ഹൈദരബാദ്: ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമായി കല്‍ക്കി പ്രദര്‍ശനം തുടരുകയാണ്.പ്രദര്‍ശനത്തിനെത്തി ആദ്യ ആഴ്ച്ചയില്‍ തന്നെ കല്‍ക്കി അതിന്റെ മുതല്‍മുടക്ക് ഏതാണ്ട് നേടിക്കഴിഞ്ഞു.ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും ചിത്രം ലാഭത്തിലേക്കെത്തും.സിനിമ ചരിത്ര വിജയം ആയപ്പോള്‍ ഒരു അപൂര്‍വ്വ നേട്ടത്തിന് അര്‍ഹനായിരിക്കുകയാണ് ചിത്രത്തിലെ നായകന്‍ പ്രഭാസ്.സക്ഷാല്‍ ഷാരുഖാനെ വരെ വീഴ്ത്തിയാണ് പ്രഭാസ് നേട്ടം കരസ്ഥമാക്കിയത്.

ആദ്യദിനത്തില്‍ 100കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രഭാസ് ചിത്രങ്ങളാണ് എന്നതാണ് ഈ നേട്ടം.പ്രഭാസിന്റെ അഞ്ച് സിനിമകളാണ് ആദ്യദിനം 100 കോടി കടന്നിരിക്കുന്നത്.ബാഹുബലി 2, കല്‍ക്കി 2898 എഡി, സലാര്‍, ആദിപുരുഷ്, സഹോ എന്നിവയാണ് ആ സിനിമകള്‍. വിജയ്, ഷാരൂഖ് ഖാന്‍ തുടങ്ങി വന്‍നിര താരങ്ങളെയും കടത്തിവെട്ടിയാണ് പ്രഭാസ് ഈ നേട്ടം കൊയ്തിരിക്കുന്നത്.

രണ്ടാംസ്ഥാനം ഷാരൂഖ് ഖാനാണ്്.പക്ഷെ വെറും രണ്ട് സിനിമകള്‍ മാത്രമാണ് ഷാരൂഖിന്റേതായി ആദ്യദിനം 100 കോടി കടന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്താനും ജവാനും ആണ് ആ സിനിമകള്‍.അത് കൊണ്ട് തന്നെ അത്ര പെട്ടെന്ന് പ്രഭാസിന്റെ ഈ റെക്കോര്‍ഡ് തകരുകയില്ല എന്ന് നിസ്സംശയം പറയാം.തൊട്ട് പിന്നാലെ യാഷ്(കെജിഎഫ് ചാപ്റ്റര്‍2), വിജയ്(ലിയോ), രണ്‍ബീര്‍ കപൂര്‍(അനിമല്‍), ജൂനിയര്‍ എന്‍ടിആര്‍(ആര്‍ആര്‍ആര്‍), രാം ചരണ്‍(ആര്‍ആര്‍ആര്‍) എന്നീ താരങ്ങളും ഉണ്ട്.

കല്‍ക്കി 2898 എഡി ഇതിനോടകം 600 കോടിയിലേറെ കളക്ഷന്‍ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്ത് വിടുന്ന കണക്കുകള്‍. റിലീസ് ചെയ്ത് ആറ് ദിവസത്തെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശോഭന, ദീപിക പദുക്കോണ്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്.ചിത്രത്തില്‍ മലയാളിയായ അന്ന ബെന്‍ ഉള്‍പ്പടെയുള്ളവര്‍ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയവുമാണ്.കേരളത്തിലും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിച്ചു കൊണ്ടിരിക്കയാണ്.

വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയേറ്ററിലെത്തിയിരിക്കുന്നത്.മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ അശ്വത്ഥമാവായാണ് അമിതാബ് ബച്ചന്‍ എത്തുന്നത്.അതേ സമയം ടൈറ്റില്‍ ക്യാരക്ടറായ കല്‍ക്കി ആരായിരിക്കുമെന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഒരു സൂചനയും പൂറത്ത് വിട്ടിട്ടില്ല.വരും അധ്യായങ്ങളിലാവും ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരിക.