ഷ്മി മേനോനെ ഞാൻ വിവാഹം കഴിക്കുന്ന എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. ഒരു പെൺകുട്ടിയും പേര് ഇതിൽ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്.

നിങ്ങളൊരു പെൺകുട്ടിയുടെ സ്വകാര്യജീവിതത്തിലാണ് കടന്നുകയറിയത്. ഭാവിയിൽ ഞാൻ ഏത് വർഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാൻ ഇതൊരു ബർമുഡ ട്രയാങ്കിൾ ഒന്നുമല്ല. സമയമാകുമ്പോൾ വിവാഹക്കാര്യം ഞാൻ തന്നെ ഔദ്യോഗികമായി അറിയിക്കും.''-വിശാൽ പറഞ്ഞു.

മലയാളത്തിൽ ബാലതാരമായി എത്തി പിന്നീട് തമിഴിൽ നായികയായി മാറിയ താരമാണ് ലക്ഷ്മി മേനോൻ. കുംകി, സുന്ദരപാണ്ഡ്യൻ, മിരുതൻ, വേതാളം എന്നിവയാണ് പ്രധാന സിനിമകൾ. മലയാളത്തിൽ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും നായികയായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അജിത്തിന്റെ വേതാളം സിനിമയ്ക്ക് ശേഷം താരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിലവിൽ വീണ്ടും സിനിമയിൽ സജീവമായ താരം ഭോല ശങ്കർ, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിശാലിനൊപ്പം പാണ്ഡ്യനാട് എന്ന ചിത്രത്തിൽ ലക്ഷ്മി അഭിനയിച്ചിരുന്നു.