മുംബൈ: 1990 കളിലും 2000 കളുടെ തുടക്കത്തിലും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ജൂഹി ചൗളയും. ഏറെ കഠിനമായി പ്രയത്ന്നിച്ച ശേഷമാണ് ഒരു സൂപ്പര്‍താരമായി ഷാരൂഖ് മാറിയത്. ഇന്ന് ബോളിവുഡിലെ ഏറ്റവും സമ്പത്തുള്ള നടന്‍മാരില്‍ ഒരാളാണ് ഇന്ന് ഷാറൂഖ് ഖാന്‍. നിരവധി ആഡംബര കാറുകള്‍ സ്വന്തമായുണ്ട് അദ്ദേഹത്തിന്. മുംബൈയിലുള്ള അദ്ദേഹത്തിന്റെ മന്നത്ത് എന്ന വീടും പ്രശസ്തമാണ്. ഇതൊന്നും ഇല്ലാതിരുന്ന കാലം ഷാരൂഖിന് ഉണ്ടായിരുന്നു. അതേക്കുറിച്ച് പങ്കുവെച്ച് ജൂഹി ചൗള രംഗത്തുവന്നു. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംസ്ഥാനത്ത് നടത്തിയ പരിപാടിക്കിടെ ജൂഹി.

"ആ ദിവസങ്ങളിലെ ഷാരൂഖിനെ പറ്റി ഓര്‍ക്കുകയാണ്. അന്ന് അദ്ദേഹത്തിന് മുംബൈയില്‍ വീടുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ നിന്നാണ് മുംബൈയില്‍ എത്തിയിരുന്നത്. അന്ന് ഷാറൂഖ് എവിടെയാണ് താമസിച്ചിരുന്നത് എന്ന് പോലും അറിയുമായിരുന്നില്ല. അദ്ദേഹത്തിന് സ്വന്തമായി പാചകക്കാരനും ഇല്ലായിരുന്നു. സിനിമ യൂനിറ്റിനൊപ്പമാണ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്. രണ്ടോ മൂന്നോ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാറുണ്ടായിരുന്നു. ജീവിതത്തില്‍ മുന്നേറണമെന്ന ചിന്തയുണ്ടായിരുന്നു. അതിനാല്‍ രാപ്പകല്‍ നന്നായി അധ്വാനിച്ചു.

അദ്ദേഹത്തിന് ഒരു കാര്‍ ഉണ്ടായിരുന്നു. ഒരു കറുത്ത ജിപ്‌സി കാര്‍. ചില കാരണങ്ങളാല്‍ അദ്ദേഹത്തിന് കാറിന്റെ ഇ.എം.ഐ അടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കാര്‍ കൊണ്ടുപോയി. അന്ന് അദ്ദേഹം വളരെ നിരാശയോടെയാണ് സെറ്റില്‍ വന്നത്. വിഷമിക്കേണ്ട എന്നും ഒരു നാള്‍ നിങ്ങള്‍ക്ക് ഒരുപാട് കാറുകള്‍ സ്വന്തമായി ഉണ്ടാകുമെന്നും ഞാന്‍ ആശ്വസിപ്പിച്ചു. അത് സത്യമായി. അദ്ദേഹം ഇപ്പോള്‍ എവിടെ എത്തി എന്ന് നോക്കൂ.?"-എന്നാണ് ജൂഹി ചൗള പറഞ്ഞത്.